തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കേരളം കച്ചകെട്ടുമ്പോൾ

.

തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വരുന്ന മെയ് 31ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രഖ്യാപിച്ചു. ഇന്നലെ ചാനൽ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിച്ച പോലെ സംസ്ഥാനം ഭരിക്കുന്ന ഇടതുജനാധിപത്യമുന്നണിയുടെ രാഷ്ട്രീയ നേട്ടങ്ങളുടേയും വികസന നയങ്ങളുടേയും ലിറ്റ്മസ് ടെസ്റ്റ് മാത്രമാകില്ല  ഈ തെരഞ്ഞെടുപ്പ്. നേതൃത്വദാരിദ്ര്യത്തിന്റെ പടുകുഴികളിൽ കിടന്ന് ഉചിതമായ രാഷ്ട്രീയനിലപാടുകൾ എടുക്കാനോ, ലിബറൽ രാഷ്ട്രീയത്തിന്റെ രാജ്യത്തെ അവശേഷിക്കുന്ന തുരുത്തുകളെയെങ്കിലും ആർജ്ജവത്തോടെ കാത്തുസൂക്ഷിക്കാനോ ആവാതെ ഉഴലുന്ന ഐക്യജനാധിപത്യമുന്നണിയുടെ മാമാങ്കവേദിയോ, വലതുപക്ഷ ഫാസിസത്തിന്റെ തേർചക്രങ്ങൾ കൊണ്ട് മതേതരത്വത്തിന്റേയും സഹവർത്തിത്വത്തിന്റേയും സഹിഷ്ണുതയുടെയും താഴ്വരകളെ ചെളിക്കളമാക്കിയ ബിജെപിക്ക് കേരളത്തിലുള്ള രാഷ്ട്രീയമൂല്യത്തിന്റെ ഉരകല്ലോ മാത്രമല്ല; അതിനുമൊക്കെ അപ്പുറത്താണീ തെരഞ്ഞെടുപ്പിന് പ്രസക്തി.
അഴിമതിയും അക്രമവും സ്വജനപക്ഷപാതവും താൻപോരിമയും പോലുള്ള നിലവിലെ രാഷ്ട്രീയാഭാസങ്ങൾക്ക് വിരുദ്ധമായി സത്യസന്ധതയും ലാളിത്യവും സഹിഷ്ണുതയും പോലുള്ള ഉന്നതരാഷ്ട്രീയമൂല്യങ്ങളെ ഉയർത്തിപ്പിടിച്ച പിടി തോമസ് എന്ന ജനപ്രതിനിധിയുടെ അകാലവിയോഗം കാരണം ഒഴിഞ്ഞുകിടന്ന നിയമസഭാമണ്ഡലമാണ് തൃക്കാക്കര. അപ്പോൾ അത് കേവലമൊരു നിയമസഭാമണ്ഡലത്തിലെ സാങ്കേതികമായ ഉപതെരഞ്ഞെടുപ്പ് മാത്രമാകില്ല. മറിച്ച് കേരളം ഇന്ന് പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന, ഉയർത്തിപ്പിടിക്കാൻ തയ്യാറാകുന്ന രാഷ്ട്രീയമാതൃകയുടെ തെരഞ്ഞെടുപ്പാണ്.
ഏതൊരു മതത്തിന്റേയും ജാതിയുടേയും സമുദായപ്രമാണിമാരുടെ ഇംഗിതത്തിന് താണു കൊടുക്കാത്ത, കേവലം വോട്ടുകൾക്കു വേണ്ടി മാത്രം ദീർഘകാലത്ത് വിനാശമാകുന്ന നയങ്ങൾക്ക് കീഴടങ്ങാത്ത, കോർപ്പറേറ്റ് ഇടപ്പെടലുകളുടെ ഉച്ചസ്ഥായിയിൽ പോലും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ ബലി കൊടുക്കാത്ത, വിഴുപ്പലക്കലും ഗ്രൂപ്പിസവും തമ്മിൽതല്ലും എമ്പാടുമാഘോഷിക്കപ്പെടുമ്പോൾ പോലും രാഷ്ട്രീയബോധ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത പിടി തോമസെന്ന രാഷ്ട്രീയമാതൃകയെ കേരളം വിലയിരുത്തുകയായിരിക്കും ഈ തെരഞ്ഞെടുപ്പിലൂടെ. 
ഇരട്ടചങ്കന്റെ അധികാരപ്രമത്തതയും ഏറാൻമൂളികളുടെ മാടമ്പിത്തരവും ഇടതുബോധത്തിന്റെ വർഗ്ഗമടകളിൽ പൊത്തുകളുണ്ടാക്കുമ്പോഴും, ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അധികാരബൂട്ടുകളുപയോഗിച്ച് ചവിട്ടി വീഴ്ത്തുന്ന പിണറായിസത്തിന്റെ വിധി നിർണ്ണയിക്കുന്ന നിർണായക വേദിയാണ് തൃക്കാക്കരയിൽ ഒരുങ്ങുന്നത്.

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയായി മെഴുകുതിരി കത്തിച്ച ശേഷം, തുടർച്ചയായി നടക്കുന്ന സിനിമാമേഖലയിലെ അത്തരം ആക്രമണങ്ങളെ വിശദമായി രേഖപ്പെടുത്തിയ ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തില്ലെന്ന് വാശി പിടിക്കുന്ന പിണറായിസത്തെ വിലയിരുത്താനുള്ള അവസരമാണ് തൃക്കാക്കരയിൽ ഒരുങ്ങുന്നത്. കീഴ്ത്തട്ടിലെ പ്രാതിനിധ്യസഭകളിലേക്ക് അറുപത് ശതമാനവും സ്ത്രീകൾക്ക് നൽകിയിട്ടും, വാളയാറിലെ സഹോദരിമാരുടെ മരണത്തിലെ ദുരൂഹത പോലും നീക്കാൻ മെനക്കെടാത്ത പിണറായിസത്തിന്റെ അധികാരധാർഷ്ട്യത്തെ തല്ലി കൊഴിക്കാനുള്ള ജനാധിപത്യപരമായ അവസരമാണിത്. അങ്ങനെ പിടി തോമസ് എന്ന മാതൃകാ രാഷ്ട്രീയപ്രവർത്തകൻ ഉയർത്തിപ്പിടിച്ച എല്ലാ പുരോഗമനമൂല്യങ്ങളുടേയും എതിർപക്ഷത്ത് നിലയുറപ്പിക്കുന്ന രാഷ്ട്രീയ ഹിംസ തങ്ങൾക്ക് വർജ്ജ്യമാണെന്ന് ഉറക്കെ പറയാനുള്ള, ബോധ്യപ്പെടുത്താനുള്ള ഈ അവസരത്തെ തൃക്കാക്കരയിലെ സമ്മതിദായകർ പൂർണ്ണ രാഷ്ട്രീയബോധ്യത്തോടെ തന്നെ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കാം.