കൊറോണാനന്തര കാലം തൊഴില്‍ തുണ്ടുവല്‍ക്കരിക്കും

25 ദശലക്ഷം തൊഴിലാളികളാണ് ലോകമാകെ മാർച്ച് ആദ്യ ആദ്യവാരത്തിലെ കണക്കുകളനുസരിച്ച് പണിയില്ലാതായത്. കൊവിഡ് പ്രത്യാഘാതങ്ങളുടെ ഒന്നാം ഘട്ടത്തില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന നടത്തിയ പഠനങ്ങളില്‍ നിന്നുള്ള ഒരു ഏകദേശ കണക്കാണിത്. അസംഘടിത തൊഴിലാളികളാണ് ഇതില്‍ പെടുന്നത്.

അമേരിക്കയും ബ്രിട്ടനും അടക്കമുള്ള വികസിത രാഷ്ട്രങ്ങളെ വിറപ്പിച്ച മഹാമാരിയായ കൊവിഡ്-19ന് ശേഷം ലോകരാഷ്ട്രീയത്തില്‍ കാതലായ മാറ്റം ഉണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇത് വരെ ലോകം കണ്ടതില്‍ നിന്ന് വ്യത്യസ്തമായി അധികാരത്തിന്‍റെ അകത്തളങ്ങളില്‍ വരെ കടന്നുചെന്ന ഈ ഭീകര രോഗത്തിന് മുന്നില്‍ വന്‍ശക്തികള്‍ വിറങ്ങലിച്ചുനിന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രോഗബാധിതനായി തീവ്രപരിചരണ യുനിറ്റില്‍ കിടക്കേണ്ടിവന്നു. ഒരു മഹാമാരിയും ഇതുവരെ കടന്നുചെല്ലാത്ത സാമ്രാജ്യത്വത്തിന്‍റെ ആസ്ഥാനമായ വൈറ്റ് ഹൗസിനെ പോലും കൊവിഡ് വിറപ്പിച്ചു എന്ന് പറയുമ്പോള്‍ അതിന്‍റെ പ്രഹരശേഷി ഗണിക്കാവുന്നതേയുള്ളൂ.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

പ്രസിഡന്‍റ് ട്രംപിന് രോഗബാധ ഉണ്ടായി എന്ന് സംശയിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ മനോനിലയെതന്നെ ഈ രോഗത്തിന്‍റെ വ്യാപനം തകിടം മറിച്ചു. ട്രംപ് ആദ്യം ചൈനയെ, പിന്നെ ലോകാരോഗ്യസംഘടനയെ ഒക്കെ പഴിച്ചും പ്രാകിയും നടക്കുന്ന ദിവസങ്ങളാണ് ലോകം കണ്ടത്.അപ്രതിരോധ്യമെന്ന് കരുതിയ ലോകശക്തികളുടെയും വികസിത രാജ്യങ്ങളുടെയും അതിരുകളില്‍ ഈ രോഗം മനുഷ്യരെ ഈയ്യാമ്പാറ്റകളെ പോലെ കൊല്ലുകയും പതിനായിരങ്ങളിലേക്ക് പെരുകിയ

രോഗബാധിതരുടെ എണ്ണത്തിന് മുമ്പില്‍ മരുന്നില്ലാതെ അവിടുത്തെ ഭരണനേതൃത്വം പകച്ച് നില്‍ക്കുകയും ചെയ്തപ്പോള്‍ കൊവിഡ് ഒരു വലിയ രാഷ്ട്രീയപ്രശ്നമായി മാറി.കൊവിഡ് ആദ്യം കണ്ട ചൈന തങ്ങളുടെ ആധിപത്യത്തിന് ശ്രമിക്കുകയാണെന്ന ആരോപണവുമായി രാജ്യത്തിന്‍റെയും തന്‍റെയും തകര്‍ന്ന പ്രതിഛായ വീണ്ടെടുക്കാന്‍ പ്രസിഡന്‍റ് ട്രംപ് എന്ത് സാഹസത്തിനാണ് മുതിരുക എന്നത് അന്താരാഷ്ട്ര തലത്തില്‍ ചുടുള്ള ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ ലോകചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രീയ മഹാമാരി എന്ന നിലയിലേക്ക് മാറിയതുകൊണ്ടാണ് കൊവിഡ് 19 ലോകരാഷ്ട്രീയത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വളരെ വലുതായിരിക്കുമെന്ന് നീരീക്ഷിക്കപ്പെടുന്നത്.

ജീവിതം സ്വന്തം വീടകങ്ങളിലേക്ക് ചുരുങ്ങുകയും ലോകം സ്തംഭിക്കുകയും ചെയ്ത ഈ കാലത്ത് ലക്ഷക്കണക്കിന് കോടി രൂപയുടെ മനുഷ്യപ്രവര്‍ത്തനങ്ങളാണ് നിലച്ചത്. ഉല്‍പന്നങ്ങളായും സേവനങ്ങളായും ലോകത്തെ മുന്നോട്ട് നയിച്ച ഈ പ്രവര്‍ത്തികളുടെ അടിസ്ഥാനശക്തി ലോകമാസകലമുള്ള തൊഴിലാളികളാണ്.

കൊവിഡ് 19 ലോകരാഷ്ട്രീയത്തില്‍ വന്‍പ്രക്ഷുബ്ധത സൃഷ്ടിക്കുമെന്ന് പറയുന്നത് പ്രധാനമായും ഇത് ലോകത്ത് വരുത്തിവെക്കുന്ന സാമ്പത്തിക തകര്‍ച്ച മൂലമാണ്. മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഈ രോഗം ലോകത്തെ നിശ്ചലമാക്കി. വൈറസ് വ്യാപനം തടയാന്‍ ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ രണ്ട് മാസം പിന്നിട്ടു കഴിഞ്ഞു.

ജീവിതം സ്വന്തം വീടുകങ്ങളിലേക്ക് ചുരുങ്ങുകയും ലോകം സ്തംഭിക്കുകയും ചെയ്ത ഈ കാലത്ത് ലക്ഷക്കണക്കിന് കോടി രൂപയുടെ മനുഷ്യപ്രവര്‍ത്തനങ്ങളാണ് നിലച്ചത്. ഉല്‍പന്നങ്ങളായും സേവനങ്ങളായും ലോകത്തെ മുന്നോട്ട് നയിച്ച ഈ പ്രവര്‍ത്തികളുടെ അടിസ്ഥാനശക്തി ലോകമാസകലമുള്ള തൊഴിലാളികളാണ്. ഈ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നിലച്ചതും കെട്ടിക്കിടന്നതും നിമിത്തം ലോകസമ്പദ് വ്യവസ്ഥക്കുണ്ടായ നഷ്ടം ഇപ്പോള്‍ കണക്ക് കൂട്ടുന്നത് യഥാര്‍ഥനിഗമനങ്ങളിലെത്താന്‍ സഹായിക്കില്ല. പക്ഷെ, അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തൊഴില്‍ നഷ്ടത്തെക്കുറിച്ച് രണ്ട് മാസത്തെ ലോക് ഡൗണ്‍ സ്ഥിതിവിവരങ്ങളില്‍ നിന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന ഒരു കണക്ക് ഉണ്ടാക്കിയിട്ടുണ്ട്. 25 ദശലക്ഷം തൊഴിലാളികളാണ് ലോകമാകെ മാര്‍ച്ച് ആദ്യവാരത്തിലെ കണക്കുകളനുസരിച്ച് പണിയില്ലാതായത്. കൊവിഡ് പ്രത്യാഘാതങ്ങളുടെ ഒന്നാം ഘട്ടത്തില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന നടത്തിയ പഠനങ്ങളില്‍ നിന്നുള്ള ഒരു ഏകദേശ കണക്കാണിത്. അസംഘടിത തൊഴിലാളികളാണ് ഇതില്‍ പെടുന്നത്. ലോകമാകമാനമുള്ള പണിയെടുക്കുന്നവരില്‍ ഏറ്റവുമധികം അസംഘടിതമേഖലയിലാണ്. സംഘടിത മേഖലയില്‍ ഉടനടി ഒരു തൊഴില്‍ നഷ്ടമുണ്ടാകുന്നില്ലെങ്കിലും വന്‍തോതിലുള്ള വരുമാന തകര്‍ച്ച ഈ മേഖലയില്‍ ഉണ്ടാകുന്നുണ്ട്. അസംഘടിത മേഖലയില്‍ ഉടനടി തൊഴില്‍ നഷ്ടം മാത്രമല്ല, വളരെ നിസ്സാരമായ അവരുടെ വരുമാനത്തിലും ശൂന്യത വരുന്നു. രണ്ട് മേഖലകളിലും ഉണ്ടാകുന്ന ഇത്തരം പ്രത്യാഘാതങ്ങളുടെ ഫലമായി സമുഹത്തില്‍ വാങ്ങല്‍ ശേഷി വളരെ താഴ്ന്ന തലത്തിലേക്ക് പതിക്കും. ഇതിന്‍റെ പ്രതിഫലനം സാമ്പത്തിക പ്രക്രിയയിലാണ് നിഴലിക്കുക. സമ്പദ് വ്യവസ്ഥ കടുത്ത മാന്ദ്യത്തിലകപ്പെടും. ജനസംഖ്യാനുപാതത്തില്‍ വളരെ മുമ്പില്‍ നില്‍ക്കുന്ന തൊഴിലാളികളുടെ വരുമാനത്തിലുള്ള തകര്‍ച്ച അവര്‍ ഭാഗമായതും ഭുരിപക്ഷം വരുന്ന മൊത്തം സമുഹത്തിലേക്ക് അരിച്ചിറങ്ങും. ഇത് സമൂഹത്തിന്‍റെ പൊതുവിലുളള വാങ്ങല്‍ ശേഷിയെ ബാധിക്കും – വൈറസ് പോലെ ദീര്‍ഘകാല ചികിത്സ ആവശ്യമുള്ള സാമ്പത്തിക തളര്‍വാതത്തിലേക്കാണ് ഇത് നയിക്കുക. ഈ മാരകാവസ്ഥയില്‍ നിന്നുളള തൊഴിലാളിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ലോകത്തിന്‍റെ മുന്നോട്ടുള്ള പോക്ക് നിര്‍ണ്ണയിക്കുക. അതിന്‍റെ സ്വഭാവമാണ് കൊവിഡാനന്തര ലോകത്തിന്‍റെ സ്വഭാവം തീരുമാനിക്കുക.
ഏതെങ്കിലും രാജ്യത്തിന്‍റെയോ ഏതാനും രാജ്യങ്ങളുടെയോ അതിരുകള്‍ക്കള്ളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ പ്രശ്നം. കൊവിഡ് 19 ബാധിക്കാത്ത രാജ്യങ്ങളില്ല. ഏറ്റവും രൂക്ഷമായ കൊവിഡ് ആക്രമണത്തിന് ഇരയായത് ഏറ്റവും വലിയ സാമ്പത്തിക ശക്തികളാണ്. ലോകത്തിന്‍റെ സാമ്പത്തിക ക്രമം നിര്‍ണ്ണയിക്കുന്ന അമേരിക്കയിലും ബ്രിട്ടനിലും ഉണ്ടായ കൊവിഡ് രോഗബാധയുടെയും മരണങ്ങളുടെയും അമ്പരപ്പിക്കുക മാത്രമല്ല, അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയുമാണ് ചെയ്തത്. മനുഷ്യജീവിതം തങ്ങളുടെ വരുതിയിലാണെന്ന് വിശ്വസിക്കുന്ന അമേരിക്കയില്‍ ഒരു വൈറസ് കൂട്ടക്കുരുതി നടത്തുമെന്ന് ആരാണ് പ്രതീക്ഷിക്കുക. ഈ രോഗം ബാധിച്ചതും ഒരു സമത്വകാഴ്ചപ്പാടോടെയാണെന്ന് പറഞ്ഞാല്‍ ക്രൂരമാകും. പണിയെടുക്കുന്നവരുടെ ശ്രേണിയിലെ ഏറ്റവും താഴ്ന്നവരെ മാത്രം സാംക്രമിക രോഗങ്ങള്‍ ബാധിക്കുന്ന പതിവിന് വിപരീതമായി ഏറ്റവും ഉന്നത ശ്രേണിയിലുള്ളവര്‍ക്കും മധ്യശ്രേണിയിലുള്ളവര്‍ക്കുമെല്ലാം ഒരേ പോലെ രോഗം ബാധിച്ചു. അതായത് തൊഴില്‍ മേഖലയില്‍ വ്യാപകവും ദീര്‍ഘകാലത്തേക്കുള്ളതുമായ അരക്ഷിതാവസ്ഥയാണ് കൊവിഡാനന്തരകാലം സൃഷ്ടിക്കുന്നത്. ഈ അവസ്ഥയാണ് ലോകക്രമത്തില്‍ തന്നെ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നുള്ള നീരീക്ഷണത്തിന് ന്യായീകരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്.

കുടിയേറ്റ തൊഴിലാളികൾ

തൊഴില്‍ ദിനങ്ങളുടെ നഷ്ടം ഉല്‍പാദനത്തെയും അത് വഴി മൂലധനത്തെയും ബാധിച്ചതാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണമായത്. ഉല്‍പാദനമാന്ദ്യം വിതരണ ശൃംഖലയെ ബാധിച്ചു. യാത്ര, കടത്ത് മേഖലയെ ആശ്രയിക്കുന്ന വിതരണ ശൃംഖല സതംഭിച്ചപ്പോള്‍ അതിനെ ആശ്രയിച്ച് നടന്നുപോന്ന സേവന, വിനോദ മേഖലകളും നിലച്ചു.ഇന്ത്യയില്‍ മാത്രം 21 ദിവസത്തെ ലോക്ഡൗണ്‍ മൂലം 80 ശതമാനം ഉല്‍പാദന നഷ്ടം ഉണ്ടായതായാണ് കെയര്‍ റേറ്റിംഗസ് എന്ന സാമ്പത്തിക പഠന ഗവേഷണ സ്ഥാപനം വിലയിരുത്തുന്നത്. 35,000 മുതല്‍ 40,000 കോടി ഒരു ദിവസം എന്ന തോതില്‍ 6.3 മുതല്‍ 7.2 ലക്ഷം കോടി രൂപ വരെ ആകും ഇതെന്നാണ് വിലയിരുത്തുന്നത്. പ്രതിവര്‍ഷം ശരാശരി 300 തൊഴില്‍ ദിനങ്ങള്‍ എന്ന നിലയില്‍ 50,000 കോടി രൂപ വരെയാണ് നഷ്ടം കണക്കാക്കുന്നത്.
സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഓഫ് ഇന്ത്യന്‍ ഇക്കണോമിയുടെ സ്ഥിതി വിവരക്കണക്കുകള്‍ വിശകലനം ചെയ്ത് പ്രശസ്ത സാമുഹ്യ ശാസ്ത്രജ്ഞന്‍ പ്രൊ. യോഗേന്ദ്ര യാദവ് ചുണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ 12 കോടി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി എന്നാണ്. ഇതില്‍ എട്ട് കോടിയോളം പേര്‍ കുടുബത്തിലെ ഏക വരുമാനക്കാരനാണ്. അയാളുടെ വരുമാനമാണ് കുടുംബത്തെ നിലനിര്‍ത്തുന്നത്. ഇതിനര്‍ഥം രാജ്യത്തെ 25 കോടി കുടുംബങ്ങളില്‍ മൂന്നിലൊന്ന് വരുമാനമില്ലാതെ ഗുരുതരമായ അനിശ്ചിതത്വത്തിലേക്ക് വീഴുകയാണ് എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

നിർമാണ തൊഴിലാളികൾ തൊഴിൽരഹിതരായി

ഇന്ത്യയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഇതേക്കാള്‍ ഭീകരമായിരിക്കുമല്ലോ, അമേരിക്ക പോലുള്ള വലിയ സമ്പദ് വ്യവസ്ഥകളുടെ അവസ്ഥ. അമേരിക്കയില്‍ 20 ശതമാനത്തോളം തൊഴിലുകള്‍ നഷ്ടമായെന്നാണ് കണക്കാക്കുന്നത്. ലോക് ഡൗണിനെ തുടര്‍ന്ന് 10 ദശലക്ഷത്തോളം പേരാണ് മാര്‍ച്ച് രണ്ടാം പകുതിയില്‍ തൊഴില്‍രഹിതരായതത്രെ. മാന്ദ്യത്തിലമര്‍ന്ന അമേരിക്കന്‍ സമ്പദ്വ്യവസ്ഥ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയാണിത് എന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍.
ലോകത്താകമാനം കോവിഡ് ഷഡ്ഡൗണ്‍ മൂലമുള്ള തൊഴില്‍ നഷ്ടം സംഭവിച്ചത് അനൗപചാരിക, അസംഘടിത തൊഴില്‍ മേഖലകളിലാണ്. ഉദാഹരണത്തിന് ടൂറിസം-ഒരു കണക്കിലും പെടാത്ത ട്രാവല്‍ ഗൈഡുകളും കൗതുക വസ്തുക്കള്‍ വില്‍ക്കുന്നവരും മുതല്‍ പൈലറ്റ്മാരും ഹോട്ടല്‍ മാനേജര്‍മാരുമടക്കം പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ദശലക്ഷങ്ങളാണ് തൊഴില്‍ രഹിതരായത്. സ്വയം തൊഴില്‍ കണ്ടെത്തിയ കോടിക്കണക്കിന് ആളുകള്‍ വേറെ.

“ലോകത്താകമാനം കോവിഡ് ഷഡ്ഡൗണ്‍ മൂലമുള്ള തൊഴില്‍ നഷ്ടം സംഭവിച്ചത് അനൗപചാരിക, അസംഘടിത തൊഴില്‍ മേഖലകളിലാണ്.”

ഈ അവസ്ഥ നാളെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ തീരുന്നതല്ല എന്നതാണ് ഭാവിയെ സംബന്ധിച്ച് ഭീതിയുണര്‍ത്തുന്ന കാര്യം. സമ്പദ്ഘടനയിലുണ്ടായ തകര്‍ച്ചയില്‍ നിന്ന് കരകയറാനായാലേ ഉത്പാദനം പുനഃരാരംഭിക്കാനാവൂ.

അപ്പോള്‍ മാത്രമാണ് തൊഴില്‍ വിപണി ഉണരുകയും തൊഴിലാളികള്‍ക്ക് കൂലി ലഭിച്ച് തുടങ്ങുകയും ചെയ്യൂ. ഭരണകൂടം ഏത് അളവില്‍ പണം പ്രവഹിപ്പിച്ച് ഉത്പാദനപ്രക്രിയയെ ഉത്തേജിപ്പിച്ചാലും പഴയ സ്ഥിതിയിലേക്ക് ഉത്പാദനവ്യവസ്ഥയെ തിരിച്ചെത്തിക്കുക സമയവും അധ്വാനവും ഏറെ ആവശ്യമായ ദൗത്യമാണ്. തൊഴിലാളികള്‍ സമുഹത്തിന്‍റെ ഭുരിപക്ഷം വരുന്ന വിഭാഗമായതുകൊണ്ട് ഇവര്‍ക്കുണ്ടാകുന്ന വരുമാനശോഷണം സമൂഹത്തിന്‍റെ മൊത്തം സാമ്പത്തിക പ്രക്രിയകളെ ബാധിക്കും. അപ്പോള്‍ സംഭവിക്കുന്നത് മാന്ദ്യം ബാധിച്ച സമ്പദ്വ്യവസ്ഥ വീണ്ടും മരവിപ്പ് ഉണ്ടാകുകയാണ്. തൊഴില്‍ നഷ്ടം മൂലം തൊഴിലാളികള്‍ക്ക് 860 മുതല്‍ 3440 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ നഷ്ടം ഉണ്ടാകുമെന്നാണ് കൊവിഡ് 19 പ്രത്യാഘാത പഠനത്തില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന വ്യക്തമാക്കുന്നത്. തൊഴില്‍ സമുഹത്തിനുണ്ടാവുന്ന വരുമാന നഷ്ടം ഉപഭോഗ നിലവാരം താഴ്ത്തുകയും വാണിജ്യപ്രക്രിയയുടെ നൈരന്തര്യം തകര്‍ക്കുകയും ചെയ്യും. അങ്ങനെ സമ്പദ്വ്യവസ്ഥയുടെ മരവിപ്പ് തുടരുകയും ചെയ്യും. പഴയ അളവിലേക്ക് സാമ്പത്തികപ്രക്രിയകള്‍ തിരിച്ചുവരാനുള്ള സാധ്യത വിദൂരമാണ്. എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആത്യന്തികമായി തൊഴിലാളികളുടെ പാപ്പരീകരണമാണ് നടക്കാന്‍ പോകുന്നതെന്ന് ഭയക്കേണ്ടിയിരിക്കുന്നു. ഉയര്‍ന്ന വരുമാനമുള്ള തൊഴിലാളികളിലും ഇത് ഏറിയും കുറഞ്ഞും സംഭവിക്കും. പാപ്പരീകരണത്തിന്‍റെ മാനം മറ്റൊരു തരത്തിലാകുമെന്ന് മാത്രം. ദരിദ്രവല്‍ക്കരണം വന്‍തോതില്‍ സംഭവിക്കും.
കൊറോണയുടെ ഇരകള്‍ മഹാഭുരിപക്ഷം വരുന്ന അസംഘടിത, അനൗപചാരിക തൊഴിലാളികളാണ് എന്ന്? സുചിപ്പിച്ചിരുന്നല്ലോ. ഇതില്‍ തന്നെ ഏറ്റവുമധികം ബാധിക്കുക പ്രായം ചെന്ന തൊഴിലാളികളെയാണ്?. അനാരോഗ്യം മൂലം ഇവരുടെ തൊഴില്‍മത്സരക്ഷമത ശോഷിക്കും. ഇപ്പോള്‍ തന്നെ തൊഴിലില്ലായ്മയുടെ തിക്തഫലം അനുഭവിക്കുന്ന യുവാക്കള്‍ക്ക് പുതുതായി തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാകും.

തെരുവിൽ വലിച്ചെറിയപ്പെട്ടവർ

സ്ത്രീകളാണ് കൊറോണ തൊഴില്‍ നഷ്ടത്തിന്‍റെ ആഘാതം പേറേണ്ടി വരുന്ന ഒരു വലിയ വിഭാഗം. സേവന മേഖലയിലാണ് കൊറോണ മൂലം തൊഴില്‍ നഷ്ടം വന്ന ഏറ്റവും വലിയ മേഖല. രണ്ട് മാസത്തോളം വരുന്ന ലോക് ഡൗണ്‍ മൂലം മുഴുവന്‍ സേവന ദാതാക്കളും പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നു. ഈ മേഖല സജീവമായി കിട്ടണമെങ്കില്‍ പെടാപ്പാട് തന്നെ വേണ്ടിവരും.ലോകമാകെ ഈ മേഖലയില്‍ ജോലി ചെയ്യുന്നതില്‍ അധികവും സ്ത്രീക(58.6 ശതമാനം) ളാണ്. 45.4 ശതമാനമാണ് പുരുഷന്മാര്‍.

സ്ത്രീ തൊഴിലാളികള്‍ അസംഘടിതരും അവകാശബോധത്തിന്‍റെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുമായതിനാല്‍ ഇവര്‍ക്ക് നേരെയുള്ള വേതനപരമായ ആക്രമണങ്ങള്‍ എളുപ്പം നടക്കും.ആരോഗ്യ സംരക്ഷണ മേഖലയില്‍ ഒരു കുതിപ്പ് ഉണ്ടാകാമെങ്കിലും സാമുഹ്യസുരക്ഷിതത്വത്തിന്‍റെ കാര്യത്തില്‍ പിന്നോക്കമാകും. സ്ത്രീ തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം സമൂഹത്തെ ആഴത്തില്‍ ബാധിക്കുമെന്നാണ് സ്ത്രീപ്രസ്ഥാനങ്ങള്‍ വ്യാകുലപ്പെടുന്നത്.

തൊഴില്‍ മേഖലയില്‍ എണ്ണപ്പെടാത്തവരാണ് സ്വയം തൊഴില്‍ കണ്ടെത്തിയവരും കൊച്ച് കരാറുകള്‍ ഏറ്റെടുത്ത് ചെയ്യുന്ന ഒറ്റപ്പണിക്കാരും മറ്റും. ബാങ്ക് വായ്പ എടുത്ത് കച്ചവടം തുടങ്ങിയവനും സ്റ്റുഡിയോ നടത്തുന്നവനും തൊഴിലാളിയാണ്. കമ്പ്യൂട്ടര്‍ റിപ്പയര്‍ ചെയ്യുന്നവനും കോര്‍പ്പറേറ്റുകളുടെയും മറ്റും ജോലികള്‍ കരാര്‍ എടുത്ത് ചെയ്യുന്നവനും സ്വന്തം കാര്‍ ടാക്സിയായി ഓടിച്ച് അഷ്ടി തേടുന്നവനും തൊഴിലാളിയാണ്. ഗിഗ്വര്‍ക്കേഴ്സ് (Gig Workers) എന്ന് വിളിക്കപ്പെടുന്ന ഈ വിഭാഗം ഒരു തരത്തിലുമുള്ള പരിരക്ഷയും ലഭിക്കാത്തവരാണ്.
കുടിയേറ്റ തൊഴിലാളികളാണ് കൊറോണയുടെ പ്രത്യക്ഷ ബലിയാടുകള്‍. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ ഉദാഹരണം. ആഗോളവല്‍ക്കരണത്തിന്‍റെ സവിശേഷതകളിലൊന്ന് തൊഴിലിന് വേണ്ടിയുള്ള കുടിയേറ്റം വന്‍തോതില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു എന്നതാണ്. തൊഴില്‍ ചെയ്യുന്നിടത്ത് യാതൊരു സംരക്ഷണവും ഇല്ലാത്ത ഇവര്‍ അസംഘടിതരും അനാഥത്വം അനുഭവിക്കുന്നവരുമാണ്. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകുക മാത്രമാണ് ഇവരുടെ മുമ്പിലുള്ള ഏക പോംവഴി. ഇത് സൃഷ്ടിക്കുന്ന തൊഴില്‍ നഷ്ടം ഭീകരമാണ്. വികസിത രാജ്യങ്ങളില്‍ കുറവാണെങ്കിലും വികസ്വര, അവികസിത സമ്പദ് വ്യവസ്ഥകളില്‍ ഈ തൊഴില്‍ വിഭാഗത്തിന്‍റെ വരുമാനം ചെലുത്തുന്ന സ്വാധീനം അളവറ്റതാണ്. ഇവര്‍ തൊഴില്‍ രഹിതരും വരുമാനമില്ലാത്തവരുമാകുക മാത്രമല്ല, ഇത്തരം സമ്പദ് വ്യവസ്ഥകളെ അത് ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ആഗോള തൊഴില്‍ വിപണിയെ കൊവിഡ് നശിപ്പിച്ചുകഴിഞ്ഞു എന്ന് തന്നെ പറയാം. പഴയ ഐശ്വര്യം ഗള്‍ഫ്, അമേരിക്കന്‍ തൊഴില്‍ വിപണികള്‍ക്ക് ഇനി ഉണ്ടാവില്ല. ഞെട്ടിക്കുന്ന പ്രത്യാഘാതമാണ് ഇത് സമൂഹത്തില്‍ ഉണ്ടാക്കുക.

ആത്യന്തികമായി തൊഴിലാളികളുടെ പാപ്പരീകരണമാണ് നടക്കാന്‍ പോകുന്നതെന്ന് ഭയക്കേണ്ടിയിരിക്കുന്നു. ഉയര്‍ന്ന വരുമാനമുള്ള തൊഴിലാളികളിലും ഇത് ഏറിയും കുറഞ്ഞും സംഭവിക്കും. പാപ്പരീകരണത്തിന്‍റെ മാനം മറ്റൊരു തരത്തിലാകുമെന്ന് മാത്രം. ദരിദ്രവല്‍ക്കരണം വന്‍തോതില്‍ സംഭവിക്കും.

തൊഴിലിന്‍റെ തുണ്ടുവല്‍ക്കരണമാണ് ഇതിന്‍റെ ആത്യന്തിക പ്രത്യാഘാതമെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. മുടന്തുന്ന ഒരു ആഗോള സമ്പദ് സംവിധാനത്തില്‍ മൊത്തം സാമ്പത്തിക പ്രക്രിയകളുടെയും അളവ് ഗണ്യമായി കുറയുമ്പോള്‍ അത് തൊഴില്‍ ലഭ്യതയെ, തൊഴിലാളിയെ ബാധിക്കാതിരിക്കില്ല. സാമ്പത്തിക പ്രക്രിയയെ ഉപഭോഗത്തിലൂടെ മുന്നോട്ട് കൊണ്ടു പോകുന്നത് സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളിവര്‍ഗ്ഗമാണ്.

സാങ്കേതിക വിദ്യയിലെ മുന്നേറ്റവും അതുവഴി ഉണ്ടായ സപ്ലൈ ചെയിനുകളുടെ സാര്‍വ്വത്രികതയും മറ്റും തൊഴിലിന്‍റെ തുണ്ടുവല്‍ക്കരണത്തിന് ലോകമാകെ ആക്കം കൂട്ടിയിട്ടുണ്ട്. കോടിക്കണക്കിന് ചെറുപ്പക്കാരാണ് സ്വിഗ്ഗി, സൊമാട്ടോ തുടങ്ങിയ ഭക്ഷണ വിതരണ ശൃംഖലകളിലും മൊബൈല്‍, കമ്പ്യൂട്ടര്‍ കടകളിലും മറ്റും ജോലി ചെയ്യുന്നത്. അമേരിക്കന്‍ സൈന്യം (3.2 കോടി), ചൈനീസ് മിലിട്ടറി(2.3കോടി) എന്നിവ കഴിഞ്ഞാല്‍ തൊഴിലാളികളുടെ എണ്ണത്തില്‍ മൂന്നാമത് നില്‍ക്കുന്നത് 2.3 കോടി പേര്‍ ജോലി ചെയ്യുന്ന വിപണന ശൃംഖലയായ വാള്‍മാര്‍ട്ട് ആണ്. തൊട്ടടുത്ത് മക്ഡൊണാള്‍ഡും. വിതരണ ശൃംഖലകളില്‍ തുണിക്കടകളിലും മറ്റും ജോലി ചെയ്യുന്നവരെ നമുക്ക് ഈ വിഭാഗത്തില്‍പെടുത്താം. തുഛ വരുമാനക്കാരായ ഇവര്‍ ഔദ്യോഗികമായി തൊഴിലാളികള്‍ എന്ന വിഭാഗത്തില്‍ പെടുന്നില്ല. പക്ഷെ, ഇവര്‍ ജീവിക്കുന്നത് ഈ തൊഴില്‍ കൊണ്ടാണ് Precarious Labourer എന്ന് തൊഴില്‍ പഠനങ്ങളില്‍ വിവക്ഷിക്കപ്പെടുന്ന ഇവര്‍ തുണ്ടുവല്‍ക്കരിക്കപ്പെട്ട തൊഴിലിന്‍റെ പ്രതിനിധികളാണ്. ഈ രീതിയിലുള്ള തൊഴില്‍ മേഖലയുടെ വളര്‍ച്ച ആരോഗ്യമുള്ള ഒരു സമ്പദ്വ്യവസ്ഥക്ക് തന്നെ ഉണ്ടാക്കുന്ന അപകടം ചില്ലറയല്ല എന്നാണ് തൊഴില്‍ ഗവേഷകര്‍ പറയുന്നത്. കോവിഡാനന്തരകാലം ദുര്‍ബലപ്പെടുത്തുന്ന ഒരു സംവിധാനത്തില്‍ അപ്പോള്‍ ഇത് സൃഷ്ടിക്കുന്നത് ദുരന്തമായിരിക്കും.

പക്ഷെ, അത്രമാത്രം നിരാശപ്പെടണോ എന്നൊരു ചോദ്യമുണ്ട്. ഭരണകൂടത്തിന് ഇഛാശക്തിയും അത് തൊഴിലാളികള്‍ക്ക് അനുകൂലമായ തരത്തില്‍ പ്രയോഗിക്കുന്നതിനുള്ള കരുത്തും ഭാവനാസമ്പന്നതയും ഉണ്ടെങ്കില്‍ അതിജീവിക്കാവുന്നതേയുള്ളൂ ഈ പ്രതിസന്ധി എന്ന് സോഷ്യലിസ്റ്റ് സാമുഹിക ഗവേഷകരും തൊഴിലാളി നേതാക്കളും ചൂണ്ടിക്കാട്ടുന്നു. അതിന് അടിവര ഇടുകയാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന. തൊഴിലിടങ്ങളില്‍ തൊഴിലാളിക്ക് സംരക്ഷണവും സമ്പദ്ഘടനക്കും അതിന്‍റെ നട്ടെല്ലായ തൊഴിലാളിക്കും കരുത്ത് പകരുന്ന സാമ്പത്തിക ഉത്തേജന നടപടികള്‍ ഉണ്ടാകുകയും ചെയ്താല്‍ കാര്യങ്ങള്‍ പടിപടിയായി പഴയ നിലയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ഐഎല്‍ഒയുടെ പ്രാഥമിക നിര്‍ദ്ദേശം. തൊഴിലും തൊഴിലാളിയുടെ വരുമാനവും നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സാമ്പത്തിക പ്രക്രിയയെ സജീവമാക്കും. ചെറുകിട മേഖലയെ നിലനിര്‍ത്തുന്നതിനുളളതാകണം സാമ്പത്തിക പാക്കേജുകള്‍. അപ്പോള്‍, കൊറോണ ദുര്‍ബലരാക്കിയ തൊഴിലാളികള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. ലോകം പഴയത് പോലെ ചലിക്കും; ജീവിതം സുന്ദരമാകും.

Leave a Reply