കേരളം ഒരു ഗ്യാലറിയാകുന്നു – കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 3)
കേരളരാഷ്ട്രീയം ഒരു ഗ്ലാഡിയേറ്ററുടെ യുദ്ധഭൂമിയും മലയാളികള്‍ കാഴ്ചപ്പറ്റങ്ങളുമാവുകയാണോ? കീടഫാസിസ്റ്റിന്റെ എതിരാളികള്‍ ചിലപ്പോള്‍ മനുഷ്യരാകാം! ചിലപ്പോള്‍, ഭരണഘടനാ സ്ഥാപനങ്ങളും മാതൃ-ശിശു സംരക്ഷണകേന്ദ്രങ്ങളും യൂണിവേഴ്‌സിറ്റികളുമാകാം! ചിലപ്പോള്‍, പിഞ്ചുകുഞ്ഞുങ്ങള്‍വരെയാകാം! മൂന്നുദിവസം പ്രായമായ, കണ്ണുചിമ്മിയിട്ടില്ലാത്ത ഒരു പിഞ്ചുകുഞ്ഞിനെ ജാതിദുരഭിമാനത്തിന്റെ പേരില്‍ തട്ടിയെടുത്ത് കടത്തിയത് കീടഫാസിസ്റ്റ് ചെയര്‍മാനായ ശിശുക്ഷേമസമിതിയാണ്.
എല്ലാ കീടഫാസിസ്റ്റുകളുടെയും വിജയം അവര്‍ക്കു മൂക്കുകയറിടാന്‍ അധികാരമുള്ള ജനതയെ മനസാക്ഷിയില്ലാത്ത കാഴ്ചക്കൂട്ടമായും രാഷ്ട്രീയ മണ്ഡലത്തെ ഗ്യാലറിയായും പരിവര്‍ത്തിപ്പിക്കുകയെന്നതാണ്. കഴിഞ്ഞ അഞ്ചരവര്‍ഷംകൊണ്ട് കേരളത്തെ ഒരു ഗ്യാലറിയാക്കി മാറ്റിയെന്നതാണ് ഈ കീട ഫാസിസ്റ്റിനെ കേരളചരിത്രത്തില്‍ നിസ്തുലനാക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയിലെ ഭരണ നേട്ടങ്ങളുടെ പട്ടിക ആരെയും അമ്പരപ്പിക്കും! സര്‍വകലാശാലകളെ നേതാക്കളുടെ ഭാര്യമാരുടെ തൊഴില്‍ശാലകളാക്കി മാറ്റി. മനുഷ്യാവകാശകമ്മീഷന്‍ മനുഷ്യാവകാശധ്വംസന കമ്മിഷനായും, ശിശു അവകാശസമിതി ശൈശവവാകാശലംഘനസമിതിയായും, ശിശു സംരക്ഷണ സമിതി ശിശുക്കടത്ത് സമിതിയായും, മലയാളം ലെക്‌സിക്കന്‍ എഡിര്‍, മംഗ്ലീഷ് ലെക്‌സിക്കന്‍ എഡിറ്ററായും, നിയമസഭാസംവാദങ്ങള്‍ ഭരണപക്ഷഗോഗ്വാവിളിയായും, ചോദ്യങ്ങള്‍ക്കുത്തരം പറയേണ്ട മുഖ്യമന്ത്രി ഉത്തരനിഷേധിയായും, നിഷ്പക്ഷ സ്പീക്കര്‍ ഭരണകക്ഷി കിങ്കരനായും, കോവിഡ് കണക്കുകളുടെ സത്യം വെളിപ്പെടുത്തേണ്ട ആരോഗ്യമന്ത്രി നുണമന്ത്രിയായും, ഉന്നതവിദ്യാഭ്യാസമന്ത്രി അധോഗമന വിദ്യാഭ്യാസമന്ത്രിയായും, മന്ത്രിമാരെല്ലാം ”ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ” ശാസനകള്‍ ചെണ്ടകൊട്ടി വിളംബരം ചെയ്യുന്ന വിദൂഷകരായും മാറിയിരിക്കുന്നു. നിയമപാലകര്‍ നിയമലംഘകരായും പാറാവുകാര്‍ കള്ളന്മാരായും മാറുന്നു.
ഭരണവൈദഗ്ധ്യമോ ചിന്താശക്തിയോ ഒരു ഗ്ലാഡിയേറ്റര്‍ക്കു വേണ്ട യാഥാര്‍ത്ഥധീരതയോ ഇല്ലാത്ത ഒരാള്‍, സ്വയം ഗ്ലാഡിയേറ്ററുടെ വേഷം കെട്ടുന്നത് സമൂഹമാകെ വെറും കാണികളുടെ കറുത്ത കമ്പളത്തിലൊളിക്കുന്നതുകൊണ്ടാണ്. റോമിലെ അടിമഗാഡിയേറ്റര്‍മാര്‍ വ്യക്തിപരമായി ധീരരും നിര്‍ഭയരുമായിരുന്നു. എന്നാല്‍, ഗ്ലാഡിയേറ്ററുടെ വേഷം കെട്ടുന്ന മുഖ്യമന്ത്രി പരമഭീരുവും ശുഷ്‌കനുമാണ്. അതുകൊണ്ടാണ്, നിരന്തരം തനിക്കുചുറ്റും വലിയ സുരക്ഷാമതിലുകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷവുമായും വിമര്‍ശകരുമായും നേരിട്ടുള്ള സംവാദത്തെ ഭയക്കുന്ന മുഖ്യമന്ത്രി ഓണ്‍ലൈനിലും ഓഫ് ലൈനിലും വലിയൊരു ന്യായീകരണ തൊഴിലാളി സേനയെ സദാ യുദ്ധസന്നദ്ധമാക്കി നിര്‍ത്തിയിട്ടുണ്ട്.
ജോര്‍ജ് ഓര്‍വെല്ലിൻ്റെ ‘ആനിമല്‍ഫാമി’ലെ സഖാവ് നെപ്പോളിയന് നേരെ ആരെങ്കിലും ചോദ്യങ്ങളുയര്‍ത്തിയാല്‍, അവരെ കുരച്ചുവിരട്ടുന്ന ഭീകരന്മാരായ കാവല്‍ നായ്ക്കളെപ്പോലെയാണ് ഈ ന്യായീകരണക്കാര്‍. എന്നെങ്കിലും കിട്ടിയേക്കാവുന്ന അപ്പക്കഷണങ്ങളുടെ രുചിയില്‍, ധിഷണാശൂന്യരും അല്പബുദ്ധികളുമായ ഈ ന്യായീകരണ വാനരസേന എവിടെയുമെപ്പോഴും വാലിളക്കിക്കൊണ്ടിരിക്കുന്നു. ആലിനുപകരം വാലുമുളച്ച ഈ ന്യായീകരണവാനരസേന, ഇ എം എസിന്റെ ഒരു ‘പ്രൗഢഗംഭീരപ്രവചന’ത്തെയാണ് അസാധുവാക്കിയത്. 1990 കളില്‍ സോവിയറ്റുചേരിയുടെ ഇരുമ്പുമതിലുകള്‍ സോപ്പു കുമിളകള്‍പോലെ ഉടഞ്ഞുകൊണ്ടിരുന്നപ്പോള്‍, ഹതാശരായ അണികളെ പിടിച്ചു നിര്‍ത്താനായി ‘ക്രാന്തദര്‍ശി’യായ തിരുമേനി ഒരു പ്രവചനം നടത്തി. ‘മനുഷ്യനില്‍ നിന്ന് കുരങ്ങിലേക്കുള്ള വിപരിണാമം പോലെ അസംഭവ്യമാണ് സോഷ്യലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള പിന്‍മടക്കം’. എന്നാല്‍ സമീപകാല കേരളത്തിലുണ്ടായ ‘്‌ന്യായീകരണ ജന്തുക്കള്‍’ എന്ന സ്പീഷീസ് ഇ എം എസിന്റെ പ്രവചനം തെറ്റിച്ചിരിക്കുന്നു. ഇതര മലയാളികളുമായി രൂപപരവും ശരീരഘടനാപരവുമായ സാദൃശ്യങ്ങളുണ്ടെങ്കിലും ഈ ന്യായീകരണ ജന്തുവംശം ചിന്താപരമായും പെരുമാറ്റപരമായും വ്യത്യസ്തരാണ്. ചിന്തയുടെയും പെരുമാറ്റത്തിന്റെയും കാര്യത്തില്‍ ഇവര്‍ക്കു കൂടുതല്‍ സൗദൃശ്യം താറാവുകളുമായിട്ടാണ്. വിരിയുന്ന താറാവുമുട്ടയ്ക്കു മുമ്പില്‍ നിന്ന് മുട്ടയിട്ട തള്ളത്താറാവിനെ മാറ്റി, അവിടെ ഒരു മനുഷ്യനെ നിര്‍ത്തിയാല്‍ വിരിഞ്ഞിറങ്ങുന്ന താറാവുകുഞ്ഞുങ്ങള്‍ ആ മനുഷ്യന്‍ തങ്ങളുടെ തള്ളത്താറാവാണെന്നു വിചാരിക്കുകയും അയാളെ അനുഗമിക്കുകയും ചെയ്യുന്നതായി പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍, ന്യായീകരണ ജീവികളെ ‘കുട്ടിത്താറാവുകള്‍’ എന്നും പറയാം. ~ഒ വി വിജയൻ്റെ ‘ധര്‍മപുരാണ’ത്തിലെ ദുഃഖമന്ത്രിയെ അനുസ്മരിച്ചുകൊണ്ട്, ഈ കുട്ടിത്താറാവുകളെ ‘രുമണ്വാന്‍’ എന്നു വിളിക്കാം. രുമണ്വാന്‍മാരും മാരികളും ചില്ലറക്കാരല്ല ! അടുത്തൂണ്‍ പറ്റിയവരും അല്ലാത്തവരുമായ പത്രക്കാരും ഉദ്യോഗസ്ഥപ്രമുഖരും കേസില്ലാവക്കീലന്മാരും തോറ്റ എം എല്‍ എമാരും വിദ്യാര്‍ത്ഥി യുവജന നേതാക്കളും പോരാളി ഷാജിമാരും ആസ്ഥാനപണ്ഡിതരും കൊട്ടാരം വിദൂഷകരും സാഹിത്യചോരന്മാരും മഹാഭാരത-രാമായണ കഥാപ്രസംഗകരുമൊക്കെയടങ്ങുന്ന ഒരു പത്മവ്യൂഹമാണ് ‘രുമണ്വാന്‍’ സേന. അകത്തുപെട്ടാല്‍ രക്ഷപെടുക അസാധ്യം. അതുകൊണ്ട്, ‘രുമണ്വാന്‍’മാരെ കരുതിയിരിക്കുക! പല ‘രുമണ്വാന്‍’മാരും പല ഉന്നതപദവികളിലുമെത്തിയിട്ടുണ്ട്. ‘രുമണ്വാന്‍’മാരുടെ സമഗ്രസംഭാവനകളെ ആദരിക്കാനായി, കൊട്ടാരത്തില്‍ ഗംഭീരപുരസ്‌കാരപ്പതക്കങ്ങളുടെയും കീര്‍ത്തിമുദ്രകളുടെയും വലിയൊരുശേഖരം തന്നെ അന്ത്യവിശ്രമം കൊള്ളുന്നതായി ശ്രുതിയുണ്ട്. തീട്ടത്തില്‍,. ‘വെള്ളനൂല്‍ക്കഷണത്തിന്റെ മെയ്യൊതുക്കത്തോടെ പറ്റിക്കിടക്കുന്ന കുലീനരായ ഇഴജീവികളാണ്’ (ധര്‍മപുരാണം PP. 31-32) ഈ ‘രുമണ്വാന്‍മാര്‍’. ‘കണ്ടിനുറങ്ങുകളില്‍’ (ധര്‍മപുരാണം P. 30), ഇരട്ടചങ്കിന്റെ കാര്‍ക്കശ്യവും കരുത്തും ദര്‍ശിക്കുന്ന ‘താര്‍ത്താരി വിജ്ഞാനികളാ’ണിവര്‍. കൂവലിലും തെറിവിളിയിലും ഡോക്ടറേറ്റുകള്‍ കരസ്ഥമാക്കിയ ഈ ‘രുമണ്വാന്‍മാര്‍’. മിലോവന്‍ ഡിജിലാസ് പറഞ്ഞ റഷ്യയിലെ ‘പുതിയവര്‍ഗ’ത്തെ ഓര്‍മിപ്പിക്കുന്നു, എന്നാല്‍, കാര്യമായൊരു വ്യത്യാസമുണ്ട്. പുതിയ വര്‍ഗത്തിന്റെ വാഴ്‌വ് അധികാരത്തിന്റെ അകത്തളങ്ങളില്‍ തന്നെയായിരുന്നു. എന്നാല്‍, കേരളത്തിലെ ‘രുമണ്വാന്‍മാര്‍’. ക്ക് കൊട്ടാരത്തിലെ അടിച്ചുതളിക്കാരുടെ സ്ഥാനമേയുള്ളു. ”തീട്ടത്തിന്റെ ഭജനക്കാരായ” (ധര്‍മപുരാണം) ‘രുമണ്വാന്‍മാര്‍’ക്ക് അതുതന്നെ ധാരാളം!
വിജയന്റെ ധര്‍മപുരാണത്തില്‍ ‘പ്രതിസന്ധി’ (അടിയന്തിരാവസ്ഥ) പ്രഖ്യാപിച്ച പ്രജാപതി, ”നിങ്ങളുടെ സ്വാതന്ത്ര്യം എന്നിലര്‍പ്പിക്കുക” എന്നാഹ്വാനം ചെയ്തതുപോലെ, വൈകിട്ടത്തെ ‘നോക്കിവായന’യെന്ന പത്രസമ്മേളനത്തില്‍, വിമര്‍ശനം വികസനം മുരടിപ്പിക്കുമെന്നും എന്റെ ഉറപ്പില്‍ വിശ്വസിക്കുവിന്‍ എന്നും ഉദ്‌ബോധിപ്പിക്കുന്നത് പതിവായിരുന്നു. കേരളത്തെ ഒരു തൂറല്‍ കോളാംബിയാക്കി സൗന്ദര്യവല്‍ക്കരിച്ചു. കോളാംബിയേന്തിയ ‘രുമണ്വാന്‍മാര്‍’ സദാ അനുഗമിച്ചു. കോളാംബി തരപ്പെടാത്തവര്‍ സ്വന്തം വായ തന്നെ തൂറല്‍കോളാംബിയാക്കി. നിഷേധികളും ധിക്കാരികളുമായവര്‍, ‘കടക്ക് പുറത്ത്’ ആക്രോശത്തിന്റെ ‘മാന്ത്രികമായ ഒരു കിടിലമറിഞ്ഞു’. (ധര്‍മപുരാണം P. 126) . ‘തീട്ടത്തിന്റെ ഇതിഹാസ വിഭ്രാന്തി ‘(ധര്‍മപുരാണം P. 226) യില്‍ മതിമറന്ന ‘രുമണ്വാന്‍മാര്‍’ കണ്ടിനുറുങ്ങിലെ ധാതുസമ്പത്തിനെക്കുറിച്ചും അപൂര്‍വലോഹസാന്നിധ്യത്തെക്കുറിച്ചുമുള്ള അഗാധ ഗവേഷണങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. കണ്ടിനുറുങ്ങുകളില്‍ യുറേനിയം, ഇറിഡിയം, റോഡിയം പോലെയുള്ള അപൂര്‍വ ലോഹങ്ങളടങ്ങിയിട്ടുണ്ടെന്ന് ചില ഗവേഷക ‘രുമണ്വാന്‍മാര്‍’ അടക്കംപറയുന്നു. ഒരു തീട്ടഗവേഷണ-പരീക്ഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന് ചില വിദഗ്ദ്ധ ‘രുമണ്വാന്‍മാര്‍’ ഉപദേശിക്കുന്നുണ്ട്. കണ്ടിനുറുങ്ങുകളിലെ അപൂര്‍വ ലോഹങ്ങളും ധാതുക്കളും വേര്‍തിരിച്ചെടുത്ത് വിദേശങ്ങളിലേക്ക് കയറ്റി അയച്ചാല്‍, വമ്പിച്ച വിദേശ നാണ്യം നേടാം. കടമെടുക്കാതെ തന്നെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്കും വേണ്ട മൂലധനം അങ്ങനെ സ്വരൂപിക്കാം. കടസമ്പദ്ഘടനയില്‍ നിന്ന് കണ്ടി സമ്പദ്ഘടനയിലേക്ക് കേരളത്തെ ഉയര്‍ത്തിയ ധനതത്വശാസ്ത്രം അങ്ങനെ ലോകത്തിനു മാതൃകയാവുകയും ചെയ്യും.
കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് – ഭാഗം 1
ഒരു കീടഫാസിസ്റ്റിൻ്റെ പിറവി – കീടഫാസിസ്റ്റിന്റെ സ്വന്തം നാട് (ഭാഗം 2)
കീടക്കോളനിയും ജീവചരിത്രശൂന്യരും- കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 4)
‘കണ്ണൂര്‍ മാര്‍ക്‌സിസം’ – കീടഫാസിസ്റ്റിന്റെ സ്വന്തം നാട് (ഭാഗം 5)