ഒരു കീടഫാസിസ്റ്റിൻ്റെ പിറവി – കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 2)

1998-ലാണ് ഈ കീട ഫാസിസ്റ്റ് ഉപജാപജാലവിദ്യയാല്‍, സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറിയായത്. അത് ഒരു കീടഫാസിസ്റ്റിന്റെ ഔപചാരിക ജന്മം മാത്രമായിരുന്നു. ക്ലാസ്സിക്കല്‍ ഫാസിസ്റ്റുകളെപ്പോലെ കരാളഗാംഭീര്യവും ആശയാദര്‍ശമൂല്യഗരിമയും സൃഷ്ടിക്കാനുള്ള ബൗദ്ധികശേഷിയില്ലാത്ത ഒരു ശുഷ്‌കവ്യക്തിയ്ക്ക് ‘കീടഫാസിസ്റ്റു’ സിംഹാസനത്തിന്റെ ആരൂഢങ്ങളുറപ്പിക്കാന്‍ എങ്ങനെ കഴിയും? അതിനുള്ളമാര്‍ഗം നരബലിയാണ്! നിസ്സാരരുടെ ചോര പോരാ, അതിന്. നിര്‍ഭയനും നിസ്വാര്‍ത്ഥനും സത്യസന്ധനുമായ ഒരു ‘കുലംകുത്തി’ തന്നെയായിരിക്കണം ലക്ഷണമൊത്ത ബലിമൃഗം. ചുമ്മാ നടന്നുപോകുന്ന മനുഷ്യരെപ്പോലും കബന്ധങ്ങളാക്കാന്‍ മത്സരിക്കുന്ന പോരാളി ഷാജിമാരുടെ ചുവപ്പുകോട്ടയില്‍ നിന്നാണ് കീടഫാസിസ്റ്റിന്റെ വരവ്. നിസ്സാരജന്മങ്ങളുടെ ചോരയില്‍ ഉറയ്ക്കുന്നതല്ല, കീടഫാസിസ്റ്റു സിംഹാസനം. അതിന് ഒരു ‘ക്ലാസ്സിക്കല്‍ റെനിഗേഡി’ന്റെ ചോരതന്നെ വേണമായിരുന്നു. മാര്‍ക്‌സിസ്റ്റു-ലെനിനിസ്റ്റു-സ്റ്റാലിനിസ്റ്റു നിഘണ്ടുവിലെ ‘റെനിഗേഡ്’ എന്ന ഇംഗ്ലീഷ് പദത്തിന് ചേരുന്ന തനി മലയാളവാക്ക്-കുലംകുത്തി-ഭാഷയ്ക്ക് സംഭാവന ചെയ്തതോടെ, സിപിഎമ്മിന്റെ മാര്‍ക്‌സിസം-ലെനിനിസം, മാര്‍ക്‌സിസം-ലെനിനിസം-കീടഫാസിസ്റ്റു ചിന്തയായി വികസിച്ചു.
കുലംകുത്തി, കുലംകുത്തി തന്നെയായതിനാല്‍ വെറും കൊലപോരാ, അരുംകൊലതന്നെ വേണം! മരിച്ചിട്ടും പിന്നെയും കൊല്ലുന്നതാണ് അരുംകൊല. ഒരൊറ്റ വെട്ടുകൊണ്ടോ, ഒരൊറ്റ വെടിയുണ്ടകൊണ്ടോ ചെയ്യാമായിരുന്ന ഒരു കൊലയെ, 51 വെട്ടുകളുടെ കൊലമാമാങ്കമാക്കിയപ്പോഴാണ് പാര്‍ട്ടി സെക്രട്ടറി ലക്ഷണം തികഞ്ഞ കീടഫാസിസ്റ്റായി മാറിയത്. സി പി എം എന്ന പാര്‍ട്ടിയില്‍ വളരെ മുമ്പുതന്നെ തുടങ്ങിയ അധോലോക-മാഫിയാവല്‍ക്കരണ വിജയത്തിന്റെ വെന്നിക്കൊടിപാറിച്ച സംഭവമാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം,
നാസിസത്തിന്റെ തകര്‍ച്ചയ്ക്കുശേഷം ന്യൂറംബര്‍ഗ് കോടതിയിലെ ഒരു കേസില്‍പോലും പ്രതിയാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്ന കാരണത്താല്‍, ഹിറ്റ്‌ലറെ കുറ്റപ്പെടുത്താനാകില്ലെന്നു നവനാസികള്‍ വാദിക്കുന്നതുപോലെ, 2002-ലെ ഗുജറാത്ത് നരഹത്യയുടെ പേരില്‍ ഏതെങ്കിലും കേസില്‍ പ്രതിയാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ നരേന്ദ്രമോദി നിരപരാധിയാണെന്ന് ഹിന്ദുഫാസിസ്റ്റുകള്‍ വാദിക്കുന്നതുപോലെ, ഗാന്ധിവധക്കേസിലെ കുറ്റപത്രത്തില്‍ പേരെടുത്തു പറയാത്തതിനാല്‍, ഗാന്ധിവധത്തില്‍ ആര്‍എസ്എസ്സിനു പങ്കില്ലെന്നു പറയുന്നതുപോലെ ഗര്‍ഹണീയമാണ്, ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎമ്മിനും അന്നത്തെ സെക്രട്ടറിക്കും പങ്കില്ലെന്നു പ്രചരിപ്പിക്കുന്നത്. ന്യൂറംബര്‍ഗ് കോടതിയില്‍ വിചാരണ ചെയ്തു ശിക്ഷിക്കപ്പെട്ടിട്ടില്ലല്ലോ എന്ന ന്യായത്തിന്റെ പേരില്‍ ആരെങ്കിലും ഹിറ്റ്‌ലറെ മാലാഖയെന്നു വിശേഷിപ്പിക്കുമോ? ഗുജറാത്ത് വംശഹത്യയുടെ മുഖ്യസൂത്രധാരകന്‍ എന്ന സംശയത്തിന്റെ നിഴല്‍ നരേന്ദ്രമോദിയെ പിന്തുടരാതിരിക്കുന്ന ഒരു ദിനമെങ്കിലുമുണ്ടാകുമോ? ആര്‍എസ്എസ് ഒരു സവര്‍ണ്ണ ഹിന്ദു ഫാസിസ്റ്റു മാഫിയ അല്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? മനുഷ്യരാശിയുടെ മനസാക്ഷി എന്ന കോടതിയില്‍ ഹിറ്റ്‌ലര്‍ എന്ന നാമം ചരിത്രത്തിലെ എക്കാലത്തെയും വലിയ കൂട്ടക്കൊലയാളിയുടെ പര്യായമായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ജനാധിപത്യമനസാക്ഷിയുടെ കോടതിയില്‍ മോദി നില്‍ക്കുന്നത് നരഹത്യയുടെ പ്രതിക്കൂട്ടില്‍ തന്നെയാണ്! അതുപോലെ, നീതിബോധമുള്ള മലയാളിയുടെ മനസാക്ഷിക്കോടതിയില്‍ ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കീടഫാസിസ്റ്റാണ്! അത് മായ്ച്ചുകളയാന്‍ ആര്‍ക്കും സാധ്യമല്ല.

ടി പി ചന്ദ്രശേഖരൻ

ഹിറ്റ്‌ലര്‍ ആത്മഹത്യയിലൂടെ വിചാരണയില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു. എന്നാല്‍, ടി പി ചന്ദ്രശേഖരന്റെ കാര്യത്തില്‍ യഥാര്‍ത്ഥസൂത്രധാരകനെന്നു സംശയിക്കപ്പെടുന്നയാള്‍ രക്ഷപ്പെടുകയും വാടക കൊലയാളികള്‍ മാത്രം ശിക്ഷിക്കപ്പെടുകയുമാണുണ്ടായത്. യഥാര്‍ത്ഥ സൂത്രധാരകനായയാള്‍ 2016-ലും 2021-ലും കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന അശ്ലീലമാണ് നാം കണ്ടത്. 2002-നുശേഷം മോദി രണ്ടുതവണ ഗുജറാത്ത് മുഖ്യമന്ത്രിയും രണ്ടുതവണ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായതുപോലെയുള്ള ഒരശ്ലീലമാണ് കേരളത്തിലും സംഭവിച്ചത്.
കൊടുംപാതകങ്ങള്‍ക്കും നിരപരാധികളുടെ നരകയാതനകള്‍ക്കും മുമ്പില്‍ ജനസാമാന്യം ഗ്യാലറികളിലെ കാഴ്ചക്കാരെപ്പോലെ നിര്‍മമരാകുന്നത് എന്തുകൊണ്ടാണ്? റോമന്‍ സാമ്രാജ്യത്വം ഗ്ലാഡിയേറ്റര്‍മാര്‍ തമ്മിലുള്ള രക്തരൂക്ഷിതയുദ്ധത്തെ ഒരു വരേണ്യവിനോദമാക്കി മാറ്റിയിരുന്നു. പരസ്പരം ഒരു ശത്രുതയുമില്ലാത്ത, പരിശീലിപ്പിക്കപ്പെട്ട അടിമഗാഡിയേറ്റര്‍മാര്‍, ഗ്യാലറികളിലെ അഭിജാത കാഴ്ചക്കാരെ ആനന്ദിപ്പിക്കാന്‍ പരസ്പരം വെട്ടുകയും മുറിവേല്‍പ്പിക്കുകയും കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഏതെങ്കിലുമൊരു ഗ്ലാഡിയേറ്റര്‍ക്കു സംഭവിക്കുന്ന മാരകമുറിവും നിലവിളിയും പ്രേക്ഷകരെ ഹര്‍ഷപുളകിതരാക്കിയിരുന്നു. പരാജിതന്റെ പതനത്തില്‍ ആഹ്ലാദിക്കുകയും വിജയിയുടെ ഹിംസയെ കൈയ്യടിച്ചും കുരവയിട്ടും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനുഷ്യമനശാസ്ത്രം ഇന്നും ഒരു പ്രഹേളികയാണ്! പക്ഷെ, കൈയ്യടിക്കുവേണ്ടിയാണെങ്കില്‍പോലും ഗ്ലാഡിയേറ്റര്‍മാര്‍ എതിരാളിയെ 51 വെട്ടുകള്‍ വെട്ടിയിട്ടില്ല! അവര്‍ കേരളത്തിലെ കീടഫാസിസ്റ്റിനോളം നിര്‍ദ്ദയരായിരുന്നില്ല.

കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് – ഭാഗം 1

കേരളം ഒരു ഗ്യാലറിയാകുന്നു – കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 3)

കീടക്കോളനിയും ജീവചരിത്രശൂന്യരും- കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 4)

‘കണ്ണൂര്‍ മാര്‍ക്‌സിസം’ – കീടഫാസിസ്റ്റിന്റെ സ്വന്തം നാട് (ഭാഗം 5)

പ്രിയ പത്രാധിപര്‍ക്ക് – ജെ രഘു എഴുതുന്ന കത്ത്