കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് – ഭാഗം 1
”കേരളത്തിലെ കീട ഫാസിസത്തെ വിമര്‍ശിക്കാന്‍ ധൈര്യമില്ലാത്തവര്‍, ഹിന്ദുഫാസിസത്തെക്കുറിച്ച് ചിലയ്ക്കരുത്.”
ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ ഹിറ്റ്‌ലര്‍, മുസ്സോളിനി, സ്റ്റാലിന്‍ എന്നീ ദുഷ്ടമൂര്‍ത്തികളിലൂടെ പ്രകാശിതമായ ഫാസിസത്തെ ‘ക്ലാസ്സിക്കല്‍ ഫാസിസം’ എന്നു നിര്‍വചിക്കാം. ‘പ്രത്യയശാസ്ത്രപരമായ ചില മിനിമം ഘടകങ്ങളുടെ’ (Fascist ideological minimum) സാന്നിധ്യമാണ് സ്വേച്ഛാധിപത്യത്തെ ക്ലാസ്സിക്കല്‍ ഫാസിസമാക്കുന്നത്. ഒരു ദേശ-വംശീയ-ജനതയുടെ മഹത്തായ പുന:സൃഷ്ടിയെന്ന മിത്തിനെ ആധാരമാക്കി രൂപം കൊള്ളുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്നാണ് ‘The Nature of Fascism’ എന്ന കൃതിയില്‍ റോജര്‍ ഗ്രിഫിന്‍ ഫാസിസത്തെ നിര്‍വചിക്കുന്നത്. എല്ലാ ഫാസിസങ്ങളുടെയും ആധാര മിത്തിന്റെ ഭാഗമായ ദേശം, വംശം എന്നിവയ്ക്കുപുറമെ വര്‍ഗം, സോഷ്യലിസം എന്നീ ആശയങ്ങളും കടന്നുവരാം. അതിനാല്‍, ക്ലാസിക്കല്‍ ഫാസിസത്തിനു ബഹുചരിത്രങ്ങളുണ്ടെന്ന് റോജര്‍ ഗ്രിഫിന്‍ പറയുന്നു. ‘നവയുഗപ്പിറവി’, ‘ലോകാവസാനം’, ‘നവമാനവന്‍’, ‘പുതുയുഗപ്പിറവിയുടെ കാഹളധ്വനി’, ‘ആര്യവംശസാമ്രാജ്യം’, ‘ദേശപുനരുത്ഥാനം’, ‘സോഷ്യലിസം’, ‘തൊഴിലാളിവര്‍ഗ സര്‍വാധിപത്യം’, ‘രക്ഷകന്‍’, ‘ഫുറര്‍’ തുടങ്ങി പ്രത്യക്ഷത്തില്‍ മഹത്തരമെന്നു തോന്നുന്ന ആശയാദര്‍ശങ്ങളുടെ പ്രദര്‍ശനം ക്ലാസിക്കല്‍ ഫാസിസത്തിന് ഒരു തരം ‘കരാളഗാംഭീര്യം’ നല്‍കുന്നു. ക്ലാസ്സിക്കല്‍ ഫാസിസത്തിന്റെ ‘കരാളഗാംഭീര്യം’, കൊടും പാതകങ്ങളെയും വംശഹത്യകളെയും കൊടുംപീഡനങ്ങളെയും സൗന്ദര്യവല്‍ക്കരിക്കുന്നതിനെക്കുറിച്ച് (Aestheticisation of Politics) വാള്‍ട്ടര്‍ ബെന്യാമിന്‍ എഴുതിയിട്ടുണ്ട്.
ചരിത്രത്തിന്റെ ഏതോ വലിയ നിയോഗം തങ്ങളില്‍ അര്‍പ്പിതമായിരിക്കുന്നുവെന്ന് ക്ലാസ്സിക്കല്‍ ഫാസിസ്റ്റുകള്‍ വിശ്വസിച്ചിരുന്നു. ‘The doctrine of Fascism’ (1932) എന്ന കൃതിയില്‍ മുസ്സോളിനി എഴുതി: ”ഈ നൂറ്റാണ്ട് വലതുപക്ഷത്തേയ്ക്ക് – ശരിയുടെ പക്ഷത്തേക്ക് – തിരിയുന്ന അധികാര പ്രമത്തതയുടെ ഫാസിസ്റ്റു നൂറ്റാണ്ടാണെന്നു വിശ്വസിക്കാനുള്ള എല്ലാ ന്യായങ്ങളും നമുക്കുണ്ട്.”
1939 ജനുവരി 30-ന് രണ്ടാം ലോകയുദ്ധാരംഭത്തില്‍- ഹിറ്റ്‌ലര്‍ ഇങ്ങനെ പ്രസംഗിച്ചു:”എന്റെ പല പ്രവചനങ്ങളും പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ക്കൂടി ഞാനൊരു പ്രവാചകനാവുകയാണ്…. യുദ്ധത്തിന്റെ ഫലം ലോകത്തിന്റെ ബോള്‍ഷെവിക്കുവല്‍ക്കരണമായിരിക്കില്ല. യൂറോപ്പില്‍ നിന്ന് ജൂതവംശത്തിന്റെ സമ്പൂര്‍ണ ഉന്‍മൂലനമായിരിക്കും യുദ്ധത്തിന്റെ സംഭാവന. ഒരു ജൂതമുക്ത ആര്യവംശ ജര്‍മനി ഞാനിതാ വാഗ്ദാനം ചെയ്യുന്നു. നാം ചരിത്രത്തിന്റെ യുഗനിര്‍ണായകമായൊരു വഴിത്തിരിവിലാണ് എത്തി നില്‍ക്കുന്നത്. ഈ യുഗനിര്‍ണായകത്വത്തിന്റെ സമസ്യകള്‍ നിര്‍ദ്ധാരണം ചെയ്യാന്‍ ഒരു അതിമാനുഷ പ്രവാചകനുമാത്രമെ കഴിയൂ. അതാണ് ഞാന്‍ ഹിറ്റ്‌ലര്‍! വലിയ പ്രവാചകവേഷം കെട്ടിയവരും കരാളഗംഭീരമായ വാഗ്ദാനങ്ങള്‍ നല്‍കിയവരുമാണ്, ക്ലാസ്സിക്കല്‍ ഫാസിസ്റ്റുകള്‍. ഈ ക്ലാസ്സിക്കല്‍ ഫാസിസ്റ്റുകള്‍ക്കു ലഭിച്ച മറ്റൊരു ആനുകൂല്യം, തങ്ങളെ പേടിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തിയും അവര്‍ക്കു മുകളിലുണ്ടായിരുന്നില്ല എന്നതാണ്. ഒരു രാജ്യവും ഒരു ജനതയും ഒന്നടങ്കം ഇവരെ അനുസരിക്കുകയും ഭയക്കുകയും ചെയ്തു.
ക്ലാസ്സിക്കല്‍ ഫാസിസത്തിന്റെ ആവിര്‍ഭാവത്തിനാവശ്യമായ ‘മിനിമം പ്രത്യയശാസ്ത്ര ഘടകങ്ങളു’ടെ അഭാവത്തില്‍ പലതരം ചെറുകിട സ്വേച്ഛാധിപത്യങ്ങളും ചരിത്രത്തിലുണ്ടായിട്ടുണ്ട്. വലിയ കോര്‍പ്പറേറ്റ്-കുത്തക വ്യവസായ സ്ഥാപനങ്ങളിലെ ഇടത്തട്ടുമാനേജര്‍മാരുടെ അധികാരപ്രയോഗങ്ങളെക്കുറിച്ച് പഠിച്ച സാമൂഹ്യശാസ്ത്രജ്ഞര്‍ ‘ക്ഷുദ്രസ്വേച്ഛാധിപത്യം’ (Petty Tyranny) എന്നൊരു സങ്കല്പം ആവിഷ്‌കരിച്ചിട്ടുണ്ട്. (Ashforth, Blake, ‘Petty Tyranny’, Human Relations, vol. 47, No.7, 1994). ഈ ക്ഷുദ്രസ്വേച്ഛാധിപതികള്‍ തങ്ങളുടെ കീഴ്ജീവനക്കാരോട് ദുരധികാരം കാണിക്കുന്നത്, സ്ഥാപനമേധാവികളുടെ പ്രീതി സമ്പാദിക്കാനോ, അവരെ പ്രീണിപ്പിക്കാനോ ആയിരിക്കും. തങ്ങള്‍ക്കു പേടിക്കാന്‍ മുകളില്‍ ആളുകളുള്ളതിനാല്‍ ക്ഷുദ്രസ്വേച്ഛാധിപത്യത്തിന് ക്ലാസ്സിക്കല്‍ ഫാസിസത്തിന്റെ കരാളഗാംഭീര്യമാര്‍ജിക്കാനാവില്ല.
സമകാലിക കേരള രാഷ്ട്രീയ പശ്ചാത്തലത്തെ അപഗ്രഥിക്കുന്നതിനുവേണ്ടി, ‘പെറ്റി റ്റിറണി’ എന്ന സംജ്ഞയെ ഞാന്‍ ‘കീടഫാസിസം’ എന്നു പരിഭാഷപ്പെടുത്തുകയാണ്. ‘ഫാസിസം’ എന്ന ‘ജീനസി’ലെ ഒരു ‘ഉപ സ്പീഷീസാ’ണ് കീടഫാസിസം. കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി പിണറായി വിജയന്‍ (സിപിഎം സെക്രട്ടറിയിലൂടെയും മുഖ്യമന്ത്രിയിലൂടെയും) കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത് കീടഫാസിസമാണ്. ക്ലാസ്സിക്കല്‍ ഫാസിസത്തിനാവശ്യമായ ‘മിനിമം പ്രത്യയശാസ്ത്രഘടകങ്ങള്‍’ ഇല്ലാത്തതുകൊണ്ടും ഹിറ്റ്‌ലര്‍-മുസ്സോളിനി-സ്റ്റാലിന്‍മാരെപ്പോലെ കരാള ഗംഭീരഭാവമാര്‍ജിക്കാനുള്ള കഴിവില്ലാത്തതുകൊണ്ടും ഈ സ്വേച്ഛാധിപതിക്ക് ശോഭിക്കാവുന്ന ‘അധിക തുംഗപദം’ വെറുമൊരു കീട ഫാസിസ്റ്റിന്റേതാണ്! ഇടതുപക്ഷത്തു നിന്നു രൂപംകൊള്ളുന്ന ഫാസിസത്തെ ചിലര്‍ ‘സോഷ്യല്‍ ഫാസിസ’മെന്നു വിശേഷിപ്പിക്കാറുണ്ട്. സ്റ്റാലിനിസ്റ്റുസ്വഭാവമുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ സ്വേച്ഛാധിപത്യ പ്രവണതകളെ ‘സോഷ്യല്‍ ഫാസിസ’മായിട്ടാണ് കണക്കാക്കിപ്പോരുന്നത്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ സോഷ്യല്‍ ഫാസിസം എന്ന പ്രയോഗവും അപ്രസക്തമാണ്. സിപിഐഎം എന്ന പാര്‍ട്ടിയും അതിന്റെ നേതാക്കളും അവലംബിക്കുന്ന രീതികളെയും മനശാസ്ത്രത്തെയും സൂക്ഷ്മമായി പരിശോധിച്ചാല്‍, അധോലോക-മാഫിയ സംഘങ്ങളുമായിട്ടാണ് അവര്‍ക്കു കൂടുതല്‍ സാദൃശ്യം ഉള്ളതെന്നുകാണാം. അതുകൊണ്ടാണ് ഞാന്‍ ‘കീടഫാസിസം’ എന്ന സംജ്ഞ ഉപയോഗിക്കുന്നത്. സിപിഎമ്മിനും അതിന്റെ നേതാവിനും മോദിയേയും ഹിന്ദുഫാസിസ്റ്റുകളെയും ഭയമാണ്. രാഹുല്‍ഗാന്ധിയും മമതാബാനര്‍ജിയും ചെയ്യുന്നതുപോലെ, മോദിയെ പരസ്യമായി വെല്ലുവിളിക്കാനുള്ള ധീരത കീടഫാസിസ്റ്റിനുണ്ടാവില്ല. കാരണം മോദി പ്രകോപിതനായാല്‍, തെറിച്ചു പോകാവുന്നത്ര ദുര്‍ബലമാണ് താന്‍ ശോഭിക്കുന്ന ‘അധിക തുംഗപദം’ എന്ന് മറ്റാരെയുംകാള്‍ നന്നായി ഈ കീടഫാസിസ്റ്റിനറിയാം.
ആശയപരമായും കീടഫാസിസത്തിന് ഹിന്ദുഫാസിസത്തോട് കാര്യമായ എതിര്‍പ്പുണ്ടാകാനിടയില്ല. കാരണം, ‘കോണ്‍ഗ്രസ്മുക്ത ഇന്ത്യ’ എന്ന ഹിന്ദുഫാസിസ്റ്റു സ്വപ്നം, കീടഫാസിസ്റ്റുകളുടെയും ഒരു ‘അടവുസ്വപ്ന’മാണ്. കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന ലക്ഷ്യസാക്ഷാത്ക്കാരത്തിന്, ഇക്കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍, ഹിന്ദു ഫാസിസ്റ്റുകള്‍ അവര്‍ക്കാകാവുന്നത്രയും ചെയ്തു. പരമാവധി മണ്ഡലങ്ങളില്‍ ഹിന്ദുഫാസിസ്റ്റുകള്‍ ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ടു ചെയ്തത്. 2011-ല്‍ 34 വര്‍ഷത്തെ ‘ഗാംങ്സ്റ്റര്‍ ഭരണ’ത്തിന്റെ അന്ത്യത്തെത്തുടര്‍ന്ന് ബംഗാള്‍ രാഷ്ട്രീയത്തില്‍ നിന്ന് തുടച്ചു നീക്കപ്പെട്ട സിപിഎമ്മിന്റെ അണികളില്‍ ഭൂരിപക്ഷവും ചേക്കേറിയത് ബിജെപിയിലേക്കാണ്. (Sourjya Bhowmick, Gangster state: The Rise and Fall of the CPI(M) in West Bengal, Macmillan, 2021). കേരളത്തില്‍ നിന്ന് ജനാധിപത്യ പ്രതിപക്ഷത്തെ തൂത്തെറിയുകയെന്ന അജണ്ടയില്‍ ഹിന്ദുഫാസിസ്റ്റുകളും കീടഫാസിസ്റ്റുകളും തുല്യപങ്കാളികളാണ്. ഈ അജണ്ട വിജയിച്ചാല്‍, ബംഗാളിലെപ്പോല 34 വര്‍ഷത്തെ ദീര്‍ഘവാഴ്ച ലഭിച്ചില്ലെങ്കിലും, ഒന്നോ രണ്ടോ തവണകൂടി അധികാരം കിട്ടുമെന്ന പ്രതീക്ഷയിലാണ് കീടഫാസിസ്റ്റുകള്‍.
പ്രിയ പത്രാധിപര്‍ക്ക് – ജെ രഘു എഴുതുന്ന കത്ത്
ഒരു കീടഫാസിസ്റ്റിൻ്റെ പിറവി – കീടഫാസിസ്റ്റിന്റെ സ്വന്തം നാട് (ഭാഗം 2)
കേരളം ഒരു ഗ്യാലറിയാകുന്നു – കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 3)
കീടക്കോളനിയും ജീവചരിത്രശൂന്യരും- കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 4)
‘കണ്ണൂര്‍ മാര്‍ക്‌സിസം’ – കീടഫാസിസ്റ്റിന്റെ സ്വന്തം നാട് (ഭാഗം 5)