കീടക്കോളനിയും ജീവചരിത്രശൂന്യരും- കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 4)
കീടഫാസിസ്റ്റ് ഒരു പൂന്തോട്ട ഭരണാധികാരിയെപ്പോലെയാണ്. സമഗ്രാധിപത്യഭരണകൂടങ്ങളെ സാമൂഹ്യ ശാസ്ത്രജ്ഞനായ സിഗ്മന്റ് ബോമാന്‍’ ‘പൂന്തോട്ടഭരണകൂടങ്ങള്‍’ (Gardening States) (Modernity and Ambivalence, 1991) എന്നു നിര്‍വചിക്കുന്നു. കളകളെയും പാഴ്‌ച്ചെടികളെയും അപ്പാടെ പറിച്ചുനീക്കി അധികാരിക്കിഷ്ടമായ ചെടികളെമാത്രം പരിപാലിക്കുന്ന പദ്ധതിയാണിത്. തനിക്ക് അഹിതമായ അവസാന കളയായിരുന്ന വി എസ് അച്യുതാനന്ദനെ വേരോടെ പിഴുതെറിഞ്ഞ് സി പി എം എന്ന പാര്‍ട്ടിയെ ഒരു ‘ഉദ്യാനപാര്‍ട്ടി’യാക്കി മാറ്റി. നേതാക്കളും അനുയായികളുമെല്ലാം വെറും ഉദ്യാനപാലകര്‍!
19-ഉം 20-ഉം വയസുള്ള രണ്ടു വിദ്യാര്‍ത്ഥികളെ യു എ പി എ ചുമത്തി ജയിലിലടക്കുകമാത്രമല്ല, വിമര്‍ശകരോട് ”നിങ്ങള്‍ വിചാരിക്കും പോലെ ഇവര്‍ ആട്ടിന്‍ കുട്ടികാളൊന്നുമല്ലെ”ന്ന് പറയുകയും ചെയ്യുന്ന ഒരു കീടഫാസിസ്റ്റ് വെറുക്കപ്പെടേണ്ടവനാണ്. മാവോസാഹിത്യം വായിച്ചതിനെയോ മാവോയിസത്തോട് അനുഭാവം തോന്നിയതിനെയോയാണ് ”ഭീകരരാജ്യദ്രോഹക്കുറ്റ”മായി ഈ മനുഷ്യന്‍ വിശേഷിപ്പിച്ചത്. ഇതൊന്നും കുറ്റകൃത്യങ്ങളല്ലെന്ന് ഇന്ത്യയിലെ പല കോടതികള്‍, പലതവണ പറഞ്ഞിട്ടുണ്ട്. എന്നിട്ടും, ഈ രണ്ടു വിദ്യാര്‍ത്ഥികളെ കാരാഗൃഹത്തിലടയ്ക്കുന്നതില്‍ ഒരു മനസാക്ഷിക്കുത്തുമുണ്ടായിരുന്നില്ല. കുപ്പുദേവരാജ്, അജിത, സി പി ജലീല്‍, മണിവാസകന്‍, അരവിന്ദ്, കാര്‍ത്തി, അജിത, വേല്‍മുരുകന്‍ എന്നീ എട്ടു മനുഷ്യരെയാണ് മാവോയിസ്റ്റുകള്‍ എന്നു പറഞ്ഞ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നത്. ഇക്കൂട്ടത്തില്‍ കുപ്പുദേവരാജനും അജിതയും കീഴടങ്ങാന്‍ വന്നവരും നടക്കാന്‍പോലും കഴിയാത്തത്ര രോഗികളുമായിരുന്നു. സി പി ജലീല്‍, വിശന്നു വലഞ്ഞ് ഒരിറ്റു ഭക്ഷണത്തിനു വയനാട്ടിലെ ഒരു ഹോട്ടലിലെത്തിയ യുവാവായിരുന്നു. 8 ‘മാവോയിസ്റ്റ്’കളെ വകവരുത്തിയ കീടഫാസിസ്റ്റു, അതിനാല്‍, മോദിയുടെ പ്രിയതോഴന്‍!
തടവറയില്‍ വെച്ചു നടത്തിയ പല മനശാസ്ത്രപീഡകളിലൂടെയും മാനസിക പ്രക്ഷാളനത്തിലൂടെയുമാണ് വിന്‍സ്റ്റണ്‍ സ്മിത്തില്‍ വലിയേട്ടനോടുള്ള അഭിനിവേശം അടിച്ചേല്‍പ്പിച്ചത്. ശരാശരി മലയാളിയുടെ മൂല്യ-ഭാവുകത്വങ്ങളെ തലകീഴ്മറിക്കുകയും കേരളസമൂഹത്തെ ഒരു”ആനിമല്‍ഫാം” ആക്കുകയും ചെയ്ത ഒരു കീടഫാസിസ്റ്റിനോട് തോന്നിയ അഭിനിവേശത്തെ നിന്ദ്യമായതിനോടുള്ള അഭിനിവേശം എന്നല്ലാതെ മറ്റെന്തു പറയാന്‍! ‘സ്വേച്ഛാധിപത്യത്തിന്റെ സൃഷ്ടാക്കള്‍ സ്വേച്ഛാധിപതികളല്ലാ, ജനങ്ങളാണെ”ന്ന് ‘The origins of Totalitarianism’ എന്ന കൃതിയില്‍ ഹന്ന അരന്റ് നിരീക്ഷിക്കുന്നു. വസ്തുതയും മിഥ്യയും തമ്മിലും ശരിയും നുണയും തമ്മിലും വേര്‍തിരിക്കാനറിയാത്ത ജനങ്ങളാണ് സ്വേച്ഛാധിപത്യനുത്തരവാദികള്‍” എന്നും അരന്റ് മുന്നറിയിപ്പ് നല്‍കുന്നു.
”ബ്യൂറോപ്പതിക്” (bureaupathic) സ്വഭാവലക്ഷണങ്ങളെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങള്‍ കാണിക്കുന്നത്, ഇങ്ങനെയുള്ളവര്‍ പൊതുവെ നിസ്സംഗരും നിര്‍വികാരരുമായിരിക്കുമെന്നാണ്. ബ്യൂറോപ്പതിക്കുകള്‍ സ്വയം അരക്ഷിതരും സംശയാലുക്കളും അധികാരപ്രമത്തരും വരട്ടുവാദികളും കാര്‍ക്കശ്യക്കാരും കഴിവുകുറഞ്ഞവരുമായിരിക്കും. ശരാശരിക്കാരായ ഇത്തരക്കാര്‍ സ്വന്തം അപകര്‍ഷതയെ ഒളിപ്പിക്കാന്‍,ശാസനാധികാരപ്രയോഗരീതികള്‍ അവലംബിക്കുന്നു. ദരിദ്രവും അരക്ഷിതവുമായ പശ്ചാത്തലത്തില്‍ നിന്ന് നേതൃസ്ഥാനങ്ങളിലെത്തിയാല്‍ അവര്‍ വലിയ പൊങ്ങച്ച ഗോപുരങ്ങള്‍ ഉയര്‍ത്തും. വെള്ളവസ്ത്രം മാത്രം ധരിക്കുക, അധികമാരുമായും ഊഷ്മളമായി ഇടപഴകാതിരിക്കുക, സഞ്ചരിക്കുന്ന വാഹനത്തിന്റെ ഡോര്‍ സ്വയം തുറക്കുകയോ അടയ്ക്കുകയോ ചെയ്യാതിരിക്കുക, അതിവേഗതാഭ്രമം തുടങ്ങിയവയൊക്കെ ഇത്തരക്കാരുടെ സ്വഭാവവിശേഷങ്ങളാണ്. സ്വന്തം പാര്‍ട്ടിയേയും സംഘടനാസംവിധാനങ്ങളെയും ഏറാന്‍ മൂളികളെക്കൊണ്ടു നിറയ്ക്കും. കീഴിലുള്ളവരോട് ശാസനാ രൂപത്തില്‍ പെരുമാറുന്ന വര്‍, അവരെക്കാള്‍ അധികാരമുള്ളവര്‍ക്കുമുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കും. ഇന്നേവരെ നരേന്ദ്രമോദിയെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കാതിരിക്കുന്നതിന്റെ രഹസ്യം ഇതാണ്.
മുസ്സോളിനിയേയും ഹിറ്റ്‌ലറെയും സ്റ്റാലിനെയും ‘കരിസ്മാറ്റിക്’ ആക്കിയത് അവരുടെ ശാരീരിക പ്രത്യേകതകളായിരുന്നില്ല. പുതുയുഗത്തെക്കുറിച്ചും നവനാഗരികതയെക്കുറിച്ചുമൂള്ള ഹിംസാത്മകവും വംശീയവുമായ പ്രചരണ വിസ്മയം സൃഷ്ടിച്ച മതിഭ്രമമാണ് ഇവരെ ജനക്കൂട്ടത്തിന് സ്വീകാര്യരാക്കിയത്. നരേന്ദ്രമോദി അതിമാനുഷനായത് സ്വന്തം നെഞ്ചളവ് പറഞ്ഞുകൊണ്ടാണ്. കീടഫാസിസ്റ്റാകട്ടെ, ഇരട്ടച്ചങ്കിന്റെ പേരിലും! കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരുക്കിയ, ഈച്ചയ്ക്കുപോലും കടക്കാനാവാത്ത പോലീസ് വലയത്തിനുള്ളില്‍ നിന്നുകൊണ്ട്, ് ഒരിക്കല്‍ സ്വന്തം വ്യക്തിത്വമുദ്രയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഊരിപ്പിടിച്ച വടിവാളുകള്‍ക്കും കത്തികള്‍ക്കും നടുവിലൂടെ നടന്നവന്‍’, ഈ സ്വയം പുകഴ്ത്തലില്‍ മുഴങ്ങുന്നത് ഒരു സാധാരണ തെരുവ് കൂലിത്തല്ലുകാരന്റെ ശുഷ്‌ക-ക്ഷുദ്രതയാണ്. അതുകൊണ്ടാണ്, മോദിയുടെയും കേരളത്തിലെ കീടഫാസിസ്റ്റിന്റെയും ഫാസിസത്തിന് ക്ലാസിക്കല്‍ ഫാസിസവുമായി സമാനതകളില്ലെന്നു പറയുന്നത്. രണ്ടുപേരും പുതിയതരം ഫാസിസത്തിന്റെ മൂര്‍ത്തീരൂപങ്ങളാണ്, നിഗ്രഹമൂര്‍ത്തീരൂപങ്ങള്‍!
ഇരുപതാം നൂറ്റാണ്ടിലെ രണ്ടുവിഖ്യാത തത്വചിന്തകരായിരുന്നു കാള്‍ യാസ്‌പേഴ്‌സും ഹൈഡഗറും. ഒരിക്കല്‍ യാസ്‌പേഴ്‌സ്, ഹൈഡഗറിനോട് ചോദിച്ചു: ”ഹിറ്റ്‌ലറെപ്പോലെ ഇത്ര വിദ്യാശൂന്യനായ ഒരാള്‍ക്ക് എങ്ങനെ ജര്‍മനിയുടെ ഭരണാധികാരിയാകാന്‍ കഴിയുന്നു? ഹൈഡഗറിന്റെ മറുപടി: ”വിദ്യാഭ്യാസത്തില്‍ കാര്യമൊന്നുമില്ല. ഹിറ്റ്‌ലറുടെ ആ വിസ്മയകരങ്ങളിലേക്കു നോക്കൂ, ഫുറര്‍ ആകാന്‍ മറ്റെന്തു യോഗ്യതയാണ് വേണ്ടത്!” ഇന്ന് ഹൈഡഗറുണ്ടായിരുന്നുവെങ്കില്‍, മോദിയും കീടഫാസിസ്റ്റും എങ്ങനെ ഇന്ത്യയുടെ പ്രധാനമന്ത്രിയും കേരളത്തിന്റെ മുഖ്യനുമായിരിക്കുന്നുവെന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം ഊഹിക്കാവുന്നതേയുള്ളു. ‘വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും എന്തിരിക്കുന്നു. ആ 56 ഇഞ്ച് നെഞ്ചളവ് പോരെ ഇന്ത്യഭരിക്കാന്‍; ഊരിപ്പിടിച്ച വടിവാളുകള്‍ക്കും ചോരയിറ്റുന്ന കത്തികള്‍ക്കും നടുവിലൂടെ നടന്നിട്ടുള്ള വേറെ ആരുണ്ട്, കേരളത്തെ നയിക്കാന്‍!
ജോര്‍ജ് ഓര്‍വെല്ലിന്റെ ‘ആനിമല്‍ ഫാമില്‍’ പ്രായമായ പട്ടികളുടെ കഴുത്തില്‍ ഇഷ്ടികകെട്ടി കുളത്തില്‍ മുക്കിക്കൊല്ലുന്ന ഫാം ഉടമയായ ജോണ്‍സ് ആരെയാണ് ഓര്‍മ്മിപ്പിക്കുന്നത്? മനുഷ്യയജമാനന്‍മാരില്‍ നിന്ന് ഫാമിനെ മോചിപ്പിച്ച മൃഗവിപ്ലവത്തിനു നേതൃത്വം കൊടുക്കുകയും പിന്നീട് മൃഗസോഷ്യലിസത്തിന്റെ തത്വങ്ങളെ ഓരോന്നായി അട്ടിമറിക്കുകയും ഒടുവില്‍ ഒരു തികഞ്ഞ സ്വേച്ഛാധിപതിയായി പരിണമിക്കുകയും ചെയ്ത സഖാവ് നെപ്പോളിയന്‍ ‘എല്ലാ മൃഗങ്ങളും തുല്യരാണ്’ എന്ന തത്വത്തെ ‘എല്ലാ മൃഗങ്ങളും തുല്യരാണ്’ പക്ഷെ ചില മൃഗങ്ങള്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ തുല്യരാണ്” എന്നു പരിഷ്‌കരിച്ചു. ‘സഖാവ് നെപ്പോളിയന്‍ എപ്പോഴും ശരിയാണ്’ എന്ന മുദ്രാവാക്യം ആനിമല്‍ ഫാമില്‍ സദാ മുഴങ്ങിക്കൊണ്ടിരുന്നു. ‘ആനിമല്‍ഫാം’ എന്ന നോവലിലൂടെ ജോര്‍ജ് ഓര്‍വെല്‍ ചിത്രീകരിച്ച കീടഫാസിസത്തിന്റെ രൂപാന്തരീകരണത്തിന്റെ കഥയാണിത്.
കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് – ഭാഗം 1
ഒരു കീടഫാസിസ്റ്റിൻ്റെ പിറവി – കീടഫാസിസ്റ്റിന്റെ സ്വന്തം നാട് (ഭാഗം 2)
കേരളം ഒരു ഗ്യാലറിയാകുന്നു – കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 3)
‘കണ്ണൂര്‍ മാര്‍ക്‌സിസം’ – കീടഫാസിസ്റ്റിന്റെ സ്വന്തം നാട് (ഭാഗം 5)