കഫീൽ ഖാനെ ഉടൻ വിട്ടയക്കണമെന്ന് ഹൈക്കോടതി; തടവിലിട്ടത് നിയമവിരുദ്ധമായി

ലഖ്‌നൗ:  ഉത്തർപ്രദേശിൽ ശിശുരോഗവിദഗ്ധനായ ഡോ. കഫീൽ ഖാനെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തു തടവിലിട്ടതു നിയമവിരുദ്ധമായാണെന്നു അലഹബാദ് ഹൈക്കോടതി കണ്ടെത്തി. അലിഗഡ് സർവകലാശാലയിൽ കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിൽ ദേശവിരുദ്ധമായ പരാമർശങ്ങൾ ഉൾകൊള്ളുന്നു എന്നു ആരോപിച്ചുകൊണ്ടു ജനുവരിയിലാണ് ഉത്തർപ്രദേശ് സർക്കാർ അദ്ദേഹത്തെ തടങ്കലിലാക്കിയത്. ഇതു പൂർണമായും കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും അതിനാൽ അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും ഹൈക്കോടതി ഇന്നു ഉത്തരവിട്ടു. 

പൗരത്വനിയമത്തിൽ ബിജെപി സർക്കാർ വരുത്തിയ ഭേദഗതികളെ വിമർശിച്ചുകൊണ്ട് ഡിസംബർ 19നു അലിഗഡ് സർവ്വകലാശാലയിൽ അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്റെ പേരിലാണ് യുപി പോലീസ് കേസ് ചാർജ് ചെയ്തത്. അലിഗഡ് ജില്ലാ മജിസ്‌ട്രേട്ടിന്റെ ഉത്തരവ്‌ പ്രകാരം  ഫെബ്രുവരിയിൽ അദ്ദേഹത്തിനെതിരെ ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പുകൾ ചുമത്തി. ഈ നിയമപ്രകാരം ഒരാളെ  ഒരു വർഷം വരെ ജയിലിൽ വെക്കാൻ അധികൃതർക്ക് സാധ്യമാകും. കഴിഞ്ഞ  ആഗസ്റ്റിൽ എൻഎസ്എ പ്രകാരമുള്ള തടവു വീണ്ടും മൂന്നുമാസത്തേക്കു നീട്ടുന്ന ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ദേശവിരുദ്ധമായ യാതൊരു പരാമർശവുമില്ലെന്നു കഫീൽഖാന്റെ മാതാവ് നിഷാത്ത് പ്രവീൺ നൽകിയ ഹർജിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ, ജസ്റ്റിസ് സൗമിത്ര ദയാൽ എന്നിവരടങ്ങിയ ബെഞ്ച് കണ്ടെത്തി. രാജ്യതിന്റെ  ഐക്യത്തെക്കുറിച്ചും അഖണ്ഡതയെക്കുറിച്ചുമാണ് ഖാൻ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പറഞ്ഞതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉത്തർപ്രദേശ് സർക്കാരിന്റെ ആശുപത്രികളിൽ നിലനിൽക്കുന്ന ദയനീയവസ്ഥ സംബന്ധിച്ചു നേരത്തെ വന്ന ചില വാർത്തകളിൽ ഡോ.കഫീൽ ഖാൻ  പ്രതികരിച്ചതോടെയാണ് അദ്ദേഹം യുപിയിലെ ആദിത്യനാഥ് സർക്കാരിന്റെ കണ്ണിലെ കരടായത്. അതാണ് അദ്ദേഹത്തെ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ തടവറയിൽ അടക്കാൻ സർക്കാർ നീക്കം നടത്തിയതിനു  കാരണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. 

Leave a Reply