ബിഷപ്പിന്റെ പ്രസംഗം: ചരിത്രം, വര്‍ത്തമാനം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ മാണി പയസ് ആനുകാലികങ്ങളില്‍ ചിന്തോദ്ദീപകങ്ങളായ പംക്തികള്‍ എഴുതുകയും സംവാദങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന സാമൂഹ്യ വിമര്‍ശകനാണ്.നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ മാണി പയസ് ഇപ്പോഴത്തെ വിവാദം ആളിക്കത്താതിരിക്കുന്നതിനുള്ള തന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നു. ഇതിലെ ന്യായാന്യായങ്ങള്‍ വായനക്കാര്‍ക്ക് വിടുന്നു.


2001 സെപ്റ്റംബര്‍ 11-നു അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ ആക്രമിച്ച് താലിബാനെ തുരത്തിയശേഷം ലോകത്ത് ഇസ്ലാമിസ്റ്റ് ചിന്തകളും ഇസ്ലാമോ ഫോബിക് ചിന്തകളും പരസ്പരം ഒളിഞ്ഞും തെളിഞ്ഞും ഏറ്റുമുട്ടാന്‍ തുടങ്ങി. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതും അതാണ്. അത് ബിഷപ്പ് മാര്‍ ജോസഫ് കല്ലാങ്ങാട്ടിന്റെ വാക്കുകളുടെ മാത്രം അനന്തരഫലമല്ല.
ഇസ്ലാലാമിക് തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഇസ്ലാമിസ്റ്റ് ചിന്തകള്‍ മുഖ്യമായും ഇസ്ലാമിക ഭൂരിപക്ഷമുള്ള രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് ശക്തിപ്പെട്ടത്. മുസ്ലീംകള്‍ക്കെതിരെ ഭീതിയും അനിഷ്ടവും നിറഞ്ഞ ഇസ്ലാമോഫോബിക് ചിന്തകള്‍ ശക്തമായത് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ്. ഈ രാജ്യങ്ങളില്‍ ഒട്ടേറെപ്പേര്‍ മനോരോഗ ചികിത്സകരെ കാണേണ്ട വിധത്തില്‍ ഭയം വളര്‍ന്നു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ കൂടുതലുള്ള സ്ഥലങ്ങളാണ് അമേരിക്കയും യൂറോപ്യന്‍ നാടുകളും. സ്വാഭാവികമായും ഇസ്ലാമോഫോബിയ അവരെയും സ്വാധീനിച്ചു. അവരിലൂടെ കേരളത്തിലുള്ള ബന്ധുജനങ്ങളിലും ക്രൈസ്തവ സമുദായത്തിലും അതിന്റെ അനുരണനങ്ങള്‍ എത്തി. പടിപടിയായി അതിനു ആക്കം കൂട്ടുന്ന സംഭവങ്ങള്‍ കേരളത്തില്‍ അരങ്ങേറി.

അതിലൊന്നായിരുന്നു സീറോ മലബാര്‍ സഭയുടെ മുഖപത്രത്തിന്റെയും അതുകയ്യാളുന്ന കമ്പനിയുടെയും നിയന്ത്രണം ഒരു മുസ്ലിം ബിസിനസുകാരനില്‍ വന്നുചേര്‍ന്നത്. അതിനു നിമിത്തമായത് സഭാംഗമായ ഒരു ബിഷപ്പായിരുന്നുവെന്നത് വിചിത്രമായ വസ്തുതയാണ്. ഈ ദുരവസ്ഥ സമുദായസ്‌നേഹികളെയും വൈദിക പ്രമുഖരെയും ബിഷപ്പുമാരെയും വേദനിപ്പിച്ചു. അവര്‍ വളരെ പരിശ്രമിച്ച് വന്‍തുക കണ്ടെത്തി കൊടുത്തിട്ടാണ് പത്രവും കമ്പനിയും തിരിച്ചുകിട്ടിയത്. ഒരു സ്ഥാപനത്തേക്കാള്‍ സീറോ മലബാര്‍ സഭയുടെ അഭിമാനമാണു തിരിച്ചുപിടിച്ചത്. ഒറ്റക്കാര്യം ആലോചിച്ചാല്‍ മതി. ദീപിക എന്ന പേരിനു കീഴില്‍ സഭയ്ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കും എതിരായി നിരന്തരം വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തെക്കുറിച്ച് ആലോചിച്ചു നോക്കുക. മുഖപത്രം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചവരുടെ മുന്‍നിരയില്‍ വിദേശ മലയാളികളും ഉണ്ടായിരുന്നു. ഇസ്ലാമോഫോബിയയുടെ സ്വാധീനം ഇവരില്‍ കണ്ടേക്കാം.
ബിസിനസ് രംഗത്ത് നേര്‍ക്കുനേര്‍ മത്സരം
ഗള്‍ഫ് പണത്തിന്റെ വരവോടെ കേരളത്തിലെ മുസ്ലീംകള്‍ വ്യാപാര വ്യവസായ രംഗങ്ങളില്‍ മുന്നേറി. തിരുവിതാംകൂറിലും കൊച്ചിയിലും നൂറ്റാണ്ടുകളായി രാജകീയ പിന്തുണയോടെ വളര്‍ന്ന സുറിയാനി ക്രിസ്ത്യാനി കച്ചവടക്കാര്‍ മുസ്ലീം കച്ചവടക്കാരുടെ വരവോടെ നേരിട്ടുള്ള മത്സരം അനുഭവിക്കാന്‍ തുടങ്ങി. പല മേഖലകളിലും പിന്നാക്കം പോകുന്ന അവസ്ഥയുമായി. മോഹവിലകൊടുത്ത് മുസ്ലീംകള്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ തുടങ്ങിയപ്പോള്‍ വിറ്റവരുടെ കൂട്ടത്തില്‍ സുറിയാനി ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. വന്‍തോതില്‍ ഭൂമി കൈയാളുന്ന പ്രബല സമുദായം എന്ന സ്ഥാനത്തിനു ഇടിവു തട്ടുമെന്ന അവസ്ഥയായി.
കൂനിന്മേല്‍ കുരുവെന്നപോലെ വാണിജ്യവിളകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞു. സര്‍ക്കാര്‍ ജോലികളില്‍ കയറുന്നവരുടെ എണ്ണവും കുറഞ്ഞു. ചെറുപ്പക്കാര്‍ ജോലിതേടി വിദേശ രാജ്യങ്ങളിലേക്കു കൂടുതലായി ചേക്കേറാന്‍ തുടങ്ങി. നാട്ടില്‍ വൃദ്ധജനങ്ങളും സ്ത്രീകളും കുഞ്ഞുങ്ങളും മാത്രമാകുന്ന അവസ്ഥയായി. യുവത്വത്തിന്റെ എണ്ണക്കുറവ് സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ സുറിയാനി ക്രിസ്ത്യാനികളുടെ സ്വാധീനം കുറയാന്‍ ഇടയാക്കി. ഇടുങ്ങിയ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കപ്പുറത്ത് വിശാലവീക്ഷണമില്ലാത്ത സമുദായ, രാഷ്ട്രീയ നേതാക്കള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
ആഗോളവത്ക്കരണത്തെ തുടര്‍ന്ന് ലോകത്ത് എല്ലായിടത്തും സംഭവിച്ചതുപോലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയിലും വര്‍ധിച്ചു. വന്‍കിട തോട്ടം ഉടമകളും വന്‍ ബിസിനസുകാരുമാണ് ഏറ്റവും ഉയര്‍ന്ന വര്‍ഗം. ബാക്കിയുള്ളവര്‍ ഏകദേശം ഒരേ വര്‍ഗമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വന്‍തോതില്‍ വര്‍ദ്ധിച്ചപ്പോള്‍; കോളേജ് അധ്യാപകരും, ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ അധ്യാപകരും, വിവിധ സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെട്ട സുരക്ഷിതവര്‍ഗം ഉദയംകൊണ്ടു. ഇത്തരം ജോലികള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നു മനസ്സിലാക്കിയ വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ വിദേശങ്ങളിലേക്കു കടക്കുകയും വിദേശപണം അവരുടെ കുടുംബങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇവരും സമ്പന്ന വര്‍ഗമായി മാറി. അവശേഷിച്ചവര്‍ ജീവിതപ്രശ്‌നങ്ങളില്‍ ഉഴലുന്നവരായി.
സംഘര്‍ഷങ്ങള്‍ ഉരുണ്ടുകൂടുന്നു.

ഫാദര്‍ പോള്‍ തേയിലക്കാട്ട്

താഴെത്തട്ടിലുള്ള ചെറുകിട കച്ചവടക്കാരുടെയും ചെറുകിട കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ ഒന്നിനൊന്നു വലുതാകുകയായിരുന്നു. നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് സീറോ മലബാര്‍ സഭയില്‍ ധ്യാനകേന്ദ്രങ്ങള്‍ വ്യാപകമായത്. ഇന്നു കേരളത്തില്‍ നൂറിലേറെ ധ്യാനകേന്ദ്രങ്ങളുണ്ട്. അവിടെയെല്ലാം നിര്‍ദേശിക്കുന്ന ഒറ്റമൂലി പ്രാര്‍ത്ഥനയാണ്. ധ്യാനകേന്ദ്രങ്ങളില്‍ മുട്ടുകുത്തി കരയുന്നതുകൊണ്ടുമാത്രം ഒരു സമൂഹത്തിനു നിറംമാറുന്ന ഭൗതിക പ്രശ്‌നങ്ങളില്‍ നിന്നു കരകയറുക എളുപ്പമല്ല.
വൈകിയാണെങ്കിലും ബിഷപ്പുമാരും സമുദായ നേതാക്കളും കാര്യങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ടു. ഇനിയെന്തു ചെയ്യാം എന്ന അന്വേഷണമായി. അപ്പോഴാണ് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും ക്രിസ്ത്യന്‍ സമൂഹത്തിന് അര്‍ഹമായ തോതില്‍ ലഭിക്കുന്നില്ലെന്നു കണ്ടെത്തിയത്. അതു സംബന്ധിച്ചു പഠിച്ചശേഷം ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണത്തിലുള്ള അപാകതകള്‍ക്കെതിരെ രംഗത്തുവന്നു.
ന്യൂനപക്ഷങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികളുടെ 80 ശതമാനം മുസ്ലീംകള്‍ക്കു ലഭിക്കുമ്പോള്‍ 20 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി ലഭിക്കുന്നതെന്ന കണ്ടെത്തല്‍ വലിയ പ്രതിഷേധത്തിനിടയാക്കി. സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍ നടത്തിയ ഒരു സര്‍വേയില്‍ വ്യക്തമായത് ക്രൈസ്തവരില്‍ 79 ശതമാനം ആളുകള്‍ക്കും ന്യൂനപക്ഷമെന്ന നിലയില്‍ ഒരു ആനുകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ്! ഈ വിവേചനം അവസാനിപ്പിക്കുവാന്‍ ക്രൈസ്തവസമൂഹം വിവിധ സര്‍ക്കാരുകളോട് മാറിമാറി അഭ്യര്‍ത്ഥിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ 2020 നവംബറിലാണ് പിണറായി സര്‍ക്കാര്‍ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിക്കുവാന്‍ റിട്ട ജസ്റ്റിസ് ജെ ബി കോശി അദ്ധ്യക്ഷനായി കമ്മീഷനെ നിയമിച്ചത്.
ന്യൂനപക്ഷാവകാശങ്ങളുടെ കാര്യത്തിലെന്നപോലെ സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിലും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചത് സീറോ മലബാര്‍ സഭയാണ്. 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി അതിനെതിരെ നടത്തിയ പടപ്പുറപ്പാട് മുന്നാക്ക സമുദായങ്ങളെ മൊത്തം അസ്വസ്ഥരാക്കിയെങ്കിലും ശക്തമായി പ്രതികരിച്ചത് സീറോ മലബാര്‍ ബിഷപ്പുമാരാണ്.
ഇങ്ങനെ രണ്ടു വിഷയങ്ങളിലാണ് സീറോ മലബാര്‍ സഭയും മുസ്ലീം നേതൃത്വവും പരസ്പരം നേര്‍ക്കുനേര്‍ വന്നത്. എന്നാല്‍ ചില മുസ്ലീം പ്രസ്ഥാനങ്ങള്‍ സീറോ മലബാര്‍ സഭയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സഭ അകത്തുനിന്നും പുറത്തു നിന്നും പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടങ്ങളിലെല്ലാം തങ്ങളുടെ പാനല്‍ എഴുത്തുകാരിലൂടെ വിഷയം ഏകപക്ഷീയമായി അവതരിപ്പിച്ച് പൊതുസമൂഹത്തില്‍ പ്രതികൂലാഭിപ്രായം രൂപപ്പെടുത്താന്‍ ചില മുസ്ലീം പ്രസിദ്ധീകരണങ്ങള്‍ നിരന്തരം ശ്രമിച്ചിരുന്നു. ഇതിനെ അവഗണിച്ചു മുന്നേറുമ്പോള്‍ രണ്ടു പ്രധാന പ്രശ്‌നങ്ങളില്‍ മുസ്ലീം സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന വലിയ പാര്‍ട്ടി എതിര്‍പക്ഷത്തു വന്നത് സമുദായങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചു. ഇസ്ലാമോഫോബിയക്ക് കൂടുതല്‍ ഇടം ലഭിച്ചു.
വര്‍ഗീയ, തീവ്രവാദ, രാഷ്ട്രീയം മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലും സ്വാധീനം ചെലുത്താന്‍ തുടങ്ങിയതിന്റെ പരിണിതഫലമായി ഇതിനെ കാണാം. ഇക്കാര്യത്തെക്കുറിച്ച് സി പി എം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീവ്രവാദികള്‍ മുസ്ലീം സമുദായത്തിലെ ന്യൂനപക്ഷമായിരിക്കെത്തന്നെ ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്ന അപകടകരമായ നിലയിലേക്കു വളരുന്നതിന്റെ സൂചനയാണിത്.
മുസ്ലീം തീവ്രവാദികള്‍ കേരളത്തില്‍ സാന്നിധ്യം അറിയിച്ചത് സീറോ മലബാര്‍ സഭാംഗമായ പ്രൊഫ. റ്റി ജെ ജോസഫിനെ നിഷൂരമായി ആക്രമിച്ചു കൈവെട്ടിക്കൊണ്ടാണ്. ഭീകരവാദികള്‍ എപ്പോഴും ആഗ്രഹിക്കുന്നത് തങ്ങളെക്കുറിച്ച് ഭയം ജനിക്കണമെന്നാണ്. സീറോ മലബാര്‍ സഭാംഗങ്ങളില്‍ ഇസ്ലാമോ ഫോബിയ വളരാന്‍ ഈ ആക്രമണം കാരണമായി.
ഓരോ ആക്രമണം നടത്തുമ്പോഴും തീവ്രവാദികള്‍ ഭയത്തോടൊപ്പം മറുപക്ഷത്തുനിന്ന് അതിരുകടന്ന പ്രതികരണവും ലക്ഷ്യമിടുന്നു. പ്രതികരണം കണ്ണടച്ചുള്ള തിരിച്ചടിയാകുമ്പോള്‍ നിഷ്പക്ഷരായ ജനങ്ങളുടെ അഭിപ്രായം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരേ വിജയകരമായി പയറ്റുന്ന തന്ത്രമാണിത്. എന്നാല്‍ തങ്ങളുടെ ഒരംഗത്തിനു സംഭവിച്ച ദുരന്തത്തില്‍ സീറോ മലബാര്‍ സഭ പ്രതികരിച്ചില്ല എന്നു മാത്രമല്ല, ക്രൈസ്തവ തീവ്രവാദിയായ ഒരു യുവ വൈദികന്‍ പ്രൊഫ ജോസഫിനെ കുറ്റപ്പെടുത്തിക്കൊണ്ട് എഴുതുകയും ചെയ്തു. ഈ ക്രൂരതകളുടെ ഒടുവില്‍ പ്രൊഫ ജോസഫിന്റെ പത്‌നി ആത്മഹത്യ ചെയ്തു.
ശക്തിചോരുന്നത് തടയാനുള്ള ശ്രമം.

ദീപിക പത്രംവാങ്ങിയ വ്യവസായി ഫാരിസ് അബൂബക്കറും ഫാദര്‍ റോബിന്‍ വടക്കുംചേരിയും

പ്രൊഫ ജോസഫിന്റെ കാര്യത്തില്‍ തന്ത്രപരമായ നിലപാട് അവലംബിച്ച സീറോ മലബാര്‍ സഭ ഒരു പ്രത്യേക മതവിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രണയവും മയക്കുമരുന്നും ഉപയോഗിച്ച് തങ്ങളുടെ പെണ്‍കുട്ടികളെ വലവീശിപ്പിടിച്ച് മതം മാറ്റുകയും തീവ്രവാദത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു എന്ന ആരോപണവുമായി രംഗത്തുവന്നതിനു കാരണം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന തിരിച്ചറിവായിരിക്കണം. സമുദായത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി മനസിലാക്കുവാനുള്ള സംവിധാനം സഭയ്ക്കുണ്ട്. അതിനാല്‍ പ്രണയം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാകാന്‍ വഴിയില്ല. ഇരകള്‍ പരാതിപ്പെടാന്‍ തയ്യാറാവാത്തതു മൂലമാവണം വ്യാപകമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തത്. കേസുകള്‍ രജിസ്റ്റര്‍ ചെയ്താലേ അപ്രകാരമൊരു സംഗതി നടക്കുന്നുവെന്ന് സര്‍ക്കാരിനു പറയാനാവൂ. ബിഷപ്പ് സംസാരിച്ചത് സഭാസംവിധാനത്തിലൂടെ തനിക്കു കിട്ടിയ വിവരം അനുസരിച്ചാണ്.
ഈ വിവരങ്ങളോടൊപ്പം അന്തര്‍ദേശീയ തലത്തിലുണ്ടായ സംഭവങ്ങളും ഇസ്ലാമോഫോബിയ വളര്‍ത്തുന്നതായിരുന്നു. 2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ പള്ളികളില്‍ നടന്ന ബോംബാക്രമണങ്ങളാണ് ഒരു സംഭവം. ടര്‍ക്കിയിലെ ഹാഗിയ സോഫിയ ബസിലിക്ക മോസ്‌ക് ആക്കിയതാണ് മറ്റൊരു സംഭവം. ക്രിസ്ത്യന്‍ മനസുകളെ വേദനിപ്പിച്ച ഈ സംഭവത്തെ പുകഴ്ത്തിക്കൊണ്ട് ഒരു മുസ്ലീം ദിനപത്രത്തില്‍ പ്രമുഖ വ്യക്തി ലേഖനം എഴുതിയത് മുറിവ് കൂടുതല്‍ വലുതാക്കി.
ഇവയുടെ പ്രതിഫലനങ്ങള്‍ സോഷ്യല്‍ മീഡിയയിലുണ്ടായി. മുസ്ലീം ഗ്രൂപ്പുകളെപ്പോലെ ക്രിസ്ത്യന്‍ ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയില്‍ ശക്തമായി. ഈ ഗ്രൂപ്പുകളില്‍ വൈദികരും കന്യാസ്ത്രീകളും പങ്കുചേരാന്‍ തുടങ്ങി.
സഭയുടെയും സമുദായത്തിന്റെയും ശക്തി കുറയുന്നത് ജനസംഖ്യയില്‍ സംഭവിച്ച ഇടിവു മൂലമാണെന്ന ചിന്ത സഭാനേതൃത്വത്തിന്റെ ഉള്ളില്‍ ശക്തമായിട്ട് കുറച്ചുകാലമായി. അതിന്റെ ഫലമായി കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നതിനു പ്രോത്സാഹനം നല്‍കണമെന്ന തീരുമാനമുണ്ടായി. അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദിസ ബിഷപ്പ് വന്ന് നടത്തും എന്ന പ്രഖ്യാപനമുണ്ടായത് ഈ പശ്ചാത്തലത്തിലാണ്. അതുപോരെന്നു തോന്നിയപ്പോള്‍ ചില രൂപതകള്‍ പുതിയ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു. അഞ്ചു കുട്ടികളുള്ള വീട്ടിലെ കുട്ടികളുടെ പഠനത്തിനു സഹായവും ആനുകൂല്യങ്ങളും നല്‍കുന്നതുപോലുള്ള കാര്യങ്ങള്‍. പാലാ ബിഷപ്പ് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കു പുറമെ സഭയുടെ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്ന കാര്യവും വാഗ്ദാനം ചെയ്തു. ആ പ്രഖ്യാപനം വാര്‍ത്തയായെങ്കിലും വിവാദമായില്ല. അതിനുശേഷം പ്രണയവും മയക്കുമരുന്നും സംബന്ധിച്ചു നടത്തിയ ഉദ്‌ബോധനമാണ് വിവാദമായത്.
ഭീകരരെക്കുറിച്ചുള്ള ഭയം കുഴപ്പത്തില്‍ ചാടിക്കുന്നതാകരുത്. അങ്ങനെ സംഭവിച്ചാലും വിജയം ഭീകരരുടേതാകും. യുവാല്‍ നോവ ഹരാരി ഭീകരരുടെ തന്ത്രത്തെ ഒരു ചെറുപ്രാണി സ്ഫടികക്കട തകര്‍ക്കുന്നതിനോടാണ് ഉപമിച്ചിട്ടുള്ളത്. ചെറിയ സ്ഫടിക സ്പൂണ്‍ തകര്‍ക്കാനുള്ള ശേഷിപോലും ആ പ്രാണിക്കില്ല. എന്നാല്‍, ലക്ഷ്യം നേടാന്‍ അതൊരു മാര്‍ഗം കണ്ടെത്തി. പ്രാണി ഒരു കാളക്കൂറ്റന്റെ ചെവിക്കുള്ളില്‍ കടന്നു മൂളാന്‍ തുടങ്ങി. ഭയവും ദേഷ്യവും കൊണ്ട് കാളയ്ക്കു വിറളി പിടിച്ചു. അത് ഓടിപ്പാഞ്ഞുവന്നു സ്ഫടികപാത്രക്കട തകര്‍ത്തു. സീറോ മലബാര്‍ സഭ എന്നല്ല, ഒരു സഭയും സമുദായവും ഭീകരരാകുന്ന ചെറുപ്രാണിയുടെ തന്ത്രത്തില്‍ കാളക്കൂറ്റന്‍ ആകാന്‍ പാടില്ല. കേരളമാകുന്ന സ്ഫടികക്കട തകരാനും പാടില്ല.
ബോംബ് സ്വയം നിര്‍വീര്യമാകട്ടെ
സംഭാഷണങ്ങളിലൂടെയാണു പരസ്പരം ധാരണ സൃഷ്ടിക്കാനാവുക. നല്ല പ്രസംഗകനാകാന്‍ പഠിപ്പിക്കുന്നതുപോലെ നല്ല കേള്‍വിക്കാരനാകാനും ചെറുപ്പത്തിലേ പഠിപ്പിക്കണമെന്ന അവസ്ഥയില്‍ സമൂഹം എത്തിയിരിക്കുന്നു. എന്താണു പറയുന്നത് എന്നു കേള്‍ക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് എന്തുകൊണ്ട് അങ്ങനെ പറയുന്നുവെന്ന് മനസിലാക്കുന്നതും. ബിഷപ്പ്മാര്‍ കല്ലാങ്ങാട്ട് പറഞ്ഞത് വിവാദമാക്കിയവര്‍ അദ്ദേഹം എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് അന്വേഷിക്കാന്‍ മെനക്കെട്ടില്ല. ആ ബാധ്യത സര്‍ക്കാരിന്റെ തലയില്‍ വച്ച് ഭാഷ്യങ്ങള്‍ ചമയ്ക്കുകയാണു മാധ്യമങ്ങളും ചില രാഷ്ട്രീയ പാര്‍ട്ടികളും ചെയ്തത്.
ഈ വിഷയത്തില്‍ ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ തന്നെ ചിന്താക്കുഴപ്പങ്ങളുണ്ടായി. സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ക്ലിമീസ് വിളിച്ചുചേര്‍ത്ത സര്‍വമത സമ്മേളനത്തില്‍ ഇതു പ്രതിഫലിച്ചു. സീറോ മലബാര്‍ സഭയുടെ ബിഷപ്പുമാര്‍ ആരും അതില്‍ പങ്കെടുത്തില്ല. സീറോ മലങ്കരസഭ, കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടതിന്റെ 91-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലും സീറോ മലബാര്‍ സഭാ മേലദ്ധ്യക്ഷന്മാരുടെ സാന്നിധ്യം ഉണ്ടായില്ല. സീറോ മലബാര്‍ സഭയുടെ മെത്രാപ്പോലീത്ത ആയിരുന്ന മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ നല്‍കിയ പിന്തുണയാണ് പുനരൈക്യം സാധ്യമാക്കിയതെന്ന ചരിത്രസത്യം ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്.
ഇതേസമയം, ബിഷപ്പ് മാര്‍കല്ലാങ്ങാട്ടിനു പൂര്‍ണ പിന്തുണയുമായി സീറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ രംഗത്തുവന്നു. വിവാദവിഷയത്തില്‍ സീറോ മലബാര്‍ സഭയ്ക്കു യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നാണ് കമ്മീഷന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ”കേരള സമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫലപ്രദമായി അന്വേഷിക്കണമെന്നു” കമ്മീഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇത്തരം തിന്മകള്‍ക്കെതിരെ സന്ധിയില്ലാസമരം തുടരുമെന്നും വ്യക്തമാക്കി. കോഴിക്കോട്ടു ചേര്‍ന്ന മുസ്ലീം മതസംഘടനകളുടെ യോഗം ബിഷപ്പ് കല്ലാങ്ങാട്ട് വിവാദപ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു.
ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളില്‍ നിന്ന് പിന്നാക്കം പോവുന്നില്ലെങ്കിലും പ്രശ്‌നം അവസാനിപ്പിച്ചതായാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പ്രതിപക്ഷം എന്തുപറഞ്ഞാലും സര്‍ക്കാര്‍ അനങ്ങാപ്പാറനയം അവലംബിച്ച് വിവാദബോംബ് സ്വയം നിര്‍വീര്യമാകുന്നതു കാത്തിരിക്കുകയാണ്.
വിവാദംകൊണ്ട് സീറോ മലബാര്‍ സഭയ്ക്ക് രണ്ടു ഗുണമുണ്ടായി. സഭ നല്‍കിയ മുന്നറിയിപ്പ് സഭാംഗങ്ങളെയെല്ലാം മനസില്‍ കടന്നുവെന്നത് ഒരുകാര്യം. ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ സഭയിലെ ആരാധനാക്രമവിവാദം ആളിക്കത്തിയില്ല എന്നതു മറ്റൊരു കാര്യം.

കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും പാലാ ബിഷപ്പും

ചെമ്പുപാത്രത്തിലെ നാണയത്തുട്ടുകള്‍
തീവ്രവാദം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നു കരുതേണ്ടതില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ തിരിച്ചുവരവ് ഈ മേഖലയില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തമാക്കും. താലിബാന്‍ നല്ല ഭീകരന്‍, ഐ എസ് ചീത്ത ഭീകരന്‍ എന്ന യു എസ് ഭരണകൂടത്തിന്റെ പട്ടിക തിരിവ് അപകടകരമാണ്. താലിബാന്‍ എന്ന ‘നല്ല ഭീകരന്‍’ 20000 കോടി ഡോളറാണ് മയക്കുമരുന്നു കച്ചവടത്തിലൂടെ നേടിയത്. അമേരിക്കയ്ക്ക് അതൊന്നും അറിയാഞ്ഞിട്ടല്ല. പിടിച്ച പുലിവാല് വലിച്ചെറിഞ്ഞ് ഓടിപ്പോകുമ്പോള്‍ നടത്തിയ പ്രസ്താവനയെന്നു മനസിലാക്കിയാല്‍ മതി.
ഭീകരവാദികളെ നേരിടാന്‍ ഇന്റലിജന്‍സ് സംവിധാനങ്ങളൂടെ കുറ്റമറ്റ ഉപയോഗവും രഹസ്യ നടപടികളുമാണു വേണ്ടത്. ഭീകരരെ പിന്തുണയ്ക്കുന്ന സാമ്പത്തിക സ്രോതസുകള്‍ നൂറുശതമാനവും അടയ്ക്കണം. മനുഷ്യനു ശ്വസിക്കാന്‍ ഓക്‌സിജന്‍ പോലെയാണു ഭീകരപ്രവര്‍ത്തനത്തിനു പണം. പണമില്ലെങ്കില്‍ പ്രണയവും പ്രലോഭനവും മയക്കുമരുന്നും ഒരു പണിയും നടക്കില്ല. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കണം. വോട്ടുബാങ്ക് രാഷ്ട്രീയം വെടിഞ്ഞ് രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കണം.
വലിയ ചെമ്പുപാത്രത്തിലെ നാണയത്തുട്ടുകള്‍ അനങ്ങുമ്പോള്‍ ഒച്ചയുണ്ടാക്കുന്നതിനോടാണ് ഭീകരരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ഹരാരി ഉപമിച്ചിട്ടുള്ളത്. ഭീകരരെ ഭയപ്പെടുകയല്ല വേണ്ടത്. അവരുടെ സ്വാധീനശക്തി വളരാതെ നോക്കുകയാണ്. അതിന് അവര്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തെ വിശ്വാസത്തിലെടുക്കുകയും അതിലെ യഥാര്‍ത്ഥ മതേതരവാദികളെയും മിതവാദികളെയും പിന്തുണയ്ക്കുകയുമാണ്.