നഗ്ന

നഗരത്തിരക്കില്‍ നിന്നുയര്‍ന്നു നില്ക്കുന്ന ഒരു അപാര്‍ട്ടുമെന്റിലെ പതിനാലാം നിലയിലുള്ള ഫ് ളാറ്റില്‍ നഗ്നയും നിരാലംബയുമായ നിരാമയ എന്ന സ്ത്രീ, അല്ലെങ്കില്‍ പെണ്‍കുട്ടി എത്രയും സാധാരണമായ അവരുടെ ജീവിതം അനുഭവിച്ചു വരുന്നു.
ഇതാ, ഒരു ദിവസത്തെ തിരക്കുകള്‍ക്കു ശേഷം ലിഫ്റ്റിലേറി നഗരജീവികള്‍ക്ക് സാധാരണമായ തിരക്കോടെ നിരാമയ പതിനാല് എന്ന അക്കത്തില്‍ വിരലമര്‍ത്തുന്നു. പതിനാലാം നിലയിലെത്തിയ അവള്‍ 14 ഉ എന്ന ഫ്‌ളാറ്റിലേക്ക് തികച്ചും യാന്ത്രികമായി, ‘എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍’ എന്ന് ഉദീരണം ചെയ്തുകൊണ്ട് നടന്നുപോകുന്നു.

ഫ്‌ളാറ്റിന്റെ വാതില്‍ തുറന്ന് അകത്തു കടന്ന ശേഷം തിടുക്കത്തില്‍ കുറ്റിയിട്ട്, അത് ശരിക്കും വീണിട്ടുണ്ടോ എന്ന് ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തി നിരാമയ അവളുടെ സ്വാതന്ത്ര്യത്തിലേക്ക് സ്വയം വിക്ഷേപിക്കുന്നു. അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഓരോന്നായി അഴിച്ച് മേശമേലേക്ക് അവള്‍ എറിയുകയാണ്. ചെറിയ വൈരക്കല്‍ മൂക്കൂത്തിപോലും അഴിച്ചുമാറ്റുന്നു. തിളക്കമുള്ള സ്റ്റിക്കര്‍ പൊട്ടു കൂടി മാറ്റിയതോടെ അവള്‍ ആഭരണങ്ങളില്‍ നിന്ന് പൂര്‍ണമുക്തയായെന്ന് പറയാം.
അടുത്തതായി നിരാമയ അവളുടെ വസ്ത്രങ്ങളില്‍ നിന്ന് മോചിതയാകുന്നു. അവസാനത്തെ അടിവസ്ത്രവും അഴിച്ചുമാറ്റിയശേഷം ആശ്വാസനിശ്വാസമുതിര്‍ത്തുകൊണ്ട് അവള്‍ കിടക്കയിലേക്ക് വീഴുകയായി. ഇപ്പോഴും നിരാമയ, എന്തിനീ ചിലങ്കകള്‍ എന്ന് എന്തിനെന്നില്ലാതെ ഉരുക്കഴിക്കുന്നുണ്ട്.
പ്രസിദ്ധമായ ഒരു ഐടി കമ്പനിയിലാണ് നിരാമയക്ക് ജോലി. വലിയ ശമ്പളവും മറ്റാനുകൂല്യങ്ങളും അവള്‍ കൈപ്പറ്റുന്നുണ്ട്. ഇതേ നഗരത്തില്‍, ജോലി ചെയ്യുന്ന സ്ഥാപനത്തിന് കുറേക്കൂടി അടുത്തുള്ള ഒരിടത്താണ് അവളുടെ വീട്. അച്ഛനും അമ്മയും മൂത്ത സഹോദരനുമാണ് ആ വീട്ടിലുള്ളത്. സഹോദരന്‍ മെര്‍ച്ചന്റ് നേവിയില്‍ എഞ്ചിനീയര്‍ ആയതിനാല്‍ മിക്കപ്പോഴും അവിടെ ഉണ്ടാകാറില്ല. ഫലത്തില്‍ അടുത്തൂണ്‍ പറ്റിയ അമ്മയും അച്ഛനും മാത്രമാണ് അവിടെയുള്ളത്. എന്നിട്ടും അതേ നഗരത്തില്‍ മറ്റൊരു ഫ്‌ളാറ്റില്‍ താമസിക്കാന്‍ നിരാമയ തീരുമാനിച്ചത് എന്തുകൊണ്ടാവാം?
നിരാമയ അച്ഛനമ്മമാരുമായി പിണക്കത്തിലാണെന്ന് തോന്നുന്നില്ല. അവധിദിവസങ്ങളില്‍ ഡ്രൈ ഫ്രൂട്ട്‌സോ, മറ്റു സമ്മാനങ്ങളോ വാങ്ങി സന്തോഷത്തോടെ അവള്‍ അവരെ ചെന്നുകാണാറുണ്ട്. മുടക്കമില്ലാതെ എല്ലാ ഞായറാഴ്ചകളിലും നിരാമയ എത്തും. എന്നാല്‍ ഒരിക്കലും ആ സന്ദര്‍ശനം അര മണിക്കൂറിനപ്പുറം നീണ്ടുനില്ക്കാറില്ല.

ഈ ഘട്ടത്തില്‍ കഥയിലേക്ക് ഒരു കല്യാണബ്രോക്കര്‍ കടന്നുവരുന്നു. അയാള്‍ പറയുന്നതെന്താണെന്ന് നമുക്ക് കേള്‍ക്കാം.
ഞങ്ങളുടേത് കുറ്റിയറ്റുകൊണ്ടിരിക്കുന്ന ഒരു തൊഴിലാണ്, സാറേ. നിങ്ങള്‍ക്കറിയാം, ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റുകള്‍ വന്നശേഷം ഞങ്ങളെപ്പോലെയുള്ളവരുടെ പരിതാപകരമായ അവസ്ഥ. വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍ തീരെ അടുപ്പിക്കാറില്ല. എന്തിന്! എഴുത്തും വായനയും അറിയാത്തവര്‍ പോലും ഇപ്പോള്‍ നെറ്റുവഴിയാണ് കാര്യങ്ങള്‍ നടത്തുന്നത്. ഇതിനൊക്കെ ഒരു മറുവശമുണ്ട്. യന്ത്രങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതല്ല എല്ലാം. അതിനെക്കുറിച്ച് കൂടുതല്‍ പറയാനുള്ള സമയമല്ല ഇത്.
പഴയ കാലത്താണെങ്കില്‍ ബ്രോക്കര്‍മാരെക്കൊണ്ട് ഇപ്പോള്‍ രാമചന്ദ്രന്‍ സാറിന് പൊറുതിമുട്ടിയേനേ. അദ്ദേഹത്തിന്റെ മക്കള്‍ക്ക് രണ്ടുപേര്‍ക്കും നല്ല ജോലിയല്ലേ? സാറിന്റെയും മാഡത്തിന്റെയും പെന്‍ഷന്‍ വകയില്‍ തന്നെ നല്ല തുക കിട്ടുന്നുണ്ടാവും. പെന്‍ഷന്‍പറ്റിയപ്പോള്‍ കിട്ടിയ പണവും അനക്കാതെ ബാങ്കില്‍ത്തന്നെ കാണും. കൂടാതെ കുടുംബസ്വത്തുക്കളുടെ കാര്യമോ! നന്നായിരിക്കട്ട്…..
സാറിന്റെ മോള്‍ നിരാമയയെയും മോന്‍ അഭിഷേകിനെയും കൊച്ചു കുട്ടികളായിരിക്കുമ്പോഴേ എനിക്കറിയാം. നല്ല പിള്ളേരാണ്. അതുപിന്നെ അങ്ങനെയല്ലേ വരൂ! സാറും മാഡവുമെല്ലാം അങ്ങനെയല്ലേ ജീവിക്കുന്നത്! ഏതു കുടുംബത്തിലും ചെന്നുകയറാന്‍ യോഗ്യതയുള്ള കുട്ടികളാണ്. കാണാനും കൊള്ളാം. വലിയ ശമ്പളമുള്ള ജോലിയുമുണ്ട്. ഇനിപ്പിന്നെ എന്തര് വേണം?
അങ്ങനെയാണ് ഞാന്‍ സാറിനെ കാണാന്‍ ചെന്നത്. സാറ് കാപ്പികുടി കഴിഞ്ഞ്, ചാരുകസേരയില്‍ കിടന്ന് പാട്ടുകേള്‍ക്കുകയായിരുന്നു. വിശ്രമസമയമാണ് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ പറ്റിയത്.
വലിയ പ്രതീക്ഷയായി എനിക്ക്.
എന്നെ കണ്ടപ്പം തന്നെ രാമചന്ദ്രന്‍ സാറിന് കാര്യം മനസ്സിലായെന്ന് തോന്നുന്നു. ഗൗരവം വിടാതെ, എന്നാല്‍ സന്തോഷത്തോടെ തന്നെ അദ്ദേഹം എന്നെ കസേരയിലേക്ക് ക്ഷണിച്ചു. അകത്തേക്ക് നോക്കി കുടിക്കാന്‍ എന്തെങ്കിലും കൊണ്ടുവരാന്‍ ഉറക്കെ വിളിച്ചു പറയുകയും ചെയ്തു.
ഏതാനും വാക്കുകളില്‍ കുശലപ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചിട്ട് ഞാന്‍ നേരേ കാര്യത്തിലേക്ക് തന്നെ കടന്നു. അപ്പോഴേക്കും പഴച്ചാര്‍ നിറച്ച ഗ്ലാസ്സുമായി മാഡവും എത്തി.
രണ്ടുപേരുടെയും മുഖത്ത് പെട്ടെന്നു പടര്‍ന്ന കരുവാളിപ്പ്, ഇത്തരം അനേകം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള എനിക്ക് കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് സൂചന തന്നു.
കൃഷ്ണന്‍ നായര്‍ ജ്യൂസ് കുടിക്കെന്ന്, അദ്ദേഹം പറഞ്ഞു.
മധുരമുള്ള പഴച്ചാര്‍ ഒരു കവിള്‍ നുകര്‍ന്നുകൊണ്ട് ഞാന്‍ പറഞ്ഞു, സാറ് ഭാഗ്യവാനാണെന്ന്.
ഓ, ഞാനത്ര ഭാഗ്യവാനൊന്നും അല്ലെന്നായി അദ്ദേഹം.
സാറിനെന്തര് ഭാഗ്യക്കൊറവ്. മക്കള്‍ക്ക് രണ്ടുപേര്‍ക്കും നല്ല ജോലി. നാട്ടില് നല്ലയാളെന്ന് പേര്. പിള്ളാരെക്കുറിച്ചും ആരും ദൂഷ്യം പറയൂല്ല. പിന്നെ എന്തര് വേണം! ഇനി നേരം വൈകിക്കാതെ പിള്ളാരക്ക് നല്ലടത്തൂന്ന് ഓരോ സമ്മന്തമൊറപ്പിക്കണം.
ഇതൊന്നുമല്ല ഭാഗ്യമെന്ന് അദ്ദേഹം ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
മകള്‍ക്ക് ഇരുപത്തിയേഴ് വയസ്സായെന്നും മകന് ഇരുപത്തിയൊമ്പത് വയസ്സായെന്നും അദ്ദേഹം പറഞ്ഞപ്പോള്‍, പിന്നെന്തരിന് സാറേ വെച്ചോണ്ടിരിക്കണതെന്ന് ഞാന്‍ ചോദിച്ചെങ്കിലും സാറ് മറുപടിയൊന്നും പറഞ്ഞില്ല. അതൊന്നും നടക്കുല കൃഷ്ണന്നായരേയെന്ന് പറയുക മാത്രം ചെയ്തു.

കൂടുതല്‍ കുത്തിക്കുത്തിയൊന്നും ഞാന്‍ ചോദിച്ചില്ല. മനുഷ്യരല്ലേ, പുതിയ കാലത്തെ പിള്ളാരല്ലേ, അവരെക്കുറിച്ച് നമുക്കൊന്നും പറയാന്‍ പറ്റൂല.
എന്നാലും ഞാന്‍ കാര്യങ്ങള്‍ അന്വേഷിക്കാതിരുന്നില്ല. അപ്പോഴാണ് അറിയുന്നത് ആ കൊച്ചേതോ ഫ്‌ളാറ്റിലാണ് താമസമെന്ന്. എന്നാല്‍ തന്തേരടുത്തും തള്ളേരടത്തും പെണക്കമാണോ എന്ന് തെരക്കിയപ്പം അങ്ങനെയൊന്നുമില്ലെന്നാണ് അറിഞ്ഞത്. കൊച്ച് വീട്ടില്‍ വരണതിന് ഞാനും സാക്ഷി തന്നെ.
അപ്പപ്പിന്നെ എന്തായിരിക്കും? മനസ്സില്‍ പലതും തെളിഞ്ഞെങ്കിലും ഞാനായിട്ട് ഒന്നും പറയണില്ല. പറയണത് ശരിയുമല്ല. എങ്കിലും ഒരു കാര്യം ഞാന്‍ പറയാം. പണത്തിന്റെ മദം! ഇല്ലെങ്കില്‍ ഇവിടെ ഒരു വലിയ വീട് ഇങ്ങനെ കിടക്കുമ്പം എന്തിനിങ്ങനെ വാടകക്കെട്ടിടത്തില്‍ കെടക്കണത്?
ഇനി കഥയിലൂടെ നമ്മള്‍ സഞ്ചരിക്കുന്നത് റീജാ ജോണിനൊപ്പമാണ്.
സുന്ദരിയും നിരാമയയുടെ ഏറ്റവും അടുപ്പമുള്ള കൂട്ടുകാരിയുമാണ് റീജ. രണ്ടുപേരും ഒരേ പ്രായക്കാര്‍. ഒരേ കമ്പനിയില്‍ ജോലിചെയ്യുന്നവര്‍.
റീജ സ്വന്തം വീട്ടിലെ സ്വീകരണമുറിയിലിരുന്ന് ഉയര്‍ന്ന പോലീസ് ഉദ്യാഗസ്ഥര്‍ക്കു മുന്നില്‍ കൊടുക്കുന്ന മൊഴിയുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ വായിക്കാം. നിരാമയ ഫ്‌ളാറ്റില്‍ മരിച്ചുകിടന്നതായി കാണപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തിന്റെ ഭാഗമാണ് ഈ മൊഴിയെടുക്കല്‍.
റീജ പറയുന്നു:
ഓഫീസില്‍ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് നിരാമയ. ഇവിടെ ജോയിന്‍ ചെയ്ത ദിവസം തന്നെ ഞാന്‍ അവളെ പരിചയപ്പെട്ടു. എല്ലാക്കാര്യങ്ങളിലും വളരെ ഹെല്‍പ്പ്ഫുള്‍ ആയിരുന്നു അവള്‍. ഓഫീസിലെ സ്‌ട്രെസ്സിനിടയില്‍ എനിക്ക് വലിയ റിലീഫായിരുന്നു നിരു. ആള്‍ പൊതുവേ സീരിയസ്സായിരുന്നു. പക്ഷെ നമ്മളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും, ഷീ വാസ് വെരിമച്ച് കണ്‍സേണ്‍ഡ്.
നിരാമയ ഫ്‌ളാറ്റില്‍ ഒറ്റക്കാണ് താമസിക്കുന്നതെന്നും, എന്നാല്‍ അവളുടെ പാരന്റ്‌സ് അധികം അകലെയല്ലാതെ ഒരു വീട്ടില്‍ താമസിക്കുന്നുണ്ടെന്നും ആദ്യമായി അറിഞ്ഞപ്പോള്‍ എനിക്ക് അതിശയം തോന്നി. ഇത്ര മെച്വേര്‍ഡ് ആയ ഒരു കുട്ടി എന്താണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
ഇക്കാര്യം ഞാന്‍ നിരുവിനോട് ചോദിച്ചപ്പോഴൊക്കെ അവള്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. എന്നാല്‍ ഞാന്‍ പിന്മാറിയില്ല. അത് അവളുടെ സ്വകാര്യതയെന്ന് ഞാന്‍ വിട്ടുകൊടുത്തില്ല. അങ്ങനെ എന്റെ ശല്യം സഹിക്കാനാവാത്തതിനാലാവാം ഒടുവില്‍ വീക്കെന്‍ഡില്‍ അവളുടെ ഫ്‌ലാറ്റില്‍ ചെന്നാല്‍ കാര്യങ്ങള്‍ പറയാമെന്ന് നിരു സമ്മതിച്ചു.
നിരാമയയുടെ ഫ്‌ളാറ്റില്‍ പോകാന്‍ ഇതിനുമുമ്പ് ഞാന്‍ താല്പര്യം പ്രകടിപ്പിച്ചപ്പോഴൊക്കെ അവള്‍ ഒഴിഞ്ഞുമാറുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവളില്‍ നിഗൂഢമായ എന്തോ ഉണ്ടെന്ന് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന പല കാര്യങ്ങളിലൊന്നാണ് ഇത്. ഒഴിഞ്ഞുമാറ്റങ്ങളും കനത്ത അന്തര്‍മുഖത്വവും നിരു അപ്രാപ്യയായ ഒരു വ്യക്തിയാണെന്ന് പലപ്പോഴും തോന്നിപ്പിച്ചു.
പറഞ്ഞതുപോലെ ഉച്ചക്ക് കൃത്യം രണ്ട് മുപ്പതിന് തന്നെ ഞാന്‍ നിരുവിന്റെ കാളിംഗ്‌ബെല്ലില്‍ വിരലമര്‍ത്തി.
ചിന്തയില്‍ മങ്ങിയ ഒരു മന്ദസ്മിതത്തോടെ അവള്‍ വാതില്‍ തുറന്നു. നിരാമയ അടിവസ്ത്രങ്ങള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ. മനോഹരമായ ഡിസൈനര്‍ ബ്രായിലും മുത്തുകള്‍ കൊണ്ട് ചിത്രപ്പണികള്‍ ചെയ്ത പാന്റീസിലും അവള്‍ ജ്വലിച്ചു. അസ്വാഭാവികത ഭാവിക്കാതെ, തികച്ചും സ്വാഭാവികമെന്ന തരത്തിലായിരുന്നു അവളുടെ ബോഡി ലാംഗ്‌വേജ്. ഞാനും അസ്വാഭാവികത ഭാവിച്ചതേയില്ല.
എനിക്കെതിരെ സോഫയില്‍ നിരാമയ ഇരുന്നപ്പോള്‍ അവളുടെ ഉടലളവുകളില്‍ അഭിരമിക്കുകയായിരുന്നു ഞാന്‍. അവള്‍ മനോഹരമായി അണിഞ്ഞൊരുങ്ങിയിരുന്നു. ഉടലില്‍ നിന്നും പരന്ന പെര്‍ഫ്യൂമിന്റെ മധുര സുഗന്ധം ആസക്തിയുടെ അലകളുതിര്‍ത്തു.
ഒരു മിനിട്ട് എന്നു പറഞ്ഞ് നിരാമയ അകത്തേക്കുപോയി. തിരികെ വന്നത് രണ്ട് സ്ഫടികപ്പാത്രങ്ങളില്‍ ഐസ്‌ക്രീമും മറ്റൊരു പാത്രത്തില്‍ കാഷ്യൂനട്ട്‌സും വച്ച ട്രേയുമായാണ്. എന്നാല്‍ വിചിത്രമായ കാര്യം അവള്‍ ഇപ്പോള്‍ അടിവസ്ത്രങ്ങള്‍ കൂടി ഉപേക്ഷിച്ചിരുന്നുവെന്നതാണ്.
മറ്റൊരു മുതിര്‍ന്ന പെണ്ണിന്റെ നഗ്നത ആദ്യമായി കാണുകയായിരുന്നു ഞാന്‍.
ഞാനിരുന്നിരുന്ന സോഫയില്‍ എനിക്കരികിലായാണ് അവള്‍ ഇരുന്നത്. അവള്‍ ഒരു ലെസ്ബിയനാണോയെന്ന് സ്വാഭാവികമായും ഞാന്‍ സംശയിച്ചു. ഞാന്‍ സാധാരണഗതിയില്‍ ഒരു ലെസ്ബിയനല്ല. എന്നാല്‍ ഈ അവസരത്തില്‍ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. ഞാന്‍ അവളെ ഗാഢമായി ആലിംഗനം ചെയ്യുകയും ചുണ്ടുകളില്‍ ചുംബിക്കുകയും ചെയ്തു.
അവള്‍ എതിര്‍പ്പൊന്നും കാണിച്ചില്ല. എന്നാല്‍ താല്പര്യമില്ലെന്ന സൂചന അവളുടെ മരവിപ്പിലൂടെ എന്നെ ബോദ്ധ്യപ്പെടുത്തി. ചമ്മലോടെ ഞാന്‍ പിന്മാറി.
ആരും ഒന്നും മിണ്ടിയില്ല. കുറച്ചുനേരം അങ്ങനെ പോയി.
ഐസ്‌ക്രീം അലിഞ്ഞുപോകും എന്നു പറഞ്ഞുകൊണ്ട്, അവള്‍ ട്രേ എനിക്കുനേര്‍ക്ക് നീട്ടി. ഞങ്ങള്‍ കുറേശ്ശെ ഐസ്‌ക്രീം നുകരുവാന്‍ തുടങ്ങി.
നിരാമയ ചെറിയ ഒച്ചയില്‍ അവള്‍ ഒരു ലെസ്ബിയനൊന്നുമല്ലെന്ന് സ്ട്രയിറ്റായിത്തന്നെ പറഞ്ഞു. സോറിയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ഇറ്റീസ് ഓള്‍റൈറ്റ്, റീജയെന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ എന്ന് പറയുകയും എന്റെ കവിളില്‍ മുത്തമിടുകയും ചെയ്തു. ഞാന്‍ ഇങ്ങനെ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുന്നത് ബിക്കാസ് അയാം മോര്‍ കംഫര്‍ട്ടബിള്‍ വൈല്‍ ബീയിംഗ് സോ എന്ന് നിരു പറഞ്ഞു.
അന്ന് ഞങ്ങള്‍ ആദ്യമായും അവസാനമായും സെക്‌സില്‍ ഏര്‍പ്പെട്ടു. സത്യത്തില്‍ അവളെ മനസ്സിലായില്ലെങ്കിലും എല്ലാം മനസ്സിലാക്കുന്നുവെന്നാണ് അപ്പോള്‍ അവളോട് ഞാന്‍ പറഞ്ഞത്.
നിരാമയ പറഞ്ഞു, ഒരു ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ വസ്ത്രങ്ങളണിയാന്‍ അവള്‍ വിപ്രതിപത്തി കാണിച്ചിരുന്നുവെന്ന്. പല കുട്ടികളും അങ്ങനെ ആണല്ലോ! അതിനാല്‍ ആരും അത് കാര്യമാക്കിയില്ല. പിന്നെ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ആര് പ്രാധാന്യം കല്പിക്കുന്നു! കുട്ടികള്‍ മുതിര്‍ന്നവരുടെ അടിമകളല്ലേ? അവള്‍ ക്രമേണ മറ്റു കുട്ടികളെപ്പോലെ വസ്ത്രങ്ങളണിഞ്ഞ് ജീവിച്ചു.
എന്നാല്‍ കൗമാരകാലത്തോടെ ഉള്ളില്‍ സപ്രസ് ചെയ്തിരുന്ന കാര്യങ്ങള്‍ വലിയ തള്ളലോടെ പുറത്തേക്കുവരാന്‍ തുടങ്ങി. നഗ്നതയുടെ നിഷ്‌കളങ്കതയെക്കുറിച്ചും അതിലെ സത്യത്തെക്കുറിച്ചും നിരാമയ നിരന്തരം ചിന്തിക്കാന്‍ തുടങ്ങി. തരം കിട്ടുമ്പോഴൊക്കെ നഗ്നയായിരിക്കുക അവള്‍ ശീലമാക്കി.
ആയിടയ്ക്ക് അവളെ നഗ്നയാക്കുവാന്‍ അകന്ന ബന്ധത്തില്‍ പെട്ട ഒരമ്മാവന്‍ ശ്രമിച്ചത് നിരാമയയുടെ ജീവിതത്തിലെ പൊള്ളുന്ന ഒരേടാണ്. അവള്‍ക്ക് നഗ്നയായിരിക്കാനുള്ള കമ്പം അയാള്‍ എങ്ങനെയോ മനസ്സിലാക്കിയിരുന്നു. അത് പറഞ്ഞ് അവളെ ഭീഷണിപ്പെടുത്തുകയും പലപ്പോഴും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. നഗ്നതയോടുള്ള അവളുടെ കൂറ് പുറത്തറിഞ്ഞാല്‍ ജീവിതം തന്നെ ഇല്ലാതായിപ്പോകുമെന്ന് നിരാമയ ഭയപ്പെട്ടു. അല്ലെങ്കില്‍ അത്തരം ഒരു ഭയപ്പാട് അമ്മാവന്‍ അവളില്‍ പടര്‍ത്തി. അവളെ അയാള്‍ നഗ്നയാക്കുന്നത് നിരാമയക്ക് സന്തോഷമായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ലൈംഗികചര്യകളെ അവള്‍ വെറുക്കുകയും ചെയ്തു. ഇത് അമ്മാവനില്‍ വലിയ തോതിലും നിരാമയയില്‍ ചെറിയ തോതിലൂം ആശയക്കുഴപ്പത്തിന് കാരണമായി.
സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയാല്‍ സ്വന്തം മുറിയില്‍ കതകടച്ചിരുന്ന് പഠിക്കുക എന്നത് നിരാമയ ശീലമാക്കി. നഗ്നയായി, സ്വതന്ത്രയായി അവള്‍ പഠനത്തില്‍ മുഴുകി. പഠനത്തിന്‍ വലിയൊരു കുതിപ്പാണ് ഇക്കാലത്ത് നിരാമയ നടത്തിയത്. പതിനഞ്ചാം റാങ്കില്‍ നിന്ന് നിരാമയ മൂന്നാം റാങ്കിലെത്തി. പെട്ടെന്നുള്ള ഈ കുതിപ്പ് എല്ലാവരെയും സന്തോഷിപ്പിച്ചു.
എന്നാല്‍ വാതിലടച്ചിരുന്നുള്ള ഈ പഠനം ശരിയല്ലെന്ന് അവളുടെ സഹോദരന്‍ അഭിഷേക് അഭിപ്രായപ്പെട്ടു; അതും അസാധാരണമാംവിധം ശക്തമായി. സാധാരണ ഇത്തരം കാര്യങ്ങളില്‍ ഇടപെടാത്ത ചേട്ടന്‍ എന്താണിങ്ങനെയെന്ന് നിരാമയ സംശയിച്ചു. അച്ഛന്‍ ഇതൊന്നും അത്ര കാര്യമാക്കിയില്ലെങ്കിലും അമ്മ മകന്റെ ഭാഗത്ത് ചേര്‍ന്ന് നിരാമയയെ പലപ്പോഴും വിചാരണചെയ്യുവാന്‍ തുടങ്ങി. നിരാമയ ആദ്യമൊക്കെ അവഗണിക്കുവാന്‍ ശ്രമിച്ചു. ദിവസം കഴിയുന്തോറും അമ്മയുടെയും അഭിഷേകിന്റെയും എതിര്‍പ്പിന്റെ ശക്തി വര്‍ദ്ധിച്ചു.
ഇതിന്റെ തുടര്‍ച്ചയായാണ് നിരാമയ അറിയാതെ, അവളുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിക്കപ്പെടുന്നത്. അതോടെ എല്ലാം വെളിച്ചത്തായി. നിരാമയ അപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ ആയിരുന്നു. അവളെ നിരവധി സൈക്കോളജിസ്റ്റുകളുടെയും സൈക്യാട്രിസ്റ്റുകളുടെയും മുന്നില്‍ വീട്ടുകാര്‍ ഹാജരാക്കി. നിരാമയ പതറിയില്ല. തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ് അവള്‍ സംസാരിച്ചത്. നിഷ്‌കളങ്കവും സത്യവുമായ കാര്യം നഗ്നതയാണെന്ന് അവള്‍ വാദിച്ചു. അതിനെ ഭയപ്പെടുകയും മറച്ചുവയ്ക്കുകയും ചെയ്യുന്നവരാണ് അബ്‌നോര്‍മല്‍ എന്നായിരുന്നു അവളുടെ പതറാത്ത നിലപാട്.
പിന്നെ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. വീട് നരകതുല്യമായി. ഇതിനിടെ നിരാമയ ഒരു പ്രണയത്തില്‍ വീണു. കാമുകന്റെയും അവളുമടെയും നഗ്നതയോടുള്ള സമീപനം വ്യത്യസ്തമായതിനാല്‍ മാത്രം അത് തകര്‍ന്നു. പല കോംപ്രമൈസുകള്‍ക്കും തയാറായെന്നും എന്നാല്‍ അയാളെ സംബന്ധിച്ച് അവള്‍ വെറുമൊരു നിംഫ് എന്ന കാഴ്ചപ്പാടായിരുന്നുവെന്നും നിരാമയ പറഞ്ഞിട്ടുണ്ട്.
നിരാമയയുടെ ജീവിതം അധികമധികം ഏകാന്തമായി. അവള്‍ അതിനെ സ്വന്തം നഗ്നത കൊണ്ട് നിറക്കുവാന്‍ ശ്രമിച്ചു.
നിരാമയക്ക് കാംപസ് പ്ലേസ്‌മെന്റിലൂടെ ജോലി ശരിയായി. അതോടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് അവള്‍ സ്വന്തം നഗ്നതയുടെ ഫണം വിടര്‍ത്തിയാടി. അച്ഛനമ്മമാരോട് വിടപറഞ്ഞ് സ്വന്തം ഫ്‌ളാറ്റില്‍ താമസവുമായി.
ഇതൊക്കെയാണ് നിരാമയ എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍.
എല്ലാ വീക്കെന്‍ഡിലും ഞാന്‍ അവളുടെ വീട്ടില്‍ എത്താറുണ്ട്. അവള്‍ എപ്പോഴും നഗ്നയായിരിക്കും. ഞാന്‍ വസ്ത്രം ധരിച്ചിട്ടുണ്ടാവും. ആദ്യത്തെ ദിവസമല്ലാതെ ഞങ്ങള്‍ സെക്‌സ് പ്ലേ നടത്തിയിട്ടില്ല. അവള്‍ എന്റെ നല്ല കൂട്ടുകാരിയായിരുന്നു. ഞങ്ങള്‍ പരസ്പരം മനസ്സിലാക്കിയിരുന്നു.
ഇപ്പോള്‍ അവള്‍ ഫ്‌ളാറ്റില്‍ മരിച്ചു കിടക്കുകയാണ്. ഒരിക്കലും നിരാമയ ആത്മഹത്യ ചെയ്യുകയില്ല എന്നാണ് എന്റെ ഉറച്ച വിശ്വാസം. ശവശരീരത്തില്‍ വസ്ത്രങ്ങള്‍ അണിഞ്ഞിട്ടുണ്ട് എന്നതും പൊരുത്തക്കേടായി ഞാന്‍ കാണുന്നു.
ഇതില്‍ കൂടുതലായി ഈ വിഷയത്തില്‍ എനിക്ക് ഒന്നും തന്നെ ബോധിപ്പിക്കുവാനില്ല.
പോലീസിന് മൊഴി കൊടുത്തതിന്റെ മൂന്നാംനാള്‍ റീജാ ജോണ്‍ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്നതായി കാണപ്പെട്ടു. കൈത്തണ്ടയിലെയൂം കഴുത്തിലെയൂം മൂന്നു മുറിവുകളിലൂടെ ഒഴുകിപ്പരന്ന ചോരയുടെ മണം വീടിലാകെ പരന്നിരുന്നു. മൃതദേഹം പൂര്‍ണനഗ്നമായിരുന്നു.
നിരാമയയുടെ മരണവും റീജയുടെ മരണവും പരസ്പരം പ്രതിബിംബിപ്പിക്കുന്ന തരത്തില്‍ സമാനമാണ്. രണ്ടിലും മൂന്നു മുറിവുകള്‍. എന്തിന് മുറിവുകളുടെ ആഴവും വലിപ്പവും പോലും ഒരുപോലെ. രണ്ടു മരണങ്ങളും സംശയങ്ങളുണര്‍ത്തുന്നവ. ആത്മഹത്യയെന്ന് പൂര്‍ണമായും ഉറപ്പിക്കാനാവാത്തവ. ഒരു മൃതദേഹം മാത്രം നഗ്നം എന്നത് ഒരു പൊരുത്തക്കേടായി അവശേഷിക്കുകയും ചെയ്യുന്നു.
റീജയുടെ മൃതദേഹത്തിന് അവകാശികള്‍ എത്തിയില്ല. ഇലക്ട്രിക്ക് ക്രിമിറ്റേറിയത്തില്‍ ആ യാത്ര അവസാനിച്ചു.