അനുഭവങ്ങളുടെ കരുത്തുമായി പൂജപ്പുര ആര്‍ സാംബശിവന്‍
‘നിയമവിരുദ്ധമാണെന്ന് പറയാന്‍ നിങ്ങളാര്?നിയമം കുറെയൊക്കെ എനിക്കുമറിയാം. ഞാന്‍ നിയമം ഉണ്ടാക്കുന്ന ആളാണ്. നിയമത്തിന് വിരുദ്ധമായി പടച്ചോന്‍ പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല.ഇവിടെ നിയമവിരുദ്ധം കാണിച്ചിട്ടുള്ളത് മഹാരാജാവാണ്. ആദ്യം മഹാരാജാവിനെ അറസ്റ്റ് ചെയ്യൂ’.
1972 മെയ് 25 ന് തലസ്ഥാനത്തെ മുടവന്മുകള്‍ കൊട്ടാരവളപ്പിലെ സമരമുഖത്ത് നിന്നുയര്‍ന്ന ആ ഗര്‍ജ്ജനം മഹാനായ എകെജിയുടേതായിരുന്നു. പൊലീസ് ആജ്ഞാപിക്കുമ്പോലെ അറസ്റ്റിന് വിധേയനാകാന്‍ സമ്മതമല്ല എന്ന് പ്രഖ്യാപിച്ച എകെജിയും 27 സമരഭടന്മാരും അക്ഷരാര്‍ത്ഥത്തില്‍ ഭരണകൂടത്തെ വിറപ്പിക്കുകയായിരുന്നു.സമരഭടന്മാരില്‍ ഏറ്റവും ചെറുപ്പക്കാരനായ സഖാവിന് അന്ന് കേവലം 26 വയസ്സായിരുന്നു പ്രായം. ആ യുവാവാണ് പൂജപ്പുരക്കാരന്‍ ആര്‍ സാംബശിവന്‍ എന്ന പൂജപ്പുര സാംബന്‍.
ഭൂപരിഷ്‌കരണനിയമം ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണം എന്ന കിസാന്‍ സഭയുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് മുന്നില്‍ കേന്ദ്രകേരള സര്‍ക്കാരുകളുടെ നിഷേധാത്മകമായ സമീപനത്തിനെതിരെയുള്ള സമരപോരാട്ടങ്ങളിലെ ത്രസിപ്പിക്കുന്ന എടാണ് എകെജി
നയിച്ച മുടവന്മുകള്‍ മിച്ചഭൂമി സമരം. കൊട്ടാരത്തിന്റെ അധീനതയിലുള്ള മിച്ചഭൂമി സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുള്ള പോര്‍മുഖമാണ് എകെജി അവിടെ തുറന്നത്. കിഴക്കേകോട്ടമുതല്‍ പൂജപ്പുരവരെ അഞ്ച് കിലോമീറ്റര്‍ ദൂരം ഇന്ത്യന്‍ പാര്‍ലമെണ്ടിലെ ഇതിഹാസം തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു ഒരു യാഗാശ്വത്തെ പോലെ കുതിച്ചു പാഞ്ഞ രംഗങ്ങള്‍ അതിന് സാക്ഷ്യം വഹിച്ച ജനതതിക്ക് ഒരിക്കലും മറക്കാനാകില്ല. തലസ്ഥാനത്തെ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ പൂജപ്പുര അന്ന് ആദ്യമായി വിപ്ലവഭേരിയില്‍ ജ്വലിച്ചു.സമരം തടയുവാനുള്ള പൊലീസിന്റെ വിപുലമായ സന്നാഹങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു അറുപത്തെട്ടുകാരനായ എകെജി മുടവന്മുകള്‍ കൊട്ടാരത്തിന്റെ കന്മതില്‍ ചാടിക്കടന്നത്.ആയിരങ്ങളുടെ സമരവീര്യം ഇരമ്പിയപ്പോള്‍ ആ ദിവസം തലസ്ഥാനം ആവേശത്താല്‍ കോള്‍മയിര്‍ക്കൊണ്ടു.ഭരണകൂടം അമ്പരന്നു. ഭരണാധികാരികളുടെ മുഖത്ത്,ജാള്യം പടര്‍ന്നു. കെ അനിരുദ്ധന്റെയും,പൂജപ്പുര സാംബന്റെയും തോളില്‍ ചവിട്ടി പൊലീസ്സിന്റെ കണ്ണുവെട്ടിച്ചു കൊട്ടാരത്തിന്റെ വന്മതില്‍ ചാടിക്കയറിയ എകെജി കൊട്ടാരവളപ്പിലേക്ക് എടുത്ത് ചാടിയത് ചരിത്രത്തിന്റെ ഭാഗമായതില്‍ അത്ഭുതപ്പെടാനില്ല. നേരത്തെ തീരുമാനിക്കപ്പെട്ട 27 സഖാക്കളും എകെജിക്ക് ഒപ്പം ഉണ്ടായിരുന്നു. ഐതിഹാസികമായ ആ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളും പേറി അന്നത്തെ പോരാട്ട ഭൂമിയിലെ സമരഭടന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ സമരഭടന്‍ ഇപ്പോള്‍ തലസ്ഥാനത്തെ പഴയ തട്ടകമായ പൂജപ്പുരയുടെ പേര്‍ അന്വര്‍ത്ഥമാക്കി കൊല്ലത്ത് പാല്‍ക്കുളങ്ങരയിലെ ‘പൂജപ്പുര’ എന്ന വീട്ടില്‍ വാര്‍ധക്യത്തിലും കെടാത്ത സമരവീര്യവുമായി കഴിയുകയാണ്.
എകെജി ഉള്‍പ്പെടെയുള്ള സമരഭടന്മാരെ അറസ്റ്റ് ചെയ്ത് വഞ്ചിയൂരിലെ കോടതിവളപ്പില്‍ എത്തിച്ചപ്പോള്‍ പരിസരം ജനസമുദ്രമായി മാറിയിരുന്നു. അതീവ സംഘര്‍ഷ ഭരിതമായിരുന്നു അന്തരീക്ഷം. വഞ്ചിയൂര്‍ കോടതി വളപ്പ് ഇത്രയും സംഘര്‍ഷം മുറ്റിയ അന്തരീക്ഷത്തിന് അതിന് മുന്‍പോ പിന്‍പോ സാക്ഷ്യം വഹിച്ചിട്ടില്ല. എകെജി യില്‍ നിന്ന് ആജ്ഞ കിട്ടിയാല്‍ അത് അനുസരിച്ച് എന്തും ചെയ്യാന്‍ തറ്റുടുത്ത് നിന്ന ജനക്കൂട്ടമായിരുന്നു കോടതി പരിസരത്ത്. കോടതിയില്‍ കൊണ്ടുവന്ന സമരസഖാക്കളെ മജിസ്‌ട്രേറ്റ് ശ്രീമതി സുജാത ജയിലിലേക്ക് അയക്കുവാന്‍ ഉത്തരവിട്ടു. ഇന്ത്യയുടെ പ്രതിപക്ഷ നേതാവായ എകെജിയെ സെന്‍ട്രല്‍ ജയിലിലേക്കും മറ്റു സഖാക്കളെ അട്ടക്കുളങ്ങര സബ് ജയിലിലേക്കുമാണ് റിമാന്‍ഡ് ചെയ്തത്.’എന്റെ സഖാക്കള്‍ക്ക് ലഭിക്കാത്ത ഒരു ഔദാര്യവും എനിക്ക് വേണ്ട’ എന്ന് പറഞ്ഞു അവിടെ എകെജി കുത്തിയിരുന്നു.പൊലീസ് നെട്ടോട്ടത്തിലായി. കോടതിനടപടികള്‍ തടസ്സപ്പെടുത്തിയെന്നാരോപിച്ച് മറ്റൊരു കേസുകൂടി എകെജിയുടെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. അക്കാലത്ത് പൊലീസ് സേനയുടെ പരമോന്നത മേധാവി ഐ ജി റാങ്കിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു. അന്നത്തെ ഐ ജി ശിങ്കാരവേലു കോടതിവളപ്പില്‍ നേരിട്ടെത്തി ബലംപ്രയോഗിച്ച് കോടതിഉത്തരവ് നടപ്പാക്കി.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എകെജി നിരാഹാരസമരം പ്രഖ്യാപിച്ചു സര്‍ക്കാരിനെ മുട്ടുകുത്തിച്ചു. തന്നോടൊപ്പം അറസ്റ്റ് വരിച്ച സമരസഖാക്കളെ അട്ടക്കുളങ്ങര സബ് ജയിലില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഏഴാംകെട്ടില്‍ എത്തിച്ച ശേഷമാണ് എകെജി നിരാഹാരസമരം അവസാനിപ്പിച്ചത്.29 ദിവസം നീണ്ടു നിന്ന കാരാഗൃഹവാസം അവസാനിക്കുമ്പോഴേക്കും സാംബശിവനടക്കമുള്ള സമര ഭടന്മാര്‍ക്ക് എകെജിയോടുള്ള അടുപ്പവും,ആദരവും ,ആരാധനയും,ഏറിയേറി വരികയായിരുന്നു. ഇതിഹാസ സമാനമായ ഒരു ജീവിതത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുവാന്‍ കഴിഞ്ഞത് പാര്‍ട്ടി നല്‍കിയ അംഗീകാരമായിരുന്നുവെന്ന് പൂജപ്പുര സാംബന്‍ ഓര്‍ത്തെടുക്കുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണ്‍ 25 ന് തന്നെ ഇന്ത്യയിലെമ്പാടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ശ്രദ്ധേയമായ പ്രതിഷേധ സമരങ്ങളിലൊന്ന് തിരുവനന്തപുരത്തായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. സംഘാടകരില്‍ പ്രധാനികളോടൊപ്പം പൂജപ്പുര സാംബനും അറസ്റ്റ് ചെയ്യപ്പെട്ടു. തിരുവനന്തപുരത്തെ നന്ദാവനം പൊലീസ് ക്യാമ്പിലായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടവരെ പാര്‍പ്പിച്ചിരുന്നത.് അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിഷേധക്കാരെ മോചിപ്പിക്കുകയുണ്ടായി.
അടിയന്തരാവസ്ഥയില്‍ മൗലികാവകാശങ്ങള്‍ കശാപ്പ് ചെയ്ത ഇന്ദിരാഗാന്ധിയുടെ ജനാധിപത്യധ്വംസനത്തിനെതിരെ ശക്തമായ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയര്‍ന്നത് എകെജിയുടേതായിരുന്നു. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി സത്യാവസ്ഥ ജനങ്ങള്‍ അറിയാതിരിക്കാന്‍ ഇന്ദിരാഗാന്ധി ശ്രമിച്ചെങ്കിലും അത് മറികടക്കാന്‍ സിപിഎം തീരുമാനിച്ചു . എകെജി യുടെ പാര്‍ലമെണ്ടിലെ പ്രസംഗം അതേപടി ജനങ്ങളില്‍ എത്തിക്കാന്‍ പാര്‍ട്ടി നീക്കം നടത്തി. .പൂജപ്പുര സാംബന്‍ വീണ്ടും പാര്‍ട്ടി ദൗത്യമേറ്റെടുത്ത് എകെജിയുടെ പ്രസംഗം കല്ലച്ചിലടിച്ച് പ്രസിദ്ധീകരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി.തിരുവനന്തപുരത്തെ കൃഷ്ണന്‍നായരുടെ പ്രസ്സില്‍ അച്ചടിച്ച പ്രസംഗം തിരുവനന്തപുരമൊഴികെയുള്ള മറ്റെല്ലാ ജില്ലകളിലുമെത്തിച്ചു.തിരുവനന്തപുരത്ത് പ്രചരിപ്പിക്കുന്നതിന് മുന്‍പ് പോലീസ് അത് തടയാന്‍ നടപടികളാരംഭിച്ചു. പ്രസ്സ് കണ്ടുകെട്ടി.നീണ്ട പത്ത് മാസത്തെ ഒളിവ് ജീവിതത്തിന് സാംബന്‍ തുടക്കം കുറിച്ചതന്നാണ്.ആദ്യ ഒളിവുജീവിതം കൊട്ടാരക്കരയിലായിരുന്നു. കെ അനിരുദ്ധനും, ആര്‍ പരമേശ്വരന്‍ നായര്‍ എം എല്‍ എ യും മേയര്‍ എം പി പത്മനാഭനുമായിരുന്നു സാംബശിവനെ സംരക്ഷിക്കുന്നതിന് മുന്‍കൈ എടുത്തത്.ഒളിവ് ജീവിതത്തിനിടയില്‍ എ ജി തങ്കപ്പന്‍ നായര്‍,തങ്കപ്പന്‍പിള്ള ഉള്‍പ്പടെയുള്ള നിരവധി സഖാക്കള്‍ സഹായവുമായെത്തി.ഇതിനിടയില്‍ കൃഷ്ണന്‍നായര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തുടര്‍ന്ന് അറസ്റ്റിലായ സാംബശിവന്റെ രണ്ടാമത്തെ കാരാഗൃഹവാസം പതിനൊന്നു മാസം നീണ്ടുനിന്നു.
രോഗാതുരനായ എകെജിയുടെ കൂടെ നില്‍ക്കുവാനും, അദ്ദേഹത്തെ ശുശ്രൂഷിക്കുവാനുള്ള ചുമതല പാര്‍ട്ടി നല്‍കിയതും സാംബനായിരുന്നു. ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്ന എകെജി വേദനിപ്പിക്കുന്ന ചിത്രമായിരുന്നെങ്കിലും അവിടെയും ആത്മവിശ്വാസവും, ആവേശവും നല്‍കി പരിചരിക്കാന്‍ സാംബന് കഴിഞ്ഞു. രക്തപതാകയും പുതച്ച് പുഷ്പാലംകൃതമായ വാഹനത്തിലെ എകെജിയുടെ അന്ത്യയാത്ര ആരെയും വേദനിപ്പിക്കുന്നതായിരുന്നു. ഹൃദയവേദനയോടെ പൂജപ്പുര സാംബനും അതില്‍ അണിചേര്‍ന്നിരുന്നു.
1944 ജനുവരി 16 ന് പൂജപ്പുരയില്‍ രാമന്‍കുട്ടി പണിക്കരുടെയും,സരസമ്മയുടേയും ഏകമകനായാണ് സാംബന്‍ ജനിച്ചത്.തിരുവനന്തപുരം പൂജപ്പുരയില്‍ പി എസ് ചിന്നമ്മ മെമ്മോറിയല്‍ മഹിളാമന്ദിരം ഹൈസ്‌ക്കൂള്‍,ചാല ഗവര്‍മെണ്ട് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ചാല ഗവര്‍മെണ്ട് സ്‌കൂളില്‍ സാംബന് മിടുക്കനായ ഒരു സഹപാഠി ഉണ്ടായിരുന്നു.പില്ക്കാലത്ത് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ കേരളത്തിന്റെ ശബ്ദമായി മാറിയ കേരളശബ്ദം പ്രസിദ്ധീകരണങ്ങളുടെ ഉടമ ഡോ ബി എ രാജാകൃഷ്ണന്‍. ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് പത്രപ്രവര്‍ത്തനമേഖലയില്‍ രാജാകൃഷ്ണന്‍ എത്തിയത് .ഇവരുടെ സൗഹൃദം കൊല്ലത്തെ സാംസ്‌കാരിക രംഗത്തിന് നല്‍കിയ സംഭാവനകള്‍ കനപ്പെട്ടതാണ്.
തലസ്ഥാനത്ത് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സാംബശിവന്റെ സജീവ സാന്നിധ്യം പഴയ തലമുറക്കാരുടെ ഓര്‍മ്മയില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നുണ്ട്. പൂജപ്പുര വാര്‍ഡില്‍ ഒരിക്കല്‍ സ്ഥാനാര്‍ഥിയുമായിരുന്നു. കെ അനിരുദ്ധന്‍ ജയിലില്‍ ആയിരിക്കെ മത്സരിച്ച തെരഞ്ഞെടുപ്പില്‍ അനിരുദ്ധന്റെ ബാലന്മാരായ മക്കള്‍ എ സമ്പത്തിനേയും സഹോദരന്‍ കസ്തൂരിയേയും കാളവണ്ടിയിലും കാറിന്റെ ബോണറ്റിലും വേദികളുണ്ടാക്കി പ്രചാരണത്തിനു ഇറക്കിയതിനു പിന്നില്‍ സാംബശിവന്റെ നേതൃത്വത്തിലുള്ള ഒരു വലിയ സംഘമുണ്ടായിരുന്നു. ജെ ശാരദാമ്മ മത്സരിച്ച തിരുവനന്തപുരം ഈസ്റ്റ് അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി സാംബന്‍ പ്രവര്‍ത്തിച്ചു.
പൂജപ്പുര വിജയമോഹിനി മില്ലായിരുന്നു മറ്റൊരു സമരമുഖം. ഈ മില്ലടക്കം നാല് മില്ലുകള്‍, ത്യാഗരാജ ചെട്ടിയാരുടെ ഉടമസ്ഥതയിലായിരുന്നു. ഒരു സുപ്രഭാതത്തില്‍ മില്ലുകള്‍ ലോക്കൗട്ട് ചെയ്ത് മുതലാളി തമിഴ്‌നാട്ടിലേക്ക് മുങ്ങി. മുഖ്യമന്ത്രി സി അച്യുതമേനോന്‍, വ്യവസായ മന്ത്രി എന്‍ ഇ ബലറാം എന്നിവര്‍ വിളിച്ച കോണ്‍ഫറന്‍സില്‍ പോലും പങ്കെടുക്കാതെ ധിക്കാരപൂര്‍ണമായ സമീപനമാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചു. സാംബന്‍ നിരാഹാരസമരം ആരംഭിച്ചു.ആറാം ദിവസം ഈ മൂന്ന് മില്ലുകളും ഡെത്ത് മില്ലായി പ്രഖ്യാപിച്ചു സര്‍ക്കാര്‍ ഏറ്റെടുത്തു. വ്യവസായ മന്ത്രിയായിരുന്ന എന്‍ ഇ ബലറാമിന്റെ പങ്ക് ഇതില്‍ നിസ്തുലമാണ് .ഏഴാം ദിവസം ഡല്‍ഹിയില്‍ നിന്നെത്തിയ പാര്‍ലമെന്റ് അംഗം വി കെ കൃഷ്ണമേനോന്‍ വിമാനത്താവളത്തില്‍ നിന്നും നിരാഹാരപ്പന്തലില്‍ നേരിട്ട് എത്തുകയായിരുന്നു. വി കെ കൃഷ്ണമേനോന്‍ പൂജപ്പുര സാംബന് നാരങ്ങാനീര് നല്‍കി നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.
അടിത്തട്ടില്‍ തൊഴിലാളിവര്‍ഗ പ്രവര്‍ത്തനരംഗത്ത് മാത്രം വ്യാപരിച്ചിരുന്ന ഒരു ഉശിരന്‍ പൊതുപ്രവര്‍ത്തകന്‍ എങ്ങിനെ സാഹിത്യരംഗത്തും കലാസാംസ്‌കാരിക മേഖലയിലെയും എണ്ണപ്പെട്ട വ്യക്തിത്വങ്ങളുമായി ഇത്രയേറെ ചങ്ങാത്തത്തിലായി എന്നത് പലര്‍ക്കും വിസ്മയമാകാം. പരന്ന വായനയിലൂടെ നേടിയതാണ് ഈ സുഹൃത് സമ്പത്ത് എന്നത് അടുത്ത സുഹൃത്തുക്കള്‍ക്കെ അറിയാനിടയുള്ളൂ. ഏതു പ്രസിദ്ധീകരണത്തില്‍ ആയാലും എഴുത്ത് മികച്ചതെന്ന് തോന്നിയാല്‍ എത്ര ക്ലേശിച്ചും ഫോണ്‍ നമ്പര്‍ കണ്ടെത്തി എഴുതിയയാളെ അഭിനന്ദിക്കും. ഈ വാര്‍ധക്യത്തിലും അതില്‍ മുടക്കമില്ല. എഴുത്തിലെ യോജിപ്പും വിയോജിപ്പും കൂസലില്ലാതെ വ്യക്തമാക്കും.അതാണ് പൂജപ്പുര സാംബന്‍.ശാരീരിക അവശതകളൊന്നും സാംബന്റെ ബൗദ്ധികവ്യാപാരത്തെ തെല്ലും ബാധിച്ചിട്ടില്ല.ചിലപ്പോള്‍ അതാകാം ഈ ദീര്‍ഘായുസിന്റെ ഊര്‍ജ്ജസ്രോതസ്.മലയാളികളുടെ ജീവിതത്തിന് ദിശാബോധം നല്‍കുന്നതില്‍ ആദ്യ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റില്‍ നിന്നും ഒരു പടി കൂടി മുന്നിലാണ് പിണറായി ഗവണ്‍മെന്റ് എന്നദ്ദേഹം വിശ്വസിക്കുന്നു.
പ്രശസ്ത സാഹിത്യകാരന്‍ എം സുകുമാരനുമായുള്ള ബന്ധം തുടങ്ങുന്നത് ഏജീസ് ഓഫീസ് സമരത്തിന്റെ പശ്ചാത്തലത്തിലാണ്.പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം സമരസഹായസമിതിയുടെ പ്രവര്‍ത്തനങ്ങളുമായി മുഴുവന്‍ സമയം സാംബന്‍ സമരമുഖത്തുണ്ടായിരുന്നു. പൂജപ്പുരയിലെ കലാകൈരളി എന്ന കലാസാംസ്‌കാരിക സംഘടനയുമായി സാംബന് അഭേദ്യമായ ബന്ധമാണുണ്ടായിരുന്നത്. പൂജപ്പുര രവി,പൂജപ്പുര മാധവന്‍, ബിച്ചു തിരുമല ആള്‍ ഇന്ത്യാ റേഡിയോയിലെ എന്‍ രാമചന്ദ്രന്‍ എജിഎസ് ഓഫീസിലെ ജീവനക്കാരനായ വിജയചന്ദ്ര കുറുപ്പ് ഉള്‍പ്പടെ നിരവധി കലാകാരന്മാരുമായുള്ള ബന്ധം അവിടെ നിന്നാണ് തുടങ്ങിയത്.കൊല്ലത്തേക്കുള്ള ദേശാന്തരഗമനം തികച്ചും അപ്രതീക്ഷിതമായിരുന്നു.കൊല്ലം പാല്‍ക്കുളങ്ങരയില്‍ പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ ‘പൂജപ്പുര’ എന്ന് നാമകരണം ചെയ്ത വീട്ടില്‍ ഭാര്യ യശോദക്കും മകന്‍ ജ്യോതിദേവിനുമൊപ്പം വിശ്രമജീവിതം നയിക്കുന്ന പൂജപ്പുര സാംബന്‍ ആരാണെന്ന്, ചാല ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ സഹപാഠിയായിരുന്ന ബി എ രാജാകൃഷ്ണന്‍ കേരളശബ്ദത്തിലൂടെ പറഞ്ഞത് ആ കാലഘട്ടത്തിലായിരുന്നു.കൊല്ലത്തെ സാമൂഹിക,സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയെല്ലാം മുന്‍നിരയിലിപ്പോഴും ഈ വന്ദ്യവയോധികനെ കാണാം.
(പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗമാണ് ലേഖകന്‍)