മരണസൈന്യം

വ്യാപകുലമാതാവേ,
തൊട്ടുമുന്നില്‍
വഴിയോരത്ത്
ആരുമറിയാതെ
ഉപേക്ഷിക്കപ്പെട്ട ജഡം
ആരുടേതെന്ന്
കണ്ണീരിന്‍റെ ഭൂതക്കണ്ണാടിയിലും
തെളിഞ്ഞില്ലല്ലൊ.
വാഗ്ദത്ത സ്വര്‍ഗ്ഗങ്ങളുടെ
മിനാരവും
അദ്വൈതപ്രാവുകളുടെ
താഴികക്കുടവും
ഒരേ സമയം
ചിതറിപ്പോയ രാത്രിയില്‍,
മനുഷ്യന്‍ എന്ന് പേരുള്ളവരെല്ലാം
പ്രാകൃതവേഷത്തില്‍
ഒളിച്ചുപോയല്ലൊ.
വാക്കുകള്‍
വാള്‍മുനകളായതും
താമരവള്ളികള്‍
മാരകവിഷം തുപ്പിയതും
നടപ്പാതയിലെ
നരകാഗ്നിയിലായിരുന്നല്ലൊ.
മണ്ണില്‍ ചോര കണ്ട്
മടങ്ങിപ്പോയ മഴ
ഇനി എന്നു വരുമെന്ന്
മലകള്‍ക്കും പുഴകള്‍ക്കും
പ്രവചനമില്ലല്ലൊ.
ഭീതിയുടെ മുള്‍ക്കമ്പിയില്‍
കൊരുത്തു കിടക്കുന്നത്
പാപികളും കോപികളും
കത്തിച്ചെറിഞ്ഞ ചുലപ്പന്തം!
തുരന്നെടുത്ത കരളിന്‍റെ
കറുപ്പിനടിയില്‍ നിന്ന്
പുകഞ്ഞു നീറുന്ന
കൊടുംപകയുമായി
അണുക്കളുടെ മരണസൈന്യം!!

പി കെ ഗോപി

Leave a Reply