ബിഷപ്പ് ഡെസ്മണ്ട് ടുട്ടു: കറുത്തവന്റെ സുവിശേഷകാരന്‍
ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യരംഗത്തും രാഷ്ട്രീയരംഗത്തും നിറഞ്ഞുനിന്ന ബിഷപ്പ് ഡെസ്മണ്ട് ടുട്ടു തൊണ്ണുറാം വയസ്സില്‍ കഥാവശേഷനായി. വര്‍ണ്ണവെറിക്കെതിരെയുള്ള സുദീര്‍ഘമായ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ പേര് സുപരിചിതമായിരുന്നു. 1984 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ബിഷപ്പ് ടുട്ടു ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരുടെ മേധാവിത്തമവസാനിപ്പിച്ച് കറുത്തവംശക്കാര്‍ അധികാരത്തിലെത്തുമെന്ന് എണ്‍പതുകളുടെ തുടക്കത്തില്‍ത്തന്നെ പ്രവചിച്ചിരുന്നു. പീറ്റര്‍ബോത്തയുടെ ഭരണത്തില്‍ തടവിലാക്കപ്പെട്ട നെല്‍സണ്‍ മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വംശജനായ പ്രസിഡന്റായി 1994 ല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബിഷപ്പ് ടുട്ടുവിന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി. നെല്‍സണ്‍ മണ്ടേലയുടെ അടുത്ത സുഹൃത്തും ഉറച്ച അനുയായിയുമായിരുന്നു ബിഷപ്പ് ടുട്ടു.
വര്‍ണ്ണവെറിയുടെ കടുത്ത ആക്രമണങ്ങളുടെ യാതനാഭരിതമായ ജീവിതാനുഭവങ്ങള്‍ ഏറെയുള്ള ടുട്ടു എക്കാലത്തും മാനവികതയുടെയും അക്രമരാഹിത്യത്തിന്റെയും സന്ദേശവുമായാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ആതുരസേവനരംഗത്തു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചെങ്കിലും പഠനച്ചെലവു താങ്ങാനാകാത്തതിനാല്‍ അധ്യാപകവൃത്തിയിലേക്കു തിരിഞ്ഞ ടുട്ടു 1955 ല്‍ സ്‌കൂളധ്യാപകനായി. 1957 ല്‍ ജോലി രാജിവെച്ച് ദൈവശാസ്ത്രപഠനത്തിനായി ജോഹന്നസ് ബര്‍ഗിലെ ദൈവശാസ്ത്രകോളേജില്‍ ചേര്‍ന്നു. 1961 ല്‍ ആംഗ്ലിക്കന്‍ പുരോഹിതനായി. ഉപരിപഠനത്തിന് ലണ്ടനിലെത്തിയ അദ്ദേഹം കിങ്ങ്‌സ് കോളേജില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദം നേടി. 1972 മുതല്‍ 75 വരെ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ അസോസിയേറ്റ് ഡയറക്ടര്‍ പദവി വഹിച്ചു. 1975 ല്‍ ജോഹന്നസ് ബര്‍ഗ്ഗിലെ സെന്റ് മേരീസ് കത്തീഡ്രലിന്റെ ഡീനായി നിയമിതനായി. ഈ പദവിയിലെത്തുന്ന ആദ്യത്തെ ദക്ഷിണാഫ്രിക്കക്കാരനായ കറുത്ത വംശജനായിരുന്നു അദ്ദേഹം. 1976 മുതല്‍ 78 വരെ ലെസോതോവിലെ ബിഷപ്പായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

എണ്‍പതുകളില്‍ വര്‍ണ്ണവിവേചനത്തിനെതിരെ ഉയര്‍ന്ന ദൃഢതയാര്‍ന്ന ശബ്ദമായിരുന്നു ബിഷപ്പ് ടുട്ടുവിന്റേത്. അക്രമരഹിതമാര്‍ഗത്തിലൂടെ വര്‍ണ്ണവിവേചനം അവസാനിപ്പിക്കാനുള്ള പോരാട്ടം നടത്തണമെന്നദ്ദേഹം ആഹ്വാനം ചെയ്തു. ദക്ഷിണാഫ്രിക്കക്കെതിരെ ലോകരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഏറെ വിവാദത്തിനിടയാക്കിയിരുന്നു. 1986 ല്‍ ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ കറുത്തവംശജനായ ആര്‍ച്ച് ബിഷപ്പായി ടുട്ടു തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പതിനാറു ലക്ഷം അംഗങ്ങളുള്ള ദക്ഷിണാഫ്രിക്കയിലെ ആംഗ്ലിക്കന്‍ സഭയുടെ തലവനായി അദ്ദേഹം. 1990 കളുടെ തുടക്കത്തില്‍ ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനം അവസാനിപ്പിക്കാനും ജനാധിപത്യവല്‍ക്കരണപ്രക്രിയ ശക്തിപ്പെടുത്താനുമുള്ള രാഷ്ട്രീയ സമരങ്ങള്‍ ഉച്ചസ്ഥായിയിലെത്തി. എല്ലാ വംശീയ വിഭാഗങ്ങള്‍ക്കും വ്യതിരിക്തമായ ആശയഗതികള്‍ക്കും പ്രാതിനിധ്യമുള്ള ‘മഴവില്‍ രാഷ്ട്ര’മായിരിക്കണം ദക്ഷിണാഫ്രിക്ക എന്നായിരുന്നു ബിഷപ്പ് ടുട്ടുവിന്റെ നിലപാട്. അപ്പാര്‍ത്തീഡ് നില നിന്നകാലത്തെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ട്രൂത്ത് ആന്റ് റികണ്‍സിലിയേഷന്‍ കമ്മീഷന്റെ തലവനായി ബിഷപ്പ് ടുട്ടുവിനെ 1995 ല്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല നിയമിച്ചു. 2010 ഒക്‌ടോബറില്‍ പൊതു ജീവിതത്തില്‍ നിന്നു വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും തുടര്‍ന്നും ടുട്ടുവിന്റെ ഇടപെടലുകള്‍ ദക്ഷിണാഫ്രിക്കയിലും ഇതര രാജ്യങ്ങളിലും തുടര്‍ന്നുകൊണ്ടിരുന്നു.
ജനാധിപത്യം, മനുഷ്യാവകാശ സംരക്ഷണം, സഹിഷ്ണുത എന്നിവയിലൂന്നിയാണ് ബിഷപ്പ് ടുട്ടുവിന്റെ സാമൂഹ്യപ്രവര്‍ത്തനമേഖല വികസിച്ചത്. സംവാദത്തിലൂടെയും അഹിംസാമാര്‍ഗ്ഗത്തിലൂടെയും ശത്രുക്കള്‍ക്കിടയില്‍ സമാധാനം സ്ഥാപിച്ചെടുക്കുന്നതിനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. വംശീയമായ സമത്വമായിരുന്നു അദ്ദേഹത്തിന്റെ ജീവിതദര്‍ശനത്തിന്റെ കാതല്‍. വര്‍ണ്ണവിവേചനത്തോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പ് വിട്ടുവീഴ്ചയില്ലാത്തതായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന നാഷണല്‍ പാര്‍ട്ടിയെ അദ്ദേഹം താരതമ്യം ചെയ്തത് ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയോടായിരുന്നു. വംശഹത്യക്കുതുല്യമായ ഒന്നായി വര്‍ണ്ണവിവേചനത്തെയും അദ്ദേഹം കണ്ടു. വംശഹത്യ വേഗത്തില്‍ നടക്കുന്ന പ്രക്രിയയാണെങ്കില്‍ വര്‍ണ്ണവിവേചനം നടപ്പാക്കുന്നതിലൂടെ വെള്ളക്കാര്‍ കറുത്തവരെ ഭക്ഷണവും ശുദ്ധജലവും ശുചിത്വമുള്ള പരിസരവുമില്ലാത്തിടത്തേക്ക് തള്ളിമാറ്റി കൊല്ലാക്കൊല ചെയ്യുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. രണ്ടിനും ഒരേ ഫലമാണുള്ളത്.
കറുത്തവരും വെളുത്തവരും സൗഹൃദപൂര്‍ണ്ണമായി ജീവിക്കണമെന്നു സ്വപ്നം കണ്ട ബിഷപ്പ് ടുട്ടു വര്‍ണ്ണ വിവേചനത്തെ എതിര്‍ക്കുമ്പോഴും വെള്ളക്കാരോട് വംശീയമായ ശത്രുത പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ കറുത്തവരും വെളുത്തവരും തുല്യാവകാശങ്ങളുള്ളവരാവണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. കറുത്തവര്‍ക്ക് പൂര്‍ണ്ണമായ അര്‍ത്ഥത്തിലുള്ള പൗരാവകാശങ്ങള്‍ ലഭ്യമാക്കണമെന്ന് അദ്ദേഹം വാദിച്ചു. വെള്ളക്കാര്‍ക്കിടയില്‍ ഈ ആശയം പ്രചരിപ്പിക്കാനും അദ്ദേഹം നിരന്തരം ശ്രമിച്ചു. വര്‍ണ്ണവിവേചനം ഇല്ലാതായാല്‍ കറുത്തവരുടെ അടുത്ത സുഹൃത്തുക്കള്‍ വെള്ളക്കാരായിരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
യേശുക്രിസ്തു മുന്നോട്ടുവച്ച ക്രൈസ്തവതയുടെ സാരാംശത്തില്‍നിന്നാണ് ബിഷപ്പ് ടുട്ടുവിന്റെ രാഷ്ട്രീയ വീക്ഷണവും സാമൂഹ്യനിലപാടുകളും രൂപപ്പെട്ടത്. നീതിയില്ലാത്ത നിയമങ്ങള്‍ എതിര്‍ക്കപ്പെട്ടേ മതിയാവൂ എന്നദ്ദേഹം വിശ്വസിച്ചു. അനീതിയോട് രാജിയാവാന്‍ ക്രിസ്തുവിന്റെ ആശയം പിന്‍പറ്റുന്നവര്‍ക്ക് സാധ്യമല്ല എന്നദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. കറുത്തവരുടേതു മാത്രമായ രാഷ്ട്രീയ സഖ്യങ്ങളേക്കാള്‍ ബഹുവംശീയമായ ഉള്ളടക്കമുള്ള രാഷ്ട്രീയ രൂ6പീകരണങ്ങളെ പിന്തുണക്കാന്‍ ബിഷപ്പ് ടുട്ടുവിനെ പ്രേരിപ്പിച്ചതും ഉള്‍ക്കൊള്ളലിന്റേതായ ക്രൈസ്തവ ദര്‍ശനമായിരുന്നു.
ആശയപരമായി താന്‍ എവിടെ നില്‍ക്കുന്നു എന്ന് വിശദീകരിക്കാന്‍ ബിഷപ്പ് ടുട്ടു പലപ്പോഴും നിര്‍ബന്ധിതനായിട്ടുണ്ട്. താന്‍ മുതലാളിത്തത്തിന്റെ കടുത്ത എതിരാളിയാണ് എന്ന് തുറന്നു പറയാന്‍ അദ്ദേഹം മടിച്ചില്ല. ജനങ്ങളിലെ ഏറ്റവും നികൃഷ്ടമായ ചില സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് മുതലാളിത്ത വ്യവസ്ഥ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിന്റെ മറുവശം തനിക്കൊരിക്കലും കാണാനായിട്ടില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. താന്‍ ഒരു സോഷ്യലിസ്റ്റാണെന്നു വിശ്വസിച്ചിരുന്ന ബിഷപ്പ് ടുട്ടു സോവിയറ്റ് മാതൃകയിലുള്ള സോഷ്യലിസത്തെയും എതിര്‍ത്തുപോന്നു. മാര്‍ക്‌സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തിലുള്ള സോഷ്യലിസം നിരീശ്വരത്വം വളര്‍ത്തുന്നതിനാല്‍ എതിര്‍ക്കപ്പെടണം എന്നദ്ദേഹം വിശ്വസിച്ചു.
‘ആഫ്രിക്കന്‍ കമ്യൂണിസം’ എന്ന പദപ്രയോഗം ബിഷപ്പ് ടുട്ടുവിന് പ്രിയപ്പെട്ടതായിരുന്നു. ആഫ്രിക്കക്കാര്‍ അടിസ്ഥാനപരമായി ആത്മീയവാദികളായതിനാല്‍ അവര്‍ക്ക് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനസ്വഭാവമായ നിരീശ്വരവാദവുമായി എപ്പോഴും കലഹിക്കേണ്ടിവരും എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശന ബോധ്യത്തോടെ ബിഷപ്പ് ടുട്ടു സഞ്ചരിച്ച ദൂരങ്ങളത്രയും ആധുനിക ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളുടെ ഭാഗമായിരുന്നു. പ്രക്ഷുബ്ധമായ നമ്മുടെ കാലത്തിന്റെ ചുമരുകളില്‍ ബിഷപ്പ് ടുട്ടുവിന്റെ പോരാട്ടങ്ങളുടെ അടയാളങ്ങളും കാലങ്ങളോളം പതിഞ്ഞു കിടക്കുമെന്നുറപ്പാണ്.