ശതകോടീശ്വര ഭരണം

(Games Crabtree The BILLIONAIRE RAJ, Harper Collins Publishers India, New Delhi. 2018 )

പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന സര്‍ തോമസ് മൂര്‍ (Utopia യുടെ കര്‍ത്താവ്) പറഞ്ഞു, എല്ലാ സാമൂഹ്യവ്യവസ്ഥകളും ധനികരുടെ ഗൂഢാലോചനയാണെന്ന്. എന്തുകൊണ്ടു ജനാധിപത്യ വ്യവസ്ഥയിലും ജനങ്ങളുടെ താല്പര്യങ്ങള്‍ക്കു വിരുദ്ധമായ നയങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന അധികാരികളെ ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുക്കുന്നു എന്ന ചോദ്യം നമ്മുടെ രാജ്യത്തു ഇപ്പോഴും പ്രസക്തമാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ, അന്‍പതുകളില്‍ വി കെ കൃഷ്ണമേനോന്‍ പറയുമായിരുന്നു: ”India is a rich country of poor people”. പതിനേഴാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി കച്ചവടത്തിനുവേണ്ടി ഇന്ത്യയില്‍ വന്നിറങ്ങിയപ്പോള്‍ ലോകരാജ്യങ്ങളില്‍ താരതമ്യേന ഇന്ത്യ സമൃദ്ധരാജ്യമായിരുന്നു. 1947 ല്‍ ബ്രിട്ടന്‍ ഇന്ത്യവിട്ടുപോയപ്പോള്‍ അതു ലോകരാജ്യങ്ങളില്‍ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരുന്നു.
ഒന്നാമത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് ഇന്ത്യയുടെ വികസനത്തെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു: Socialistic Pattern of Society. സ്വകാര്യ മുതലാളിത്തത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പൊതുമേഖലയില്‍ വന്‍തോതില്‍ ഉല്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും വന്‍കിട വ്യവസായങ്ങള്‍ക്കു പ്രാമുഖ്യം നല്‍കി സമ്പദ്‌വ്യവസ്ഥയെ ആധുനികവല്ക്കരിക്കുകയും ചെയ്യുക എന്നതു അതിന്റെ കാതലായ അംശമായിരുന്നു.
പക്ഷേ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥന്മാരെയും ഗ്രസിച്ച അഴിമതിയെന്ന ഭൂതം നെഹ്‌റുവിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരി ക്കുന്നതിനു തടസ്സമായിരുന്നു. 1990 ആയപ്പോഴേയ്ക്കും സമ്പദ്‌വ്യവസ്ഥയില്‍ രൂക്ഷമായ പ്രതിസന്ധിയുണ്ടായി. രാജ്യത്തിന്റെ കരുതല്‍ സ്വര്‍ണ്ണശേഖരം ഇംഗ്ലണ്ടില്‍കൊണ്ടുപോയി വില്‌ക്കേണ്ട ഗതികേടുണ്ടായി. നരസിംഹറാവു പ്രധാനമന്ത്രി ആയതോടെ ഗവണ്‍മെന്റ് നയത്തില്‍ അടിസ്ഥാന വ്യതിയാനമുണ്ടായി. നിയോ ലിബറല്‍ ചിന്താഗതിയും വാഷിങ്ടണ്‍ കോണ്‍സെന്‍സസും ഇന്ത്യന്‍ ഗവണ്‍മെന്റിനു സ്വീകാര്യമായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ചൈനയിലെ മുതലാളിത്ത വികസനവും ഇന്ത്യയില്‍ സോഷ്യലിസമെന്ന കാഴ്ചപ്പാടുതന്നെ അനാകര്‍ഷകമാക്കി.
അതിനുശേഷം ഇന്ത്യയില്‍ വികസനത്തിനു ആക്കം ലഭിച്ചു എന്നതു വസ്തുതയാണ്. പക്ഷേ അഴിമതിയും കെടുകാര്യസ്ഥതയും കുടുംബവാഴ്ചയും കോണ്‍ഗ്രസ്സിന്റെ ജനപിന്തുണ നഷ്ടപ്പെടുത്തി. ഹിന്ദുത്വ ദേശീയതയെന്ന മുദ്രാവാക്യം ഉയര്‍ത്തി ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നു. ആഗോളീക രണത്തിന്റെ പശ്ചാത്തലത്തില്‍ ഉദാരവല്ക്കരണം, സ്വകാര്യവല്ക്കരണം, ആഗോളവല്ക്കരണം എന്നിവ പുതിയ വലതുപക്ഷ വര്‍ഗ്ഗീയ ശക്തികളുടെ പ്രധാന മുദ്രാവാക്യമായിക്കഴിഞ്ഞിരിക്കുന്നു.
ബിജെപി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ രൂപാ നോട്ടുകള്‍ പിന്‍വലിച്ചു മോണിട്ടൈസേഷന്‍ (വിറ്റുകാശാക്കുക) നടപ്പിലാക്കി. കള്ളപ്പണം വെളുപ്പിക്കാന്‍ ആ അവസരം ഉപയോഗിച്ച എത്രയോ ധനികര്‍ നമ്മുടെ നാട്ടിലുണ്ട്. ജി എസ് റ്റി നടപ്പിലാക്കിയതുകൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ”ആത്മനിര്‍ഭര്‍” എന്ന മുദ്രാവാക്യം മുഴക്കുകയും വിദേശ മൂലധനത്തിനു വാതില്‍ മലര്‍ക്കെ തുറന്നുവയ്ക്കുകയും ചെയ്തിരിക്കുന്ന ഗവണ്‍മെന്റാണിത്.
ഇപ്പോള്‍ നാം കേള്‍ക്കുന്നതു മോണിട്ടൈസേഷന്‍ എന്ന മുദ്രാവാക്യമാണ്. എന്നുവച്ചാല്‍ പൊതുജനസ്വത്തെല്ലാം കാശാക്കിമാറ്റുക. കോണ്‍ഗ്രസ് ഗവണ്‍മെന്റും ഇതു നടപ്പിലാക്കിയിരുന്നു. സ്വകാര്യവല്ക്കരണത്തിനുള്ള പുതിയ പേരാണിത്. ഇതു വിറ്റുകാശാക്കല്‍ അല്ലെന്നും ”നടത്തിപ്പ്” സമര്‍ത്ഥരായ സ്വകാര്യ ഏജന്‍സികളെ ഏല്പിക്കുക മാത്രമാണെന്നും ഗവണ്‍മെന്റിന്റെ വിശദീകരണമുണ്ട്. നടത്തിപ്പുകാര്‍ക്കു ജീവനക്കാരെ നിയമിക്കുന്നതില്‍ സംവരണതത്ത്വം പാലിക്കണമെന്നില്ല. സേവനങ്ങള്‍ക്കു അവര്‍ നിശ്ചയിക്കുന്ന നിരക്കു ജനങ്ങള്‍ അംഗീകരിക്കണം. സോഷ്യലിസ്റ്റുവ്യവസ്ഥയാണു നമ്മുടേതു എന്നു ഭരണഘടനയില്‍ എഴുതിവച്ചിരിക്കുന്നത് അവിടെ ഇരുന്നുകൊള്ളട്ടെ.
അങ്ങനെ, സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ ഇപ്പോള്‍ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ ഉള്ള രാജ്യമായി മാറിയിരിക്കുന്നു. സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന തട്ടിലുള്ള ഒരു ശതമാനം പേര്‍ക്കു രാജ്യത്തിലെ സമ്പത്തിന്റെ 55 ശതമാനം സ്വന്തമായിട്ടുണ്ടത്രെ. ധനികരും, ദരിദ്രരും തമ്മിലുള്ള വിടവിന്റെ കാര്യത്തില്‍ ഇന്ത്യയെ കവച്ചുവയ്ക്കാന്‍ ദക്ഷിണാഫ്രിക്കയെപ്പോലെ ചില രാജ്യങ്ങളേ ഉള്ളൂ.

നവലിബറല്‍ നയങ്ങള്‍ സ്വീകരിച്ചശേഷം കഴിഞ്ഞ മുപ്പതുവര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വന്നിട്ടുള്ള പരിവര്‍ത്തന പ്രക്രിയയെ വിവരിക്കുന്ന പുസ്തകമാണ് ജെയിംസ് ക്രാസ്ട്രീ എഴുതിയിട്ടുള്ള The Billionaire Raj. A Journey Through Indian New Gilded Age എന്നാണ് പുസ്തകത്തിന്റെ ഉപശീര്‍ഷകം. അമേരിക്കയില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ഉണ്ടായ അഭൂതപൂര്‍വമായ സാമ്പത്തികവളര്‍ച്ചയെ കുറിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് Gilded Age. പകിട്ടുണ്ടാക്കാന്‍ പുറം സ്വര്‍ണംകൊണ്ടു പൂശുക എന്നര്‍ത്ഥം. റോക്ക് ഫെലര്‍, കാര്‍ണഗീ മുതലായ കോടീശ്വരന്മാര്‍ അവരുടെ വ്യവസായ സമ്രാജ്യങ്ങള്‍ കെട്ടിപ്പെടുത്തുന്നതു അക്കാലത്താണ്. സര്‍ക്കാരിന്റെ നിയമങ്ങളൊന്നും അവര്‍ക്കു ബാധകമല്ലായിരുന്നു. എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചും, രാഷ്ട്രീയക്കാരുടെ ഒത്താശയോടെയും അവര്‍ സമ്പത്തു കുന്നുകൂട്ടി. അവര്‍ക്ക് Robber Barons (കൊള്ളക്കാരായ പ്രഭുക്കള്‍) എന്ന പേരു ലഭിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ അവരുടെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്കു കുറെ നിയന്ത്രണങ്ങളുണ്ടായി. റൂസെവെല്‍റ്റിന്റെ ന്യൂഡീല്‍ അതിനു ഒരു ഉദാഹരണമാണ്.
ഇന്ത്യയില്‍ നിയോലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയശേഷം വികസിച്ച മുതലാളിത്തത്തിനു Crony Capitalism എന്ന പേരുണ്ട്. ചങ്ങാത്ത മുതലാളിത്തമെന്നോ ശിങ്കിടി മുതലാളിത്തമെന്നോ പറയാം. ടാറ്റായ്ക്കും ബിര്‍ലയ്ക്കുമെല്ലാം കോടീശ്വരന്മാരാകാന്‍ തലമുറകള്‍ വേണ്ടിവന്നു. ഇപ്പോള്‍ ശതകോടീശ്വരന്മാരാകാന്‍ ഏതാനും ദശകങ്ങള്‍ മതി. അധികാരത്തിലുള്ളവരെ ‘പോക്കറ്റിലാക്കണം” . പണ്ടു വികസനം മുരടിക്കാന്‍ ഒരു കാരണമായി പറഞ്ഞിരുന്നതു ഗവണ്‍മെന്റിന്റെ അതിരുകവിഞ്ഞ നിയന്ത്രണങ്ങളെയാണ്. ‘License permit’ രാജ് എന്നു അതിനു പേരുണ്ടായിരുന്നു. ഒരു വ്യവസായം തുടങ്ങണമെങ്കില്‍ എണ്ണമറ്റ ലൈസന്‍സും പെര്‍മിഷനും വേണം. സമൂഹത്തില്‍ അഴിമതിയും കള്ളപ്പണവും വര്‍ദ്ധിക്കാന്‍ ഒരു കാരണം ഇതായിരുന്നു. രാഷ്ട്രീയം കളിക്കണമെങ്കില്‍ കള്ളപ്പണം ഇല്ലാതെ വയ്യ എന്ന സ്ഥിതിയായി.
ഇപ്പോള്‍ അധികാരികളോടു ചങ്ങാത്തമുള്ളവര്‍ക്ക് എന്തും നേടാം. അവരെ പ്രീണിപ്പിക്കുക; തിരഞ്ഞെടുപ്പിനുവേണ്ട സാമ്പത്തിക സഹായങ്ങള്‍ ചെയ്തുകൊടുക്കുക, നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഉദ്യോഗസ്ഥന്മാരുടെ ഉപദേശം തേടുക, ബാങ്കുകളിലെ ഉന്നതോദ്യോഗസ്ഥന്മാരെ വശത്താക്കി കോടിക്കണക്കിനു കടമെടുക്കുക, എന്നിട്ടു പിടിക്കപ്പെടുമെന്നാകുമ്പോള്‍ ഉന്നതരുടെ ഒത്താശയോടെ രാജ്യംവിട്ടു വിദേശങ്ങളില്‍ അഭയം തേടുക, രാജ്യരക്ഷയ്ക്കു വേണ്ടിയുള്ള ആയുധങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ ഇടനിലക്കാരായി കോടികള്‍ തട്ടിയെടുക്കുക, പൊതുസ്വത്തു ചുളുവില്‍ കൈക്കലാക്കി കൂടുതല്‍ തുകയ്ക്കു വിറ്റു കൊള്ളലാഭമുണ്ടാക്കുക ഇവതെല്ലാം ചങ്ങാത്ത മുതലാളിത്തത്തിന്റെ തന്ത്രങ്ങളാണ്.

ജെയിംസ്‌ ക്രാസ്ട്രി

ജെയിംസ് ക്രാസ്ട്രീ ഇംഗ്ലണ്ടിലെ The Financial Timesന്റെ ബോംബേ ബ്യൂറോയുടെ അധിപനായിരുന്നു. അദ്ദേഹം പല ശതകോടീശ്വരന്മാരെയും നേരിട്ടു കണ്ടു നിരീക്ഷിച്ചും ഇന്ത്യയിലെ സാമ്പത്തിക വ്യവസ്ഥയെ നിരീക്ഷിച്ചു പഠിക്കുന്ന ഗ്രന്ഥകാരന്മാര്‍, ഉദ്യോഗസ്ഥന്മാര്‍, പത്രാധിപന്മാര്‍ മുതലായവരെ കണ്ടു സംഭാഷണം ചെയ്തും വിവരം ശേഖരിച്ചിട്ടാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതിവിവരക്കണക്കുകള്‍ അടങ്ങിയ വിരസമായ ഗവേഷണ പ്രബന്ധമല്ലെന്നര്‍ത്ഥം.

ഭൂമിയിലെ ഏറ്റവും വിലകൂടിയ ഭവനം ( മുകേഷ് അംബാനി മുംബൈയില്‍ പണികഴിപ്പിച്ചത്)

ഉദാഹരണത്തിന്, മുഖവുരയില്‍ത്തന്നെ ഗ്രന്ഥകാരന്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരില്‍ ഒന്നാമനായ മുകേഷ് അംബാനിയുടെ 160 മീറ്റര്‍ പൊക്കമുള്ള അംബരചുംബിയെക്കുറിച്ചു വിവരണം നല്‍കുന്നുണ്ട്. ഒരേക്കര്‍ സ്ഥലത്താണ് ആ കെട്ടിടം ഉയര്‍ന്നിരിക്കുന്നത്. പക്ഷേ ഫ്രാന്‍സിലെ വെഴ്‌സൈ (Versailles) കൊട്ടാരത്തിന്റെ വിസ്തീര്‍ണ്ണത്തില്‍ മൂന്നില്‍ രണ്ട് അതിന്റെ എല്ലാ നിലകളിലുമുള്ള Floor area യ്ക്കു ഉണ്ട്. അതിലെ ആഡംബരാലങ്കാരങ്ങളെക്കുറിച്ചുള്ള വിവരണം വായിക്കുമ്പോള്‍ നാം അത്ഭുതപ്പെടും. അതിന്റെ ചുറ്റും അലുമിനീയം ഷീറ്റുകളും ടാര്‍പോളിനും കൂരയായ ആയിരക്കണക്കിനു കുടിലുകളാണ്. ഇന്ത്യയിലെ ദരിദ്രരും ധനികരും തമ്മിലുള്ള അകലം എത്രയുണ്ടെന്നുള്ളതിന്റെ പ്രതീകം തന്നെയാണ് ഇത്.
ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തന്നെ ഇന്ത്യന്‍ കോടീശ്വരന്മാരുടെ ഭാഗ്യം തെളിഞ്ഞു തുടങ്ങി. നവഉദാരവാദവും ആഗോളീകരണവും അവരുടെ സമ്പത്തുപതിന്മടങ്ങു വര്‍ദ്ധിപ്പിക്കുന്നതില്‍ സഹായകമായി . വിദേശ മൂലധനം രാജ്യത്തിലേയ്ക്കു ഒഴുകാന്‍ തുടങ്ങി. ബാങ്കുകള്‍ ഇഷ്ടംപോലെ കടം നല്‍കി. അംബാനിയെപോലുള്ളവര്‍ എണ്ണ ശുദ്ധീകരണശാലകളിലും ഉരുക്കു വ്യവസായത്തിലും മുതല്‍ മുടക്കി. അടിസ്ഥാന വികസനത്തിന്റെ വേഗം വര്‍ദ്ധിച്ചു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരം കുതിച്ചുയര്‍ന്നു. അതുവരെയില്ലാത്തവിധം സാമ്പത്തിക വികാസം എട്ടു ശതമാനമായി ഉയര്‍ന്നു.
യഥാര്‍ത്ഥത്തില്‍ കൊളോണിയല്‍ ഭരണത്തിനു മുമ്പുള്ള സഹസ്രാബ്ദങ്ങളില്‍ ഇന്ത്യ ലോകത്തില്‍ ഒന്നാമത്തെ സമ്പദ്ശക്തിയായിരുന്നു. പക്ഷേ ഈസ്റ്റിന്‍ഡ്യ കമ്പനിയും ബ്രിട്ടീഷ് ആധിപത്യവും ഇന്ത്യയെ കൊള്ളയടിച്ചപ്പോള്‍ ലോകസമ്പത്തില്‍ ഇന്ത്യയുടെ പങ്ക് 25 ശതമാനമായിരുന്നതു നാലുശതമാനമായി ചുരുങ്ങി. ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ നാലാമത്തെയോ അഞ്ചാമത്തെയോ സമ്പദ്‌വ്യവസ്ഥയായി മാറിയിട്ടുണ്ട്. പക്ഷേ ഈ വികസനത്തിന്റെ സിംഹഭാഗവും മുകളിലുള്ള ഒരു ശതമാനത്തിനാണു ഗുണം ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ശതകോടീശ്വരഭരണം എന്ന പദം അന്വര്‍ത്ഥമാകുന്നത്.
ഗ്രന്ഥകാരന്‍ പറയുന്നു: ഇപ്പോഴും ഇന്ത്യ ഒരു ദരിദ്രരാജ്യമായി തുടരുന്നു. ഒരു ശരാശരി ഇന്ത്യാക്കാരന്റെ വാര്‍ഷിക വരുമാനം ആയിരം ഡോളറിനു താഴെയാണ്. ഏറ്റവും മുകളിലുള്ള ഒരു ശതമാനം ധനികര്‍, രാജ്യത്തിലെ മൊത്തം സ്വത്തില്‍ പകുതിയില്‍ കൂടുതല്‍ കൈയടക്കി വച്ചിരിക്കുന്നു. അതുകൊണ്ടു സാമ്പത്തിക അസമത്വത്തിന്റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയെ പരിഗണിക്കേണ്ടത്. ചങ്ങാത്ത മുതലാളിത്തവുമായി ഇതിനു ബന്ധമുണ്ട്. രാഷ്ട്രീയത്തിലും വ്യവസായത്തിലും തലപ്പത്തുള്ള വരേണ്യവര്‍ഗ്ഗം തമ്മില്‍ ഗൂഢാലോചന നടത്തി ജനങ്ങളുടെ പൊതുസമ്പത്തു കൈക്കലാക്കുന്നതാണു ചങ്ങാത്ത മുതലാളിത്തം. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ തലങ്ങളെയും ഇതു ബാധിച്ചു. പല രാഷ്ട്രീയക്കാരും കോടീശ്വരന്മാരായി. അവരുടെ സ്വത്തിലെ വലിയഭാഗം വിദേശബാങ്കുകളിലും നോമിനികളുടെ പേരിലും സുരക്ഷിതമാണ്. അല്ലെങ്കില്‍ അവരുടെ പേരും എീൃയല െലിസ്റ്റില്‍ വരുമായിരുന്നു. (പേജ് xviii-xxiii).
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്നു അവിടത്തെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരും കമ്മ്യൂണിസ്റ്റ് നേതാക്കളും പട്ടാളമേധാവികളും ജനങ്ങളുടെ സ്വത്തായിരുന്ന സ്ഥാപനങ്ങളെല്ലാം വെട്ടിപ്പിടിച്ചു തമ്മില്‍ പങ്കുവച്ചു കോടീശ്വരന്മാരായി. ഇത്തരം ഭരണത്തിന് Kleptocracy എന്നാണ് പേരിട്ടിരുന്നത്. തസ്‌കരഭരണം. നമ്മുടെ രാജ്യത്തിലും മോണിട്ടൈസേഷന്‍ (വിറ്റുകാശാക്കുക) എന്ന പേരില്‍ നടക്കുന്നത് ഇതുതന്നെയല്ലേ എന്നു ജനങ്ങള്‍ക്കു ആകാംക്ഷയുണ്ട്.

ധിരുഭായ് അംബാനിയും ഭാര്യ കോകിലാ ബെന്നും

അംബാനി കുടുംബത്തിന്റെ വളര്‍ച്ചയ്ക്കു ഇപ്പോള്‍ത്തന്നെ ഐതിഹാസികമാനം ലഭിച്ചു കഴിഞ്ഞിരിക്കുന്നു. ഗുജറാത്തിലെ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച ധീരുഭായ് അംബാനി ഉപജീവനം അന്വേഷിച്ച് യെമനിലെ തുറമുഖനഗരമായ ഏഡനില്‍പോയി. ഷെന്‍ പെട്രോള്‍ കമ്പനിയുടെ പെട്രോള്‍ സ്റ്റേഷന്റെ നടത്തിപ്പായിരുന്ന ആദ്യം കിട്ടിയ ജോലി. എട്ടുകൊല്ലം കഴിഞ്ഞു ബോംബയിലെത്തി പലവ്യഞ്ജനം കയറ്റുമതി ആരംഭിച്ചു. പോളിയെസ്റ്റര്‍ ഇറക്കുമതിയും തുടങ്ങി. മുകേഷ് അംബാനിയും സഹോദരങ്ങളും ഒരു ചെറ്റക്കുടിലിലായിരുന്നു താമസം. ധീരുഭായ് അംബാനി ലൈസന്‍സ് രാജിന്റെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ വേണ്ടി ഡല്‍ഹിയിലെ രാഷ്ട്രീയ നേതാക്കളുമായി ചങ്ങാത്തം തുടങ്ങി. റിലയന്‍സ് കമ്പനി ആരംഭിച്ചു. കൂറ്റന്‍ പോളിയസ്റ്റര്‍ ഉല്പാദന ഫാക്ടറി കെട്ടിപ്പടുത്തു. മുകേഷ് അമേരിക്കയില്‍ MBA യ്ക്കു പഠിക്കാന്‍ പോയി.
1977 ല്‍ അംബാനി കുടുംബം വലിയ ഗ്ലാമര്‍ ഉള്ള വ്യവസായി ആയി മാറി. മുകേഷ് അംബാനി തിരിച്ചുവന്നു റിലയന്‍സിന്റെ ചുമതല ഏറ്റെടുത്തപ്പോഴേയ്ക്കും അതു ഒരു പടുകൂറ്റന്‍ വ്യവസായ ശൃംഖലയായി മാറിയിരുന്നു. 90 കളിലെ സര്‍ക്കാര്‍ ഇളവുകള്‍ അവര്‍ക്കു വലിയ ഒരു അനുഗ്രഹമായി മാറി. പക്ഷേ സഹോദരങ്ങള്‍ തമ്മില്‍ മത്സരവും ഓഹരിക്കാര്യത്തില്‍ വഴക്കും ആരംഭിച്ചു. അമ്മയുടെ (കോകിലാ ബന്‍) ഇടപെടലിനെത്തുടര്‍ന്നു ഉഭയസമ്മതത്തോടെ സഹോദരങ്ങള്‍ ഭാഗംവച്ചു പിരിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ ഇപ്പോള്‍ മുകേഷ് അംബാനിയാണ്. അദ്ദേഹത്തിനും ഒരു അഭിലാഷം മാത്രം ബാക്കി. ലോകത്തിലെ ഏറ്റവും വലിയ ധനികനാകണം. അനുജന്‍ അംബാനി വലിയ കടക്കാരനായിരിക്കുന്നു എന്നാണ് വാര്‍ത്ത. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ ‘ഇന്ത്യയിലെ പ്രശ്‌നം ധനികര്‍ രാഷ്ട്രീയത്തെ വിലയ്ക്കു വാങ്ങിക്കുന്നതാണെന്ന്’ പറഞ്ഞിട്ടുള്ളതു ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നുണ്ട്. (പേജ് 16)
ക്രാസ്ട്രീ വിജയ് മല്ല്യയുടെ വളര്‍ച്ചയും തകര്‍ച്ചയും വിശദമായിത്തന്നെ വിവരിച്ചിട്ടുണ്ട്. ചെറിയ തുക ബാങ്കില്‍നിന്നും കടമെടുത്തു തിരിച്ചടയ്ക്കാതെ ജപ്തിയെ പേടിച്ചു ആത്മഹത്യചെയ്യുന്ന ആയിരക്കണക്കിനു കര്‍ഷകര്‍ ഉള്ളനാടാണ് ഇത്. പക്ഷേ കോടിക്കണക്കിനു രൂപ ബാങ്കുകളില്‍ നിന്നും കടമെടുത്തു മുങ്ങി വിദേശത്തുപോയി കഴിയുന്ന രത്‌നവ്യാപാരികളും തട്ടിപ്പുകാരും ഇടയ്ക്കിടെ വാര്‍ത്തയാകാറുണ്ട്. അവരുടെ പ്രതിനിധിയായി വിജയ് മല്ല്യയെ കണക്കാക്കാം. ലണ്ടനില്‍ താമസിക്കുന്ന മല്ല്യയെ പലപ്രാവശ്യം കണ്ടു അഭിമുഖ സംഭാഷണങ്ങള്‍ നടത്തിയും ജീവിതശൈലി നിരീക്ഷിച്ചും എഴുതിയിട്ടുള്ള അദ്ധ്യായമാണ് The Good Times Begin മല്ല്യ ലണ്ടനില്‍ താമസിക്കുന്ന ആഡംബര ഭവനത്തിലെ ടോയ്‌ലറ്റ് പോലും സ്വര്‍ണ്ണം പൂശിയതാണത്രെ. നിയമത്തെ പേടിച്ച് ഒളിവില്‍ ഓടിപ്പോയതാണദ്ദേഹം. എത്രയോ കൊല്ലങ്ങളായി ലണ്ടനില്‍ നിയമയുദ്ധം നടത്തുന്നു. ഇടയ്ക്കിടയ്ക്കു ചില വസ്തുവകകള്‍ കണ്ടുകെട്ടപ്പെടാറുണ്ട്. ബംഗ്ലൂരില്‍ ഒരു ഉഗ്രന്‍ അംബരചുംബി അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. അതിന്റെ മുകളിലത്തെ നിലയില്‍ 40000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു വെള്ളമാര്‍ബിള്‍ പ്രാസാദം അദ്ദേഹത്തിന്റെ താമസത്തിനു വേണ്ടിയുണ്ട്. പക്ഷേ ഇന്നത്തെ സ്ഥിതിക്കു അദ്ദേഹത്തിനു അവിടെ താമസിക്കാന്‍ കഴിയുമോ എന്നതു വ്യക്തമല്ല എന്നു ക്രാസ്ട്രീ പറയുന്നു.
രാജ്യത്തില്‍ അഴിമതി വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് മല്ല്യ വിലപിക്കുന്നത്. അതു ആഴത്തില്‍ വേരൂന്നിയിരിക്കുകയാണത്രെ. ഏതാനും കൊല്ലങ്ങള്‍ക്കുമുമ്പ് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്മാരില്‍ ഒരാളായി കരുതപ്പെട്ടിരുന്നു. പക്ഷേ 2017 ല്‍ അദ്ദേഹത്തിന്റെ Kingfisher Airlines തകര്‍ന്നപ്പോള്‍ അദ്ദേഹം വലിയ കടക്കാരനായി. അഴിമതിക്കേസില്‍ അകപ്പെട്ടു. ബാങ്കുകളില്‍ നിന്നും രണ്ടു ബില്യന്‍ ഡോളര്‍ കടമെടുത്തിരുന്നു എന്നും വാര്‍ത്ത വന്നു. മദ്യവില്പനയില്‍നിന്നും കോടികള്‍ ലാഭമുണ്ടാക്കി. അതുപോരായിരുന്നു. വിമാനക്കമ്പനി ആരംഭിച്ചു. 2006 ല്‍ത്തന്നെ അദ്ദേഹം എീൃയല െന്റെ ശതകോടീശ്വരലിസ്റ്റില്‍ സ്ഥലം പിടിച്ചിരുന്നു. പക്ഷേ വിമാനക്കമ്പനി തകര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ ശനിദശ തുടങ്ങി. നിയമപാലകന്മാര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ഒരു നിവൃത്തിയുമില്ലാതെ അദ്ദേഹം മുങ്ങി. പിന്നീടു പൊങ്ങിയത് ലണ്ടനിലാണ്. ഇന്ത്യന്‍ ഗവണ്‍മെന്റ് പാസ്‌പോര്‍ട്ട് പിന്‍വലിച്ചതുകൊണ്ടു അദ്ദേഹത്തിനു വിദേശസഞ്ചാരം സാദ്ധ്യമല്ല.
നാട്ടുകാരുടെയിടയില്‍ ചൊല്ലുണ്ട്: നമ്മെ ഇപ്പോള്‍ ഭരിക്കുന്നതു ഒരു നാല്‍വര്‍ സംഘമാണ്: മോദി, അമിത്ഷാ, അംബാനി, അദാനി.

ഗൗതം അദാനി.

അദാനി കേരളീയര്‍ക്കു അപരിചിതനല്ല. വിഴിഞ്ഞം തുറമുഖം അദ്ദേഹമാണ് നവീകരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം ഇനി അദ്ദേഹമായിരിക്കും നടത്തുക. ഗുജറാത്തില്‍ അദാനിയുടെ സാന്നിദ്ധ്യമില്ലാത്ത ബിസ്‌നസ് ഇല്ല. മുന്ദ്രയിലെ തുറമുഖം അദ്ദേഹം നവീകരിച്ചു. ഇന്ത്യയില്‍ ഏറ്റവും കാര്യക്ഷമതയുള്ള തുറമുഖം. അതായിരിക്കാം. അദാനി മോദിയുടെ ഉറ്റസുഹൃത്തുക്കളില്‍ ഒരാളാണ്. മോദിയുടെ ഗുജറാത്ത് മോഡലിനു അദാനിയുടെ സംഭാവന അതുല്യമാണ്. രണ്ടുപേരും സ്വന്തം കഴിവുകള്‍കൊണ്ടു ഉന്നതസ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നു. ഒരാള്‍ രാഷ്ട്രീയത്തിലും മറ്റേയാള്‍ വ്യവസായത്തിലും, രണ്ടുപേര്‍ക്കും വലിയ വിദ്യാഭ്യാസമൊന്നുമില്ല. സ്വകാര്യതയില്‍ മറ്റുള്ളവര്‍ കൈകടത്തുന്നതു രണ്ടുപേര്‍ക്കും ഇഷ്ടമില്ല. മാദ്ധ്യമങ്ങളോടു സംസാരിക്കാന്‍ രണ്ടുപേര്‍ക്കും ഉത്സാഹമില്ല. ഇപ്പോള്‍ അദാനിയാണ് ഇന്ത്യന്‍ തുറമുഖഭരണാധികാരികളില്‍ ഒന്നാമന്‍. വിദ്യുച്ഛക്തി ഉല്പാദിപ്പിക്കുന്ന സ്വകാര്യ മുതലാളിമാരില്‍ ഒന്നാമനും അദ്ദേഹം തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പിള്‍ വ്യാപാരിയും അദ്ദേഹമാണത്രെ.

പ്രധാനമന്ത്രി മോദിയോടൊപ്പം വന്‍കിട വ്യവസായികളായ വിഭവ് കാന്ത് ഉപാധ്യായ്(നടുവില്‍) ഗൗതം അദാനി വിമാനയത്രക്കിടയില്‍

1990 ന്റെ ആരംഭത്തില്‍ ഫോര്‍ബസ് ലിസ്റ്റില്‍ ഇന്ത്യയിലെ ശതകോടീശ്വരരില്‍ അധികംപേര്‍ ഉണ്ടായിരുന്നില്ല. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ധനികകുടുംബമായ ഹിന്ദുജ സഹോദരന്മാരുടെ പേരുണ്ടായിരുന്നു. പക്ഷേ അവര്‍ ബ്രിട്ടീഷ് പ്രജകളാണ്. രാജീവ്ഗാന്ധിയുടെ കാലത്തു ബോഫോര്‍സ് കുംഭകോണം പത്രവാര്‍ത്തയാപ്പോള്‍ ഹിന്ദുജയുടെ പേരും മാധ്യമങ്ങളില്‍ വന്നിരുന്നതു ഓര്‍ക്കുമല്ലോ. അവര്‍ പിന്നീടു കുമരമംഗലം ബിര്‍ല, ലക്ഷ്മി മിത്തല്‍, മുകേഷ് അംബാനി, അദാനി എന്നിവരുടെ പേരുകളും ലിസ്റ്റിലായി.
ശതകോടീശ്വരന്മാരെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ രാഷ്ട്രീയ നേതാക്കന്മാര്‍ക്കു നിര്‍ണായകമായ പങ്കുള്ളതുകൊണ്ട് ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയത്തെക്കുറിച്ചും ക്രാസ്ട്രീ ചര്‍ച്ച ചെയ്യുന്നുണ്ട്. മോദിയെക്കുറിച്ചുള്ള അദ്ധ്യായം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും പ്രത്യയശാസ്ത്രത്തെക്കുറിച്ചും 2002 ലെ വര്‍ഗ്ഗീയ ലഹളയില്‍ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും വിശദമായി വിവരിക്കുന്നു. രാഷ്ട്രീയത്തില്‍ കള്ളപ്പണത്തിന്റെ പരക്കെയുള്ള ഉപയോഗം ക്രാസ്ട്രീയുടെ മറ്റൊരു പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമാണ്. തിരഞ്ഞെടുപ്പ് ചെലവിനെക്കുറിച്ച് സത്യം എത്രപേര്‍ പറയുന്നു എന്നു ആര്‍ക്കറിയാം. ഇതു എഴുതുമ്പോള്‍ ഫ്രാന്‍സില്‍ നിന്നു ഒരു വാര്‍ത്ത വരുന്നു. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി തിരഞ്ഞെടുപ്പില്‍ അനുവദിച്ചിരുന്ന പണത്തെക്കാള്‍ കൂടുതല്‍ ചെലവാക്കി എന്ന കുറ്റത്തിനു ഒരു കൊല്ലത്തെ വീട്ടുതടങ്കല്‍ ശിക്ഷ വിധിച്ചിരിക്കുന്നു. ഇന്ത്യയില്‍ എത്രപേര്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്?
കള്ളപ്പണം ഉപയോഗിച്ച് കോടീശ്വരനാകുന്ന പ്രക്രിയ വിവരിക്കുമ്പോള്‍ ലക്‌നൗ സ്വദേശിയായ സുബ്രത റോയിയുടെ അത്ഭുതകരമായ വളര്‍ച്ച ക്രാസ്ട്രീ രേഖപ്പെടുത്തിയിട്ടുണ്ട്. ഗോരവ്പൂരില്‍ സ്‌കൂട്ടറില്‍ പലഹാരം വിറ്റു നടന്നിരുന്നയാളായിരുന്നു സുബ്രതറോയി. 1970 കളില്‍ ചിട്ടിക്കമ്പനി തുടങ്ങി. അതിലെ മൂലധനം ഉപയോഗിച്ച് ചെറുതും വലുതുമായ നിരവധി കമ്പനികള്‍ അദ്ദേഹം ആരംഭിച്ചു. സഹാറാ വിമാനസര്‍വീസ് തുടങ്ങി. താമസിയാതെ ലണ്ടനിലും ന്യൂയോര്‍ക്കിലും ആഡംബര ഹോട്ടലുകള്‍ വാങ്ങാനുള്ള കോടികള്‍ അദ്ദേഹം സമ്പാദിച്ചു. ലഖ്‌നൗവില്‍ മുഗള്‍കൊട്ടാരങ്ങളുടെ ആഡംബരത്തെ പിന്നിലാക്കുന്നവിധത്തില്‍ വിസ്താരമായ എസ്റ്റേറ്റ് നിര്‍മ്മിച്ചു. ചിട്ടി നടത്തിപ്പില്‍ സ്വരൂപിച്ച മൂലധനമല്ലാതെ രാഷ്ട്രീയക്കാരുടെ കള്ളപ്പണവും റോയിയുടെ വളര്‍ച്ചയെ സഹായിച്ചു എന്നു പറയപ്പെടുന്നു. ഒരു കാലത്തു അദ്ദേഹത്തിന്റെ കീഴില്‍ പത്തുലക്ഷം ജീവനക്കാര്‍ ജോലി ചെയ്തിരുന്നു. അവസാനം നിയമക്കുരുക്കുകളിലകപ്പെട്ടു തിഹാര്‍ ജയിലില്‍ അന്തേവാസിയായി. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നതു അദ്ദേഹത്തെക്കുറിച്ചു ബോളിവുഡില്‍ ഗുല്‍സറും എ ആര്‍ റഹ്മാനും ചേര്‍ന്ന ഒരു ബയോപിക് (ജീവചരിത്രം ആസ്പദമാക്കിയുള്ള സിനിമ) നിര്‍മ്മിക്കാന്‍ പോകുന്നു എന്നാണ്.
ക്രാസ്ട്രീ ദക്ഷിണേന്ത്യയെ തന്റെ നിരീക്ഷണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. അഞ്ചുപ്രാവശ്യം മുഖ്യമന്ത്രിയായ ജയലളിതയുടെ പോപ്പുലിസം ഗ്രന്ഥകാരന്‍ വിവരിക്കുന്നതോടൊപ്പം മാസം ഒരു രൂപ ശമ്പളം വാങ്ങിച്ചിരുന്നു എന്ന വസ്തുത വെളിപ്പെടുത്തുന്നു. 2014 ല്‍ ”വരവില്‍ കവിഞ്ഞ സ്വത്തുണ്ടാക്കി” എന്ന കുറ്റംചുമത്തി അവര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. 53 കോടി ഉണ്ടാക്കി എന്നാണു ആരോപണം. ഈ കുറ്റം അപരാധികളില്‍ എല്ലാം ചുമത്താന്‍ തുടങ്ങിയാല്‍ കോടതികളില്‍ മറ്റൊരു കേസും കൈകാര്യം ചെയ്യാന്‍ സമയം കാണുകയില്ല. പോലീസ് അവരുടെ വീടു പരിശോധിച്ചപ്പോള്‍ 700 ജോടി ചെരുപ്പുകളും പതിനായിരം സാരികളും കണ്ടെത്തിയത്രെ! അതുകൊണ്ടൊന്നും അവരുടെ ബഹുജനപിന്തുണ കുറഞ്ഞില്ല. വീണ്ടും മുഖ്യമന്ത്രിയായി. അവരുടെ വളര്‍ത്തുമകന്റെ വിവാഹാഘോഷം ഗിന്നസ് ബുക്കില്‍ റെക്കാര്‍ഡ് ആണത്രെ. ഏറ്റവും അധികം പേര്‍ പങ്കെടുത്ത വിവാഹ വിരുന്നു. നമ്മുടെ കോടീശ്വരന്‍ രവിപിള്ളയുടെ മകളുടെ വിവാഹവും ചര്‍ച്ചാവിഷമായിരുന്നു.
ആന്ധ്രയിലെ ചന്ദ്രബാബു നായിഡു, രാജശേഖര്‍ റെഡ്ഡി എന്നിവര്‍ പഠനവിഷയമാക്കിയിട്ടുണ്ട്. ക്രാസ്ട്രി, അറസ്റ്റ് ചെയ്യപ്പെടുന്നതിനു ഒരു കൊല്ലം മുമ്പ് രാജശേഖര്‍ റെഡ്ഡി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചു. എം പി ആയപ്പോള്‍ അദ്ദേഹത്തിന്റെ സ്വത്തു 57 ദശലക്ഷം ഡോളറായിരുന്നത്രെ. ഏറ്റവും വലിയ ധനികനായ എംപി അദ്ദേഹമായിരുന്നു. ബാങ്കിങ് മേഖലയിലെ അഴിമതികളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നതു രഘുറാം രാജനെ സാക്ഷിനിര്‍ത്തിക്കൊണ്ടാണ്. ക്രിക്കറ്റ് ക്ലബ്ബുകളിലെ കളികള്‍, മാദ്ധ്യമങ്ങളുടെ പിന്നാംപുറങ്ങള്‍ (രാജീവ് ചന്ദ്രശേഖറും അര്‍ണസ് ഗ്വോമിയും ചിത്രത്തിലുണ്ട്).
കേരളത്തെക്കുറിച്ച് ക്രാസ്ട്രി പറയത്തക്ക വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല. ഉത്തരേന്ത്യന്‍ സ്രാവുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെയുള്ളവര്‍ ചെറിയ മീനുകള്‍ മാത്രമെന്നു അദ്ദേഹം കരുതിയിരിക്കാം. ഇവിടെയും രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ധനികരായ മാഫിയാ ഗ്രൂപ്പുകള്‍ ഉണ്ട്. ആരോപണങ്ങള്‍ നിരവധിയുണ്ടെങ്കിലും ശിക്ഷ ലഭിച്ചവര്‍ വളരെക്കുറച്ചുമാത്രം. ഇപ്പോള്‍ കേള്‍ക്കുന്നതു പുരാവസ്തുശേഖരത്തിന്റെ ഉടമയായ ഒരു തട്ടിപ്പുകാരനെക്കുറിച്ചാണ്. മോശയുടെ വടി മുതല്‍ യശോദയുടെ ഉറിവരെ അദ്ദേഹം പ്രദര്‍ശിപ്പിക്കുന്നു. ഇതെല്ലാം വിശ്വസിച്ചു അദ്ദേഹത്തെ അഭിനന്ദിക്കാന്‍ വി ഐ പികള്‍ എത്രപേരുവേണമെങ്കിലും ഇവിടെയുണ്ട്. ഫ്രോഡിന് നൊബല്‍പ്രൈസ് ഉണ്ടെങ്കില്‍ അതു അദ്ദേഹത്തിനു കിട്ടും.
ജെയിംസ് ക്രാസ്ട്രീയുടെ ശതകോടീശ്വര ഭരണം എന്ന പുസ്തകം ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീ-സാമ്പത്തിക വ്യവസ്ഥയുടെ ഉള്ളുകള്ളികളിലേക്കു വെളിച്ചം വീശുന്ന പഠനീയമായ ഒരു ഗ്രന്ഥമാണെന്നു പറയാം.
അടിക്കുറിപ്പ്
ഇന്ത്യയില്‍ ഇപ്പോള്‍ ആയിരം കോടി രൂപയില്‍ കൂടുതല്‍ സ്വത്തുള്ളവര്‍ ആയിരത്തില്‍ കവിഞ്ഞിരിക്കുന്നു എന്നും ഒരു ബില്യന്‍ ഡോളറില്‍ കൂടുതല്‍ സ്വത്തുള്ളവര്‍ 237 ആയിരിക്കുന്നുവത്രെ.മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ശതകോടീശ്വരന്മാരില്‍ ഒന്നാമന്‍. ഏഷ്യയിലെ ഏറ്റവും വലിയ ധനികനും അദ്ദേഹം തന്നെ. ഗൗതം അദാനിയാണ് രണ്ടാമന്‍. അദാനിയുടെ ദിവസ വരുമാനം 1002 കോടി രൂപയാണ്. ശിവ് നാടാര്‍ക്കു മൂന്നാംസ്ഥാനം.
Human India എന്ന ഗവേഷണ സ്ഥാപനത്തിന്റെ അഭിപ്രായത്തില്‍ അഞ്ചുകൊല്ലം കൊണ്ടു ഇന്ത്യയില്‍ 250 ബില്യണയര്‍മാര്‍കൂടിയുണ്ടാകും. അമേരിക്കയെക്കാള്‍ കൂടുതല്‍ എണ്ണമാകും.
(അര്‍ഷദ് ഖാന്‍ @ ന്യൂഡല്‍ഹി)ഇന്ത്യന്‍ എക്‌സ്പ്രസ് 1.10.21