വ്യാധിക്കാലവേനല്‍

1
നമ്മുടെ ഉത്സവങ്ങള്‍ക്ക് ഈ വേനലില്‍ നഷ്ടമാവുന്നത്
വെളിച്ചത്തില്‍ കുളിച്ച കുറേ രാത്രികള്‍
2
പൂര രാത്രിയില്‍
കൂത്തുമാടം ഉറങ്ങി നില്‍ക്കുന്നു
വെയിലും മഴയുമേറ്റ് പതം വന്നപ്പോള്‍
ഉഗ്രമൂര്‍ത്തിയായി മാറിയ *അകലൂരെ അമ്മ
ശ്രീകോവിലിന്‍റെ ഇരുളിടങ്ങളിലെങ്ങോ
ഒരാകാശക്കീറു നോക്കി
വിഷാദിയായി
3
ഒഴിഞ്ഞ ഓട്ടുരുളിയുമായി വന്ന കഴകക്കാരനെക്കാത്ത് ആരും വഴിക്കണ്ണുമായി
നിന്നില്ല
വിളക്കണച്ച് ഉറങ്ങാന്‍ കിടന്ന അയാളുടെ ജാലകപ്പഴുതിലൂടെ
മൗനിയായ ഒരു കാറ്റ്
പ്രേമപൂര്‍വ്വം അയാളെ തഴുകി
4
നാടുകളും നഗരങ്ങളും പുഴകളും മലകളും ഭൂഖണ്ഡങ്ങളും പിന്നിട്ട്
ആ വിത്ത് അരൂപിയായി അല്ലെങ്കില്‍ അതിസൂക്ഷ്മരൂപിയായി പടരുന്നു

ധാരാവിയിലെ തകരമേല്‍ക്കൂരകളെ
ഞെരിച്ചമര്‍ത്താന്‍ മരണം പതുങ്ങുന്നു

കവി പറഞ്ഞു:
“ഒരു മൃതനിശ്ചലമേഘം പോലുമില്ലാത്ത
ആകാശം…..ഹാ എത്ര ശുദ്ധം ഈ വായു!
കൊറോണ കൊണ്ടുവന്ന ശുദ്ധി!
ഇന്നെന്‍റെ ഉദ്യാനത്തിലൊരു പുതിയ പക്ഷി വന്നു പാടി
കൊറോണയ്ക്ക് നന്ദി”

കുറയുന്ന കാര്‍ബണ്‍ എമിഷന്‍ ഭൗമാന്തരീക്ഷത്തെ വീണ്ടെടുത്തേക്കും
എന്നറിഞ്ഞ് ആഹ്ലാദിക്കുന്ന നമ്മുടെ മുന്നിലേക്ക്
രക്ഷാകവചമേതുമില്ലാതെ തന്നെയേല്പിച്ച രോഗികളെ പരിചരിച്ച് സ്വയം
രോഗിയി ത്തീര്‍ന്ന പെണ്‍കുട്ടി നീങ്ങി നില്‍ക്കുന്നു
കരയണോ
കണ്ണടയ്ക്കണോ

രോഷം കൊള്ളണമോ?

*അകലൂര്‍ക്കാവ്: ഇപ്പോഴും തോല്‍പ്പാവക്കൂത്ത് നടക്കുന്ന അപൂര്‍വം ഭഗവതീക്ഷേത്രങ്ങളിലൊന്ന്. ഇവിടുത്തെ അമ്മ എന്‍റെ കുടുംബദേവതയായ കുറുമാലി ഭഗവതിയുടെ സഹോദരിയാണെന്ന് ഐതിഹ്യം. ഈ ക്ഷേത്രത്തെക്കുറിച്ച് അനേകം കഥകളുണ്ട്.

യു ജയചന്ദ്രൻ

Leave a Reply