‘കണ്ണൂര്‍ മാര്‍ക്‌സിസം’ – കീടഫാസിസ്റ്റിന്റെ സ്വന്തം നാട് (ഭാഗം 5)
ബംഗാളിലെ സഖാക്കള്‍ക്ക് പറ്റിയ വീഴ്ച നമുക്കു സംഭവിയ്ക്കില്ല. ബംഗാളിലെ സഖാക്കള്‍ അധികാരം കൊണ്ടു തൃപ്തിയടഞ്ഞു. അധികാരത്തിന്റെ ലഹരിയില്‍ അഴിമതിയെന്ന പൊന്‍മുട്ടയിടുന്ന താറാവിനെ വളര്‍ത്താന്‍ അവര്‍ മറന്നുപോയി. പക്ഷെ, നമ്മള്‍, കേരളത്തിലെ സഖാക്കള്‍ അധികാരവും അഴിമതിയും തമ്മിലുള്ള വൈരുധ്യാത്മകബന്ധം മുമ്പേ മനസിലാക്കിയിരുന്നു.
ആയിരക്കണക്കിനു സഹകരണ സംഘങ്ങളിലൂടെയും വിനോദപാര്‍ക്കുകളിലൂടെയും നിര്‍മാണകമ്പനികളിലൂടെയും ആശുപത്രികളിലൂടെയും ലോകമലയാളിസഭകളിലൂടെയും പത്ര-ചാനലുകളിലുടെയും സ്വര്‍ണക്കടത്തിലൂടെയും പ്രവാസി ആക്രിക്കച്ചവടക്കാരുമായുള്ള ഇടപാടുകളിലൂടെയും കേരളത്തില്‍, പടുത്തുയര്‍ത്തുന്ന സമ്പദ്ഘടനയുടെ അടിസ്ഥാനശില ഉല്പാദനവും സാമ്പത്തിക വളര്‍ച്ചയുമല്ലെന്ന് ചില ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രവിശാരദന്മാര്‍ പ്രചരിപ്പിക്കുന്നു. ‘കണ്‍സള്‍ട്ടന്‍സി’യും ‘കമ്മീഷനു’മാണ് നവസാമ്പത്തികശാസ്ത്രതത്വങ്ങള്‍. ഈ തത്വങ്ങളാണ് കെ-റെയിലിനെ നയിക്കുന്നത്. അതിവേഗതാസമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ഉല്പാദനസമ്പദ്ഘടന, സാമൂഹ്യ-പാരിസ്ഥിതികാഘാതം തുടങ്ങിയ ബൂര്‍ഷ്വാ സാമ്പത്തികാശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്നവര്‍ സമ്പദ് ശാസ്ത്രത്തെക്കുറിച്ച് ഒന്നുമറിയാത്തവരാണ്. എന്നാല്‍ കീട ഫാസിസ്റ്റ് സമ്പദ്ശാസ്ത്ര കുതുകികളായ ‘പൗരപ്രമുഖര്‍’ എന്നൊരു വിഭാഗത്തെ നാം സൃഷ്ടിച്ചിട്ടുണ്ട്. കീടഫാസിസ്റ്റിന്റെ സാന്നിധ്യവും ഉറപ്പും ഇവര്‍ക്ക് സ്വന്തം ജീവനെക്കാള്‍ വലുതാണ്, സഖാക്കളെ! ഈയിടെ വിളിച്ചുചേര്‍ത്ത, പൗരപ്രമുഖസമാജം, കെ- റെയിലിനെക്കുറിച്ചുള്ള എല്ലാ സന്ദേഹങ്ങളും ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടു. കീട ഫാസിസ്റ്റിന്റെ കെ-റെയില്‍വാദങ്ങള്‍ അവര്‍ സംഗീതംപോലെ ആസ്വദിച്ചു. ഒരു പൗരപ്രമുഖ ന്യൂനപക്ഷത്തെ നമ്മുടെ വാലാട്ടികളാക്കിയാല്‍, ഭൂരിപക്ഷം പൗരകൃമികളെ നമുക്കു പുല്ലുപോലെ ചവിട്ടിയരയ്ക്കാം!
അഴിമതിയെ ഒരു അധികാരരൂപമായും സമാന്തരഭരണകൂടവുമാക്കി മാറ്റിയ നമ്മുടെ പ്രിയപ്പെട്ട കീട ഫാസിസ്റ്റിന്റെ താത്വികസംഭാവന വേണ്ടത്ര ഗൗരവമായി വിലയിരുത്തപ്പെട്ടിട്ടില്ല, മാര്‍ക്‌സിസം-ലെനിനിസം പോലെ, ഒരു പക്ഷെ, അതിനെക്കാള്‍ മൗലികവും അഗാധവുമായ സംഭാവനയാണ് കീട ഫാസിസ്റ്റിന്റെ ‘കണ്ണൂര്‍ മാര്‍ക്‌സിസം’. ഭരണഘടനയും നിയമവ്യവസ്ഥയും നല്‍കുന്ന അധികാരത്തെക്കാള്‍ എത്രയോ വലിയ അധികാരമാണ് അഴിമതിയെന്ന് ‘കണ്ണൂര്‍ മാര്‍ക്‌സിസം’ സിദ്ധാന്തിക്കുന്നു. കാരണം, തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്ന അധികാരത്തിന് ചില പരിമിതികളുണ്ട്. പത്രക്കാരും പ്രതിപക്ഷവും നീതിന്യായക്കോടതികളിലെ ‘ശുംഭന്‍’മാരും ചിലപ്പോള്‍ കുരച്ചുചാടും. എന്നാല്‍, ‘രുമണ്വാന്‍’മാര്‍ സദാകാവല്‍ നില്‍ക്കുന്ന അഴിമതിയുടെ അധോലോക സാമ്രാജ്യം എപ്പോഴും സുരക്ഷിതമാണ്. ആ സാമ്രാജ്യത്തിന്റെ അധിപതി ഒരേ ഒരാള്‍, കീടഫാസിസ്റ്റു കമ്മിസ്സാര്‍. അവിടെ നിയമനിര്‍മാതാവും നിയമപാലകനും ഒരേ ഒരാള്‍. ശരിക്കും, പറഞ്ഞാല്‍ നിയമങ്ങളല്ല, കല്പനകളാണത്, കല്ലേപ്പിളര്‍ക്കുന്ന കല്പനകള്‍. കീടഫാസിസ്റ്റും മക്കളും മരുമക്കളും കുറെ പിണിയാളുകളുമാണ് അവിടുത്തെ സ്ഥാനീയര്‍. നമ്മള്‍ സഖാക്കള്‍ അവരുടെ ശബ്ദം സംഗീതംപോലെ ആസ്വദിക്കണം. അവിടെ നിന്നുല്‍ഭവിക്കുന്ന അധോവായുപോലും നമ്മെ തഴുകിയുറക്കുന്ന കുളിര്‍കാറ്റാണ്. അവിടുത്തെ കീടചലനങ്ങള്‍ പര്‍വത ശൃംഗങ്ങളുടെ ഇളകിയാട്ടംപോലെ പ്രകമ്പിതമാണെന്നും അടുക്കളപ്പേച്ചുകള്‍ ഇടിമുഴക്കംപോലെ ഘനഗംഭീരമാണെന്നും നമ്മള്‍, സമര്‍പ്പിതസഖാക്കള്‍ നാടാകെ പറഞ്ഞുപരത്തണം. കീടഫാസിസ്റ്റിന്റെയും സ്ഥാനീയരുടെയും അധമഗാഥകളല്ലാതെ, നമുക്ക് നമ്മെപ്പറ്റി പറയാന്‍ ഒന്നുമുണ്ടാകരുത്!
പ്രിയ പത്രാധിപര്‍ക്ക് – ജെ രഘു എഴുതുന്ന കത്ത്
കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് – ഭാഗം 1
ഒരു കീടഫാസിസ്റ്റിൻ്റെ പിറവി – കീടഫാസിസ്റ്റിന്റെ സ്വന്തം നാട് (ഭാഗം 2)
കേരളം ഒരു ഗ്യാലറിയാകുന്നു – കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 3)
കീടക്കോളനിയും ജീവചരിത്രശൂന്യരും- കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 4)