വേറിട്ട കാഴ്ചകള്‍ തേടി ഒരു “തീര്‍ഥയാത്ര”
“ലഖ്നൗവിലെ കാഴ്ചകള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഗോമതി നദീതീരത്ത് ഏഴു ബില്യണ്‍ ഇന്ത്യന്‍ രൂപ ചെലവഴിച്ച് മായാവതി നിര്‍മ്മിച്ച മാര്‍ബിള്‍ കാട് കാണണം. അതിലെ ആനകളെ കാണണം. 2008 ല്‍ പണി പൂര്‍ത്തിയായ അംബേദ്കര്‍ ഗാര്‍ഡനില്‍ മായാവതി നിര്‍മ്മിച്ച മാര്‍ബിള്‍ ശില്പങ്ങള്‍ ആനയുടെ രൂപത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ ആശുപത്രികളില്‍ മരിക്കുന്ന നാട്ടിലാണ് ഈ ആനച്ചന്തം തലയാട്ടി നില്‍ക്കുന്നത്.”
കുംഭമേളയെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു പുണെയിലെ പത്രങ്ങളില്‍ നിറയെ. മേലാകെ ചാരം പൂശിയ വിരക്തിയുടെ പര്യായമായ നാഗന്‍മാര്‍ കുംഭത്തിന്‍റെ നഗരിയിലേക്ക് കൂട്ടം കൂട്ടമായി വരുന്നതിന്‍റെ ചിത്രങ്ങളും വാര്‍ത്തകളും കൊണ്ട് നിറഞ്ഞതായിരുന്നു പ്രഭാതപത്രങ്ങള്‍. അഘോര സന്യാസികളുടെ നിഗൂഢജീവിതത്തെക്കുറിച്ചുള്ള കഥകളും നുണകളും പത്രങ്ങളില്‍ എരിവും പുളിയും മധുരവും നിറച്ചു.
ലോകത്തിലേറ്റവും പുരാതനമായ മതസമ്മേളനമാണ് കുംഭമേള. വിഭിന്ന ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും വിചിത്രവേഷങ്ങളുടെയും മഹാസംഗമം. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണിയായ പ്രയാഗിലാണ് കുംഭമേള നടക്കുന്നത്. ആറു വര്‍ഷത്തിലൊരിക്കല്‍ അര്‍ദ്ധകുംഭമേളയും പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ മഹാകുംഭമേളയും നടക്കുന്നു. അലഹാബാദിലാണ് പ്രയാഗ്. മുണ്ഡനം, സ്നാനം എന്നിവയാണ് കുംഭമേളയിലെ പ്രധാന ചടങ്ങുകള്‍.
ഇതിനിടയിലാണ് ഒരു ചെറുകോളത്തില്‍ വാരണാസിയില്‍ നിന്നും മത്സരിക്കുന്ന പ്രധാനമന്ത്രി മോദിയുടെ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ പ്രസിദ്ധ ഷഹനായി വാദകന്‍ ഉസ്താദ് ബിസ്മില്ലാഖാന്‍റെ പേരക്കുട്ടി നാസര്‍ അബ്ബാസു കൂടി ഉണ്ടായിരിക്കുമെന്ന വാര്‍ത്ത കണ്ണില്‍പ്പെട്ടത്. അതുകൊണ്ടു തന്നെ ഈ കുമ്മായവര ഇടാത്ത കളിക്കളം കാണാന്‍ ഉള്ളുകൊതിച്ചു. പുണെയില്‍ നിന്ന് ഒരു ദിവസത്തെ യാത്രയേ ലഖ്നൗവിലേക്കുള്ളു.
ഉത്തര്‍പ്രദേശ് ഒരു മഹാദേശമാണ്.
ചരിത്രം, ഐതിഹ്യം, മിത്ത് ഇവയെല്ലാം ചേര്‍ന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം കെട്ട്പിണഞ്ഞ് കിടക്കുന്ന ദേശം.ഗംഗയും യമുനയും അതിലെ ഘട്ടുകളും ഘട്ടുകളിലെ ശവസംസ്കാരവും യുപി ക്കൊരു പൗരാണിക പരിവേഷം നല്‍കുന്നു. കാശിയും ബാബറി മസ്ജിദും ബുദ്ധക്ഷേത്രങ്ങളും താജ്മഹലും മായാവതിയുടെ ആനപ്രതിമകളും ചേര്‍ന്ന് കാഴ്ചയുടെ മായാലോകം തീര്‍ക്കുന്നു.
പുണെയില്‍ നിന്നും കാലത്ത് പത്തുമണിക്കാണ് തീവണ്ടിയില്‍ കയറിയത്. സെക്കന്‍റ് എസിയില്‍ യാത്രക്കാര്‍ നന്നെ കുറവായിരുന്നു. എന്നാല്‍ മറ്റു കമ്പാര്‍ട്ടുമെന്‍റുകള്‍ ഫുള്‍ ആയിരുന്നു. നാലു ദിവസം കഴിഞ്ഞാല്‍ ഹോളിയാണ്. ഇതിന്‍റെ ആഘോഷത്തിമിര്‍പ്പിനായി നാട്ടില്‍ പോകുന്നവരാണ് യാത്രക്കാരില്‍ ഏറെയും. ട്രെയിനില്‍ പാന്‍ട്രി സൗകര്യം ഇല്ല എന്ന് എതിര്‍ സീറ്റിലിരുന്ന ഒരാള്‍ പറയുന്നത് കേട്ടു. ഇതിന്നിടയില്‍ ചായാവാല ഏലക്കായ ചേര്‍ത്ത ചായയുമായെത്തി. ഞാനും രമണിയും ചായകുടിച്ച് ഞങ്ങളുടെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു.
എതിര്‍ സീറ്റിലിരുന്നവര്‍ കുംഭമേളയെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ലോകത്തിലേറ്റവും പുരാതനമായ മതസമ്മേളനമാണ് കുംഭമേള. വിഭിന്ന ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും വിചിത്രവേഷങ്ങളുടെയും മഹാസംഗമം. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണിയായ പ്രയാഗിലാണ് കുംഭമേള നടക്കുന്നത്. ആറു വര്‍ഷത്തിലൊരിക്കല്‍ അര്‍ദ്ധകുംഭമേളയും പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ മഹാകുംഭമേളയും നടക്കുന്നു. അലഹാബാദിലാണ് പ്രയാഗ്. മുണ്ഡനം, സ്നാനം എന്നിവയാണ് കുംഭമേളയിലെ പ്രധാന ചടങ്ങുകള്‍.
ഈ വര്‍ഷത്തെ കുംഭമേളയില്‍ പങ്കെടുക്കുന്ന ഒരു നഗ്നസന്യാസിക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഏഴ് ആശ്രമങ്ങളും അനേകം കിലോ സ്വര്‍ണ്ണവും ആറു വിദേശകാറുകളും ഉണ്ടെന്ന് അവരിലൊരാള്‍ പറഞ്ഞു. ഗുജറാത്തിലെ ജനാഗഢിലാണത്രെ ഈ സന്യാസിയെന്നും തമാശ പറഞ്ഞ് അയാള്‍ ചിരിക്കുന്നത് കണ്ടാല്‍ കൊച്ചുകുട്ടിയാണെന്ന് തോന്നുമെന്നും മറ്റൊരാള്‍ പരമരഹസ്യം പോലെ മന്ത്രിക്കുന്നുണ്ടായിരുന്നു.
റോഡിനു മധ്യത്തിലൂടെ നാലടി ഉയരമുള്ള കുടിവെള്ള പൈപ്പ് കടന്നുപോകുന്നു. റോഡ് കുഴിച്ച് പൈപ്പിടുന്നതിന് പകരം ഉപരിതലത്തിലൂടെയാണ് പൈപ്പിട്ടിരിക്കുന്നത്. ലഖ്നൗ എന്തുകൊണ്ട് ഇത്രയും പിന്നിലേക്ക് പോയി എന്നതിന്‍റെ തെളിവായിരുന്നു ആ ജലവാഹിനിക്കുഴല്‍.
ഓരോ സമര്‍പ്പണവും ഒരു ശുദ്ധിപ്പെടുത്തലാണ്. സ്നാനങ്ങളാണ് കുംഭമേളയുടെ മുഖ്യചടങ്ങ്. കഴിഞ്ഞ കാലത്തെ അഹംഭാവങ്ങളെയും അധികരിച്ച കാമനകളെയും കഴുകിക്കളയലാണ് കുംഭമേളയെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. വിഭൂതികളുടെ ആള്‍ക്കൂട്ടത്തിലേക്ക് അലിയാന്‍ ദൂരങ്ങള്‍ താണ്ടി എത്തുന്നവരെയോര്‍ത്ത് വെറുതെ ബെര്‍ത്തില്‍ കിടന്നു.
തീവണ്ടി ഏതോ നദി മുറിച്ചു കടക്കുകയാണ്. കൂടിച്ചേരലുകളും വഴിപിരിയലുകളുമായി നദി താഴേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.ഞാനും നദിക്കൊപ്പം ഉറക്കത്തിലേക്കൊഴുകി.
വിക്കിവിക്കി സംസാരിക്കുന്ന ഒരു മദ്ധ്യവയസ്ക്കന്‍റെ പുലമ്പല്‍ കേട്ടാണ് നേരം പുലര്‍ന്നതറിഞ്ഞത്. രാത്രിയുടെ ഏതോ യാമത്തില്‍ എതിര്‍വശത്തെ സീറ്റിലിരുന്ന യാത്രക്കാര്‍ കെട്ടും ഭാണ്ഡവുമൊക്കെയായി ഇറങ്ങിപ്പോയി. പകരം പുതിയ യാത്രക്കാര്‍ വന്നിരിക്കുന്നു. തീവണ്ടിയിലെ ഇരിപ്പിടങ്ങളെല്ലാം ഇപ്പോള്‍ തിങ്ങി നിറഞ്ഞ നിലയിലാണ്. ഹോളി ആഘോഷിക്കാനുള്ള പാച്ചിലിലാണ് എല്ലാവരും.

വണ്ടി കാണ്‍പൂര്‍ എത്തിയപ്പോഴേക്കും ആള്‍പ്പെരുപ്പത്താല്‍ തേനീച്ചക്കൂടുപോലെയായി തീവണ്ടി. ടോയ്ലറ്റിലേക്ക് കടക്കാന്‍ പറ്റാത്തവണ്ണം യാത്രക്കാര്‍ അവിടെ തമ്പടിച്ചുനിന്നു. എനിക്ക് ടോയ്ലറ്റില്‍ പോകാന്‍ സാധിക്കാത്തതിന്‍റെ ബുദ്ധിമുട്ട് ടിടിഇയോട് പറഞ്ഞു. അയാള്‍ നിസ്സഹായനായി കൈമലര്‍ത്തി ഇങ്ങനെ പറഞ്ഞു: ” ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ എന്നെ തല്ലും. ഇതാണ് യുപിയുടെ മറ്റൊരു മുഖം”. ലഖ്നൗവിലെത്താന്‍ ഇനി രണ്ടു മണിക്കൂര്‍ കൂടി കാത്തിരിക്കണം. ഞാനും രമണിയും പരസ്പരം നോക്കി ശ്വാസംപിടിച്ചിരുന്നു. കൈവശമുള്ള ബാഗുകള്‍ ഈ ആള്‍ക്കൂട്ടത്തിനിടയിലൂടെ എങ്ങനെ പുറത്തിറക്കും എന്നായിരുന്നു അപ്പോഴത്തെ ചിന്ത. നാലുമണിക്കൂര്‍ വൈകി ഉദ്ദേശം നാലു മണിയോടെ വണ്ടി ലഖ്നൗ സ്റ്റേഷനിലെത്തി. ധാരാളം പേര്‍ ഇറങ്ങിയതുകൊണ്ട് ലഗേജുമായി പുറത്തിറങ്ങാന്‍ വലിയ പ്രയാസമുണ്ടായില്ല.
വേഗം കുളിച്ച് വസ്ത്രം മാറി രാത്രി കാഴ്ചകള്‍ കാണാനായി ഞങ്ങള്‍ പുറത്തേക്കിറങ്ങി. റോഡിനു മധ്യത്തിലൂടെ നാലടി ഉയരമുള്ള കുടിവെള്ള പൈപ്പ് കടന്നുപോകുന്നു. റോഡ് കുഴിച്ച് പൈപ്പിടുന്നതിന് പകരം ഉപരിതലത്തിലൂടെയാണ് പൈപ്പിട്ടിരിക്കുന്നത്. ലഖ്നൗ എന്തുകൊണ്ട് ഇത്രയും പിന്നിലേക്ക് പോയി എന്നതിന്‍റെ തെളിവായിരുന്നു ആ ജലവാഹിനിക്കുഴല്‍.
കബാബിന്‍റെ രുചിവിസ്മയം
വ്യത്യസ്ത രുചികളിലുള്ള കബാബുകള്‍ക്ക് പേര് കേട്ടതാണ് ലഖ്നൗ. ഇതില്‍ ഏറ്റവും പ്രശസ്തമായത് ‘തുണ്ടെ കബാബ്’ തന്നെ. അതിനാല്‍ തുണ്ടെ കബാബിന്‍റെ രുചി നിറവ് അനുഭവിച്ചറിയണം. ഇരുള്‍ പരക്കാന്‍ തുടങ്ങിയ തെരുവിലൂടെ ഞങ്ങള്‍ മാര്‍ക്കറ്റ് റോഡിലുള്ള കടയിലേക്ക് പുറപ്പെട്ടു.
കേള്‍വിയില്‍ ഉയര്‍ന്ന അമ്പരപ്പ് കടയുടെ ദര്‍ശന മാത്രയില്‍ ഇരട്ടിച്ചു. ഇരുന്ന് കഴിക്കാന്‍ പോയിട്ട് നിന്ന് തിരിയാന്‍ സ്ഥലമില്ല. പാര്‍സല്‍ വാങ്ങാന്‍ തിരക്കോട് തിരക്ക് തന്നെ. ഒരു ചെറിയ കടക്ക് ഇത്രയും പ്രശസ്തിയോ? അതിന്‍റെ രുചിവഴി അറിയുവാന്‍ നാവ് കൊതിച്ചു. തുണ്ടെ കബാബിന്‍റെ രുചിനിറവ് അനുഭവിച്ചറിയണം. ഞങ്ങള്‍ രണ്ട് പാര്‍സല്‍ വാങ്ങി, തിരക്കിലൂടെ ഹോട്ടലിലേക്ക് ഊളിയിട്ടു. ഹോട്ടലില്‍ എത്തിയപാടെ അവ കെട്ടഴിച്ച് ചട്ട്നിയും ചേര്‍ത്ത് കഴിച്ചു. രുചി നിറവ് അമ്പരപ്പിച്ചു-വിസ്മയിപ്പിച്ചു- നാവു സാക്ഷ്യം.
പോത്തിറച്ചി അരച്ചുണ്ടാക്കിയതാണ് തുണ്ടെ കബാബ്. പതിനാലാം നൂറ്റാണ്ടിലെ മുസ്ലീം രാജാക്കന്‍മാരുടെ ഭക്ഷണരീതിയായ അവാദ്ഹി കുസിന്‍റെ (Awadhi Cusine) ഭാഗമായാണ് കബാബ് പ്രത്യക്ഷപ്പെട്ടത്. ആദ്യകാലങ്ങളില്‍ നല്ലവണ്ണം ചവച്ചരച്ച് കഴിക്കുന്ന ഒരു ഭക്ഷണമായിരുന്നു ഇത്. അന്നും പോത്തിറച്ചികൊണ്ടാണ് കബാബുകള്‍ ഉണ്ടാക്കിയിരുന്നത്.

പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നവാബ് ആസാദ്-ഉദ്-ദൗല (Asad-Ud-Daula) ചക്രവര്‍ത്തിയുടെ ഇഷ്ട ഭക്ഷണമായിരുന്നു ഈ വിശിഷ്ടഭോജ്യം. നവാബിന് വാര്‍ദ്ധക്യത്തില്‍ ഇറച്ചി ചവച്ചരക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇഷ്ടരുചി ആസ്വദിക്കാനായി ഇതിന്‍റെ ഘടനയില്‍ മാറ്റം വരുത്താന്‍ തന്‍റെ ആസ്ഥാന നളന്‍മാരോട് നവാബ് കല്പിച്ചു.ഇതിന്നായി അദ്ദേഹം ഒരു മത്സരവും സംഘടിപ്പിച്ചു. ഇതില്‍ വിജയിച്ച വിഭവമായിരുന്നു ഗലൗടി കബാബ് (Galouti Kabab) വളരെ അനായാസം കഴിക്കുവാന്‍ കഴിയുന്ന ഒരു വിഭവമായിരുന്നു അത്. പല തരം പരീക്ഷണങ്ങള്‍ക്കും ഈ കബാബ് വിധേയമായി. പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ജീവിച്ചിരുന്ന ഒറ്റക്കയ്യനായ ഹാജി മുറാബ് അലി ഗലൗടി കബാബില്‍ തന്‍റേതായ മാറ്റങ്ങള്‍ വരുത്തി അവക്കിദിലെ രാജാവായ വാജിദ് അലിഷക്ക് (Wajid Ali Sha) സമ്മാനിച്ചു.തന്‍റെ രസമുകുളങ്ങളെ ഉത്തേജിപ്പിച്ച ഈ കബാബിന്‍റെ രുചിവിസ്മയത്തില്‍ സന്തുഷ്ടനായ നവാബ് ഇതിന് തുണ്ടെ കബാബ് എന്ന് പേര് നല്‍കി. അദ്ദേഹം ഹാജി മുറാഹ് അലിക്ക് കബാബിന്‍റെ റോയല്‍ പാട്രനേജും നല്‍കി. അന്നു മുതല്‍ ലഖ്നൗവിലെ പ്രഭാതഭക്ഷണത്തിലെ മുന്തിയ ഇനമായി തുണ്ടെ കബാബുകള്‍ വിലസാന്‍ തുടങ്ങിയിട്ടുണ്ടെന്ന് പറയാം.
1905 ലാണ് ലഖ്നൗവില്‍ ഇന്ന് കാണുന്ന തുണ്ടെ കബാബ് എന്ന സ്ഥാപനം തുടങ്ങുന്നത്. മൂന്നിടങ്ങളിലായാണ് ഇപ്പോള്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു പോരുന്നത്. 160 വ്യത്യസ്ത സ്പൈസസ് ചേര്‍ത്താണ് ഈ കബാബുകള്‍ ഉണ്ടാക്കുന്നത്. നെയ്യ് ചേര്‍ത്ത് ദം സ്റ്റൈലിലാണ് ഇത് വേവിച്ചെടുക്കുന്നത്. ഹോട്ടലുകള്‍ വലിയ ശൃംഖലകളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്രയും പ്രസിദ്ധമായ ഈ ബ്രാന്‍ഡിന് മൂന്ന് ശാഖകള്‍ (outlet) മാത്രമെ ഉള്ളൂവെന്നത് എന്നെ അത്ഭുതപ്പെടുത്തി. പോത്തിറച്ചിയെ ഉള്‍ക്കൊള്ളുന്നതിനുള്ള ഇന്ത്യക്കാരുടെ വിമുഖതയാണോ ഇതിനു കാരണം? ഇന്ത്യയാണല്ലോ ലോകത്തിലെ ഏറ്റവും അധികം പോത്തിറച്ചി കയറ്റി അയക്കുന്ന രാജ്യം. ഓര്‍മ്മയില്‍ നിറയുന്നതാണല്ലോ അതിന്‍റെ രുചി. “പ്യാര്‍കിയാതോ ഡര്‍നാകിയാ”… എന്ന ഗാനം ജനല്‍ പഴുതിലൂടെ അകത്തേക്ക് ഒഴുകി വരുന്നുണ്ട്.പുറത്താരോ ആ പാട്ട് മൂളുന്നുണ്ട്. ലഖ്നൗക്കാരുടെ മനസ്സില്‍ നൗഷാദ് അലി ഇന്നും ജീവിച്ചിരിക്കുന്നു. ഇന്ത്യ കണ്ട മികച്ച സംഗീതസംവിധായകരില്‍ ഒരാളായ നൗഷാദിന്‍റെ ജന്മസ്ഥലം കൂടിയാണിത്. മദര്‍ ഇന്ത്യ എന്ന ബോളിവുഡിലെ ഹിറ്റ് സിനിമയടക്കം ഇന്ത്യന്‍ ഭാഷകളിലെ അനേകം സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള ഈ സംവിധായകന് ഫാല്‍ക്കെ അവാര്‍ഡും പത്മഭുഷണും ലഭിച്ചിട്ടുണ്ട് . തന്‍റെ നാട്ടില്‍ താനൊരു സംഗീതസംവിധായകനാണെന്ന സത്യം നൗഷാദ് ആദ്യകാലങ്ങളില്‍ മറച്ചുവെച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ജാതിയുടെ പേരില്‍ കൂട്ടക്കൊലകള്‍ നടക്കുന്ന ഒരു രാജ്യത്ത് പ്യാര്‍കിയാതോ ഡര്‍നാകിയാ (പ്രണയിക്കാന്‍ എന്തിന് ഭയക്കണം) എന്ന പെണ്‍ശബ്ദത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്.
പാട്ടിന്‍റെ മാധുര്യം ശ്രവിച്ചും കബാബിന്‍റ രുചി അയവിറക്കിയും ഞാന്‍ നിദ്രയിലേക്ക് ചാഞ്ഞു. നാടുകാണാന്‍ വന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളായ ബാലികാബാലന്‍മാരുടെ കളകളശബ്ദം കൊണ്ട് മുഖരിതമായിരുന്നു അന്നത്തെ പ്രഭാതം. യു.പി.യിലെ ഹിന്ദിക്ക് ഇപ്പോഴും ഉറുദു ടച്ച് ഉണ്ട്. അതിന് ശുദ്ധിയും താളവുമുണ്ട്. പരസ്പരബഹുമാനവുമുണ്ട്. ഹിന്ദി ഗാനങ്ങള്‍ ഉറുദുപദങ്ങളാല്‍ സമ്പന്നമാണ്. അതുകൊണ്ടാണ് അവ കാതിന് ഇമ്പം പകരുന്നത്.
ലഖ്നൗവിലെ രാവണന്‍ കോട്ട
പ്രഭാതഭക്ഷണം കഴിച്ച് ഞങ്ങള്‍ യാത്രക്ക് തയ്യാറായി. ബാര ഇമാംബ്റയിലേക്കാണ് (Bara Imambra) ആദ്യയാത്ര. ചൗക്കുകളിലൊക്കെ പോലീസുകാര്‍ വട്ടംകൂടി നില്‍ക്കുന്നു. റോഡില്‍ ചിലയിടങ്ങളില്‍ മരമുട്ടികള്‍ കൂട്ടിയിട്ടിട്ടുണ്ട്. ഹോളി ആഘോഷിക്കാന്‍ വേണ്ടിയാണത്രെ ഇത്. എന്നാല്‍ തെരഞ്ഞെടുപ്പിന്‍റെ യാതൊരു ലക്ഷണവും റോഡുകളില്‍ കണ്ടില്ല. ഫ്ളക്സും ചുവരെഴുത്തും അനൗണ്‍സ്മെന്‍റും ഇല്ലാതെ എങ്ങനെയാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടു. ലഖ്നൗ ഒരു പ്രാചീന നഗരമാണ്. ഓള്‍ഡ് ദില്ലിയെ പോലെതന്നെ അതിന്‍റെ തിക്കും തിരക്കും റോഡില്‍ കാണാം. കുതിരവണ്ടികളും സൈക്കിള്‍ റിക്ഷയും തെരുവിലെ പതിവ് കാഴ്ച.
യുപിയിലെ പ്രമുഖ ആശുപത്രിയാണ് സെന്‍റ് ജോര്‍ജ് ഹോസ്പിറ്റല്‍. കാര്‍ അതിനടുത്തുള്ള ഗ്രീന്‍സിഗ്നല്‍ കടന്നപ്പോള്‍ എതിര്‍വശത്തുനിന്നും ഒരു ആംബുലന്‍സ് കരഞ്ഞുകൊണ്ട് വരുന്നുണ്ടായിരുന്നു. റോഡില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരന്‍ ആംബുലന്‍സ് നിര്‍ത്താന്‍ കൈകാണിച്ച് ഗ്രീന്‍ സിഗ്നല്‍ കിട്ടിയ എല്ലാ വണ്ടികളെയും കടന്നുപോകാന്‍ അനുവദിക്കുന്നു. യുപിയില്‍ മനുഷ്യജീവന് ഇത്ര വിലയേയുള്ളൂവെന്ന് വിളിച്ചുപറയുന്നതായിരുന്നു ആ സംഭവം.
നിഗൂഢതയുടെ മന്ദിരം
ഗൂഗിള്‍ മാപ്പിലൂടെ പുറത്ത് കടക്കാന്‍ താന്‍ വഴി കണ്ടെത്തുമെന്ന് ഒരു യുവ എഞ്ചിനീയര്‍ കെട്ടിടത്തിന്‍റെ മുകളില്‍ വെച്ച് പറയുന്നത് കേട്ടു. ആര്‍ച്ചുകള്‍ വീണ്ടും ആര്‍ച്ചുകള്‍. ആര്‍ച്ചിനുവേണ്ടി നിര്‍മ്മിച്ചതാണോ ഈ കെട്ടിടമെന്ന് തോന്നിപ്പോകും. എന്നാല്‍ കെട്ടിടത്തിന്‍റെ മുകള്‍ ഭാഗം സമനിരപ്പിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്‍റെ ചുമരുകളില്‍ ചെവി ചേര്‍ത്താല്‍ പതിഞ്ഞ ശബ്ദത്തില്‍ സംഭാഷണം ശ്രവിക്കാം.
ഞങ്ങള്‍ ബാര ഇമാംബ്രയുടെ സമീപമെത്തി. ഡല്‍ഹിയിലെ ബാത്ഷാഹി മോസ്കിന്‍റെ ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടം വലിയ പൂന്തോട്ടത്തിനപ്പുറത്ത് തലയുയര്‍ത്തി നില്‍ക്കുന്നു. ആര്‍ക്കിയോളജി വകുപ്പിന്‍റെ കീഴിലാണ് ഇത് സംരക്ഷിക്കപ്പെടുന്നത്.കയറിപ്പോകാന്‍ അനേക വഴികളും പുറത്തേക്ക് കടക്കാന്‍ ഒരു വഴിയും മാത്രമുള്ള ഈ വിചിത്ര കെട്ടിടം ഒരു രാവണന്‍ കോട്ട തന്നെയാണ്.
1024 വഴികള്‍ കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറാനുണ്ടെങ്കിലും ഒരു വഴികാട്ടിയുടെ സഹായമില്ലാതെ പുറത്തു കടക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിയുകയില്ല. അതുകൊണ്ട് തന്നെ ഗൈഡിന് ഇവിടെ വലിയ ഡിമാന്‍ഡ് ആണ് . ഒരു ഗൂഗിള്‍ മാപ്പിലൂടെ പുറത്ത് കടക്കാന്‍ താന്‍ വഴി കണ്ടെത്തുമെന്ന് ഒരു യുവ എഞ്ചിനീയര്‍ കെട്ടിടത്തിന്‍റെ മുകളില്‍ വെച്ച് പറയുന്നത് കേട്ടു. ആര്‍ച്ചുകള്‍ വീണ്ടും ആര്‍ച്ചുകള്‍. ആര്‍ച്ചിനുവേണ്ടി നിര്‍മ്മിച്ചതാണോ ഈ കെട്ടിടമെന്ന് തോന്നിപ്പോകും. എന്നാല്‍ കെട്ടിടത്തിന്‍റെ മുകള്‍ ഭാഗം സമനിരപ്പിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്‍റെ ചുമരുകളില്‍ ചെവി ചേര്‍ത്താല്‍ പതിഞ്ഞ ശബ്ദത്തില്‍ സംഭാഷണം ശ്രവിക്കാം. ചുമരുകള്‍ താളം പൊഴിക്കും. ഒരു തരി ഇരുമ്പ് പോലും ചേര്‍ക്കാതെ നിര്‍മ്മിച്ചിട്ടുള്ള ഈ നാല് നില കെട്ടിടത്തില്‍ ഉമി ഒരു പ്രധാന ഘടകമായി ഉപയോഗിച്ചിട്ടുണ്ടത്രെ!

യുപിയിലെ പ്രധാന നദിയായ ഗോമതി നദിയുടെ തീരത്തേക്ക് ഇവിടെ നിന്നും ഒരു ഗുഹയുണ്ടെന്ന് പറയപ്പെടുന്നു. എന്നാലിന്ന് ആ ഗുഹാമുഖം അടച്ചുകെട്ടിയിരിക്കുകയാണ്. ഈ കെട്ടിടത്തിലാണ് അസഫ് ഉദ് ദൗലയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടത്തിന്‍റെ ശില്പിയായ കിഫായത്തുള്ളയുടെ ശവകുടീരവും ഈ കെട്ടിടത്തിനകത്തുണ്ട്, ഇത് ശില്പിക്കു നവാബിന്‍റെ പിന്തുടര്‍ച്ചക്കാര്‍ നല്‍കിയ ആദരവിന്‍റെ സൂചകമാണ്.ഈ കെട്ടിടത്തിന്‍റെ അരികിലായി മറ്റൊരു കെട്ടിടം കാണാം. പുരാവസ്തുവിന്‍റെ കീഴിലാണെങ്കിലും വാതില്‍പ്പടികളൊക്കെ ദ്രവിച്ച് കേടുവന്ന ഒരു കെട്ടിടം. ഇതിന്‍റെ നടുവിലായി ഒരു കുളം. അതില്‍ ജലം നിറഞ്ഞ് നില്‍ക്കുന്നു.
കെട്ടിടത്തിലേക്ക് കയറി വരുമ്പോള്‍ രമണിയോട് കെട്ടിടത്തിന്‍റെ ചവിട്ടുപടിയില്‍ നില്‍ക്കാന്‍ പറഞ്ഞശേഷം ഗൈഡ് എന്നെയും കൂട്ടി കെട്ടിടത്തിന്‍റെ അകത്തേക്ക് കയറി, ഏറ്റവും മുകളിലത്തെ നിലയിലെത്തി.അവിടെ നിന്ന് നോക്കുമ്പോല്‍ കുളത്തില്‍ രമണിയുടെ പ്രതിച്ഛായ ഇളകിയാടുന്നു. കെട്ടിടത്തിലേക്ക് വരുന്നവരുടെ പ്രതിച്ഛായ ജലത്തില്‍ പതിയും. എന്നാല്‍ കയറി വരുന്നയാള്‍ ഇത് അറിയുകയുമില്ല. സുരക്ഷക്കായി എന്തെല്ലാം സൂത്രവിദ്യകളാണ് കഴിഞ്ഞ തലമുറകള്‍ കെട്ടിടനിര്‍മ്മാണത്തില്‍ പരീക്ഷിച്ചിരുന്നത്. സിസിടിവിയുടെ ഈ മുന്‍ഗാമിയെ ഞാന്‍ ശിരസ്സുകുമ്പിട്ട് നമസ്കരിച്ച
അകത്തേക്ക് 1024 വഴികളും പുറത്തേക്ക് ഒരു വഴിയുമുള്ള ബാര ഇമാംബ്ര ഒരു ആശ്ചര്യചിഹ്നമായി എന്നും മനസ്സില്‍ അവശേഷിക്കും. കെട്ടിടനിര്‍മ്മാണകലയിലെ വിസ്മയങ്ങളില്‍ ഒന്നാണിത്. മരണാനന്തര ജീവിതം പോലെ ഒരു നിഗൂഢത ഭൂല്‍ഭുലയ്യയില്‍ (നിഗൂഢതയുടെ മന്ദിരം എന്നാണ് ഭൂല്‍ഭുലയ്യ എന്ന ഹിന്ദി പദത്തിന്‍റെ അര്‍ത്ഥം) ഒളിച്ചിരിക്കുന്നു.
കെട്ടിട സമുച്ചയത്തില്‍ പുറത്തായി ‘റൂമി ദര്‍വാസ’ എന്നൊരു കവാടമുണ്ട്. ഇതിന്‍റെ വാസ്തുശൈലിയാണ് ലഖ്നൗവിലെ തനതു തുന്നല്‍ രീതിയായ ചിക്കന്‍കാരി (Chiken Kari). റൂമി ദര്‍വാസ കാണാന്‍ ഞങ്ങള്‍ കുതിരവണ്ടിയിലാണ് പോയത്. ഒറ്റക്കുതിരയെ കെട്ടിയ പ്രൗഢിയുള്ള വണ്ടിയിലിരുന്ന് ഞങ്ങള്‍ റൂമി ദര്‍വാസയുടെ മറുഭാഗത്തെത്തി. അവിടെ നിന്നും ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാശ്ചാത്യശൈലിയിലുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ കാണാന്‍ പോയി. കുട്ടികള്‍ അവിടെ പട്ടം പറത്തി കളിക്കുന്നു. ഇതൊരു ടൂറിസ്റ്റ് സ്പോട്ടാണ്. ഇവിടെ നിന്നും പോയത് ഛോട്ടാ ഇമാം ബ്ര കാണാനാണ്.

“അകത്തേക്ക് 1024 വഴികളും പുറത്തേക്ക് ഒരു വഴിയുമുള്ള ബാര ഇമാംബ്ര ഒരു ആശ്ചര്യചിഹ്നമായി എന്നും മനസ്സില്‍ അവശേഷിക്കും. കെട്ടിടനിര്‍മ്മാണകലയിലെ വിസ്മയങ്ങളില്‍ ഒന്നാണിത്. മരണാനന്തര ജീവിതം പോലെ ഒരു നിഗൂഢത ഭൂല്‍ഭുലയ്യയില്‍ (നിഗൂഢതയുടെ മന്ദിരം എന്നാണ് ഭൂല്‍ഭുലയ്യ എന്ന ഹിന്ദി പദത്തിന്‍റെ അര്‍ത്ഥം) ഒളിച്ചിരിക്കുന്നു.”
കയറിപ്പോകാന്‍ അനേക വഴികളും പുറത്തേക്ക് കടക്കാന്‍ ഒരു വഴിയും മാത്രമുള്ള ഈ വിചിത്ര കെട്ടിടം ഒരു രാവണന്‍ കോട്ട തന്നെയാണ്. 1024 വഴികള്‍ കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറാനുണ്ടെങ്കിലും ഒരു വഴികാട്ടിയുടെ സഹായമില്ലാതെ പുറത്തു കടക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിയുകയില്ല. അതുകൊണ്ട് തന്നെ ഗൈഡിന് ഇവിടെ വലിയ ഡിമാന്‍ഡ് ആണ് .
ഒരു ഗൂഗിള്‍ മാപ്പിലൂടെ പുറത്ത് കടക്കാന്‍ താന്‍ വഴി കണ്ടെത്തുമെന്ന് ഒരു യുവ എഞ്ചിനീയര്‍ കെട്ടിടത്തിന്‍റെ മുകളില്‍ വെച്ച് പറയുന്നത് കേട്ടു. ആര്‍ച്ചുകള്‍ വീണ്ടും ആര്‍ച്ചുകള്‍. ആര്‍ച്ചിനുവേണ്ടി നിര്‍മ്മിച്ചതാണോ ഈ കെട്ടിടമെന്ന് തോന്നിപ്പോകും. എന്നാല്‍ കെട്ടിടത്തിന്‍റെ മുകള്‍ ഭാഗം സമനിരപ്പിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്‍റെ ചുമരുകളില്‍ ചെവി ചേര്‍ത്താല്‍ പതിഞ്ഞ ശബ്ദത്തില്‍ സംഭാഷണം ശ്രവിക്കാം. ചുമരുകള്‍ താളം പൊഴിക്കും. ഒരു തരി ഇരുമ്പ് പോലും ചേര്‍ക്കാതെ നിര്‍മ്മിച്ചിട്ടുള്ള ഈ നാല് നില കെട്ടിടത്തില്‍ ഉമി ഒരു പ്രധാന ഘടകമായി ഉപയോഗിച്ചിട്ടുണ്ടത്രെ!
അഞ്ചു കവാടങ്ങളുള്ള കെട്ടിടം ഷിയാമുസ്ലീംസിന്‍റെ ആരാധനാകേന്ദ്രമാണ്. ഇറാക്കിലെ കര്‍ബലയിലെ ഇമാം ഹുസൈന്‍റെ ശവകുടീരത്തിന്‍റെ റിപ്ളിക്കയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. 1838 ല്‍ മുഹമ്മദ് അലി ഷാ നവാബാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. ഈ കെട്ടിടത്തെ പാലസ് ഓഫ് ലൈറ്റ് (Palace of light) എന്നാണ് പാശ്ചാത്യര്‍ വിളിച്ചിരുന്നത്. അത്ര കണ്ട് സൗന്ദര്യമുള്ള അലങ്കാരവിളക്കുകളാണ് ഈ കെട്ടിടത്തില്‍ തൂങ്ങിക്കിടക്കുന്നത്. വാസ്തുശില്പികള്‍ക്കും ശാസ്ത്രജ്ഞന്‍മാര്‍ക്കും സാധാരണക്കാര്‍ക്കും ഇതൊരു അത്ഭുതമന്ദിരമാണ്. കെട്ടിടത്തിന്‍റെ മുന്‍ വശത്തായി മനോഹരമായ ഒരു ജലധാരയുണ്ട്. ബാബര്‍ ഉത്തരേന്ത്യയില്‍ ആധിപത്യം സ്ഥാപിച്ച ശേഷമാണ് ജലധാരകള്‍ ഉത്തരേന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. ഈ നിത്യസ്മാരകങ്ങള്‍ സംരക്ഷിക്കുന്നതില്‍ പുതിയ തലമുറ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല . കഴിഞ്ഞ തലമുറ നമുക്ക് നല്‍കിയ കലാസൃഷ്ടികള്‍ കാത്തുസംരക്ഷിച്ച് അടുത്ത തലമുറക്ക് നിധിയായി നല്‍കേണ്ടത് നമ്മുടെ കടമയാണ്.
ഹോട്ടലിലേക്ക് പോകാനിരിക്കെ ഓട്ടോ ഡ്രൈവര്‍ ഞങ്ങളെ നിര്‍ബന്ധിച്ച് ഒരു ചെറിയ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ലഖ്നൗവിലെ തനതു തുന്നല്‍ രീതിയായ ചിക്കന്‍കാരിയുടെ വില്പനകേന്ദ്രങ്ങളായിരുന്നു ഈ കെട്ടിടത്തില്‍ നിറയെ. ഒരു ഷര്‍ട്ടിന് വെറും 400 രൂപ മാത്രം. കേരളത്തിലാണെങ്കില്‍ ഇങ്ങനെ എംബ്രോയിഡറി ചെയ്ത ഷര്‍ട്ടിന് ആയിരം രൂപ എങ്കിലും വില വരും. രമണി കുറച്ച് കുര്‍ത്തയും സാരിയും വാങ്ങി. ചിക്കന്‍ ലഖ്നൗവിന്‍റെ തനതു കൈപ്പുണ്യമാണ്. മെഗസ്തനീസ് ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്, മുഗള്‍രാജാവ് ജഹാംഗീറിന്‍റെ ഭാര്യയായ നൂര്‍ജഹാനാണ് ലഖ്നൗവിന്‍റെ തുന്നല്‍ശൈലിയായ ലഖ്നൗവി ചിക്കന്‍കാരി (Luknowi Chickenkari) ഉത്തരേന്ത്യയില്‍ പ്രചരിപ്പിച്ചത്.
തെരഞ്ഞെടുപ്പിനെക്കുറിച്ച് അറിയാനാണ് യു പിയില്‍ വന്നത്. എന്നാലവിടെ തെരഞ്ഞെടുപ്പിന്‍റെ ലക്ഷണമൊന്നുമില്ല. യു പി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്നാണല്ലോ ചൊല്ല്. എന്നിട്ടും എന്താണിത്ര നിശബ്ദത. ഇത് എന്നെ അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു.
ജ്യോതിഷശാസ്ത്രമനുസരിച്ച് അന്ന് പ്രധാന നാളായതുകൊണ്ടായിരിക്കാം ഹോട്ടലിലേക്കുള്ള മടക്കയാത്രയ്ക്കിടയില്‍ വഴിനീളെ ധാരാളം വിവാഹാഘോഷങ്ങള്‍ കാണാന്‍ കഴിഞ്ഞു.
കെട്ടിടങ്ങളുടെ ഒരു ഭാഗം പന്തലുകൊണ്ട് അലംകൃതമാക്കിയിട്ടുണ്ട്.അവിടെ ഒരു സദ്യ (ദാവത്ത്) ഗംഭീരമായി ആഘോഷിക്കുന്ന കുടുംബാംഗങ്ങളും അതിഥികളും ജനറേറ്ററിന്‍റെ സഹായത്താല്‍ ദീപാലങ്കാരങ്ങള്‍ മിന്നിയും ചിമ്മിയും പ്രകാശം പരത്തുന്നു. ഹിന്ദി പാട്ടിനോടൊപ്പം നൃത്തം ചെയ്യുന്ന പയ്യമാര്‍ നമ്മെ ഹരം പിടിപ്പിക്കുന്നു. കുതിരപ്പുറത്ത് രാജകുമാരനെപ്പോലെ അണിഞ്ഞൊരുങ്ങിയ വരന്‍ ഒരു ദിവസത്തെ സ്വപ്നലോകം തീര്‍ക്കുന്നു.
തെരുവുകളില്‍ അപ്പാടെ ട്രാഫിക് ജാം അനുഭവപ്പെട്ടു. പൊടിയും പുകയും കൊണ്ട് ഞങ്ങളും പൊറുതിമുട്ടി. ലഖ്നൗ നഗരം അതിന്‍റെ പ്രൗഢിയും ബലഹീനതയുമായി രാത്രിയിലേക്ക് പ്രവേശിക്കുന്നു. നഗരത്തിന്‍റെ നിശ്ചലത കാണുമ്പോള്‍ ആദരവും സഹതാപവും ഒന്നിച്ചാണ് മനസ്സില്‍ നിറയുക. ആധുനിക കാലത്തെ ശാസ്ത്രപുരോഗതിയുടെ ലക്ഷണമൊന്നും ഈ തലസ്ഥാന നഗരിയില്‍ കണ്ടില്ല. കുറഞ്ഞ സമയത്തെ സഞ്ചാരത്തിനിടയില്‍ തിക്കും തിരക്കും നിറഞ്ഞ തെരുവുകള്‍ ഞങ്ങള്‍ കണ്ടു. പൗരാണികതയുടെ അവശിഷ്ടങ്ങള്‍ എവിടെയൊക്കെയോ പൊടിപിടിച്ച് നില്‍ക്കുന്നു. അതില്‍ നിന്നും പുറത്തു കടക്കാന്‍ പറ്റാത്ത മറ്റൊരു ഭൂല്‍ഭുലയ്യയാണ് ഈ നഗരം.
ആകാശത്തിന്‍റെ അടരുകള്‍പൊലെ മേഘങ്ങള്‍ പുകപിടിച്ച് നഗരത്തിനു മുകളില്‍ കാണാം. ഞാന്‍ ആ വിഭ്രാത്മകമായ ദൃശ്യം നോക്കിയിരുന്നു. സംസ്കാരത്തിന്‍റെ സങ്കീര്‍ണ്ണമായ ചരടുകള്‍ കൊണ്ട് അനങ്ങാനാകാതെ വീര്‍പ്പുുമുട്ടി നില്‍ക്കുന്ന നഗരത്തെ.
ലഖ്നൗവിലെ കാഴ്ചകള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഗോമതി നദീതീരത്ത് ഏഴു ബില്യണ്‍ ഇന്ത്യന്‍ രൂപ ചെലവഴിച്ച് മായാവതി നിര്‍മ്മിച്ച മാര്‍ബിള്‍ കാട് കാണണം. അതിലെ ആനകളെ കാണണം. 2008 ല്‍ പണി പൂര്‍ത്തിയായ അംബേദ്കര്‍ ഗാര്‍ഡനില്‍ മായാവതി നിര്‍മ്മിച്ച മാര്‍ബിള്‍ ശില്പങ്ങള്‍ ആനയുടെ രൂപത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ ആശുപത്രികളില്‍ മരിക്കുന്ന നാട്ടിലാണ് ഈ ആനച്ചന്തം തലയാട്ടി നില്‍ക്കുന്നത്.
ലഖ്നൗവിലെ ധനികര്‍ പാര്‍ക്കുന്ന ഇടമാണ് ഗോമതി നദീതീരം. റോഡിന്‍റെ ഇരുവശത്തും ഇരുനിലകളുള്ള വില്ലകള്‍. എന്നാല്‍ വീടുകള്‍ക്കിടയില്‍ സ്ഥലം വിട്ടിട്ടില്ല. ഒന്നിനോടൊന്ന് ചേര്‍ന്നാണ് അവയുടെ നിര്‍മ്മാണ രീതി. കാറ്റും വെളിച്ചവും കടക്കാന്‍ പ്രയാസമുള്ള ഇത്തരം പ്രതിഭാസം ഇന്ത്യയില്‍ അപൂര്‍വ്വമാണ്. തെരുവുകളിലൂടെ ബൈക്കുകള്‍ രൂപം മാറ്റിയെടുക്കത്തക്ക മുച്ചക്രവാഹനമായ ‘വിക്രം’ യാത്രക്കാരെയും വഹിച്ച്കൊണ്ട് സഞ്ചരിക്കുന്നു. യാത്രക്കാരില്‍ ഒരാള്‍ക്ക് മിനിമം അഞ്ച് രൂപ വീതം കൊടുത്താല്‍ ഇവയില്‍ സഞ്ചരിക്കാം. ഷെയര്‍ ഓട്ടോയുടെ മറ്റൊരു പതിപ്പ്.

ലഖ്നൗവിന്‍റെ ചരിത്രം
ഒരു വെള്ളപ്പൊക്കത്തിനു ശേഷം ഗോമതി നദീതീരത്ത് ഉയര്‍ന്ന് വന്നതാണ് ഇന്നത്തെ ലഖ്നൗ എന്നാണ് പറയപ്പെടുന്നത്. സൂര്യവംശകാലം തൊട്ട് ഈ സ്ഥലം ഉണ്ടായതായി പഴമക്കാര്‍ വിശ്വസിക്കുന്നു. രാമായണത്തിലെ ശ്രീരാമന്‍റെ സഹോദരന്‍ ലക്ഷ്മണനാണ് ഈ പട്ടണത്തിന് തുടക്കം കുറിച്ചത് എന്ന് വിശ്വസിക്കുന്നവരും ഇവിടെയുണ്ട്.
ആധുനിക ലഖ്നൗവിന്‍റെ ചരിത്രം ശ്രദ്ധേയമാകുന്നത് 1720 ല്‍ മുഗളര്‍ ഭരണകാര്യത്തിനായി ഇവിടെയൊരു നവാബിനെ നിയമിക്കുന്നതോടെയാണ്. 1732 ല്‍ നവാബായിരുന്ന മുഹമ്ജ് അമീര്‍ സാഗത്ഖാന്‍ ആണ് ലഖ്നൗവിനെ ആധുനിക പട്ടണമായി മാറ്റിയെടുത്തത്.
അസഫ് ഉദ് ദൗലയുടെ കാലമാണ് ലഖ്നൗവിന്‍റെ സുവര്‍ണ്ണകാലം. അന്ന് സംഗീതത്തിലും സാഹിത്യത്തിലും ലഖ്നൗ ഉയര്‍ന്ന പടവുകള്‍ താണ്ടി. ബ്രിട്ടീഷുകാരുടെ ഭരണസിരാകേന്ദ്രമായിട്ടും ഒരു ക്ലോക്ക് ടവ്വറും സെന്‍റ് ജോര്‍ജ് ഹോസ്പിറ്റലും മാത്രമാണ് പാശ്ചാത്യ ശൈലിയിലുള്ള കെട്ടിടമായി ഇവിടെ കാണാന്‍ കഴിഞ്ഞത്.
സാധാരണമായ ഓരോന്നിലും ഒളിച്ചിരിക്കുന്ന അസാധാരണത്വമാണ് കാഴ്ചയിലെ കാഴ്ച. അതിനെ കണ്ടെടുത്ത് പുനഃസൃഷ്ടിക്കുക. ഞാന്‍ കാണുന്നതുപോലെയല്ലല്ലോ നിങ്ങള്‍ അതിനെ കാണുക. കാഴ്ചയുടെ ഏതു ബിന്ദുവില്‍ നിന്നും നമുക്ക് ഒരു തെരുവിനെ വീണ്ടെടുക്കാം. ഒരു ദേശത്തെ വീണ്ടെടുക്കാം.
“ഒരു വെള്ളപ്പൊക്കത്തിനു ശേഷം ഗോമതി നദീതീരത്ത് ഉയര്‍ന്ന് വന്നതാണ് ഇന്നത്തെ ലഖ്നൗ എന്നാണ് പറയപ്പെടുന്നത്. സൂര്യവംശകാലം തൊട്ട് ഈ സ്ഥലം ഉണ്ടായതായി പഴമക്കാര്‍ വിശ്വസിക്കുന്നു. രാമായണത്തിലെ ശ്രീരാമന്‍റെ സഹോദരന്‍ ലക്ഷ്മണനാണ് ഈ പട്ടണത്തിന് തുടക്കം കുറിച്ചത് എന്ന് വിശ്വസിക്കുന്നവരും ഇവിടെയുണ്ട്.”
നഗരം ആരെയും തിരിച്ചറിയുന്നില്ല. ആരെയും ഓര്‍ക്കുന്നുമില്ല. എന്നിരുന്നാലും തിക്കും തിരക്കും പഴമയും നിറഞ്ഞ ഈ നഗരം കുറച്ചുനാള്‍ കൂടി മനസ്സില്‍ നിലനില്‍ക്കും. ഷിയാ മുസ്ലീമുകള്‍ ധാരാളം വസിക്കുന്ന ഇന്ത്യയിലെ ഈ അപൂര്‍വ്വ നഗരത്തോട് ഞങ്ങള്‍ അങ്ങനെ വിട പറഞ്ഞു.
ചരിത്രത്തിന്‍റെ വക്കുപൊട്ടിയ കാല്‍പ്പാടുകള്‍
അയോദ്ധ്യയിലേക്ക് പോകുന്നവര്‍ ഫൈസാബാദിലാണ് തീവണ്ടിയിറങ്ങുക. ഇതാണ് ജില്ലാതലസ്ഥാനം. മാത്രമല്ല, താമസ സൗകര്യം നിങ്ങള്‍ക്ക് ഇവിടെ മാത്രമേ ലഭിക്കൂ.
ഞങ്ങള്‍ അയോദ്ധ്യയില്‍ തന്നെ തീവണ്ടിയിറങ്ങാന്‍ തീരുമാനിച്ചു. അതൊരു കടുത്ത തീരുമാനമായിരുന്നു. വണ്ടി മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ 5 മിനിട്ട് നിറുത്തി. പുറത്തിറങ്ങിയപ്പോള്‍ പ്ലാറ്റ്ഫോം വിജനം. പ്ലാറ്റ്ഫോമിന്‍റെ റൂഫില്‍ തൂങ്ങിക്കിടന്നിരുന്ന ഒരു കുരങ്ങന്‍ ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തി. ഗോവണി കയറിയിറങ്ങി വേണം സ്റ്റേഷന്‍ കവാടത്തിലെത്താന്‍. വാര്‍ദ്ധക്യത്തിലേക്ക് കാല്‍നീട്ടുന്ന ഞങ്ങള്‍ക്കിരുവര്‍ക്കും അതിനുള്ള കരുത്തില്ല. എന്തു ചെയ്യണമെന്നറിയാതെ പരുങ്ങി നില്‍ക്കുന്ന ഞങ്ങള്‍ക്കരികിലേക്ക് രണ്ട് കുരങ്ങന്‍മാര്‍ കൂടി നടന്നുവന്നു, അതോടെ ഞങ്ങളുടെ പരിഭ്രമം ഇരട്ടിയായി . എങ്ങനെയാണ് മറുവശം താണ്ടാന്‍ കഴിയുക.
ഞങ്ങളുടെ ദയനീയ സ്ഥിതി കണ്ടിട്ടാകണം ഒരു പോലീസ് ഓഫീസര്‍ അടുത്തുവന്നു. ഈ സ്റ്റേഷനില്‍ ഒരു പോര്‍ട്ടറെ ഉള്ളൂ. പോലീസ് ഓഫീസര്‍ അയാളെ മൊബൈലില്‍ വിളിച്ചു. മറുവശത്തുനിന്നും പ്രതികരണമൊന്നുമില്ല. ഇയാളും ഹോളി ആഘോഷിക്കാന്‍ പോയിക്കാണും. ഒടുവില്‍ അദ്ദേഹം ഞങ്ങളെ സ്റ്റേഷന്‍റെ അറ്റത്തെ പ്ലാറ്റ്ഫോം ഇല്ലാത്ത ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയി. മാത്രമല്ല ഞങ്ങളുടെ ഒരു ബാഗും കയ്യിലെടുത്ത് തീവണ്ടിപ്പാളങ്ങള്‍ താണ്ടി ഒന്നാമത്തെ പ്ലാറ്റ്ഫോമിലെത്തി. യാത്രയിലെ ഏറ്റവും മനസ്സ് നിറഞ്ഞ നിമിഷമായിരുന്നു അത്. മുഹമ്മദ്ഖാന്‍ എന്നായിരുന്നു അയാളുടെ പേര്. ഞങ്ങള്‍ അയാള്‍ക്ക് നന്ദി പറഞ്ഞു. അയാള്‍ പുഞ്ചിരിച്ച് പതിയെ തിരിഞ്ഞുനടന്നു.
അയോദ്ധ്യാ സന്ദര്‍ശനം
സൈക്കിളിന് പിന്നില്‍ രണ്ട് ചക്രങ്ങള്‍ കൂടി പിടിപ്പിച്ചിട്ടുള്ള റിക്ഷാവണ്ടിയില്‍ ഞങ്ങള്‍ ബാഗുകള്‍ അടുക്കി വെച്ച് കയറിയിരുന്നു. അയാള്‍ ഞങ്ങളെ അയോദ്ധ്യയില്‍ ആദ്യമായി തുടങ്ങിയ ഹോട്ടലില്‍ കൊണ്ടിറക്കി. സ്റ്റേഷന് തൊട്ടടുത്ത് തന്നെയായിരുന്നു അത്. ഒരു ആശ്രമത്തിന്‍റെ മട്ടും മാതിരിയിലുമാണ് അതിന്‍റെ നിര്‍മ്മാണരീതി. അയോദ്ധ്യ സന്ദര്‍ശിക്കാന്‍ വരുന്ന ഭക്തരാണ് ഇവരുടെ ഉപഭോക്താക്കള്‍.
സമയം അഞ്ചു മണിയായിക്കാണും. കുളിച്ച് വസ്ത്രം മാറിയ ശേഷം നല്ല ചൂടുള്ള ചായയും പക്കോടയും കഴിച്ച് ഞങ്ങള്‍ നാടുകാണാന്‍ ഇറങ്ങി. ബാബറി മസ്ജിദിന്‍റെ നിഗൂഢതയെക്കുറിച്ചുള്ള ജിജ്ഞാസയാണ് അയോദ്ധ്യ സന്ദര്‍ശിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.
ഇഷ്ടികകൊണ്ട് പണിത ചെത്തിതേക്കാത്ത നിരപ്പലകകളിട്ട പീടികമുറികള്‍, പാണ്ടികശാലകള്‍. റോഡിന്നിരുവശത്തും വരിയൊപ്പിച്ച് പണ്ട് നിര്‍മ്മിച്ചവയും, തകരാറായതുമായ കച്ചവടസ്ഥാപനങ്ങള്‍. നിരപലകയിട്ട പീടികമുറികള്‍. ദ്രവിച്ചുകൊണ്ടിരിക്കുന്ന ഈ പട്ടണത്തിലൂടെ ഞങ്ങള്‍ നടന്നു. പതുക്കെപ്പതുക്കെ നടന്നുനീങ്ങുന്ന വൃദ്ധദമ്പതികള്‍ വിഷാദത്തിന്‍റെ ആഴത്തണുപ്പില്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ കൈകോര്‍ത്ത് നടക്കുന്നു. പുരാതനമായൊരു സംസ്കൃതിയുടെ സാന്നിദ്ധ്യം അവിടെ സ്പഷ്ടമായിരുന്നു.

നൂറു രൂപ ഓട്ടോ ചാര്‍ജ് കൊടുത്താല്‍ അയോദ്ധ്യയിലെ മുഴുവന്‍ ക്ഷേത്രങ്ങളും കാണിച്ചുതരാമെന്ന് ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. ശ്രീരാമന്‍റെയും സീതയുടെയും നാമത്തിലുള്ള ക്ഷേത്രങ്ങളാണ് ഇവിടെ അധികവും. അയാള്‍ ചില ക്ഷേത്രങ്ങള്‍ കാണിച്ച ശേഷം അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന്നായി തയ്യാറാക്കി വെച്ചിട്ടുള്ള ഉരുപ്പടികള്‍ സൂക്ഷിച്ചിട്ടുള്ള ഒരു ക്ഷേത്രത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. കെട്ടിടത്തിന്‍റൈ ഒരു മാതൃകയും അവിടെ തയ്യാറാക്കി വെച്ചിട്ടുണ്ട്. പണി തുടങ്ങാനുള്ള സിഗ്നല്‍ ലഭിക്കുകയേ വേണ്ടൂ, ഈ ഉരുപ്പടികള്‍ ഇവിടെ നിന്ന് അയോദ്ധ്യയിലേക്ക് നീങ്ങാന്‍.ഈ കെട്ടിടത്തിന്‍റെ എതിര്‍വശത്താണ് രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിരാഹാരമിരിക്കുന്ന നിത്യഗോപാല്‍ദാസ് മഹാരാജ് എന്ന സന്യാസിയുടെ വാസസ്ഥലം. ഞങ്ങളെ സന്യാസിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ദീര്‍ഘകാലത്തെ നിരാഹാരം അദ്ദേഹത്തെ ക്ഷീണിതനാക്കിയിട്ടുണ്ടെങ്കിലും ഞങ്ങളെ അനുഗ്രഹിക്കാന്‍ അദ്ദേഹം മറന്നില്ല. അയോദ്ധ്യയിലെ തെരുവുകളില്‍ ധാരാളം കുരങ്ങന്‍മാര്‍ ഉണ്ട്. അതുപോലെ തന്നെ ധാരാളം ഹനുമാന്‍ ക്ഷേത്രങ്ങളും. യൗവ്വനത്തിന്‍റേയും ഊര്‍ജ്ജത്തിന്‍റേയും പ്രതീകമാണ് ഇവര്‍ക്ക് ഹനുമാന്‍. ഞങ്ങള്‍ ഒരു ഹനുമാന്‍ ക്ഷേത്രത്തിലേക്ക് കയറി. ക്ഷേത്രപരിചാരകന്‍ ഓടിവന്ന് കണ്ണട ഊരിവെക്കാന്‍ പറഞ്ഞു. ഇവിടുത്തെ അന്തേവാസികള്‍ ആയ കുരങ്ങന്‍മാര്‍ കണ്ണട കണ്ടാല്‍ പ്രകോപിതരാകും, ഞങ്ങള്‍ കണ്ണട ഊരി പോക്കറ്റിലിട്ടു. ഹരിയാന കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗുസ്തിക്കാരുള്ള സ്ഥലമാണ് യുപി. ഗുസ്തി പരിശീലിപ്പിക്കുന്ന ആഘാടകള്‍ പ്രസിദ്ധമാണ്. ഇവിടം. പരമ്പരാഗതമായ ഗുരുശിഷ്യസമ്പ്രദായത്തില്‍ തുടരുന്നവയാണ് ഈ പാഠശാലകള്‍. ശരീരത്തെ ശക്തിയുടെ ആലയായി കാണുന്നവരാണ് ഇതിലെ പഠിതാക്കള്‍. അതുകൊണ്ടുതന്നെ ഇവരുടെ ഇഷ്ടദൈവം ഹനുമാനാണ്. ഇന്ത്യക്ക് ഒളിമ്പിക്സില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് ഗുസ്തിയിലാണല്ലോ. രാത്രി കനക്കാന്‍ തുടങ്ങി. ഉറക്കം തൂങ്ങുന്ന വഴിവിളക്കുകള്‍ തെരുവിനെ ഇരുട്ടിലാക്കി.
അയോദ്ധ്യയിലെ ആദ്യപ്രഭാതം, റസ്റ്റോറന്‍റിന് മുമ്പില്‍ പശുവിനെ കറന്ന് പാലെടുക്കുന്നു. മറ്റൊരാള്‍ കൊഴുത്തു തടിച്ച് പശുവിനെ തൊട്ട് വന്ദിക്കുന്നു. പശു പതുക്കെയൊന്ന് തലയാട്ടി. ഹൈന്ദവ പാരമ്പര്യത്തിന്‍റെ ചങ്ങല മണികള്‍ അതിന്‍റെ കഴുത്തില്‍ കിടന്ന് കുലുങ്ങി. ജീവിതത്തിന്‍റെ നിസ്സാരതയും മഹത്വവും ഇത്തരം കൊച്ചു കൊച്ചു കാഴ്ചകളിലൂടെയാണ് നമ്മോട് സംസാരിക്കുക.
“അയോദ്ധ്യയിലെ ആദ്യപ്രഭാതം, റസ്റ്റോറന്‍റിന് മുമ്പില്‍ പശുവിനെ കറന്ന് പാലെടുക്കുന്നു. മറ്റൊരാള്‍ കൊഴുത്തു തടിച്ച് പശുവിനെ തൊട്ട് വന്ദിക്കുന്നു. പശു പതുക്കെയൊന്ന് തലയാട്ടി. ഹൈന്ദവ പാരമ്പര്യത്തിന്‍റെ ചങ്ങല മണികള്‍ അതിന്‍റെ കഴുത്തില്‍ കിടന്ന് കുലുങ്ങി. ജീവിതത്തിന്‍റെ നിസ്സാരതയും മഹത്വവും ഇത്തരം കൊച്ചു കൊച്ചു കാഴ്ചകളിലൂടെയാണ് നമ്മോട് സംസാരിക്കുക.”
ഇന്നു കാലത്ത് 8 മണിക്ക് ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലത്തെത്തണം. ഞങ്ങള്‍ ഒരു ഓട്ടോയില്‍ കയറി. ബാബറി മസ്ജിദ് എന്ന് പറഞ്ഞു. ഓട്ടോ ഡ്രൈവര്‍ വെറ്റിലക്കറ പുരണ്ട പല്ല് കാണിച്ച് പറഞ്ഞു ‘ഓതോ തോഡ് ഗയാ’. രാം മന്ദിര്‍ എന്ന് പറഞ്ഞപ്പോള്‍ 50 രൂപക്ക് ബസ്സ്റ്റാന്‍റ് വരെ കൊണ്ടുവിടാമെന്ന് പറഞ്ഞു. അവിടെ നിന്ന് നടന്നോ സൈക്കിള്‍ റിക്ഷയിലോ വേണം മന്ദിരത്തിലേക്ക് പോകാന്‍.
അയോദ്ധ്യയിലെ ബസ്സ്റ്റാന്‍റ് ദൈന്യതകളുടെ താവളമാണ്.ഓട്ടോ ഡ്രൈവര്‍ ഞങ്ങളെ അവിടെ ഇറക്കിവിട്ടതും സൈക്കിള്‍ റിക്ഷക്കാര്‍ ഞങ്ങള്‍ക്ക് ചുറ്റും വന്ന് വളഞ്ഞതും ഒരുമിച്ചായിരുന്നു.
‘സാബ് ചാലിസ് രൂപയാ ദേ ദോ, ഹം ലോഗ് ആപ്ക ഉധര്‍ ഛോഡ് ദേഗാ. ആപ്കോ ചല്‍നേ മേം തക്ലിഫ് ഹോഗി മന്ദിര്‍ തോ ഊപ്പര്‍ ഹെ’. 40 രൂപ തന്നാല്‍ ഞങ്ങള്‍ നിങ്ങളെ മന്ദിരത്തിനടുത്തെത്തിക്കാം. നടന്നുപോകാന്‍ പ്രയാസമായിരിക്കും. സൈക്കിള്‍ റിക്ഷയില്‍ കയറാന്‍ മനസ്സ് സമ്മതിച്ചില്ലെങ്കിലും മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ ഞങ്ങളിരുവരും അതില്‍ കയറി. വണ്ടി ബസ്സ്റ്റാന്‍റ് വിട്ട് തകര്‍ന്ന റോഡിലൂടെ മന്ദിരത്തിലേക്ക് നീങ്ങാന്‍ തുടങ്ങി. ഞങ്ങളെയും വലിച്ച് കയറ്റം കയറാന്‍ അയാള്‍ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു. കുത്തനെയുള്ള കയറ്റത്തിലെത്തിയപ്പോള്‍ കുറെ കുട്ടികള്‍ വന്ന് വണ്ടി തള്ളാന്‍ തുടങ്ങി. അധികം ശരീരഭാരം ഒന്നുമില്ലാത്ത അഞ്ചെട്ടു വയസ്സുള്ള ആണ്‍കുട്ടികളും, പെണ്‍കുട്ടികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കയറ്റം കയറി കഴിഞ്ഞപ്പോള്‍ കുട്ടികള്‍ ഞങ്ങളുടെ മുമ്പില്‍ കൈ നീട്ടി.’ബാബാ ഹമേം കുഛ് പൈസ ദോ. ഹമ്നെ ആപ്കെ മദദ് ദിയാ. ഹം ഗരീബ് ഹെ’. യുപി സ്ലാങ്ങിലുള്ള ഒരു കോറസ് ആയിരുന്നു അത്. അവരുടേത് ദൈന്യതയാര്‍ന്ന കണ്ണുകളും കീറിത്തുടങ്ങിയ വസ്ത്രങ്ങളും കണ്ടാല്‍ ആരും പൈസ കൊടുത്തുപോകും. പൈസ കൈനീട്ടി വാങ്ങുമ്പോള്‍ ഒരു ഉണങ്ങിയ ചിരി അവരുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടതോര്‍ക്കുന്നു. അയോദ്ധ്യയുടെ യഥാര്‍ത്ഥമായ ദയനീയ മുഖമാണ് ഈ കുട്ടികള്‍.
ഹോട്ടലിന്‍റെ മുമ്പില്‍ പതിച്ചിരുന്ന ബാല്‍താക്കറെയുടെ പടമുള്ള പോസ്റ്ററില്‍ ഇങ്ങനെ എഴുതി വെച്ചിരുന്നു. ‘പഹലെ മന്ദിര്‍ ഫിര്‍ രാഷ്ട്ര’. നമ്മുടെ ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തിനു മുമ്പില്‍ ഈ കുട്ടികള്‍ കൈനീട്ടി നില്‍ക്കുകയാണ്. പൈസ കൊടുത്തപ്പോള്‍ റിക്ഷാവാല തൊഴുതുകൊണ്ട് ചിരിച്ചു. ആ ചിരിക്ക് അയാളോളം വാര്‍ദ്ധക്യം ബാധിച്ചിരുന്നില്ല.
തെരുവിന്‍റെ രണ്ടു വശങ്ങളിലും പെട്ടിപീടികകള്‍ അവയില്‍ പൂജാസാമഗ്രികളും സ്റ്റീല്‍ പാത്രങ്ങള്‍ ഓട്ടുപാത്രങ്ങള്‍ വിഗ്രഹങ്ങള്‍ തുടങ്ങിയവയും വില്പനക്ക് വെച്ചിരിക്കുന്നു. സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ലോക്കറുകളും പല പീടികകളിലുമുണ്ട്. രമണിയുടെ ഹാന്‍റ് ബാഗും മൊബൈലും ഈ ലോക്കറിനുള്ളില്‍ സൂക്ഷിച്ചു. പഴ്സ് മാത്രം കയ്യില്‍ കരുതി.
ക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ട സ്ഥലത്താണ് ബാബറി മസ്ജിദ് ഉണ്ടായിരുന്നത്. അതിപ്പോള്‍ സങ്കടപ്പെടുത്തുന്ന ഓര്‍മ്മയായിരിക്കുന്നു. പഴമയുടെ തനിമ വിളിച്ചോതുന്ന ഇരുനില കെട്ടിടങ്ങളായിരുന്നു അധികവും. വലിയ കവാടങ്ങള്‍ യു പി യിലെ വീടുകളുടെ പ്രത്യേകതയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ധാരാളം വീടുകളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പണ്ട് രാമന്‍റെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ചെത്തിപ്പൂക്കള്‍ കൃഷി ചെയ്തിരുന്നത് മുസ്ലീംങ്ങളും ഹിന്ദുക്കളും ചേര്‍ന്നായിരുന്നത്രെ! സന്യാസിമാര്‍ ഉപയോഗിച്ചിരുന്ന മെതിയടികള്‍ നിര്‍മ്മിച്ചിരുന്നത് മുസ്ലീം ആശാരിമാരായിരുന്നു. ഇന്ന് അതൊക്കെ പഴങ്കഥകള്‍. അതല്ലെങ്കില്‍ ബാബറി മസ്ജിദിനെ ഇന്ത്യയുടെ ചരിത്രത്താളുകളില്‍ നിന്ന് പയ്യെപയ്യെ നിറം മങ്ങി മങ്ങി ഇല്ലാതാക്കി എന്ന് അലങ്കാരഭാഷയില്‍ പറയാം.
“പണ്ട് രാമന്‍റെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ചെത്തിപ്പൂക്കള്‍ കൃഷി ചെയ്തിരുന്നത് മുസ്ലീംങ്ങളും ഹിന്ദുക്കളും ചേര്‍ന്നായിരുന്നത്രെ! സന്യാസിമാര്‍ ഉപയോഗിച്ചിരുന്ന മെതിയടികള്‍ നിര്‍മ്മിച്ചിരുന്നത് മുസ്ലീം ആശാരിമാരായിരുന്നു. ഇന്ന് അതൊക്കെ പഴങ്കഥകള്‍. “
ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ കര്‍ശനമായ സുരക്ഷാ പരിശോധനയിലൂടെ വേണം കടന്നുപോകണം. എന്‍റെ പഴ്സിലെ സോര്‍ബിറ്റ്റേറ്റ് ഗുളികകള്‍ വരെ അവര്‍ എടുത്തുമാറ്റി. ഞാനൊരു ഹാര്‍ട്ട് പേഷ്യന്‍റ് ആണെന്ന് പറഞ്ഞിട്ട് പോലും അത് തിരികെ തരാന്‍ സെക്യൂരിറ്റികള്‍ തയ്യാറായില്ല.
ശ്രീരാമദര്‍ശനത്തിനെത്തിയിട്ടുള്ള പാവപ്പെട്ട ഗ്രാമീണരാണ് ക്യൂവില്‍ നില്‍ക്കുന്നവരിലേറെയും. ടൂറിസ്റ്റുകളെ ആരെയും കണ്ടില്ല. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തിരിച്ചിട്ടുള്ള ഇടുങ്ങിയ പാതയിലൂടെ ദീര്‍ഘനേരം നടന്നുവേണം പണ്ട് ബബറി മസ്ജിദ് നിന്നിരുന്ന സ്ഥലം കാണാന്‍. ഇന്നവിടെ മസ്ജിദിന്‍റെ അവശിഷ്ടങ്ങളൊന്നുമില്ല. നിരപ്പായ ഭുമിയില്‍ ടെന്‍റ് കെട്ടി അതില്‍ രാമന്‍റെ പ്രതിമകള്‍ സൂക്ഷിച്ചിട്ടുണ്ട്. വളരെ ദൂരെ നിന്നുള്ള ദര്‍ശനത്തിനുള്ള സാധ്യതയേ ഉള്ളൂ. ദര്‍ശനത്തിനെത്തിയിട്ടുള്ള ഗ്രാമീണരുടെ കണ്ണില്‍ അമ്പരപ്പും ആഹ്ളാദവും. ചിലര്‍ കണ്ണടച്ച് കൈ കൂപ്പി പ്രാര്‍ത്ഥിക്കുന്നു. ഒരാളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ തുള്ളിതുള്ളിയായി വീഴുന്നുണ്ടായിരുന്നു. ഒരു നിമിഷം മാത്രമേ ഒരാള്‍ക്ക് ദര്‍ശനത്തിനുള്ള അനുവാദമുള്ളൂ.സെക്യൂരിറ്റിക്കാര്‍ ഗ്രാമീണരെ ബലം പ്രയോഗിച്ച് നീക്കുന്നതു കണ്ടു.
1947 ല്‍ ബാബറി മസ്ജിദിലേക്ക് വിഗ്രഹം കടത്താന്‍ അനുവാദം കൊടുത്തത് ഒരു മലയാളിയായിരുന്നു. എന്നാല്‍ നെഹ്റുവിന്‍റെ ഇടപെടല്‍കൊണ്ട് പ്രശ്നങ്ങള്‍ ഇല്ലാതെ അക്കാലം കടന്നുപോയി. ഷബാനു കേസിനുശേഷം സുപ്രീം കോടതിവിധിയെ മറികടക്കാന്‍ കൊണ്ടുവന്ന നിയമം ഒരു ന്യൂനപക്ഷ പ്രീണനമാണെന്ന ആക്ഷേപത്തിന് കാരണമാക്കി. ഇതിനെ മറികടക്കാനാണ് ബാബറി മസ്ജിദ് ആരാധനക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനമുണ്ടായത്. ഇതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. 1990 ല്‍ കെട്ടിടത്തിന്‍റെ താഴികക്കുടങ്ങള്‍ക്കു മുകളില്‍ കര്‍സേവകര്‍ ബലമായി കൊടിനാട്ടി. അന്നത്തെ വെടിവെപ്പില്‍ 17 പേരാണ് മരിച്ചത്. 1992 ഡിസംബര്‍ 6 നാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇതേത്തുടര്‍ന്ന് രാജ്യത്ത് ആക്രമണങ്ങള്‍ അരങ്ങേറി. ബോംബെയില്‍ ധാരാവിയില്‍ അഴിച്ചുവിട്ട ശിവസേനക്കാരുടെ ആക്രമണങ്ങളില്‍ ഹിന്ദു മുസ്ലീം ഐക്യം തകര്‍ന്നടിഞ്ഞു. അനേകര്‍ കൊല്ലപ്പെട്ടു. ഇത് മുംബൈ ചരിത്രത്തില്‍ കരിക്കട്ടകൊണ്ട് എഴുതേണ്ട സംഭവമായിത്തീര്‍ന്നു.
“1947 ല്‍ ബാബറി മസ്ജിദിലേക്ക് വിഗ്രഹം കടത്താന്‍ അനുവാദം കൊടുത്തത് ഒരു മലയാളിയായിരുന്നു. എന്നാല്‍ നെഹ്റുവിന്‍റെ ഇടപെടല്‍കൊണ്ട് പ്രശ്നങ്ങള്‍ ഇല്ലാതെ അക്കാലം കടന്നുപോയി.”
ഒരു നിമിഷത്തെ നോട്ടത്തിനു ശേഷം ഞങ്ങളും പുറത്തേക്കിറങ്ങി. ഒരിക്കലും കാണാത്തവരുടെ വ്യഥകള്‍ക്കുപോലും നിമിത്തമായ സ്ഥലം. വിദ്വേഷങ്ങളുടെ ചവര്‍പ്പും ആത്മപീഢനത്തിന്‍റെ കണ്ണീരും മാറ്റി വെച്ച് ഞാനതു കണ്ടു.
പൊടിപൊടിയായി തകര്‍ന്നുകിടക്കുന്ന ബാബറി മസ്ജിദ് – അതിന് മുകളില്‍ താത്കാലികമായി കെട്ടിപ്പൊക്കിയ ടെന്‍റ്- അതില്‍ രാമന്‍റെ പ്രതിഷ്ഠ. ദീര്‍ഘദൂരം കമ്പി അഴികളിട്ട് ജയില്‍മുള്‍ പാതയിലൂടെ നടന്ന് തളര്‍ന്ന് പോലീസിന്‍റെ മുള്‍ നോട്ടങ്ങളില്‍ കോറി ഞാനത് കണ്ടു.
നിശബ്ദത തളം കെട്ടിയ നിഗൂഢതയും ബാബറി മസ്ജിദിന്‍റെ കുംഭഗോപുരങ്ങളുടെ നിഴലില്‍പോലും ഒളിച്ചിരുന്നിട്ടുണ്ടാകാം. ഇന്ത്യന്‍ ചരിത്രത്തിലെ ആ ഏടിനെ കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കാണ് കഴിയുക? സുപ്രീം കോടതിയിലെ വാദം നീണ്ടു നീണ്ടുപോകുകയാണ് . ജനം അക്ഷമരായി കാത്തിരിക്കുന്നു.
ആനന്ദിന്‍റെ ഗോവര്‍ദ്ധന്‍റെ യാത്രയിലെ കഥാപാത്രം പോലെ ചരിത്രത്തിന്‍റെ ആഘാതം കേട്ടറിവിന്‍റെ ഉല്‍ക്കകളായി നമുക്ക്മേല്‍ ഇപ്പോഴും പതിച്ചുകൊണ്ടിരിക്കുന്നു. അയോദ്ധ്യയിലെ നുരയും പതയും നിറഞ്ഞ നദീതീരത്തിലൂടെ ഞങ്ങള്‍ നടന്നു. തുളസീദാസിന്‍റെ കാലടികള്‍ പതിഞ്ഞ മണല്‍ത്തരികള്‍ക്കു മേല്‍ എന്‍റെ പാദങ്ങളും ഉമ്മവെച്ചു. ഭാരതീയ ചിന്തകളെ സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ ഗാനരൂപങ്ങളാക്കി ഈ നദീതീരത്ത് അദ്ദേഹം പാടിനടന്നിരുന്നു. സ്നാനഘട്ടിലെല്ലാം തിരക്കു നന്നെ കുറവായിരുന്നു. ചിലരുടെ കലുഷിതമായ മനസ്സുപോലെ നദീജലം കലങ്ങിക്കിടന്നു. സരയൂനദിയിലൂടെ ഒരു ബോട്ടുയാത്ര. ചുളുചുളുക്കെ കുത്തുന്ന ശീതക്കാറ്റ് ഞങ്ങളെ തലോടി, ബോട്ടിനൊപ്പം സഞ്ചരിച്ചു. ബോട്ട് കുറച്ചുദൂരെ നീങ്ങിക്കാണും, ഒരു നിലവിളി കേട്ടാണ് ഞാന്‍ തിരിഞ്ഞുനോക്കിയത്. കണങ്കാലോളം വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്ന സ്ത്രീ നെഞ്ചത്തടിച്ച് കരയുകയാണ്. പടവുകളില്‍ ഇരിക്കുന്നവര്‍ അത് ശ്രദ്ധിക്കുന്നേയില്ല. ശവദാഹം കഴിഞ്ഞാല്‍ മുങ്ങിക്കുളിച്ചുവേണം പോകാന്‍. ഉറ്റവരുടെ വിയോഗത്തില്‍ നൊന്തായിരിക്കാം അവര്‍ കരയുന്നത്. നദീയാത്ര കഴിഞ്ഞ ഏതോ ജന്മങ്ങളിലേക്ക് അതിന്‍റെ ആഴങ്ങളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി. മരിച്ചവരുടെ പ്രേതങ്ങള്‍ ബോട്ടിന് പിന്നില്‍ നീന്തി വരുന്നതായി എനിക്ക് തോന്നി. പാപക്കറ കളഞ്ഞ് ഒരിക്കല്‍ കൂടി ജീവിക്കാന്‍ അവര്‍ ഞങ്ങളുടെ ബോട്ടില്‍ കയറുമോ? ഇരുട്ടും തണുപ്പും ഭയവും നദിയിലെ ഓളവും എല്ലാം ചേര്‍ന്ന് അത്തരം ഒരു ചിന്ത മനസ്സില്‍ കോരിയിട്ടു. എതിരെ വരുന്ന ഒരു ബോട്ടിലിരുന്ന് ഒരു യാത്രികന്‍ “ഓം നമ ശിവായ ഓം നമശിവായ” എന്ന് ഉച്ചത്തില്‍ ചൊല്ലുന്നുണ്ടായിരുന്നു. സരയൂ നദിയില്‍ അന്ത്യനിദ്രപൂകിയ അപന്‍മാരുടെ ദേഹങ്ങള്‍ ആ ഗ്രാമീണരെയും പിടികൂടിയിട്ടുണ്ടാകുമോ?
“നിശബ്ദത തളം കെട്ടിയ നിഗൂഢതയും ബാബറി മസ്ജിദിന്‍റെ കുംഭഗോപുരങ്ങളുടെ നിഴലില്‍പോലും ഒളിച്ചിരുന്നിട്ടുണ്ടാകാം. ഇന്ത്യന്‍ ചരിത്രത്തിലെ ആ ഏടിനെ കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കാണ് കഴിയുക?”
ബോട്ടില്‍ നിന്നിറങ്ങി തൊട്ടടുത്ത പാര്‍ക്കിലൂടെ നടന്നു. എതിര്‍വശത്തായി പൗരാണികതയെ അനുസ്മരിപ്പിക്കുന്ന പഴയ കെട്ടിടസമുച്ചയങ്ങള്‍. ഏതെല്ലാം വംശാവലികളുടെ ചരിത്രമാണ് ഈ കെട്ടിടസമുച്ചയങ്ങള്‍ക്ക് പറയാനുണ്ടാകുക?
എല്ലാ കാല്പാടുകളും മരുഭൂമി മായ്ച്ചുകളയുമെന്നാണ് പറയുക. എന്നാല്‍ നദീതീരത്തെ കാലത്തിന്‍റെ കാല്പാടുകള്‍ അവിടെ അവശേഷിക്കുമോ ?ബോട്ടില്‍ നിന്നിറങ്ങി തൊട്ടടുത്ത പാര്‍ക്കിലൂടെ നടന്നു. എതിര്‍വശത്തായി പൗരാണികതയെ അനുസ്മരിപ്പിക്കുന്ന പഴയ കെട്ടിടസമുച്ചയങ്ങള്‍. ഏതെല്ലാം വംശാവലികളുടെ ചരിത്രമാണ് ഈ കെട്ടിടസമുച്ചയങ്ങള്‍ക്ക് പറയാനുണ്ടാകുക? എല്ലാ കാല്പാടുകളും മരുഭൂമി മായ്ച്ചുകളയുമെന്നാണ് പറയുക. എന്നാല്‍ നദീതീരത്തെ കാലത്തിന്‍റെ കാല്പാടുകള്‍ അവിടെ അവശേഷിക്കുമോ ? തുളസീദാസിന്‍റെ വക്കൊടിഞ്ഞ കാല്പാടുകള്‍ തേടി ഞങ്ങള്‍ നടന്നു, അവിടെ സമൃദ്ധമായി കാണുന്ന വാനരപ്പടയും ഞങ്ങളോടൊപ്പം നടന്നു.
നാളെ ഹോളിയാണ്. അയോദ്ധ്യയിലെ ഹോളി ആഘോഷങ്ങള്‍ നേരില്‍ക്കാണാന്‍ കൂടിയാണ് ഇവിടെ വന്നത്. ഏഴുമണിക്കുശേഷം നാസ്ത (പ്രഭാതഭക്ഷണം) ലഭിക്കില്ലെന്ന് റസ്റ്റോറന്‍റില്‍ എഴുതിവെച്ചിരുന്നു. ഗോപിക്കുറി വരച്ച് സുന്ദരിയായി നില്‍ക്കുന്ന ഒരു തൂവെള്ളപ്പശുവിനെയാണ് കണികണ്ടത്. ഹോളി ആഘോഷം പുലര്‍ച്ചെ തുടങ്ങിയിരുന്നു. തെരുവിലെ ആഘോഷങ്ങള്‍ കാണാനായി കെട്ടിടത്തിന്‍റെ മട്ടുപ്പാവിലേക്ക് കയറി. തെരുവിന്‍റെ ശരീരമാകെ ചായം പൂശിയവര്‍ വര്‍ണ്ണശബളിമ ആഘോഷിച്ചുകൊണ്ട് നടന്നുനീങ്ങുന്നു. കുട്ടികള്‍ പീച്ചാംകുഴലുമായി തീവണ്ടിയില്‍ നിന്നും ഇറങ്ങി വരുന്ന യാത്രക്കാരുടെ ദേഹത്ത് ചായം ചീറ്റി ഹോളി ആഘോഷിക്കുന്നു. ആഹ്ലാദങ്ങള്‍ പലരും പലവിധത്തിലാണല്ലോ ആഘോഷിക്കുന്നത്.
ഇതിന്നിടയിലാണ് ഏതോ വികൃതികള്‍ ചായം തെളിയിച്ച് ബഹുവര്‍ണ്ണനായെത്തിയ ഒരു കുരങ്ങന്‍ സമ്മര്‍സോള്‍ട്ട് അടിച്ച് ടെറസ്സിലേക്ക് വന്നത്. ഹനുമാന്‍ കുഞ്ഞുങ്ങളും അങ്ങനെ ഹോളി ആഘോഷിക്കുകയാണ്.
തറികളുടെ സംഗീതം തെരുവുകളുടെയും
“വാരാണാസി പട്ടിന്‍റെയും പാട്ടിന്‍റെയും നഗരമാണ്. ബനാറസ് പട്ടുസാരികള്‍ നിര്‍മ്മിക്കുന്നത് മുസ്ലീം നെയ്ത്തുകാരാണ്. ഇവയ്ക്ക് കാഞ്ചീപുരം സാരികളേക്കാള്‍ മേന്മയുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാലിവിടെ കുടിയേറിയ ടിബറ്റന്‍ വംശജര്‍ ടിബറ്റന്‍ ശൈലിയും ബനാറസ് ശൈലിയും ചേര്‍ന്ന വ്യത്യസ്ത നിറക്കൂട്ടിലുള്ള വസ്ത്രങ്ങളാണ് നിര്‍മ്മിക്കുന്നത്. “
തീവണ്ടിയിലിരുന്ന് ഞങ്ങള്‍ കാണുകയാണ്, കിലോമീറ്ററുകളോളം ദൂരെ പരന്നുകിടക്കുന്ന കൃഷി കഴിഞ്ഞ ഭൂമി, വീശിയടിക്കുന്ന പൊടിക്കാറ്റ്, അവിടവിടെയായി കാണുന്ന ഗ്രാമീണ പാതകള്‍, അങ്ങിങ്ങ് ഒറ്റപ്പെട്ടു തളര്‍ന്ന ഗ്രാമങ്ങള്‍. അതില്‍ ചിതറിക്കിടക്കുന്ന കൊച്ചുകൊച്ചുവീടുകള്‍, കരിമ്പും വയ്ക്കോലും കയറ്റിപ്പോകുന്ന ട്രാക്ടറുകള്‍, അപൂര്‍വ്വമായികാണുന്ന ബസ്സുകള്‍, ഞങ്ങള്‍ പുറത്തേക്ക് നോക്കിയിരുന്നു.
കുറച്ചുകഴിഞ്ഞപ്പോള്‍ തീവണ്ടി, ഗംഗയുടെ ഏതോ കൈവഴിക്കു മുകളിലുള്ള പാലത്തിലൂടെ കുതിച്ചുപായാന്‍ തുടങ്ങി. ഗംഗയുടെ തീരത്താണ് ഇന്ത്യയിലെ മൂപ്പത് ശതമാനം കൃഷിയിടങ്ങളും. എന്നിട്ടും യുപിയിലെയും ബീഹാറിലെയും ഗ്രാമങ്ങള്‍ വറുതിയിലാണ്.വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കരകവിഞ്ഞ് ഒഴുകുന്ന നദിയാണ് ഗംഗ. ഞങ്ങള്‍ നദിയിലേക്ക് നോക്കി. അഴുകിയ ജമന്തിമാലകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കുന്നു. ഏതോ ശവദാഹത്തിന്‍റെ ബാക്കിപത്രം പോലെ.
സമയം സന്ധ്യയായി. നിഴലും നിലാവും ഇണചേര്‍ന്ന അദൃശ്യമായ ഇടങ്ങളിലൂടെ വണ്ടി പിന്നെയും കൂകിപ്പാഞ്ഞു. നേരം പുലര്‍ന്നു വരുമ്പോള്‍ വണ്ടി വാരാണാസിയിലെത്തി. ഉറക്കച്ചടവുള്ള രണ്ട് വൃദ്ധദമ്പതികളും ഞങ്ങളും കമ്പാര്‍ട്ട്മെന്‍റില്‍ നിന്നും ഇറങ്ങി.
സ്റ്റേഷനില്‍ കുറച്ച് വൃദ്ധരിരുന്ന് ഹൂക്ക വലിക്കുന്നു. സാരി കൊണ്ട് മുഖം മറച്ച് സ്ത്രീകളിരുന്ന് ചോളവും കടലയും കൊറിക്കുന്നു. മാള്‍ റോഡിലുള്ള ഹോട്ടലിലേക്ക് പോകാനായി ഓട്ടോയില്‍ കയറി. വാരാണാസിയില്‍ ധാരാളം ഹോട്ടലുകള്‍ പുതുതായി തുറന്നിട്ടുണ്ട്.
വാരാണാസിയിലെ കാഴ്ചകളും അനുഭവങ്ങളും തുടങ്ങുന്നത് സാരനാഥില്‍ നിന്നാണ്. തായ്ലന്‍റ് ഗവണ്‍മെന്‍റിന്‍റെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച ഈ ബുദ്ധക്ഷേത്രം മറ്റു ബുദ്ധക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അതിന്നകത്തെ ശാന്തത നമ്മെ മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. ബുദ്ധസന്യാസികളുടെ ശാന്തഭാവം വിളിച്ചോതുന്നതായിരുന്നു ആ അന്തരീക്ഷം.
സിലോണ്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ മറ്റൊരു ക്ഷേത്രത്തിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. അതിന്‍റെ ഭിത്തിയില്‍ ധാരാളം ചുവര്‍ചിത്രങ്ങള്‍ വരച്ച് ചേര്‍ത്തിട്ടുണ്ട്. പുറത്ത് ബോധിവൃക്ഷത്തിനടുത്തായി ഒരു കൂറ്റന്‍ മണി തൂങ്ങിക്കിടക്കുന്നു. മുന്‍പ് ചൈനയിലാണ് ഞാന്‍ ഇത്തരം ഒരു മണി കണ്ടിട്ടുള്ളത്.
അപ്പോള്‍ ബുദ്ധചരിത്രവും കൈകളിലൂടെ മനസ്സിലേക്ക് വന്നു കയറും. പ്രെയര്‍ വീലുകള്‍ തിരിച്ചുകൊണ്ട് ഞങ്ങളും ബോധിവൃക്ഷത്തിന്‍റെ ചുവട്ടിലെത്തി. ബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയയിലെ അരയാല്‍ വൃക്ഷത്തിന്‍റെ പിന്‍ഗാമി ശ്രീലങ്കയിലെ അനുരാധപൂരിലുണ്ട്. കഴിഞ്ഞ വര്‍ഷത്ത ശ്രീലങ്കന്‍ യാത്രക്കിടയിലാണ് ഇത് വന്‍ വൃക്ഷമായി നിലകൊള്ളുന്നത് കണ്ടത്. അതിന്‍റെ തൈയാണ് ഇവിടെ നട്ടുവളര്‍ത്തിയിട്ടുള്ള ഈ വൃക്ഷം. അങ്ങിനെ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്കും ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കും ഒരു വൃക്ഷത്തിന്‍റെ വംശപ്രയാണം.
ശ്രീബുദ്ധന് ബോധോദയം ഉണ്ടായ ശേഷം അദ്ദേഹം ശിഷ്യന്‍മാരോട് തന്‍റെ ദര്‍ശനത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചത് സാരനാഥില്‍ വെച്ചാണ്. ഇരുളില്‍ ആണ്ടുകിടന്ന ജനത്തിന് ആത്മജ്ഞാനത്തിന്‍റെ വെളിച്ചം പകര്‍ന്ന സ്ഥലം. അതാണ് സാരനാഥ്. ബുദ്ധിസത്തിന്‍റെ ചലനചക്രങ്ങളുടെ നിയമമാണ് ബുദ്ധന്‍ അന്ന് ശിഷ്യډാര്‍ക്ക് പറഞ്ഞ് കൊടുത്തത്. ഉവമാാമ ഇവമസസമ ജമയമമേിമ എന്നാണ് പാലി ഭാഷയില്‍ ഇതിനെ വിളിക്കുന്നത്.
എ ഡി 640 ല്‍ ഹുയാങ്ങ് സാങ്ങ് സാരനാഥില്‍ വരികയും ഈ സ്ഥലത്തെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുള്ളതായി ചരിത്രം പറയുന്നു. ഇവിടെ ഒരു കാലത്ത് 30 ആശ്രമങ്ങളും 30,000 സന്യാസിമാരും ഉണ്ടായിരുന്നത്രെ. ചുട്ട ഇഷ്ടികയില്‍ നിര്‍മ്മിച്ച ഈ കെട്ടിടങ്ങളുടെ അവശിഷ്ടം പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ കണ്ടെത്തി മണ്ണെടുത്ത് മാറ്റി ജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. എത്ര ശാസ്ത്രീയമായ നിര്‍മ്മാണരീതിയാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ ഉണ്ടായിരുന്നത് എന്നതിന്‍റെ തെളിവാണ് ഈ കാഴ്ചകള്‍.
“ഗംഗയുടെ തീരത്താണ് ഇന്ത്യയിലെ മൂപ്പത് ശതമാനം കൃഷിയിടങ്ങളും. എന്നിട്ടും യുപിയിലെയും ബീഹാറിലെയും ഗ്രാമങ്ങള്‍ വറുതിയിലാണ്.വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കരകവിഞ്ഞ് ഒഴുകുന്ന നദിയാണ് ഗംഗ. ഞങ്ങള്‍ നദിയിലേക്ക് നോക്കി. “
ബോധിവൃക്ഷത്തിന്‍റെ ഒരു വശത്ത് പ്രെയര്‍വീലുകള്‍. വിദേശികളായ സഞ്ചാരികള്‍ അവയിലൂടെ കൈകള്‍ ഓടിച്ച്കൊണ്ടാണ് സഞ്ചരിച്ചുകൊണ്ടിരുന്നത്. ഞാനും അവയിലൂടെ കൈയോടിച്ചു. വലതുനിന്നും ഇടത്തോട്ടാണ് പ്രെയര്‍വീലുകള്‍ കറക്കേണ്ടത്.
അശോകന് ശേഷം ഗോവിന്ദ ചന്ദ്രരാജാവിന്‍റെ ഭാര്യ കുമാര്‍ദേവി ഇവിടെ ധര്‍മ്മചക്രയും ജിനിവിഹാരവും നിര്‍മ്മിച്ചു. എന്നാല്‍ 12-ാം നൂറ്റാണ്ടില്‍ തുര്‍ക്കിയില്‍ നിന്നും വന്ന പട്ടാളക്കാര്‍ ഈ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി . കുത്തബുദ്ദീന്‍ ഐബക്കാണ് (Qutab – Ud- Din – Aibak) ഇതിന് നേതൃത്വം നല്‍കിയത്. 1836 ലാണ് മണ്ണുമൂടിപ്പോയ ഈ സ്ഥലം വീണ്ടും പ്രദര്‍ശന യോഗ്യമാക്കിയത്.
ഇഷ്ടികകൊണ്ടും കരിങ്കല്‍കൊണ്ടും നിര്‍മ്മിച്ച 34 മീറ്റര്‍ ഉയരമുള്ള ധമേക്ക സ്തൂപ് (Dhamek Stup) കരിങ്കല്ലിലെ കൊത്തുപണികളാല്‍ ഏറെ ആകര്‍ഷണീയമാണ്. ഈ കെട്ടിടത്തിന് വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഇവിടെ ഇന്ന് കാണാന്‍ കഴിയുന്ന ഏറ്റവും വലിയ നിര്‍മ്മിതിയും ഇതുതന്നെ. ചൈനയില്‍ നിന്നും ഇന്ത്യ സന്ദര്‍ശിക്കാന്‍ വന്ന ലീ -ചാന്‍ങ്ങ് ദമ്പതികള്‍ ഈ കെട്ടിടത്തിന്‍റെ സൗന്ദര്യത്തിന്‍റെ മുമ്പില്‍ ശിരസ്സ് കുമ്പിട്ട് നില്‍ക്കുന്നതു കണ്ടു. അവര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന് കുറച്ചു ചിത്രങ്ങള്‍ എടുത്തു. ഹുയാങ്ങ് സാങ്ങിന്‍റെ സഞ്ചാരകുറിപ്പില്‍ അശോക സ്തൂപത്തെക്കുറിച്ചും വിശുദ്ധ വൃക്ഷത്തെക്കുറിച്ചും എഴുതിയിട്ടുണ്ടന്ന് ചരിത്രപവിദ്യാര്‍ത്ഥിയായ ലീ പറഞ്ഞു.
സാരനാഥിലെ ചൗകതി സ്തൂപം രവീൗസമറശ 1585 ല്‍ അക്ബര്‍ ബുദ്ധന്‍റെ ഓര്‍മ്മക്കായി നിര്‍മ്മിച്ചതാണ്. മതസൗഹാര്‍ദ്ദത്തിന്‍റെ മറ്റൊരു പ്രതീകമാണ് ഈ സ്തൂപം. 15.24 മീറ്റര്‍ നീളമുള്ള അശോക ചക്രവര്‍ത്തി നിര്‍മ്മിച്ച അശോക സ്തൂപത്തിന്‍റെ അടുത്തേക്ക് ആര്‍ക്കും പ്രവേശനമില്ല. എന്നാല്‍ അതിന്‍റെ റിപ്ലിക്ക സാരനാഥിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള ധാരാളം ശില്പങ്ങള്‍ ഈ മ്യൂസിയത്തില്‍ കാണാം. രണഭേരികള്‍ക്കും കുതിരക്കുളമ്പടികള്‍ക്കും ഇടയില്‍ ഞെരിഞ്ഞമര്‍ന്ന ചിറ്റുളികളുടെ ഗദ്ഗദങ്ങള്‍ ഈ ശില്പങ്ങളില്‍ നിന്നും ഉയരുന്നുവോ? ശിലാശില്പങ്ങളുടെ ഈ ശേഖരം കണ്ട് പുറത്തിറങ്ങുമ്പോള്‍ ഞങ്ങളുടെ സാരഥി മുഹമ്മദ് യൂസഫ് ഓട്ടോറിക്ഷയുമായി പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. കവാടത്തിനു പുറത്തുള്ള കടയില്‍ നിന്നും ഉപ്പും മധുരവും ചേര്‍ത്ത നിംബുപാനി കുടിച്ച ശേഷം ഞങ്ങളെ ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന വസ്ത്രനിര്‍മ്മാണ കേന്ദ്രത്തിലേക്ക് അദ്ദേഹം കൂട്ടിക്കൊണ്ട് പോയി.
വാരാണാസി പട്ടിന്‍റെയും പാട്ടിന്‍റെയും നഗരമാണ്. ബനാറസ് പട്ടുസാരികള്‍ നിര്‍മ്മിക്കുന്നത് മുസ്ലീം നെയ്ത്തുകാരാണ്. ഇവയ്ക്ക് കാഞ്ചീപുരം സാരികളേക്കാള്‍ മേന്മയുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാലിവിടെ കുടിയേറിയ ടിബറ്റന്‍ വംശജര്‍ ടിബറ്റന്‍ ശൈലിയും ബനാറസ് ശൈലിയും ചേര്‍ന്ന വ്യത്യസ്ത നിറക്കൂട്ടിലുള്ള വസ്ത്രങ്ങളാണ് നിര്‍മ്മിക്കുന്നത്. ഞങ്ങള്‍ കുറച്ചു വസ്ത്രങ്ങള്‍ വാങ്ങിയതിനു ശേഷം ഹോട്ടലിലേക്ക് തിരിച്ചു.
ഓട്ടോ ഡ്രൈവര്‍ വളരെ സന്തോഷവാനായി കാണപ്പെട്ടു. യാത്രക്കാര്‍ വാങ്ങുന്ന വസ്തുക്കളില്‍ നിന്ന് ചെറിയൊരു കമ്മീഷനും ഇവര്‍ക്ക് കിട്ടുമായിരിക്കും. അമിതാഭ് ബച്ചന്‍റെ അത്ര ഉയരവും നീണ്ട മൂക്കുമുള്ള ഇയാള്‍ പകല്‍ ഓട്ടോ ഓടിക്കുകയും രാത്രി കാലങ്ങളില്‍ ഗാനമേളകള്‍ക്ക് തബല വായിക്കുവാന്‍ പോകാറുമുണ്ടെന്ന് ഞങ്ങളോട് പറഞ്ഞു. എപ്പോഴും പാന്‍ ചവച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മറുപടി ഓട്ടോയില്‍ താളം പിടിച്ചുകൊണ്ട് പാടിയ പാട്ടായിരുന്നു.
‘ഖായ്കെ പാന്‍ ബനാറസ് വാല
ഭൂല്‍ ജായേ ബന്ത് അകല്‍കാ താലാ’
പാന്‍ കഴിച്ചാല്‍ മനസ്സിന്‍റെ അകത്തളങ്ങള്‍ തുറക്കും എന്ന ഡോണ്‍ സിനിമയിലെ അമിതാഭ് ബച്ചന്‍ പാടിയ പാട്ട്, അയാള്‍ ഏറ്റുപാടി. അപ്പോള്‍ കലാസംസ്കൃതിയുടെ കാല്‍ച്ചിലമ്പുമായി ഗംഗാതീരത്തുനിന്നും തിരയടികളും ഷെഹ്നായിയുടെ നാദവും കാതില്‍ പതിഞ്ഞു. ബനാറസിന്‍റെ തെരുവില്‍ മൂളുന്നത് തറിയുടെയും ഷെഹ്നായിയുടെയും സംഗീതമാണല്ലോ. ഹോട്ടലില്‍ വന്ന് കുറച്ച് വിശ്രമിച്ച ശേഷം ഞങ്ങള്‍ കാശിവിശ്വനാഥക്ഷേത്രം കാണാന്‍ പുറപ്പെട്ടു. പാതിവഴിയില്‍ വെച്ച് കുങ്കുമവര്‍ണ്ണത്തിലുള്ള ഒരു ക്ഷേത്രം കണ്ടു.നാലുകെട്ടിന്‍റെ ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ക്ഷേത്രത്തിന്‍റെ നടുക്കളത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. കുങ്കുമവര്‍ണ്ണത്തിലുള്ള ക്ഷേത്രം കാണുന്നത് ആദ്യമായാണ്.
കാശി ക്ഷേത്രത്തിന് കുറച്ച് മാറി പ്രധാന വീഥിയോട് ചേര്‍ന്നുള്ള ഹോട്ടലിന്‍റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ വണ്ടി നിറുത്തിയിട്ട ശേഷം ഞങ്ങള്‍ ക്ഷേത്രം കാണാന്‍ പുറപ്പെട്ടു. ഇടുങ്ങിയ ഇടവഴികള്‍ക്ക് ഇരുവശത്തും പൂജാസാമഗ്രികളും വിഗ്രഹങ്ങളും വില്‍ക്കുന്ന ചെറിയ കടകള്‍ ഉണ്ടായിരുന്നു. തടിച്ചു കൊഴുത്ത പശുക്കള്‍ ഞാനിതൊന്നും അറിയുന്നില്ലെന്ന മട്ടില്‍ എവിടെയോ നോക്കിനില്‍ക്കുന്നു. ഇടക്കിടെ പോലീസുകാര്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്. അമ്പലത്തിന്നടുത്തെത്തിയപ്പോഴാണ് അമ്പലത്തിനോട് ചേര്‍ന്ന് ഒരു മസ്ജിദും സ്ഥിതി ചെയ്യുന്നതായി അറിയുന്നത്. അതുകൊണ്ടാണ് കര്‍ശന സുരക്ഷാ പരിശോധന. മസ്ജിദിലേക്ക് പ്രാര്‍ത്ഥനാ സമയങ്ങളില്‍ മാത്രമേ ആളുകളെ കയറ്റിവിടൂ.
കാശി സന്ദര്‍ശിച്ചാല്‍ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. ഞങ്ങള്‍ ദേഹപരിശോധനക്ക് ശേഷം ക്ഷേത്രവളപ്പില്‍ പ്രവേശിച്ചു. ക്ഷേത്രത്തിന്‍റെ വിപുലീകരണത്തിനായി ധാരാളം സ്ഥലം അക്വയര്‍ ചെയ്ത് പൊളിച്ചുമാറ്റിയിട്ടുണ്ട്. കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച പുരാതനമായ ക്ഷേത്രത്തിന്നകത്ത് ഞങ്ങള്‍ പ്രവേശിച്ചു. ശിവലിംഗമാണ് പ്രതിഷ്ഠ. ഭക്തര്‍ തൊഴുകൈയോടെ ഒരു നോക്ക് കാണാന്‍ തിക്കും തിരക്കും കൂട്ടുന്നു. പാലഭിഷേകം നടക്കുന്നുണ്ട്.
പാല് ഓവ്ചാലുകളിലൂടെ ഒഴുകുന്നത് കാണാം. പല കാലങ്ങളിലായി വികസിപ്പിച്ചതാണ് കാശിക്ഷേത്രം. ക്ഷേത്ര വികസനത്തിനായി സമീപത്തുള്ള പല കെട്ടിടങ്ങളും പൊളിച്ചു നീക്കിയിട്ടുണ്ട്. ഏത് ഗേറ്റിലൂടെയാണോ ക്ഷേത്രത്തിനകത്തേക്ക് വന്നത്, അതിലൂടെ തന്നെ വേണം പുറത്തേക്ക് കടക്കാന്‍ അല്ലെങ്കില്‍ വഴിതെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. ഡ്രൈവര്‍ ഞങ്ങളെ കാത്ത് ഒന്നാം നമ്പര്‍ ഗേറ്റില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നും പുറത്തുവരുമ്പോള്‍ ഈ മോസ്ക്കിനും ബാബറി മസ്ജിദിന്‍റെ ഗതി വരുമോ എന്നായിരുന്നു എന്‍റെ ചിന്ത.
ഗ്യാന്‍വ്യാപി മസ്ജിദ് അവിടെ പണിതത് മുഗള്‍രാജാക്കന്മാരുടെ കാലത്താണ്. അന്ന് ഹിന്ദുക്കളും മുസ്ലീംങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ വലിയ തര്‍ക്കമുണ്ടായിരുന്നതായി അറിവില്ല. മുഗള്‍ സംഗീതമായ ഷെഹ്നായ് ഹിന്ദുക്ഷേത്രാരാധനകളില്‍ അന്ന് ധാരാളമായി ഉപയോഗിച്ചിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഉസ്താദ് ബിസ്മില്ലാഖാന്‍ ഷെഹ്നായി വായിക്കുമായിരുന്നു. അത് അദ്ദേഹത്തിന്‍റെ കുടുംബാവകാശം കൂടിയായിരുന്നു. ഇതിനെ ചിലര്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം കോടതിയില്‍ പോയി. അവകാശം അംഗീകരിച്ചെടുക്കുകയും ചെയ്തു. മുഹമ്മദ് യൂസഫാണ് ഇക്കഥ ഞങ്ങളോട് പറഞ്ഞത്. ജീവിതത്തില്‍ കലയുടെ സാന്നിദ്ധ്യം അറിഞ്ഞ് ജീവിക്കുന്നവരാണ് ബനാറസുകാര്‍. അയാള്‍ ഒരു വെറ്റിലപ്പാക്കുകൂടി വായിലേക്ക് തിരുകി. എന്നിട്ട് ഖായ്കെ… താല എന്ന ഗാനം അമിതാഭ് ബച്ചന്‍റെ ശബ്ദത്തില്‍ ആവര്‍ത്തിച്ചു.
“തറികളുടെ സംഗീതം പൊഴിക്കുന്ന തെരുവുകള്‍ ഞങ്ങള്‍ക്ക് മുമ്പില്‍ നിവര്‍ന്നുകിടന്നു. വൃദ്ധരായ കുറച്ചുപേരിരുന്ന് സാരിനെയ്യുകയാണ്. പാട്ടിലും പട്ടിലും പണ്ട് നെയ്ത്ത് തൊഴിലാളികളുടെ ജീവാംശം ഉണ്ടായിരുന്നു. ഇന്നാകട്ടെ, വാരാണാസിയുടെ നെയ്ത്തിനെപോലെ സംഗീതത്തിന്‍റേയും ഇഴ പൊട്ടി. ഹിന്ദുസ്ഥാനി സംഗീതത്തില്‍ നിന്നും തട്ടുപൊളിപ്പന്‍ സംഗീതത്തിലേക്ക് നാട് മാറി. “
പിന്നീട് ഞങ്ങള്‍ പോയത് ഭാരതത്തിലെ പ്രസിദ്ധനായ കവിയും, സിദ്ധനും, ഹിന്ദി കവിത്രയത്തിലെ രണ്ടാമനുമായ കബീര്‍ ദാസിന്‍റെ ജډസ്ഥലമായ ലഹാര്‍താരയിലേക്കാണ് (Lahartara). കബീര്‍ മാത്ത് എന്ന പേരില്‍ മനോഹരമായ ഒരു മന്ദിരവും ഉദ്യാനവും അദ്ദേഹത്തിന്‍റെ പേരില്‍ അവിടെ പണികഴിപ്പിച്ചിട്ടുണ്ട്. നെയ്ത്തുകാരന്‍ കൂടിയായ ഈ കവി ഇസ്ലാമിന്‍റെയും ഹിന്ദുത്വത്തിന്‍റേയും ഇഴകള്‍ കൂട്ടിപ്പിരിച്ചാണ് തന്‍റെ ദോഹകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.
തറികളുടെ സംഗീതം പൊഴിക്കുന്ന തെരുവുകള്‍ ഞങ്ങള്‍ക്ക് മുമ്പില്‍ നിവര്‍ന്നുകിടന്നു. വൃദ്ധരായ കുറച്ചുപേരിരുന്ന് സാരിനെയ്യുകയാണ്. പാട്ടിലും പട്ടിലും പണ്ട് നെയ്ത്ത് തൊഴിലാളികളുടെ ജീവാംശം ഉണ്ടായിരുന്നു. ഇന്നാകട്ടെ, വാരാണാസിയുടെ നെയ്ത്തിനെപോലെ സംഗീതത്തിന്‍റേയും ഇഴ പൊട്ടി. ഹിന്ദുസ്ഥാനി സംഗീതത്തില്‍ നിന്നും തട്ടുപൊളിപ്പന്‍ സംഗീതത്തിലേക്ക് നാട് മാറി. പട്ടുനൂലിനോടൊപ്പം കൃത്രിമനൂലുകളും ചേര്‍ക്കാന്‍ തുടങ്ങിയതാണ് ബനാറസ് പട്ടിന്‍റ പകിട്ട് കുറച്ചതെന്ന് നെയ്ത്തുതൊഴിലാളികള്‍ പറയുന്നു. ആ രക്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും, കച്ചവടത്തിന്‍റെ ലാഭക്കണക്കാണ് ഇതിന് പിന്നിലെന്നും അവര്‍ രോഷം കൊള്ളുന്നു.
തെരുവുകളില്‍ സംഗീതം ആലപിക്കുന്ന ഒരു സംഘം അപ്പോള്‍ ആ വഴിയേ കടന്നുപോയി. അവര്‍ പോകുന്നത് ഫാത്ത്മാന്‍ ഖബര്‍സ്ഥാനിലേക്കാണെന്ന് ഡ്രൈവര്‍ പറഞ്ഞു. പത്മശ്രീ ബിസ്മില്ലാഖാന്‍റെ സ്മാരകമന്ദിരം അവിടെയുണ്ട്. ഞങ്ങള്‍ അവിടേക്ക് യാത്ര തിരിച്ചു. ദുഃഖഭരിതമായ സംഗീതം ആവിഷ്കരിച്ച ബിസ്മില്ലാഖാന്‍ സ്വയം ദുഃഖമായി മാറുകയാണ്. പാവാടയുടുത്ത ഒരു കൊച്ചുപെണ്‍കുട്ടി ചന്ദനത്തിരികളുമായി ഞങ്ങള്‍ക്കരികില്‍ ഓടിയെത്തി. സ്മാരകമന്ദിരത്തിന്‍റെ ചവിട്ടുപടികളിലിരുന്ന് ആരോ ഒരു ഗാനം മൂളി. മറ്റൊരാള്‍ അതിനൊപ്പം തബല വായിച്ചു. വാരണാസിയുടെ തെരുവുകള്‍ ഒരു കാലത്ത് സംഗീതം കൊണ്ട് നിറഞ്ഞിരുന്നു. എന്നാലിന്ന് വിപണിയുടെ സംഗീതത്തില്‍ ഈ ഗായകരെല്ലാം നിരാലംബരായിരിക്കുന്നു. നാടു നഷ്ടപ്പെട്ട സംഗീത ചക്രവര്‍ത്തിയുടെ സ്മാരകത്തില്‍ പ്രണാമമര്‍പ്പിച്ച് ഞങ്ങള്‍ പടിയിറങ്ങി.
ഓട്ടോ തിരക്കുപിടിച്ച തെരുവിന്‍റെ ഓരത്ത് നിറുത്തിയ ശേഷം ഡ്രൈവര്‍ ഒരു പയ്യനെ കൈകൊട്ടി വിളിച്ചു. ഇനിയുള്ള യാത്രയുടെ മേല്‍നോട്ടം ഈ പയ്യനാണ്. ഞങ്ങളെ ഇവിടെ തിരിച്ചെത്തിക്കുകയാണ് ഇവന്‍റെ ജോലി. വാരാണസിയിലെ പുരാതന സംസ്കാരത്തിന്‍റെ ഭൂമികയിലെ അതിപുരാതനമായ കെട്ടിടങ്ങള്‍. അതിന്‍റെ ഇടുങ്ങിയ വരാന്തകളിലൂടെ വേണം ഘട്ടുകളിലെത്താന്‍. നിലത്തിരുന്ന് ഹുക്ക വലിക്കുന്ന കാഷായ വസ്ത്രധാരികള്‍, ഭിക്ഷക്കാര്‍, ബൗദ്ധിക ജീവിതത്തിന്‍റെ പാലായനങ്ങള്‍ക്കിടയില്‍ വീണുപോയവര്‍. ഇടനാഴിയുടെ ചുവര്‍ ചാരിയിരിക്കുന്നു. ഇവര്‍ക്കിടയിലൂടെയുള്ള നടത്തം ഭൂമിയിലെ എല്ലാ ദുഃഖങ്ങളെയും പുതിയതായി കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അവനവനിലൂടെയുള്ള ഇടുങ്ങിയ വഴി താണ്ടി വേണം ഗംഗയുടെ വിശാലമായ പടവുകളിലെത്താന്‍. ജീവിതത്തിന്‍റെ ആരതികളും മരണത്തിന്‍റെ ചുടുനിശ്വാസവും ചേര്‍ന്നതാണ് വരാണാസിയിലെ ഗംഗാതീരം. ജീവിതത്തിന്‍റെ ഓരോ തിരിവിലും പ്രണയവും വിരഹവും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഗംഗ പതഞ്ഞൊഴുകുകയാണ്. ഗംഗയിലൂടെയൊരു യാത്ര. പാപപുണ്യങ്ങളുടെ തിരതള്ളലില്‍ കലങ്ങിയും തെളിഞ്ഞും ഒഴുകുന്ന ഗംഗ. ശവം കത്തുന്ന മണം ശ്വസിച്ച് അസ്തമിക്കുന്ന സൂര്യനോട് യാത്ര പറഞ്ഞ് ബോട്ടിലൂടെ ഒരു യാത്ര. മുകളിലേക്ക് നോക്കുമ്പോള്‍ ചിത കത്തിക്കൊണ്ടിരിക്കുന്നു.മണികര്‍ണ്ണിക ഘട്ടിനെയും ഹരിശ്ചന്ദ്രഘട്ടിനെയും പുകയുന്ന ഘട്ടുകള്‍ എന്നാണ് വിളിക്കുന്നത്. പഴയ രാജകുടുംബങ്ങളാണ് ഇവയില്‍ മിക്കതും നിര്‍മ്മിച്ചിരിക്കുന്നത്. ചിലത് ഇന്ന് ഹോട്ടലുകളായി രൂപാന്തരപ്പെടുത്തിയിട്ടുണ്ട്.
“നിലത്തിരുന്ന് ഹുക്ക വലിക്കുന്ന കാഷായ വസ്ത്രധാരികള്‍, ഭിക്ഷക്കാര്‍, ബൗദ്ധിക ജീവിതത്തിന്‍റെ പാലായനങ്ങള്‍ക്കിടയില്‍ വീണുപോയവര്‍. ഇടനാഴിയുടെ ചുവര്‍ ചാരിയിരിക്കുന്നു. ഇവര്‍ക്കിടയിലൂടെയുള്ള നടത്തം ഭൂമിയിലെ എല്ലാ ദുഃഖങ്ങളെയും പുതിയതായി കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അവനവനിലൂടെയുള്ള ഇടുങ്ങിയ വഴി താണ്ടി വേണം ഗംഗയുടെ വിശാലമായ പടവുകളിലെത്താന്‍. ജീവിതത്തിന്‍റെ ആരതികളും മരണത്തിന്‍റെ ചുടുനിശ്വാസവും ചേര്‍ന്നതാണ് വരാണാസിയിലെ ഗംഗാതീരം. “
ഒരു ചിത കത്തിയമരുന്നതിനു മുന്‍പേ മറ്റൊന്നിന് തീ കൊളുത്തും. അതാണ് ഇവിടുത്തെ രീതി. ബോട്ടിലിരുന്നാല്‍ പടവുകള്‍ക്കു മുകളിലെ ഘട്ടുകളെല്ലാം ഒറ്റനോട്ടത്തില്‍ കാണാം. ശവദാഹത്തിന്‍റെ പുകച്ചുരുള്‍ അന്തരീക്ഷത്തില്‍ കലര്‍ന്നു. ഇളകുന്ന ഗംഗയിലെ കൊച്ചോളങ്ങള്‍ സൂര്യകിരണങ്ങളില്‍ തട്ടിത്തിളങ്ങി. മറ്റൊരു ബോട്ട് കുറുകെ വന്ന് യാത്രയുടെ വഴിമുടക്കി. ഏതോ വിദേശികള്‍ അതിലിരുന്ന് ശവദാഹത്തിന്‍റെ ചിത്രം പിടിക്കുകയാണ്.ഞങ്ങള്‍ കുറച്ചുനേരം അവിടെ കാത്തുകിടന്നു.
ജീവിതത്തിന്‍റെ നിസ്സാരത, ഈ കാഴ്ചകളില്‍ നിന്ന് അകം കാഴ്ചകളിലേക്ക് മനസ്സ് പതുക്കെപ്പതുക്കെ തുഴഞ്ഞുപോകും. ബോട്ട് ഡ്രൈവര്‍ യൂനസ് വെറ്റിലക്കറ വറ്റിയ പല്ലുകാട്ടിച്ചിരിച്ചു. അവന് പതിനാല് വയസ്സേ പ്രായം വരൂ.ഗംഗയെ നോക്കിക്കൊണ്ടിരിക്കെ സമയം സന്ധ്യയാകാറായി. ഒരു കുളിര്‍ക്കാറ്റു ഞങ്ങളെ തഴുകികടന്നുപോയി. ആരതിക്കുള്ള സമയമായി. ബോട്ട് കടവിലേക്ക് തിരിച്ചു.
ചെമ്പട്ടണിഞ്ഞ തന്ത്രികള്‍ ഗംഗയ്ക്ക് ആരതി തീര്‍ക്കുക. ശംഖുനാദങ്ങളും മന്ത്രോച്ചാരണങ്ങളും നാമജപങ്ങളും മുഴുകിക്കൊണ്ടിരുന്നു. മെഴുകുതിരികള്‍ കത്തിച്ച കൊച്ചു ചെരാതുകള്‍ ഗംഗയില്‍ ഒഴുകാന്‍ തുടങ്ങി. മിന്നിയും ചിമ്മിയും കത്തിക്കൊണ്ടിരിക്കുന്ന പ്രകാശബിന്ദുക്കളുടെ പ്രതിഫലനം അതില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ചിരാതുകള്‍ ഒരു വിസ്മയ ലോകം തീര്‍ത്തു. വെഞ്ചാമരവും ശംഖുനാദവും നിലവിളക്കുമായി ആരതി നടക്കുകയാണ്. വെഞ്ചാമരം കണ്ടപ്പോള്‍ തൃശൂര്‍ പൂരത്തിന്‍റെ ഓര്‍മ്മ മനസ്സിലൂടെ കടന്നുപോയി.
മഹാഭാരതയുദ്ധത്തില്‍ മരിച്ചവരുടെ ജഡങ്ങള്‍ സംസ്കരിക്കാന്‍ ശ്രീകൃഷ്ണന്‍ തെരഞ്ഞെടുത്ത സ്ഥലമാണ് വാരണാസിയിലെ ഗംഗാതീരം എന്നാണ് വിശ്വാസം. യുദ്ധത്തില്‍ മരിച്ചവരുടെ സ്ഥാനമാനങ്ങള്‍ക്കനുസരിച്ച് ഇടം കണ്ടെത്തി പടവുകളാക്കി തിരിച്ചാണത്രേ സംസ്കാരക്രിയകള്‍ നടത്തിയത്. അതിനും തയ്യാറാക്കിയ ചവിട്ടുപടികളാണ് ഇന്ന് ഘട്ട് എന്ന പേരില്‍ അറിയപ്പെടുന്നത്.ഏത് മാലിന്യവും സംസ്കരിച്ച് സ്വയം ശുദ്ധീകരിക്കാനുള്ള കഴിവ് ഗംഗാനദിക്കുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്.
“ചില കാഴ്ചകള്‍ യാഥാര്‍ത്ഥ്യത്തിന്‍റെയും ഭ്രമാത്മകതയുടെയും അതിര്‍വരമ്പുകളെ മായ്ച്ചുകളയും. ജീവിതത്തിന്‍റെ യാത്ര അവസാനിക്കുന്നത് ഗംഗയുടെ തീരത്താണല്ലോ. എന്നാല്‍ മരണത്തില്‍ നിന്നും ജീവിതം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് വെളിച്ചമായി മാറുന്നുണ്ടോ എന്ന എം എന്‍ വിജയന്‍റെ ചോദ്യമായിരുന്നു മനസ്സില്‍. “
ആനന്ദവും വ്യഥയും നിറഞ്ഞ എത്രയോ പ്രവാഹങ്ങളാണ് ഗംഗയായി ഒഴുകുന്നത്. ആരതിയുടെ അവസാനത്തോടെ പേപ്പര്‍ ചെരാതുകളില്‍ മെഴുകുതിരി കത്തിച്ച് ഗംഗയില്‍ ഒഴുക്കാന്‍ തുടങ്ങി. ഗംഗയിലും ആയിരം നക്ഷത്രങ്ങള്‍ വിരിഞ്ഞു. ആ കുളിര്‍ നിലാവിന്‍റെ സ്പര്‍ശമേറ്റ് ഹൃദയവും ചിരാതുകള്‍ക്കൊപ്പം നീന്തി.
അനുഷ്ഠാനത്തിന്‍റെ മാറുന്ന മുഖം ചിരാതുകളില്‍ തീര്‍ത്ത് നക്ഷത്രശോഭയില്‍ മിന്നിമറഞ്ഞു. പെട്ടെന്ന് എല്ലാവരെയും പരിഹസിക്കുന്ന മട്ടില്‍ ഒരു കറുത്ത മഴ വന്ന് എല്ലാം നനച്ച് കുതിര്‍ത്ത ശേഷം എങ്ങോട്ടോ പടിയിറങ്ങിപ്പോയി.
ചില കാഴ്ചകള്‍ യാഥാര്‍ത്ഥ്യത്തിന്‍റെയും ഭ്രമാത്മകതയുടെയും അതിര്‍വരമ്പുകളെ മായ്ച്ചുകളയും. ജീവിതത്തിന്‍റെ യാത്ര അവസാനിക്കുന്നത് ഗംഗയുടെ തീരത്താണല്ലോ. എന്നാല്‍ മരണത്തില്‍ നിന്നും ജീവിതം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് വെളിച്ചമായി മാറുന്നുണ്ടോ എന്ന എം എന്‍ വിജയന്‍റെ ചോദ്യമായിരുന്നു മനസ്സില്‍.
ആ വിസ്മയകാഴ്ചയുടെ ആഘോഷത്തില്‍ ഞങ്ങള്‍ മതിമറന്നിരുന്നു. ചരിത്രത്തിനുമപ്പുറത്തേക്ക്, ഗംഗയുടെ മായാകാഴ്ചയിലേക്ക്, അതിന്‍റെ നിഗൂഢതകളിലേക്ക് രാത്രിയുടെ വാതില്‍ അടയാന്‍ തുടങ്ങി. ഗംഗ എല്ലാറ്റിനും സാക്ഷിയായി പതഞ്ഞൊഴുകുന്നു, ചിത അപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു.
