കൊറോണയില്‍ കാലിടറുന്ന തൊഴില്‍ മേഖല
“കേരള സമ്പദ്ഘടനയുടെ നെടുംതൂണ്‍ തന്നെ 2.5 ദശലക്ഷം വരുന്ന ഗള്‍ഫ് മലയാളികളുടെ നിക്ഷേപവും സാമ്പത്തിക പിന്തുണയുമായിരിക്കേ നിലവിലെ പ്രതിസന്ധി സംസ്ഥാനത്തിനേല്‍പ്പിക്കുന്ന ആഘാതം ചെറുതൊന്നുമായിരിക്കില്ല.”
കൊറോണയ്ക്കു മുമ്പേ തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഇളകിയിരുന്നു എന്നത് ഏവരും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. കൊറോണയുടെ വരവോടെ ആ തകര്‍ച്ച പൂര്‍ണമായി എന്നു വേണം കരുതാന്‍. വൈറസിന്‍റെ വ്യാപനത്തോടെ രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് കുതിച്ചുയരുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മയുടെ നിരക്ക് 30.9 ശതമാനമായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തത്തില്‍ കണക്കുകളെടുത്താല്‍ ഇത് 23.4 ശതമാനമായെന്നാണ് വിവരം.
സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി പ്രതിവാര ട്രാക്കര്‍ സര്‍വേ അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. ഈ സര്‍വേയുടെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ തുടങ്ങി ഏതാണ്ടു പതിനഞ്ചു ദിവസത്തിനുള്ളില്‍ തന്നെ 50 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കാം. എന്നാല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മയെക്കുറിച്ച് ലഭിക്കുന്ന ഔദ്യോഗിക വിവരങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യഥാര്‍ത്ഥത്തില്‍ തൊഴിലില്ലായ്മയുടെ വ്യാപ്തി ഇതിലും കൂടുതലായിരിക്കാമെന്ന് ഇന്ത്യയുടെ മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റിസ്റ്റ് പ്രണബ് സെന്‍ അഭിപ്രായപ്പെട്ടിരുന്നു. ലോക്ക് ഡൗണും നിയന്ത്രണങ്ങളും തുടര്‍ന്ന സാഹചര്യത്തില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയായിരുന്നു.
കോവിഡ് പ്രതിസന്ധി മൂലം ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ കുറഞ്ഞത് 17 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് യു എന്‍ ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.പ്രാഥമിക നിരീക്ഷണത്തില്‍ കണ്ടെത്തിയ ഏറ്റവും കുറഞ്ഞ കണക്കാണിതെന്ന്
ഓര്‍ക്കണം. സമ്പദ്ഘടനകളേയും ബിസിനസ് രംഗങ്ങളേയും കൊറോണ ഭീതി ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കെ പുറത്തുവന്നിരിക്കുന്ന യു എന്‍ ഇക്കണോമിക് ആന്‍റ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ വേസ്റ്റേണ്‍ ഏഷ്യ (ഇ എസ് സി ഡബ്ല്യു എ)യുടെ മുന്നറിയിപ്പ് ഗള്‍ഫ് രാജ്യങ്ങളോടൊപ്പം കേരളത്തിന്‍റെയും ആശങ്ക ഉയര്‍ത്തുന്നതാണ്. കേരളത്തിന്‍റെ വരുമാനസ്രോതസുകളില്‍ ഗള്‍ഫ് മേഖലയ്ക്കുള്ള പങ്ക് ഒരിക്കലും പകരം വയ്ക്കാനില്ലാത്തതാണ്.
സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാലെടുത്തു വച്ചു തുടങ്ങിയിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നതോടുകൂടിത്തന്നെ അപകടം മണത്തിരുന്നു. അതിനു പിറകേ കൊറോണ കൂടി എത്തിയതോടെ തകര്‍ച്ച പൂര്‍ണമായെന്നു പറയാം. ഹോട്ടല്‍ വ്യോമയാന മേഖലകളില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നഷ്ടം കണക്കാക്കാവുന്നതിലും ഏറെയാണ്. ഇപ്പോള്‍ തന്നെ നിരവധി തൊഴിലാളികളെയാണ് ശമ്പളം ഇല്ലാത്ത അവധിയിലാക്കിയിരിക്കുന്നത്. കേരള സമ്പദ്ഘടനയുടെ നെടുംതൂണ്‍ തന്നെ 2.5 ദശലക്ഷം വരുന്ന ഗള്‍ഫ് മലയാളികളുടെ നിക്ഷേപവും സാമ്പത്തിക പിന്തുണയുമായിരിക്കേ നിലവിലെ പ്രതിസന്ധി സംസ്ഥാനത്തിനേല്‍പ്പിക്കുന്ന ആഘാതം ചെറുതൊന്നുമായിരിക്കില്ല.
അറബ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഈ വര്‍ഷം 42 ബില്യണ്‍ ഡോളറിന്‍റെ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടച്ചു പൂട്ടലും നിയന്ത്രണങ്ങളും തുടര്‍ന്നാല്‍ 42 ബില്യണ്‍ ഡോളറെന്നത് ഇനിയും ഉയരും.അങ്ങനെ വന്നാല്‍ അത് പ്രവാസികള്‍ക്ക് ഇരുട്ടടിയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കൊറോണക്കാലത്ത് നാട്ടിലേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികളില്‍ വലിയൊരു ശതമാനം തൊഴില്‍ രഹിതരായാണ് എത്തുന്നതെന്ന യഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടതാണ്.
തുടര്‍ന്ന് ഈ സംസ്ഥാനത്ത് തൊഴിലന്വേഷകരുടെ പട്ടികയില്‍ കൂടുതല്‍ പേരുകള്‍കൂടി ചേര്‍ക്കപ്പെടുന്നു. അതായത് ലോക്ക് ഡൗണ്‍കാലത്തിനു ശേഷം സൃഷ്ടിക്കപ്പെടേണ്ട തൊഴിലവസരങ്ങളുടെ എത്രയെന്ന് ഇനിയും കൃത്യമായ ഒരു കണക്ക് തയ്യാറാക്കാനായിട്ടില്ല എന്നു പറയേണ്ടി വരും.
സംസ്ഥാനത്തെ ചെറുകിട സംരംഭങ്ങളെല്ലാം തന്നെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പലരും സ്വപ്ന പദ്ധതികള്‍ക്ക് താഴിട്ടുകഴിഞ്ഞു. കച്ചവട സ്ഥാപനങ്ങളും, ഓണ്‍ലെന്‍ ബിസിനസും, മാധ്യമസ്ഥാപനങ്ങളടക്കം ഒരു പോലെ നഷ്ടത്തിലാണെന്നു പറയാം. ദിവസ വേതനക്കാരുടെ കാര്യം പറയുകയേ വേണ്ട. ഇനി കൊറോണയില്‍ നിന്ന് മുക്തമായാലും സമ്പദ് വ്യവസ്ഥ ഒന്നു പച്ചപിടിക്കുന്നതുവരെ കാത്തിരുന്നാലേ അവര്‍ക്കും രക്ഷയുള്ളു. സ്ഥിരവരുമാനമുള്ളവരെന്ന് അസൂയയോടെ നോക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
കൊറോണക്കാലത്ത് നാട്ടിലേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികളില്‍ വലിയൊരു ശതമാനം തൊഴില്‍ രഹിതരായാണ് എത്തുന്നതെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടാണ്. തുടര്‍ന്ന് ഈ സംസ്ഥാനത്ത് തൊഴിലന്വേഷകരുടെ പട്ടികയില്‍ കൂടുതല്‍ പേരുകള്‍കൂടി ചേര്‍ക്കപ്പെടുന്നു.
മറ്റൊരു കാര്യം ഇനി കൊറോണയ്ക്കു ശേഷം തൊഴില്‍ മേഖലയില്‍ വരുന്ന മാറ്റങ്ങളാണ്. പുതിയ ആശയങ്ങളും പദ്ധതികളും ഉയര്‍ന്നു വന്നേക്കാമെങ്കിലും ഈ ലോക്ക് ഡൗണ്‍ കാലം നല്‍കിയ അനുഭവത്തില്‍ നിന്ന് അത്തരം പദ്ധതികള്‍ കുറഞ്ഞ തൊഴിലവസരങ്ങള്‍ മാത്രമാകും നല്‍കാന്‍ സാധ്യത.
കൊറോണക്കാലത്ത് പ്രചാരത്തിലായ തൊഴില്‍ രീതിയാണ് വര്‍ക് ഫ്രം ഹോം. കമ്പ്യൂട്ടര്‍ സഹായത്തോടെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഈ രീതി ഇക്കാലയളവില്‍ പരീക്ഷിച്ച് വിജയിച്ചത് നിരവധി സ്ഥാപനങ്ങളാണ് . എന്നാല്‍ ഈ തൊഴില്‍ രീതി തുടര്‍ന്നങ്ങോട്ടും നിലനില്‍ക്കുമോ എന്നുള്ളതാണ് ചോദ്യമുയരുന്നത്. ഒരു സ്ഥാപനം എന്ന ആശയം മാറ്റി നിര്‍ത്തി കുറഞ്ഞ ചിലവില്‍ വീട്ടിലിരുത്തി ജോലികള്‍ പൂര്‍ത്തിയാക്കി നല്‍കുക. പലരും പലയിടത്തുനിന്നായി ചെയ്യുന്ന ജോലികള്‍ ക്രോഡീകരിച്ച് നല്‍കാനുള്ള സംവിധാനമൊരുക്കുക എന്ന രീതികളിലേക്ക് തൊഴില്‍ മേഖല മാറിയേക്കാം.
ഗ്ളോബല്‍ വർക്കേഴ്സ് അനലിറ്റിക്സിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന് കോടി ജനങ്ങള്‍ വരെ വരുന്ന രണ്ട് കൊല്ലത്തില്‍ അമേരിക്കയില്‍ ഈ ജോലി സംവിധാനത്തിലേക്ക് മാറുമെന്നാണ്. ലെനോവോ ഇന്ത്യയുടെ സിഇഒയും എംഡിയുമായ രാഹുല്‍ അഗര്‍വാള്‍ ഈ ജോലി സമ്പ്രദായം ലോക്ഡൗണ്‍ കാലത്തിന് മുന്‍പ് തന്നെ പ്രാവര്‍ത്തികമായതാണ് എന്നഭിപ്രായപ്പെടുന്നു. ലോക്ഡൗണിന് ശേഷം ഇതാകും പുതിയ പതിവ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് (TCS) എക്സിക്യൂട്ടീവ് ഡയറക്ടറായ എന്‍ ഗണപതി സുബ്രഹ്മണ്യം 2025 ഓടെ 75 ശതമാനം ജീവനക്കാരും ഇത്തരത്തിലാകും ജോലി നോക്കുക എന്ന് അറിയിക്കുന്നു. 25 ശതമാനം ഓഫീസിലും. എന്നാല്‍ 100 ശതമാനം ഉത്പാദനക്ഷമതയും നിലനിര്‍ത്തും. ടെക് മഹേന്ദ്ര എംഡിയും സിഇഒയുമായ സി പി ഗുര്‍നാനി 25 ശതമാനം തൊഴിലാളികളും വര്‍ക് ഫ്രം ഹോം സംവിധാനത്തിലേക്ക് നീങ്ങുന്ന തരം തൊഴില്‍ സംസ്കാരത്തിലേക്ക് മാറുമെന്ന് അറിയിച്ച് കഴിഞ്ഞു.
ഇത്തരത്തില്‍ തൊഴില്‍ തീതി മാറുന്നതിലൂടെ ഗുണങ്ങള്‍ പലതാണ്. കമ്പനികള്‍ക്ക് സാമ്പത്തിക ലാഭം. റോഡുകളിലെ തിരക്ക് കുറയുന്നു. മലിനീകരണം കുറയുന്നു. അങ്ങനെ പലതും. എന്നാല്‍ നിലനിന്നിരുന്ന പഴയ തൊഴില്‍ സംവിധാനങ്ങളെ, സ്ഥാപനങ്ങളെ ആശ്രയിച്ചു പ്രവര്‍ത്തിച്ചിരുന്ന പല ചെറുകിട സംരംഭങ്ങളും ഇല്ലാതാകും എന്നതാണ് വെല്ലുവിളി. ഉദാഹരണത്തിന് ഭക്ഷണശാലകള്‍, വാഹന സംവിധാനങ്ങള്‍, തുടങ്ങി ആളുകള്‍ വീടുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതോടെ വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, എന്തിനധികം വീട്ടുജോലികള്‍ വരെ ചെയ്തു ജീവിക്കുന്ന ഒരുവലിയ വിഭാഗമാകും വെല്ലുവിളി നേരിടുക.
ലോകത്ത് കണക്കുകള്‍ പ്രകാരം തൊഴിലെടുക്കുന്നത് 330 കോടി പേരാണ്. ഇതില്‍ 200 കോടിയില്‍ അധികം പേരും അസംഘടിത മേഖലയില്‍ ആണ്. അതില്‍ തന്നെ 160 കോടിയോളം പേരുടെ വരുമാനത്തെ കൊറോണ ഇതോടകം ബാധിച്ചുകഴിഞ്ഞു. ഭൂരിഭാഗം പേരുടേയും വരുമാനം കൊറോണ പൊട്ടിപ്പുറപ്പെട്ട ആദ്യമാസം തന്നെ 60 ശതമാനത്തോളം ഇടിഞ്ഞിരുന്നു. അതായത് ഈ തൊഴിലാളികളെ ബാധിക്കുന്നതിനൊപ്പം അവരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ചെറുകിട തൊഴിലാളികളുടേയും സ്ഥിതി പ്രതിസന്ധിയിലായി എന്നതാണ്. ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ജോലി ചെയ്യുന്നവരുടെ മൊത്തം തൊഴില്‍ സമയം 12 ശതമാനത്തില്‍ അധികം കുറഞ്ഞിട്ടുണ്ട്. സെന്‍ട്രല്‍ യൂറോപ്പിലും അതേ സ്ഥിതി തന്നെയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
തൊഴില്‍ തീതി മാറുന്നതിലൂടെ ഗുണങ്ങള്‍ പലതാണ്. കമ്പനികള്‍ക്ക് സാമ്പത്തിക ലാഭം. റോഡുകളിലെ തിരക്ക് കുറയുന്നു. മലിനീകരണം കുറയുന്നു. അങ്ങനെ പലതും. എന്നാല്‍ നിലനിന്നിരുന്ന പഴയ തൊഴില്‍ സംവിധാനങ്ങളെ, സ്ഥാപനങ്ങളെ ആശ്രയിച്ചു പ്രവര്‍ത്തിച്ചിരുന്ന പല ചെറുകിട സംരംഭങ്ങളും ഇല്ലാതാകും എന്നതാണ് വെല്ലുവിളി.
കൊറോണയ്ക്ക് ശേഷം ലോകത്തെ തന്നെ മൊത്തം തൊഴില്‍ശക്തിയുടെ 50 ശതമാനവും വെല്ലുവിളി നേരിടുമെന്നാണ് ഇന്‍റര്‍നാഷണല്‍ ലേബേഴ്സ് ഓര്‍നൈസേഷന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അസംഘടിത മേഖലയിലാകും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുക. തൊഴില്‍ സമയത്തിലെ കുറവും വെല്ലുവിളി ഉയര്‍ത്തും.
വരുമാനം കുത്തനെ ഇടിയും. റീട്ടെയ്ല്‍, നിര്‍മാണ രംഗങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഏകദേശം 43 കോടി സ്ഥാപനങ്ങളാണ് കൊറോണമൂലമുള്ള പ്രതിസന്ധി നേരിടുന്നത്.
ഈ സാഹചര്യത്തില്‍ നിന്ന് പെട്ടെന്നൊരു മാറ്റം സാധ്യമല്ല എന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഏറെ പഠനങ്ങളും കൃത്യമായ ആസൂത്രണത്തോടും കൂടി മുന്നോട്ടു പോയാല്‍ മാത്രമേ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാനാകൂ. അതിന് അത്ര തന്നെ സമയവും ആവശ്യമാണെന്നുകൂടി മനസിലാക്കേണ്ടതുണ്ട്. ഇതിലും ഭീകരമായ പ്രതിസന്ധികളില്‍ തളരാതെ നിന്ന് കെട്ടിപ്പടുത്തതാണ് ഈ ലോകം എന്ന് വിളിച്ചുപറയുന്ന ചരിത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാം, ഒപ്പം പ്രതീക്ഷ കൈവിടാതെയിരിക്കാം.