ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഇടിവ് 23.9%; ലോകരാജ്യങ്ങളിൽ ഏറ്റവും കനത്ത തിരിച്ചടി
ന്യൂഡൽഹി: 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യൻസമ്പദ്ഘടന 23.9 ശതമാനം കണ്ടു ഇടിഞ്ഞതായി ഇന്നലെ ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. കഴിഞ്ഞ നാലു പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കനത്ത ഇടിവാണിതെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. നേരത്തെ റിസർവ് ബാങ്കും മറ്റു ഔദ്യോഗിക ഏജൻസികളും പ്രവചിച്ചത് ഇക്കാലത്തു വളർച്ചയിൽ 18.3 ശതമാനം കുറവു വരുമെന്നാണ്. എന്നാൽ പ്രതീക്ഷിത ഇടിവിനെക്കാൾ അഞ്ചുശതമാനത്തിലേറെ കുറവാണു രേഖപ്പെടുത്തിരിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം പൂർണമായി അടച്ചിട്ട രണ്ടുമാസങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മാർച്ച് അവസാനം ആരംഭിച്ച അടച്ചിടലിനു ഭാഗികമായ മാറ്റം വരാൻ തടുങ്ങിയത് ജൂൺ മാസം മുതലാണ്.
കോവിഡ് ഭീതി ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈന ഒഴിച്ചു ലോകത്തെ എല്ലാ പ്രധാന രാജ്യങ്ങളിലും ഈ കാലയളവിൽ സാമ്പത്തിക രംഗത്ത് നെഗറ്റീവ് വളർച്ചയാണ് ഉണ്ടായിരിക്കുന്നത് എന്നു മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ വളർച്ചാനിരക്ക് -23.9% ഇടിഞ്ഞപ്പോൾ ജർമനി -11.3%, അമേരിക്ക -9.1%, ജപ്പാൻ -9.1%, ചൈന +3.2%എന്നിങ്ങനെയാണ് കണക്ക്. ഇന്ത്യയിൽ 50 ശതമാനത്തിൽ ഏറെ ഇടിവുണ്ടായ നിർമാണമേഖലയാണ് തകർച്ചയിൽ മുന്നിൽ നിൽക്കുന്നത്. ഹോട്ടൽ, ട്രാൻസ്‌പോർട്, ട്രേഡ് രംഗത്തു 47 ശതമാനമാണ് ഇടിവ്. ഉത്പാദനം (- 39.30%), ഖനനം (-23.30%), പ്രതിരോധം, പൊതുഭരണം (-10.30%), വൈദ്യുതി (-7%), ഫിനാൻസ്, സേവനങ്ങൾ,റിയൽ എസ്റ്റേറ്റ് (-5.30%) തുടങ്ങിയവയാണ് തിരിച്ചടി നേരിട്ട മറ്റു പ്രധാന മേഖലകൾ. അതേസമയം കൃഷി, വനം, മൽസ്യമേഖലകളിൽ +3.4% വളർച്ച ഉണ്ടായിട്ടുണ്ട്. ഈ കാലയളവിൽ ഗ്രാമീണമേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്നില്ല എന്നു മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. വളർച്ചാനിരക്കിലെ ഇടിവ് തൊഴിൽ മേഖലയിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ ഗുരുതരമാണ്. അതുസംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഈയാഴ്ച പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.