പ്രിയ പത്രാധിപര്‍ക്ക് – ജെ രഘു എഴുതുന്ന കത്ത്

‘സൗന്ദര്യവിധ്വംസകമായ ഒട്ടധികം കാര്യങ്ങള്‍ ധര്‍മപുരാണത്തിലുണ്ടെ’ന്ന് ഒ വി വിജയന്‍ എഴുതിയിരുന്നു. ഒരു സമൂഹത്തെയാകെ മൂക്ക്‌പൊത്തിപ്പിടിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന മാലിന്യമലയായി ഒരു വ്യക്തി മാറുമ്പോള്‍, വ്യക്തിഹത്യയുടെ ‘കുലീന’മല്ലാത്ത ശൈലി സ്വീകരിക്കേണ്ടിവരും. രാഷ്ട്രീയത്തിലെ ഇത്തരം അശ്ലീലതകളെ അഭിസംബോധന ചെയ്യുമ്പോള്‍, ഭാഷതന്നെ ‘അശ്ലീല’മായി മാറുക സ്വാഭാവികം.
ഫാസിസമോ സമഗ്രാധിപത്യമോ ആവിര്‍ഭവിക്കാനാവശ്യമായ ചരിത്ര സാഹചര്യങ്ങളുടെ അഭാവത്തില്‍, പിണറായി വിജയന്‍ എന്ന വ്യക്തി ഒരു സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുകയും സ്തുതിപാഠകരുടെ വലിയൊരു നിര അയാളെ പൊതിയുകയും ചെയ്യുന്ന അപൂര്‍വമായൊരു അശ്ലീലതയാണ് ഇന്നത്തെ കേരളത്തില്‍ സംഭവിക്കുന്നത്. ചരിത്രത്തില്‍ നാം പരിചയിച്ചിട്ടുള്ള ഫാസിസ്റ്റുകളില്‍ നിന്നും ഏകാധിപതികളില്‍ നിന്നും ഭിന്നമായ ഈ കേരളസ്വേച്ഛാധിപതിയുടെ നിസ്സാരതയേയും പരിഹാസ്യതയേയും സൂചിപ്പിക്കാന്‍ ‘കീട ഫാസിസം’ എന്ന പ്രയോഗം ഞാനുപയോഗിക്കുന്നു. ‘പിണറായി വിജയനും കീട ഫാസിസവും’ എന്ന ലേഖനത്തില്‍, ഒരു ഉത്തമ രചനയ്ക്കാവശ്യമായ ആന്തരികപ്പൊരുത്തവും ഘടനാപരമായ കെട്ടുറപ്പും ഉള്‍പ്പടെ ഒട്ടേറെ രചനാസങ്കേതങ്ങള്‍ ഞാന്‍ മനഃപ്പൂര്‍വ്വം ലംഘിച്ചിട്ടുണ്ട്. ആക്ഷേപഹാസ്യത്തിന്റെ ‘വിലക്ഷണ’ ശൈലിയാണ് ഈ ലേഖനം പിന്തുടരുന്നത്.

ജെ രഘു

‘രാജാവ് നഗ്നനാണെ’ന്ന സത്യം വിളിച്ചുപറയുന്നത് അനുവദനീയമല്ലാത്ത പൊതുമണ്ഡലത്തില്‍, കഠിനമായ നിന്ദയും ആക്ഷേപഹാസ്യവും അനിവാര്യമാകുന്നു. രാജാവിന്റെ നഗ്നത, അടിമുടി അശ്ലീലമാണ്. പക്ഷെ, ‘തിരുവാതിര’ക്കളിയിലൂടെയും ആഭാസകരമായ പ്രചരണതന്ത്രങ്ങളിലൂടെയും ഈ അശ്ലീലത മറച്ചുവെയ്ക്കപ്പെടുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍, അശ്ലീലയാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള പ്രസ്താവനകളെ വിലകുറഞ്ഞ അശ്ലീലപ്രയോഗങ്ങളായി കാണുകയും യഥാര്‍ത്ഥ അശ്ലീലങ്ങളെ ജനകീയ കലാരൂപങ്ങളായി വാഴ്ത്തുകയും ചെയ്യുക പതിവാണ്. അശ്ലീലങ്ങള്‍ സൃഷ്ടിക്കുന്ന വിസ്മയത്തെ തകര്‍ക്കാനുള്ള ഒരുപാധിയാണ് ഹാസ്യം. അതിനാല്‍, ഹാസ്യവും അശ്ലീലമായി ഭവിക്കാം.
റോമാസാമ്രാജ്യം മുതല്‍ ഒ വി വിജയന്റെ കാലംവരെയും ആക്ഷേപഹാസ്യം ഇങ്ങനെയായിരുന്നു. വിജയന്റെ രൂക്ഷപരിഹാസത്തിനു വിധേയരായ ഇന്ദിരാഗാന്ധിയുടെയും കരുണാകരന്റെയും സ്ഥാനത്ത്, യഥാക്രമം ആര്‍ എസ് എസ്-മോദിയും സി പി എമ്മിനെ സ്വന്തം തൊഴുത്തില്‍ കെട്ടിയ പിണറായി വിജയനും വരുമ്പോള്‍, ആക്ഷേപഹാസ്യകൃതികള്‍ ക്ലാസ്സിക്കുകളാകുന്നു. അവ രസിപ്പിക്കുകമാത്രമല്ല, ചിന്തിപ്പിക്കുകയും ചെയ്യുന്നു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വായിച്ചാല്‍, ഈ ക്ലാസ്സിക്കുകള്‍, അശ്ലീല രചനകളായി മാറും. ധര്‍മപുരാണത്തിലെ ‘വക്രഭാഷണ’വും ‘അശ്ലീല’വും ചില അഭിജാത നിരൂപകരിലുണ്ടാക്കിയ ഞെട്ടലും അറപ്പും നാമോര്‍ക്കുമല്ലോ!
അധികാരത്തിന്റെ ഹാസ്യവല്‍ക്കരണത്തെ അധികാരികള്‍ക്കെപ്പോഴും ഭയമാണ്. കാരണം, ‘തിരുവാതിര’പോലുള്ള അശ്ലീലതകള്‍ സൃഷ്ടിക്കുന്ന മിഥ്യാഗോപുരങ്ങളെ അത് തച്ചുടയ്ക്കുകയും അശ്ലീലയാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ലോകപ്രശസ്ത തത്വചിന്തകരായ ഴാങ്ങ്‌ലക്‌നോസി (Macron’s Macrons)-യും അലന്‍ബാദിയോ (The Meaning of Sarkozy) യും ഫ്രഞ്ചു പ്രസിഡന്റുമാരെ കഠിനമായ ഭാഷയില്‍ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.

രാജാവ് നഗ്നനാണെന്നു തുറന്നുപറയാന്‍ പറ്റാത്ത ആഭാസകരമായ ഒരു ഭീകരത വര്‍ത്തമാന കേരളത്തെ ഗ്രസിച്ചിരിക്കുന്നു. രാഹുല്‍ഗാന്ധിയേയും നരേന്ദ്രമോദിയേയും ട്രംപിനെയും കേരളത്തില്‍ ആര്‍ക്കും ഒരു പേടിയുമില്ലാതെ പരിഹസിക്കാം! കേരളം ഇപ്പോഴും ഒരു തുറന്ന ജനാധിപത്യസമൂഹമാണെന്ന മിഥ്യാബോധമാണിത് സൃഷ്ടിക്കുന്നത്. ഈ മിഥ്യകള്‍ തകര്‍ത്തേപറ്റൂ, പരിഹസിക്കാനുള്ള അവകാശം പിടിച്ചെടുത്തുകൊണ്ടുമാത്രമെ അത് കഴിയൂ.
‘ജനശക്തി’ പിന്തുടര്‍ന്നുവരുന്ന വിശകലന- വിമര്‍ശനശൈലിയുടെ അന്തസ്സില്‍ നിന്നു കുറെഭിന്നമാണെങ്കിലും,റിപ്പബ്ലിക് പ്രത്യേകപ്പതിപ്പില്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു.

കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് – ഭാഗം 1

ഒരു കീടഫാസിസ്റ്റിൻ്റെ പിറവി – കീടഫാസിസ്റ്റിന്റെ സ്വന്തം നാട് (ഭാഗം 2)

കേരളം ഒരു ഗ്യാലറിയാകുന്നു – കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 3)

കീടക്കോളനിയും ജീവചരിത്രശൂന്യരും- കീടഫാസിസ്റ്റിൻ്റെ സ്വന്തം നാട് (ഭാഗം 4)

‘കണ്ണൂര്‍ മാര്‍ക്‌സിസം’ – കീടഫാസിസ്റ്റിന്റെ സ്വന്തം നാട് (ഭാഗം 5)