ആർത്തവ അവധികൾ

തൊഴിലാളിയുടെ അവകാശമാണ്

ജപ്പാനും ദക്ഷിണകൊറിയയും ഇറ്റലിയും എല്ലാ മാസവും ആർത്തവ അവധികൾ സ്ത്രീകൾക്ക് നിയമപരമായി അനുവദിക്കുമ്പോഴും, ഇന്ത്യ പോലുള്ള ഉള്ള ഭൂരിപക്ഷം രാജ്യങ്ങളും ഇതിനെ പറ്റിയുള്ള ഉള്ള പൊതുചർച്ചകൾക്ക് ഇപ്പോഴും തയ്യാറായിട്ടില്ല. ആർത്തവം എന്ന വാക്കു പോലും സ്വകാര്യവട്ടങ്ങൾക്കപ്പുറത്ത് സംസാരിക്കുന്നത് അറപ്പുളവാക്കുന്നതോ നാണക്കേടോ ആയ നമ്മുടെ സമൂഹത്തിൽ ആർത്തവഅവധികൾ തങ്ങളുടെ അവകാശമായി ഉന്നയിക്കുന്നതിന് എല്ലാ സ്ത്രീതൊഴിലാളികളും തയ്യാറാവുകയില്ലെന്ന് സ്ത്രീസംഘടനകൾ  തന്നെ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇന്ത്യയിലെ ഋതുമതികളായ സ്ത്രീകളുടെ ഏതാണ്ട് അഞ്ചിലൊന്ന് പേർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആർത്തവത്തോടനുബന്ധിച്ച് ഉണ്ടാകുന്നതായി ആരോഗ്യപഠനങ്ങൾ കാണിക്കുന്നുണ്ട്. കേവലമൊരു സാനിറ്ററി നാപ്കിൻ കൊണ്ട് പരിഹരിക്കാനാവാത്തതിനും അപ്പുറമുള്ള ശാരീരിക ബുദ്ധിമുട്ടുകളാണ് അവയെല്ലാം. പ്രത്യേകിച്ചും വീടിനു പുറത്ത് ശാരീരികാദ്ധ്വാനം ആവശ്യമായ ജോലികൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് വരാനിടയുള്ള ഇനിയുള്ള കാലത്തെങ്കിലും അത് പ്രധാനമായിരിക്കും. 2018ൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച മെൻസ്ട്രുവേഷൻ ബെനിഫിറ്റ്‌സ് ബില്ലിന് (Menstruation Benefits Bill) ഇതുവരെയും അംഗീകാരം ആയിട്ടില്ല. ആർത്തവ അവധികൾ പരിഗണിക്കണമെന്നും സ്ത്രീകൾക്ക് മെച്ചപ്പെട്ട വിശ്രമസൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും പ്രസ്തുത ബില്ലിൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളിൽ ഇത് എത്രമാത്രം സാധ്യമാകുമെന്ന ആശങ്ക തൊഴിലാളിസംഘടനകൾ പങ്കുവക്കുന്നുണ്ട്. ഇന്ത്യയിൽ ബിഹാർ സംസ്ഥാനത്ത് മാത്രമാണ് 1992 മുതൽ ആർത്തവ അവധി നിലവിലുള്ളത്.ReplyForward