ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?


നിന്‍വിളി കേട്ടില്ല ഞാന്‍
കാതിലേതോ നിലവിളി മാത്രം
നിന്‍വിളി കേട്ടില്ല
കാതിലേതോ യന്ത്ര ഗര്‍ജനം മാത്രം –
ദൂരെ നിന്നാണതു കുന്നുകള്‍ക്കിടയില്‍
കാലു വെട്ടിയ ചോരയുടെ ചീറ്റല്‍,
ദൂരെ നിന്നാണതു വയലിന്‍ വരമ്പില്‍
കൈയുവെട്ടിയ ചോരയുടെ ചീറ്റല്‍.

നിന്‍വിളിയോര്‍ത്തില്ല,
ഗോതമ്പു വയലുകള്‍
കാല്‍ക്കല്‍ ചുറ്റിപ്പിടിക്കയാല്‍,
തിരതല്ലിയെത്തുന്നൊരേ ഇരമ്പം
ചുഴലിയാര്‍ക്കുന്നൊരേ വിലാപം.
ഏതൊരു ദാരിക വേതാളമാരുടെ
ഇടനെഞ്ചുകീറിക്കടന്നു കയറി,
അറിയുന്നു ഞാനതെന്‍
പാദത്തില്‍ വിങ്ങുമൊരു
ഞാഞ്ഞൂളിന്‍ ഗദ്ഗദത്തില്‍,
അറിയുന്നു ഞാനതെന്‍
വിരലില്‍ വലം വച്ചു തൂങ്ങും
പടവല വള്ളിത്തുടിപ്പില്‍.

നിന്‍വിളി കേട്ടില്ല
മറുവിളികള്‍ കാതിലലയ്ക്കയാല്‍
നിന്‍വിളി കേട്ടില്ല ഞാന്‍, പ്രിയ –
കര്‍ഷകരുടെ മൃതിയിലശാന്തരായ്
ചിറകനക്കാതെയിരുന്നു
കിളികള്‍ കരകയാല്‍.

മൗത്ത് ഓര്‍ഗന്‍ പോലെ
തുടുതണ്ണി മത്തന്‍
ഈമ്പി നുണയ്ക്കും കിടാത്തന്റെ
മുഖമൊന്നു നോക്കൂ:
അറിഞ്ഞിരിക്കില്ലവന്‍
അകലെ നഗര സമര ച്ചുടു പന്തലാ –
ണൊരു തണ്ണീര്‍ പന്തലല്ലിന്നലെബ
യവനുടെ അച്ഛനമ്മ-
യനിയത്തിമാരെ
എന്തു ചെയ്‌തെന്നവനറിയില്ല.
നിന്‍വിളി കേട്ടില്ല ഞാന്‍
അക്കിടാത്തന്റെ വിചാര മൗനങ്ങളെന്‍
നെഞ്ചിലെക്കാതിലിരമ്പുകയാല്‍.

അകലെ കുരുതി-
ക്കളത്തില്‍ നിന്നൊരു തുള്ളി
ഉതിരമിപ്പാടത്തെ
കാറ്റിലും പാറുമ്പോള്‍
അറിയാതിരിക്കുമോ
കൂരിയാറ്റകള്‍
വയലിന്റെ ഗായകര്‍.

നിന്‍വിളി കേട്ടില്ല ഞാന്‍
നഗര സംഗര ഭൂവില്‍ നി-
ന്നുയരും പ്രതിരോധ ഗര്‍ജനത്താല്‍ .

നിന്നെയോര്‍ത്തേന്‍ :
കായ്കറിപ്പാടത്ത്
വെള്ളരിപ്പൂവല്‍ മണം പരക്കുന്നു.
ഒന്നുമോര്‍ക്കാന്‍
കൊള്ളുകില്ലെന്ന്
പിന്നെയോര്‍ത്തേന്‍, ചുടുകാറ്റി –
ലുന്മത്തക്കൊലവെറി യാര്‍ക്കവേ .

എങ്കിലു-
മോര്‍ക്കാതിരിക്കുന്നതെങ്ങനെ ,
ഒരു പിടി വിത്തു മുളച്ചതു
ഞാറായ് കതിര്‍ക്കുലയായി
കാലം മെതിക്കെ,
ചുക്കിച്ചുളിഞ്ഞൊരു സ്വപ്നം
വീണ്ടും തളിര്‍ക്കുന്ന –
താരുടെ കൈകളാല്‍,
ബ ഓര്‍ക്കുക പാവമവന്‍,
കൃഷിക്കാരന്‍.