depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp ‘ആരും മരിക്കുന്നില്ല’ – Janashakthi Online

‘ആരും മരിക്കുന്നില്ല’


ഒരാള്‍ ജീവിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും നമ്മുടെ ജീവിതത്തില്‍ ഒരേപോലെ ഇടപെടുന്ന വ്യക്തിത്വങ്ങളെ ‘അനുസ്മരിക്കുക’ സാധ്യമാണോ? ചിന്തയില്‍ നിരന്തരം ഇടപെടുന്ന സാന്നിദ്ധ്യത്തെ മരണത്തിനു മുന്‍പും പിന്‍പും എന്ന് വേര്‍തിരിക്കാന്‍ പറ്റുമോ? എം എന്‍ വിജയന്മാഷെപ്പറ്റി എല്ലാ വര്‍ഷവും ഇക്കാലത്ത് എന്തെങ്കിലുമൊക്കെ എഴുതേണ്ടിവരുമ്പോള്‍ സ്വയം വിചാരണയ്ക്ക് വിധേയമാകുന്ന പോലെ ഈ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഞാന്‍ നില്‍ക്കാറുണ്ട് . എന്താണ് മരണം? അത് ഭൗതികമായ തിരോധാനമാണെങ്കില്‍ വിജയന്മാഷ് മരിച്ചുപോയി. എന്നാല്‍ അത് ഓര്‍മ്മയുടെ എന്നന്നേക്കുമായുള്ള ഒലിച്ചു പോക്ക് ആണെങ്കില്‍, വിജയന്മാഷ് മരിച്ചിട്ടില്ല. അദ്ദേഹം അവിടെ തന്നെ നില്‍ക്കുന്നു. പ്രവാചകവേഷത്തിന്റെ പ്രഭാവലയത്തിനു താഴെയല്ല . ജീവിതത്തിനു നടുവില്‍ . അതേ പുഞ്ചിരി പൊഴിച്ച് .ആ ദിവസം ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല. ഉത്തരാഖണ്ഡിലെ ശ്രീനഗറില്‍ ആയിരുന്നു. എന്റെ ആദ്യത്തെ ഹിമാലയന്‍ യാത്ര. ഷാജു എന്ന സുഹൃത്തിനൊപ്പം മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ ഇറങ്ങി പുറപ്പെട്ടതായിരുന്നു ഞാന്‍. അന്ന് രാത്രി ശ്രീനഗറിലെ ചെറിയ അങ്ങാടിയില്‍ കാണുന്നതെല്ലാം പുത്തന്‍ എന്ന മട്ടില്‍ വട്ടം ചുറ്റുന്ന കൃഷ്ണമണികള്‍ക്ക് പിന്നാലെ അലയുമ്പോള്‍ ഒരു ചെറിയ കടയിലെ ചെറിയ ടി വിയില്‍ എനിക്ക് പരിചയമുള്ള മുഖവും ശരീരഭാഷയുമുള്ള ഒരാള്‍, കസേരയുടെ ചാരിലേയ്ക്ക് മുഖമലച്ചു വീഴുന്ന ആ ദൃശ്യം ഞാന്‍ കണ്ടു. കടക്കാരന്‍ ചാനല്‍ മാറ്റാനൊരുമ്പെടുകയായിരുന്നു. നടുക്കത്തിന്റെ വക്കില്‍ നിന്ന് അറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ പറഞ്ഞു. ‘ ദയവു ചെയ്ത് ചാനല്‍ മാറ്റരുതേ ‘ .ആ മരണത്തിന്റെ അസാധാരണത്വത്തെ വൈദ്യശാസ്ത്ര ന്യായേന വിലയിരുത്തുകയായിരുന്നു ആ ചാനല്‍ . ആ വിലയിരുത്തലിനൊപ്പം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണിക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം എന്റെ ഉള്ളില്‍ ഒരു ഭൂകമ്പം ഉറവെടുത്തു. ഹിമാലയത്തില്‍ വന്ന മുതല്‍ കേള്‍വിക്കൊണ്ടിരുന്ന മലയിടിച്ചലുകളുടെ പരമ്പര ഞാന്‍ ഉള്ളില്‍ അനുഭവിച്ചു. പിറ്റേന്ന് മൊബൈല്‍ പരിധിക്കുള്ളില്‍ ആയപ്പോള്‍ തലേന്നത്തെ സന്ദേശങ്ങള്‍ ഒന്നൊന്നായി വരാന്‍ തുടങ്ങി.ഓരോന്നിലും അയച്ചവര്‍ക്കുള്ളിലെ മലയിടിച്ചിലുകളുടെ സ്പന്ദനങ്ങള്‍ അടങ്ങിയിരുന്നു. അന്ന്, അന്ന് മാത്രമാണ് ആ മരണം എന്നിലൂടെ പാഞ്ഞുപോയത് . ലക്ഷം കെ.വിയുടെ ഒരു ടവര്‍ എന്നിലേക്ക് മറിഞ്ഞു വീണതു പോലെ . എന്നാല്‍ രണ്ടു ദിവസത്തിനകം വിജയന്‍ മാഷുടെ സാന്നിദ്ധ്യം എനിക്ക് തിരിച്ചു കിട്ടി. എന്നത്തേയും പോലെ.
മരണം പരമയാഥാര്‍ത്ഥ്യമായിരിക്കുമ്പോഴും ഒരിക്കലും മരിക്കില്ല എന്ന് നാം വിചാരിക്കുന്ന ചിലരുണ്ട് . ആ പട്ടികയില്‍ പെടുന്ന ഒരാളായിരുന്നു വിജയന്മാഷ്. ആദ്യം വായിച്ച പുസ്തകം ശീര്‍ഷാസനം മുതല്‍, അത്തരം ഒരു വിശ്വാസം ഉള്ളില്‍ വീണിരുന്നു. ചിതയിലെ വെളിച്ചം ,വര്‍ണ്ണങ്ങളുടെ സംഗീതം, അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍ എന്നിങ്ങനെ പുസ്തകങ്ങള്‍ ഒന്നൊന്നായി വായിക്കുമ്പോഴും ആ ബോധ്യം ഉറച്ചു. നമ്മെ ഉലച്ചും കീഴ്‌മേല്‍ മറിച്ചും മുന്നോട്ടു കൊണ്ടുപോകാന്‍ വിജയന്മാഷ് എന്നെന്നും ഉണ്ടാകും . ഭക്തിയോ ആരാധനയോ അല്ലായിരുന്നു അത്. നമുക്കുള്ളിലെ നമ്മെ തെളിയിച്ചു തരുന്ന ഒരാളോട് തോന്നുന്ന ആത്മബന്ധം. അന്ന് വിജയന്മാഷുടെ പ്രഖ്യാതമായ വാമൊഴി സദസ്സിലൊന്നും ഞാന്‍ പങ്കെടുത്തിട്ടില്ലായിരുന്നു. കൊടുങ്ങല്ലൂര്‍ മാഷിനും ജന്മസ്ഥലം എന്നതിലുപരി അപരിചിത ദേശം ആയിരുന്നിരിക്കണം.
മാഷുടെ വാമൊഴിയുടെ തട്ടകത്തിനപ്പുറം ദൂരെ ദൂരെ വരമൊഴിയുടെ തട്ടകത്തിലായിരുന്നു ഞാന്‍ മാഷിലേയ്ക്ക്,അതോ എന്നിലേയ്ക്കു തന്നെയോ നടന്നുകയറിയത്. അവ പ്രബന്ധങ്ങള്‍ അല്ലായിരുന്നു. തിന്നു തീരാത്ത ഭക്ഷണമാണ് മുറുക്കാന്‍ എന്ന് പറയുന്ന ശീലം പ്രബന്ധങ്ങള്‍ക്കില്ലായിരുന്നു. വര്‍ണ്ണങ്ങള്‍ സംസാരിക്കുന്നുണ്ട് എന്ന് കാണിച്ചു തരുന്ന ശീലവും . മലയാളം തന്നെയായിരുന്നു അവ സംസാരിച്ചിരുന്നത്. എന്നാല്‍ ഭാഷ ,പ്രത്യേകിച്ചും ഗദ്യഭാഷ ഒരു പ്രത്യേക യുക്തിയുടെ മാട്രിക്‌സിനുള്ളില്‍ വെച്ചായിരുന്നു ഞാന്‍ അനുഭവിച്ചിരുന്നത്. ഒരു പക്ഷെ എന്റെ തലമുറ ,അന്നത്തെ വിദ്യാഭ്യാസ രീതിയുടേയും പൊതുബോധനിര്‍മ്മിതിയുടെയും ഉള്ളില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത ഒന്നായിരിക്കണം ആ പ്രത്യേക യുക്തി. അത് തകര്‍ക്കുകയായിരുന്നു വിജയന്‍ മാഷെ വായിക്കുമ്പോള്‍ സംഭവിച്ചത്. സാധാരണ ഗതിയില്‍ സര്‍ഗ്ഗാത്മക കൃതികള്‍ ചെയ്യുന്ന കാര്യം ആണത്. നിരൂപണത്തില്‍ കവിതയുടെ യുക്തി പ്രയോഗിക്കുന്നതിലൂടെ വിജയന്‍ മാഷ് സംഭവിപ്പിച്ചത് അതാണ്. മന:ശാസ്ത്രമായിരുന്നു അക്കാലത്ത് മാഷുടെ പ്രധാനപ്പെട്ട ഉപാധി എന്നത് കേള്‍വിപ്പെട്ടതാണ്. ഫ്രോയ്ഡും ശിഷ്യഗണങ്ങളും മാഷിലൂടെയാണ് മലയാളത്തില്‍ സഫലീകരിക്കപ്പെട്ടത് എന്നതും പൊതുസമ്മതി കിട്ടിയ ഒന്നാണ്. എങ്കില്‍പ്പോലും ഫ്രോയ്ഡിയന്‍ സ്‌കൂളിന്റെ സഫലീകരണം മലയാളത്തില്‍ വിജയന്‍ മാഷ് സ്ഥാപിച്ചെടുത്തത് കവിതയുടെ ‘സാങ്കേതികതയും യുക്തിയും’ ഉപയോഗിച്ചാണ്. അത് വിജയന്‍ മാഷുടെ ശൈലി അവലംബിച്ചു പറഞ്ഞാല്‍ ചെറിയ കാര്യമല്ലായിരുന്നു.

വെറുതെയല്ല,വൈലോപ്പിള്ളിയില്‍ ആ കവിതാ യുക്തി മാഷ് നിരന്തരം പ്രയോഗിച്ചുകൊണ്ടിരുന്നത്.
കവിതയില്‍ കവിത പ്രയോഗിക്കുക എന്ന അത്യപൂര്‍വ്വമായ കാര്യം ജീവിതത്തില്‍ ഉടനീളം മാഷ് കൊണ്ടു നടന്നു. വൈലോപ്പിള്ളി കവിതയെ വൈലോപ്പിള്ളിയില്‍ നിന്ന് വേര്‍തിരിച്ചെടുത്തു എന്നത് വിജയന്‍ മാഷ് സാഹിത്യത്തില്‍ അനുഷ്ഠിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.ഇത് വിശദീകരിക്കണമെങ്കില്‍ നമുക്ക് വൈലോപ്പിള്ളി കവിതകളിലേയ്ക്ക് പോകേണ്ടി വരും. അടിക്കുറിപ്പുകളുടെ കവിയായിരുന്നു വൈലോപ്പിള്ളി. പി കുഞ്ഞിരാമന്‍ നായരും ഒരു പരിധി വരെ ഇടശ്ശേരിയും മേല്‍ക്കുറിപ്പുകളുടെ കവികളായിരുന്ന പോലെ. അടിക്കുറിപ്പുകള്‍ എന്ത് മന:ശാസ്ത്ര പദ്ധതിയേയാണ് ദ്യോതിപ്പിക്കുന്നതെന്ന് ചോദിച്ചാല്‍ ഒരുത്തരം കവി,കവിതയിലേയ്ക്ക് നിര്‍മ്മിക്കുന്ന പൊക്കിള്‍ക്കൊടിയാണ് എന്നാണ്. തന്റെ പാഠവലയത്തില്‍ നിന്ന് കവിത തെന്നി നീങ്ങരുത് എന്ന കവിയുടെ അബോധമാണ് കവിതയുടെ അടിക്കുറിപ്പുകള്‍ എന്ന് പറയാം. വൈലോപ്പിള്ളിയാകട്ടെ അത് അന്വര്‍ത്ഥമാകും വിധം തന്റെ കവിതകളെ അടിക്കുറിപ്പുകള്‍ കൊണ്ട് സമൃദ്ധമാക്കി. അപരിചിതത്വത്തെ പരിചിതമാക്കുക എന്നത് മാത്രമായിരുന്നില്ല വൈലോപ്പിള്ളിയുടെ ഉദ്ദേശം. മറിച്ച് വായനക്കാര്‍ക്ക് തന്റെ പാഠവലയത്തിനുളളില്‍ പൗരത്വം കൊടുക്കുന്ന കവി പ്രജാപതിത്വമായിരുന്നു അത്. ആ പൗരത്വ റിപ്പബ്ലിക്ക് തകര്‍ക്കുകയായിരുന്നു വിജയന്‍ മാഷ്. തന്റെ കവിതാ ദേശീയതയുടെ ജിംഗോയിസത്തില്‍ അഭിരമിച്ചിരുന്ന വൈലോപ്പിള്ളിയെ ഞെട്ടിച്ചു കളഞ്ഞ്,വിജയന്‍ മാഷ് കവിതയും കവിയും തമ്മിലുള്ള ആ പൊക്കിള്‍ക്കൊടി ബന്ധം അറുത്തു. കവിതയും മന:ശാസ്ത്രവും എന്ന പഠനം ആ ഛേദനമായിരുന്നു. കവിതയുടെ ഉടമസ്ഥാവകാശം കവിക്കല്ല,ആത്യന്തികമായി ഭാഷയ്ക്കും സംസ്‌ക്കാരത്തിനുമാണ് എന്ന് സ്ഥാപിക്കപ്പെടുകയായിരുന്നു അവിടെ. അതോടെ കവിത സ്വകാര്യ സ്വത്ത് അല്ല എന്ന് സ്ഥാപിക്കപ്പെട്ടു.
ഈ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ തോല്പിക്കപ്പെട്ടത് വൈലോപ്പിള്ളിയായിരുന്നു. തന്റെ കവിതക്കു മേലുള്ള തന്റെ മുന്‍ഗണനാവകാശം നഷ്ടപ്പെടുന്നത് നോക്കി നില്‌ക്കേണ്ടി വന്ന കവിയുടെ ഹതാശതയും അടിക്കുറിപ്പായി വൈലോപ്പിള്ളി പ്രകാശിപ്പിച്ചിട്ടുണ്ട്. കുട്ടിത്തേവാങ്ക് എന്ന കവിതയ്ക്ക് പുതിയൊരു അടിക്കുറിപ്പ് കവിതയും മന:ശാസ്ത്രവും പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷം വൈലോപ്പിള്ളി എഴുതിച്ചേര്‍ത്തു. വൈലോപ്പിള്ളിയുടെ സമാഹൃതകൃതികളില്‍ ആര്‍ക്കും ഇത് വായിക്കാം. കവിതയിലെ കുട്ടിത്തേവാങ്കിനെ കവിയുടെ പ്രതിരൂപമായി എം എന്‍ വിജയന്‍ ദര്‍ശിക്കുന്നുവെന്നും അങ്ങനെയല്ലാതെയും കവിത വായിക്കാം എന്നുമാണ് ആ അടിക്കുറുപ്പിന്റെ സാരാംശം . തന്നില്‍ നിന്നും വിട്ട് സ്വതന്ത്രമായ അസ്തിത്വം കാംക്ഷിക്കുന്ന കവിതയെ നോക്കി ഒരു കവി നടത്തുന്ന ഹതാശമായ പിന്‍വിളിയായി ആ അടിക്കുറിപ്പ് അവിടെ കിടക്കുന്നു. ഒരു പക്ഷെ,വൈലോപ്പിള്ളി എഴുതിയ ഏറ്റവും ദുര്‍ബലമായ അടിക്കുറിപ്പായി.


കവിതയെ കവിതകൊണ്ടെടുക്കുന്ന വിദ്യ ഉപയോഗിച്ചാണ് വിജയന്‍ മാഷ് ഇത് സാധിച്ചെടുത്തത്. ഇതിനിടയില്‍ അദ്ദേഹത്തിനുണ്ടായ നഷ്ടം കൂടി അനുസ്മരിക്കാതെ വയ്യ. സ്വന്തം സത്തയില്‍ ഒളിച്ചിരുന്ന കവിയോട് അദ്ദേഹം കാട്ടിയ അനീതിയാണിത്. ഒരിക്കലും സ്വതന്ത്രമായി പ്രകാശിക്കാന്‍ ആ കവിതയ്ക്ക് കഴിഞ്ഞില്ല. മറിച്ച് വൈലോപ്പിള്ളിയില്‍ നിന്ന് സ്വതന്ത്രമായ വൈലോപ്പിള്ളി കവിതക്കും ചങ്ങമ്പുഴയില്‍ നിന്ന് സ്വതന്ത്രമായ ചങ്ങമ്പുഴക്കവിതക്കും ജി യില്‍ നിന്ന് സ്വതന്ത്രമായ ജി കവിതയ്ക്കും ആഴം അളക്കാനുള്ള ഒരു മാനകമായി അത് സ്വയം മാറി. വിജയന്‍ മാഷുടെ ലേഖനങ്ങളിലെ ആ അന്തര്‍വാഹിനി സ്വന്തം കവിതയായിരുന്നു. മിത്തുകളിലെ അന്തര്യാമിയായ നദിയെ വിജയന്‍ മാഷ് തന്റെ എഴുത്തുകളില്‍ സ്വായത്തമാക്കി.
ഒരിക്കല്‍,മാഷ് എന്തിനാണ് കവിതയെ അലസിപ്പിച്ച് കളഞ്ഞത് എന്ന് നേരിട്ട് ചോദിച്ചപ്പോള്‍ ചിരിച്ച ചിരി ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഒരു പക്ഷേ, കവിത എന്നെഴുതി വയ്ക്കാതെ കവിതയെഴുതാം എന്ന മട്ടില്‍ കവിതയുടെ സഗുണതയ്ക്ക് മേല്‍ നിര്‍ഗുണത കൊണ്ടു വെയ്ക്കുകയാകും മാഷ് ചെയ്തത്. രൂപകങ്ങളും’ പ്രതിബിംബങ്ങളും നിറഞ്ഞ ഒരു കവിതാ ഭാഷയെ നിര്‍ലോഭം ഉപയോഗിക്കുക മാത്രമല്ല മാഷ് ചെയ്തത്. വിപരീതങ്ങളെ യോജിപ്പിക്കുന്ന ആഴം ഭാഷയില്‍ സൃഷ്ടിക്കുക കൂടിയാണ്. കാലം പോകെ മാഷുപയോഗിച്ച മന:ശാസ്ത്ര സിദ്ധാന്തങ്ങളില്‍ പലതും പഴകി. ചിലത് തീവ്രവാദങ്ങള്‍ എന്ന് തിരിച്ചറിഞ്ഞു. എങ്കിലും അവ വര്‍ത്തിച്ച ആ അടിസ്ഥാനം,കവിത,മങ്ങുന്നില്ലെന്ന് മാത്രമല്ല,കൂടുതല്‍ തെളിയുകയും ചെയ്തു.
മാഷുടെ രാഷ്ട്രീയ ഇടപെടലുകളേയും ഇമ്മട്ടിലാണ് കാണേണ്ടത് എന്ന് തോന്നുന്നു. കവിത കൊണ്ട് രാഷ്ട്രീയത്തിന്റെ പരുക്കന്‍ പ്രതലങ്ങളെ നേരിടാനാണ് അദ്ദേഹം ശ്രമിച്ചത്. അത് ഒരു പരീക്ഷണമായിരുന്നു. ലോകത്തിന്റെ മൂല്യ വിചാരം ഫലവത്താകുക കവിതയുടെ രൂപത്തിലാണ് എന്ന് അദ്ദേഹം എക്കാലവും കരുതിയിരുന്നു. അതു കൊണ്ട് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ലക്ഷ്യം നല്ല സാഹിത്യത്തെ ഉല്പാദിക്കുന്നതല്ല എന്ന മട്ടില്‍ മറയില്ലാതെ സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സാഹിത്യവും സാഹിത്യ പ്രവര്‍ത്തനവും തമ്മിലുള്ള വ്യത്യാസം എന്നന്നേയ്ക്കും മൂടിവെയ്‌ക്കേണ്ടതല്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു.ജീവിതത്തില്‍ റോള്‍ പ്ലേ എന്നത് ഒഴിവാക്കാനാകാത്തതാണ് എന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും അത് വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാണിച്ചത് അദ്ദേഹം ആണ്.ഈ റോള്‍ പ്ലേയും കവിതയുടെ മൂല്യബോധവും തമ്മിലുള്ള സംഘര്‍ഷവും ഏറ്റുവാങ്ങാനും അദ്ദേഹത്തിന് കഴിഞ്ഞു. അത് സ്വന്തം ചേതനയിലും ശരീരത്തിലും ആന്തരികതയിലും ഏല്പിച്ച മുറിവുകള്‍ വിളിച്ചു പറയാന്‍ താന്‍ സ്വയം വരിച്ച സാമൂഹ്യബോധം അദ്ദേഹത്തെ അനുവദിച്ചുമില്ല.
ആദ്യകാല ബഷീറിനെ ഉയര്‍ത്തിപ്പിടിക്കാന്‍ വെമ്പുന്ന അദ്ദേഹത്തിന്റെ പടയാളി മുഖത്തോട് പില്‍ക്കാല ബഷീറിന്റെ ആധുനികതയെ ഉയര്‍ത്തിപ്പിടിച്ച് വിയോജിക്കാന്‍ ഞാന്‍ ഒരുമ്പെട്ടിട്ടുണ്ട്. ആധുനിക സാഹിത്യ പ്രസ്ഥാനത്തോട്,ചിന്തയില്‍ ആധുനികതയുടേതായ മിന്നല്‍പ്പിണരുകളെ കെട്ടഴിച്ചുവിടുമ്പോഴും, മൗനം പാലിച്ചതിന്റെ കാരണത്തെക്കുറിച്ചും കുത്തികുത്തിച്ചോദിക്കാനുള്ള കുസൃതി ഞാനെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യപൂര്‍വ്വ ദശകങ്ങളുടേയും സ്വാതന്ത്ര്യാനന്തരതയിലെ ആദ്യദശകങ്ങളുടേയും നീണ്ട അനുഭവവിവരണങ്ങള്‍ ആയിരുന്നു പറയാതെ പറഞ്ഞ ഉത്തരം. ഇന്ന് എനിക്കറിയാം , യഥാര്‍ത്ഥത്തില്‍ ആധുനിക സാഹിത്യ പ്രസ്ഥാനത്തെ മാഷ് നേരിട്ടത് അവരുടെ ഇല്ലായ്മ,മഹാ മറവിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ്. സാഹിത്യ പ്രസ്ഥാനങ്ങളിലെ വിച്ഛേദം എന്നത് മറവിയെ അടിസ്ഥാനപ്പെടുത്തിയല്ല നിര്‍വ്വചിക്കേണ്ടത് എന്ന് മാഷ് നിരന്തരം ഓര്‍മ്മിപ്പിക്കുകയായിരുന്നു.കുത്തൊഴുക്കുകളേക്കാള്‍ കലങ്ങിമറിയലുകളെ മാഷ് കൂടുതല്‍ ശ്രദ്ധിച്ചു.പാത്തുമ്മയുടെ ആടിന്റെ നവീനമായ ആഖ്യാനഘടനയേക്കാള്‍ മാഷ് ശ്രദ്ധിച്ചത് ശബ്ദങ്ങളിലെ രൂക്ഷതയുടെ പഴക്കത്തേയാണ്. ആയര്‍ത്ഥത്തില്‍ മാഷ് ഉള്ളടക്കവാദിയായിരുന്നു. എന്നാല്‍ പ്രഖ്യാതരായ ഉള്ളടക്കവാദികളെപ്പോലെ പഴമയില്‍ ആണ്ടു മുങ്ങുകയല്ല മാഷ് ചെയ്തത്. ആധുനികമായ സ്ഥലകാലങ്ങളിലേയ്ക്ക് ഉള്ളടക്ക വാദത്തെ കയറ്റിവെയ്ക്കുന്ന ഭാഷാഘടന വാമൊഴിയിലും വരമൊഴിയിലും രേഖപ്പെടുത്തുകയായിരുന്നു. ഉള്ളടക്കം ചോര്‍ന്നു പോകുന്ന സത്യാനന്തര ഫാസിസ്റ്റ് കാലം വരുന്നുണ്ടെന്ന് കവിതാത്മകമായി അദ്ദേഹത്തിന് മുന്നറിയിപ്പ് കിട്ടിയിരുന്നു എന്ന വണ്ണം. ഇത് തിരിച്ചറിയാന്‍ ആധുനികര്‍ക്കോ അത് അവരോട് വെളിപ്പെടുത്താന്‍ മാഷോ മുതിര്‍ന്നില്ല. അതിനാല്‍ ആധുനികതയോട് ഉള്ളടക്ക സംവാദം നടത്തിയവരൊക്കെ പഴഞ്ചന്‍ ഊഞ്ഞാലകളില്‍ ഇരുന്നാണ് അത് നടത്തിയത്. ആധുനികരാകട്ടെ ആ വാദങ്ങളെ ആധുനിക സ്ഥലത്തേയ്ക്ക് ഉയര്‍ത്തി സംവാദപ്പെടുത്തേണ്ട ചുമതല നിരാകരിക്കുകയും ചെയ്തു. അവര്‍ ആ പഴഞ്ചന്‍ ഊഞ്ഞാലാട്ടത്തെ മാത്രമേ കണ്ടുള്ളു. അതിനാല്‍ ആധുനികതയ്ക്കും പഴമയ്ക്കും ഒരേ പോലെ മാഷിനോട് പുറംതിരിഞ്ഞു നില്ക്കാന്‍ ആയി . കുട്ടിക്കൃഷ്ണമാരോട് മല്ലടിക്കുന്ന വിജയന്‍ മാഷിന്റെ ആധുനികതയെ ആധുനികര്‍ കണ്ടില്ല. പഴമവാദികള്‍ ആകട്ടെ തങ്ങളെക്കുറിച്ച് നല്ലതാണോ ചീത്തയാണോ ഈ മനുഷ്യന്‍ പറയുന്നത് എന്നറിയാതെ വിജയന്‍ മാഷിന് മുന്നില്‍ തപ്പിത്തടഞ്ഞു.

എംഎന്‍ വിജയനും പത്നി ശാരദയും


കുമാരനാശാന്റെയും ടി എസ് എലിയറ്റിന്റേയും പ്രധാനപ്പെട്ട കവിതകള്‍ 100 വര്‍ഷം തികയ്ക്കുന്ന കാലത്തൂടെയാണ് നാം കടന്നു പോകുന്നത്.ഒന്ന്,കുനിഞ്ഞ് നടന്നിരുന്ന മനുഷ്യര്‍ക്ക്’ നിത്യഭാസുരനഭശ്ചരങ്ങളിലേയ്ക്ക്’ കണ്ണു നല്‍കിയ കവിത. മറ്റത് ,ഞെളിഞ്ഞു നടന്ന മനുഷ്യരുടെ മിഴികളെ മണ്ണിലേയ്ക്ക് നോക്കാന്‍ പ്രേരിപ്പിക്കും വിധം , ഒരു പിടി മണ്ണില്‍ ഉറഞ്ഞുകിടക്കുന്ന ഭീതിയുടെ കവിത. ഈ രണ്ട് അവസ്ഥകളേയും രണ്ട് കണ്ണുകള്‍ കൊണ്ട് കാണാന്‍ വിജയന്‍ മാഷിന് കഴിഞ്ഞു. രണ്ടു കണ്ണുകള്‍ രണ്ട് കാഴ്ചക്കോണുകളാണ് എന്ന് സ്വയം തിരിച്ചറിഞ്ഞ ആളാണ് അദ്ദേഹം. അതിനാല്‍ ഫ്രോയ്ഡില്‍ മാര്‍ക്‌സിനെ കാണാനും ഗാന്ധിയില്‍ വീറുറ്റ വിപ്ലവകാരിയെ കാണാനും അദ്ദേഹത്തിന് കഴിഞ്ഞു. വ്യാഖ്യാനങ്ങളേക്കാള്‍ മൂലങ്ങളില്‍ അദ്ദേഹം തുഴഞ്ഞു. അതിനാല്‍ എന്തുകൊണ്ട് ക്ലാസ്സിക്കുകള്‍ എന്ന് ചോദിച്ച പോലെ എന്തുകൊണ്ട് എം എന്‍ വിജയന്‍ എന്ന ചോദ്യം സംസ്‌കാരത്തിന്റെ നൈരന്തര്യമായി മാറിയിരിക്കുന്നു. മരണം എന്ന ആത്യന്തികതയെ റദ്ദ് ചെയ്തുകൊണ്ട്.
മാഷിന്റെ ശിഷ്യന്മാരില്‍ ഒരാളായിരുന്ന മാങ്ങാട് രത്‌നാകരന്‍ പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന കെ ജയചന്ദ്രനെ കുറിച്ചെഴുതിയ മനോഹരമായ മരണാനന്തരക്കുറിപ്പില്‍, ജീവിതത്തിന്റെ ചുളിവുകളിലൊന്നില്‍ നിന്നു കൊണ്ട്, ഭൂതാവിഷ്ടനായി ജയചന്ദ്രന്‍ പറഞ്ഞ ഒരു വാക്യത്തെ അനുസ്മരിക്കുന്നുണ്ട്.’ആരും മരിക്കുന്നില്ല’. ആ വാചകത്തെ ഈ കുറിപ്പിന്റെ തലക്കെട്ടായി ഞാന്‍ കയറ്റിവെയ്ക്കട്ടെ. ‘ആരും മരിക്കുന്നില്ല. വിജയന്‍ മാഷ് തീര്‍ച്ചയായും’. ബസ്സോടിക്കഴിഞ്ഞ് ഇന്ധനമെവിടെ എന്ന് ചോദിച്ച മാഷെ അനുസ്മരിച്ചു കൊണ്ട് തന്നെ ബസ്സോടിക്കൊണ്ടിരിക്കുകയാണ് ഇന്ധനത്തിന്റെ ബലത്തില്‍ എന്ന് തിരിച്ചു പറഞ്ഞ്.