ദശാസന്ധിയില്‍ എത്തിനില്‍ക്കുന്ന കോണ്‍ഗ്രസ്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിലയിരുത്തുമ്പോള്‍ സമകാലിക എഴുത്തുകാര്‍ ഒട്ടുമിക്കവരും നിശിതവിമര്‍ശനവും പ്രതികാരബുദ്ധിയും കലര്‍ന്ന രീതിയിലുള്ള സമീപനം സ്വീകരിക്കാറുണ്ട്. പ്രബലരും ഭരണകക്ഷിയുമായ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യുടെ സംഘടനാശക്തിയും, നേതൃത്വപാടവവും നാശത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ അവസ്ഥയും തമ്മിലാണ് പൊതുവെ താരതമ്യം ചെയ്യപ്പെടാറുള്ളത്. കേന്ദ്രീകൃതഭരണസംവിധാനം എന്ന സമാനതയുണ്ടെങ്കിലും ഭരണനിയന്ത്രണത്തിലും, മൊത്തത്തിലുള്ള രാഷ്ട്രീയ കാര്യനിര്‍വ്വഹണത്തിലും കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ കൃത്യമായ അന്തരമുണ്ട്.
പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ കെല്‍പ്പുള്ള നേതാവിന്റെ അഭാവം, സംസ്ഥാനതലത്തില്‍ സംഘടനയെ ഉടച്ചുവാര്‍ക്കല്‍, ബി ജെ പിയുടെ പ്രത്യയശാസ്ത്രനിലപാടിന് ഒരു ബദല്‍ ഉയര്‍ത്തുകയും, പ്രചരിപ്പിക്കുകയും ചെയ്യല്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വെല്ലുവിളികള്‍ കോണ്‍ഗ്രസ് ഇന്ന് നേരിടുന്നുണ്ട്. 2019ലെ തിരഞ്ഞെടുപ്പ് തോല്‍വിയും, ശേഷം രാഹുല്‍ ഗാന്ധിയുടെ രാജിയെ തുടര്‍ന്നുണ്ടായ നേതൃത്വ അഭാവവും, അദ്ദേഹത്തിനൊരു പകരക്കാരനെ കണ്ടെത്തുന്നതില്‍ പാര്‍ട്ടി അമ്പേ പരാജയപ്പെട്ടു നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയില്‍ മേല്‍ പരാമര്‍ശിച്ച പ്രതിസന്ധികള്‍ ഭീമമാണ്.
മാറ്റങ്ങളുടെ ലക്ഷണങ്ങള്‍
നവജോത് സിംഗ് സിദ്ദു താന്‍ ”അനര്‍ഹമായി’ നേടിയെടുത്ത പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃസ്ഥാനം 72 ദിവസങ്ങള്‍ക്കുശേഷം ഉപേക്ഷിക്കുമ്പോള്‍ പാര്‍ട്ടിയിലെ പിടലപ്പിണക്കങ്ങളാണ് പുറത്തേക്ക് വരുന്നത്. മാദ്ധ്യമങ്ങളും, ബിജെപിയും, മറ്റു പ്രതിപക്ഷ കക്ഷികളും വിചാരിച്ച രീതിയില്‍ തന്നെ പ്രതികരിച്ചു; എന്നാല്‍ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ചയും കൂടിയാലോചനയും ഉണ്ടായില്ല എന്നത് അത്യന്തം ആശങ്കാജനകമാണ്.
പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കാനോ, വിവിധ തലങ്ങളില്‍ നേതൃത്വത്തെ കൊണ്ടുവരാനോ കാര്യമായ ശ്രമങ്ങള്‍ നടക്കുന്നില്ലെങ്കിലും രാഹുല്‍ ഗാന്ധി മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്ര സമീപനങ്ങള്‍ക്കനുസരിച്ചു പാര്‍ട്ടിയെ നവീകരിക്കാനുള്ള ശ്രമങ്ങള്‍ പ്രകടമാണ്. പ്രത്യയശാസ്ത്രപരമായി ഹലളേീളരലിേൃല ദിശയിലേക്കാണ് അദ്ദേഹം കോണ്‍ഗ്രസിനെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലവിമര്‍ശനം പാര്‍ട്ടിയിലും പുറത്തും മുറുമുറുപ്പുണ്ടാക്കുന്നുണ്ടെങ്കിലും ഹിന്ദു വലതുപക്ഷത്തെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധി എല്ലാ സന്ധികളിലും മുന്നില്‍ നിന്നിട്ടുണ്ട്. സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണനത്തോടുള്ള നിശിതമായ എതിര്‍പ്പ് ഏറെ ശത്രുക്കളെ സമ്പാദിച്ചുട്ടെണ്ടെന്ന് അദ്ദേഹം പറയുന്നു. ദരിദ്രരുടെ ക്ഷേമവും സാമ്പത്തികപ്രശ്‌നങ്ങളും അദ്ദേഹം പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്.
കന്‍ഹയ്യ കുമാര്‍, ജിഗ്‌നേഷ് മേവാനി എന്നീ രണ്ടു ഹിന്ദുത്വ വിമര്‍ശകരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത നടപടി ഈ മാറ്റത്തിന്റെ തുടക്കമാണ്. ഈ മാറ്റം കാണാന്‍ തുടങ്ങിയത് ജൂലൈയില്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തില്‍ അദ്ദേഹം നടത്തിയ, വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു പ്രസ്താവനക്ക് ശേഷമാണ്: ‘നിര്‍ഭയരായ നിരവധി പേര്‍ കോണ്‍ഗ്രസിന് പുറത്തുണ്ട്. അവര്‍ നമ്മോടൊപ്പം ഉണ്ടാവേണ്ടവരാണ്. അവരെ കൊണ്ടുവരിക.’ തുടര്‍ന്ന് ഇതും കൂട്ടിച്ചേര്‍ത്തു, ‘ഭീരുക്കളായി പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നവരെ പുറത്താക്കണം. അവര്‍ ആര്‍എസ്എസ്സുകാരാണ്, അവര്‍ പുറത്തുപോയി സന്തോഷിക്കട്ടെ. അവരെ നമുക്ക് വേണ്ട. നിര്‍ഭയരെയെയാണ് നമുക്കാവശ്യം. അതാണ് നമ്മുടെ പ്രത്യയശാസ്ത്രം. എനിക്ക് നിങ്ങള്‍ക്ക് തരാനുള്ള സന്ദേശവും അതാണ്.’
ഇടത് ചായ്‌വ്
ഇതാദ്യമായല്ല കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്ക് തിരിയുന്നത്. 1969ല്‍ പാര്‍ട്ടിയില്‍ ഉണ്ടായ ഭിന്നതക്ക് ശേഷം ബാങ്ക് ദേശസാത്കരണം, പ്രിവി പേഴ്‌സ് റദ്ദാക്കല്‍, ഇന്‍ഷുറന്‍സ് രംഗത്തെ ദേശസാത്കരണം തുടങ്ങിയ നടപടികളിലൂടെ ഇന്ദിര ഗാന്ധി ഇടതുപക്ഷരാഷ്ട്രീയ സ്ഥാനം വളരെ നാടകീയമായി കൈവശപെടുത്തിയിരുന്നു. മറ്റൊരു ഉദാഹരണം സോണിയ ഗാന്ധിയുടെ നേതൃസ്ഥാനകാലത്തു ഇടതുപക്ഷ പിന്തുണയോടു കൂടി 2004ല്‍ അധികാരത്തില്‍ വന്ന യുപിഎ മന്ത്രിസഭ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ അവകാശാടിസ്ഥാനത്തിലുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്തിയപ്പോഴാണ്. കോണ്‍ഗ്രസ് കേന്ദ്രത്തിലും, മിക്ക സംസ്ഥാനങ്ങളിലും ഭരണം കയ്യാളുന്ന, ഈ നയങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാധിക്കുന്ന അവസ്ഥയില്‍ ആയിരുന്നു ഈ പ്രത്യയശാസ്ത്ര മാറ്റം സാധ്യമായത്. ഈ നയങ്ങള്‍ നടപ്പില്‍ വരുത്താന്‍ കോണ്‍ഗ്രസ് രാഷ്ട്രസംവിധാനം കാര്യക്ഷമമായി വിനിയോഗിച്ചു. മേല്‍പ്പറഞ്ഞ അവസ്ഥകള്‍ അന്യമായ, കോണ്‍ഗ്രസ് പ്രതിപക്ഷസ്ഥാനത്തുള്ള ഈ ദുര്‍ഘടസന്ധിയില്‍ ആണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മൂന്നാം തവണ ഇടതുപക്ഷത്തേക്ക് തിരിയുന്നത്.
വീണ്ടെടുപ്പും അഴിച്ചുപണിയും
ഈ തന്ത്രപ്രധാന മാറ്റം പ്രത്യയശാസ്ത്ര ഘടന ഉറപ്പിക്കാനും കോണ്‍ഗ്രസിന്റെ സാമ്പ്രദായിക സാമൂഹിക അടിത്തറ അഴിച്ചുപണിയാനുമുള്ള ശ്രമമായി കാണാം. അഭിപ്രായസമന്വയത്തിന്റെ പാര്‍ട്ടി എന്ന നിലയില്‍ ചരിത്രപരമായി നോക്കുമ്പോള്‍ കോണ്‍ഗ്രസ് എപ്പോഴും ഒരു രലിേൃശേെ തലത്തില്‍ നിലകൊണ്ട്, രാജ്യത്തിന്റെ ഭിന്നമായ സാമൂഹിക അടിത്തറയെ പ്രതിഫലിപ്പിക്കുമാറ്, പ്രത്യേകിച്ചും ഇന്ത്യന്‍ സമൂഹത്തിലെ താഴേക്കടിയിലുള്ള വിഭാഗങ്ങളുടെ പിന്തുണ നേടിയെടുത്തുകൊണ്ടേ അധികാരം കൈവരിച്ചിട്ടുള്ളൂ. പക്ഷെ ഭിന്നിപ്പുള്ള ഒരു പാര്‍ട്ടിയില്‍ രലിേൃശാെ, അഭിപ്രായൈക്യം എന്നിവ നടപ്പാകണമെന്നില്ല. സര്‍വസാമൂഹികവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നു എന്ന പ്രസിദ്ധമായ അവകാശവാദം ഉന്നയിച്ച പാര്‍ട്ടിക്ക് പക്ഷെ ഇന്നത്തെ അത്യന്തം ധ്രുവീകൃതകമായ ഈ പരിതഃസ്ഥിതിയില്‍ മിക്ക വിഭാഗങ്ങളുടെയും പിന്തുണ നഷ്ടപ്പെട്ടിരിക്കുന്നു.
പാര്‍ട്ടിക്കുണ്ടായിരുന്ന ദളിത് പിന്തുണ ഇന്ന് ബി ജെ പിക്കും മറ്റു പ്രാദേശിക കക്ഷികള്‍ക്കുമിടയില്‍ വീതം വെക്കപ്പെട്ടിരിക്കുന്നു. പാര്‍ട്ടിക്ക് വോട്ടു ചെയ്തിരുന്ന ഉന്നതജാത വോട്ടര്‍മാര്‍ ബിജെപിയിലേക്ക് തിരിഞ്ഞിരിക്കുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗര്‍ തുടങ്ങിയ മേഖലകളില്‍ സംസ്ഥാനനേതൃത്വത്തിന്റെ മികവുകൊണ്ട് മാത്രം നേടാനായ ഒബിസി വിഭാഗങ്ങളുടെ പിന്തുണ പക്ഷെ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ല. മുസ്ലിം വോട്ടുകള്‍ പ്രാദേശിക കക്ഷികളിലേക്കോ, ബിജെപിക്ക് ബദലായി ആര് നില്‍ക്കുന്നുവോ അവരിലേക്കും ഒഴുകിപ്പോയിരിക്കുന്നു.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എന്ന പഞ്ചാബി ജാട്ട് സിഖിനെ മാറ്റി ചരണ്‍ജിത് സിംഗ് ചന്നി എന്ന ദളിത് നേതാവിനെ പഞ്ചാബ് മുഖ്യമന്ത്രിയായി നിയമിക്കുമ്പോഴും ഛത്തീസ്ഗറില്‍ ടി. എസ്. സിംഗ് ദിയോക്ക് പകരം ഭൂപേഷ് ബാഗല്‍ എന്ന ഓ ബി സി മുഖ്യമന്ത്രിയെ പിന്തുണക്കുമ്പോഴും കോണ്‍ഗ്രസ് അതിന്റെ സാമൂഹിക അടിത്തറ പരിവര്‍ത്തനപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. കാലാകാലങ്ങളായി കോണ്‍ഗ്രസില്‍ അധികാരസ്ഥാനം കൈവശമാക്കി വെച്ചിരുന്ന ഉന്നതജാതര്‍ക്ക് പകരം ജാതിശ്രേണിയില്‍ താഴെതട്ടിലുള്ള വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രെസ്സിലൂടെ അധികാരം കൈവരിക്കാം എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കപ്പെടുന്നത്.
രാഷ്ട്രീയമുന്നേറ്റത്തിന്റെ ഒരു ഉപകാരണമെന്ന നിലയില്‍ പ്രത്യയശാസ്ത്രത്തിനുള്ള ശക്തിയാണ് ഇവിടെ വെളിവാകുന്നത്. പക്ഷെ യോഗ്യരായവര്‍ക്ക് അധികാരസ്ഥാനങ്ങള്‍ നല്‍കിയത് കൊണ്ടുമാത്രമായില്ല. ഈ പ്രത്യയശാസ്ത്ര വ്യതിയാനം സവിസ്തരം ഘോഷിക്കുകയും ആഖ്യാനങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രത്യയശാസ്ത്രവും സംഘടനാശക്തിയും പരസ്പരപൂരകങ്ങളാണ്. പാര്‍ട്ടിയുടെ സമൂലമായ അഴിച്ചുപണിയില്‍ ഇത് രണ്ടും പരിഗണിക്കപ്പെടണം. പ്രത്യയശാസ്ത്രസന്ദേശം ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. 2019 തിരഞ്ഞെടുപ്പ് സമയത്തു ന്യായ് വേതന പദ്ധതി രാഹുല്‍ ഗാന്ധി മുന്നോട്ടു വെച്ചിരുന്നെങ്കിലും അത് ജനങ്ങളിലേക്ക് കൈമാറുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. പിഎം കിസാന്‍ സ്‌കീം എന്ന ചെറുകിട കര്‍ഷക വേതന പദ്ധതിയും, 2019ലെ ബലാകോട് വ്യോമാക്രമണവും ന്യായ് സ്‌കീമിനെ പിന്നിലാക്കി.
പദ്ധതികളും പരിഷ്‌ക്കരണവും
പക്ഷെ സ്ഥാപനവല്‍ക്കരിക്കപെടാത്ത ഉത്പതിഷ്ണുത്വത്തിന് നിലനില്‍പ്പില്ല. അടവുനയമാറ്റത്തില്‍ പാര്‍ട്ടിയുടെ സ്ഥാപനഘടനകളുടെ പരിവര്‍ത്തനവും ഉള്‍പ്പെടണം. പക്ഷെ പാര്‍ട്ടിയുടെ അടിത്തറ വ്യാപനത്തിനും ഉള്‍പാര്‍ട്ടി ജനാധിപത്യവല്‍ക്കരണത്തിനും ആവശ്യമായ പുനഃസംഘടനയുടെ കാര്യത്തില്‍ പറയത്തക്ക മുന്നേറ്റമൊന്നും കൈവരിച്ചിട്ടില്ല. ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ മുമ്പും ഇപ്പോഴും പാര്‍ട്ടിയെ കെട്ടിപ്പെടുത്താന്‍ ഉപകരിച്ചിട്ടില്ല. മുമ്പ് പാര്‍ട്ടിനവീകരണത്തെ പറ്റിയുള്ള ആശങ്കകള്‍ ഒരു പൊളിച്ചെഴുത്തിലേക്കോ അതുവഴി വോട്ടര്‍മാരെ നേടുന്നതിലേക്കോ നയിച്ചിട്ടില്ല; ജനശ്രദ്ധ നേടാനായി സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ആണ് അപ്പോഴൊക്കെ കൊണ്ടുവന്നിട്ടുള്ളത്. പാര്‍ട്ടിയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഒരു രാഷ്ട്രീയ സമീപനത്തിന് പകരം ഭരണകൂടകേന്ദ്രീകൃതമായ പരിഹാരമാണ് നേതൃത്വം പലപ്പോഴും മുന്നോട്ടുവെച്ചിട്ടുള്ളത്. സമാനതകളില്ലാത്ത ക്ഷേമപദ്ധതികള്‍ കൊണ്ടുവന്ന യു പി എ സര്‍ക്കാര്‍ നേട്ടങ്ങളില്‍ നിന്ന് രാഷ്ട്രീയലാഭം കൊയ്‌തെടുക്കുവാന്‍ കഴിയാത്തവിധത്തില്‍ സംഘടനാശോഷണം കോണ്‍ഗ്രസിനെ ബാധിച്ചിരുന്നു. നേതൃത്വത്തിന്റെ ബലഹീനത ബഹുജനരാഷ്ട്രീയവുമായി സംവദിക്കാനുള്ള കഴിവിനെ സാരമായി ബാധിച്ചിരിക്കുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പോലും ഈയവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല.
പ്രശ്‌നമേഖലകള്‍
രണ്ടാം തവണയും തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട് രണ്ടര വര്‍ഷമായിട്ടു പോലും ഒരു മുഴുവന്‍സമയ അധ്യക്ഷനെ കണ്ടെത്താന്‍ പാര്‍ട്ടിക്കായിട്ടില്ല. അതാണ് പ്രശ്‌നത്തിന്റെ കാതല്‍. സംഘടനാപരമായ പര്യാലോചനകള്‍ക്കോ, തീരുമാനമെടുക്കാനോ കെല്‍പുള്ള ഒരു കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി നിലവിലില്ല. 2004ല്‍ സോണിയ ഗാന്ധി രൂപം കൊടുത്ത ഒരു കോര്‍ കമ്മിറ്റി പക്ഷെ ഗാന്ധികുടുംബകേന്ദ്രീകൃതമായ സമീപനങ്ങള്‍കൊണ്ട് അദൃശ്യമാണ്. ഒരു ഔപചാരിക സ്ഥാനവും കൈക്കൊള്ളാതെ തന്നെ രാഹുല്‍ ഗാന്ധിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ മിക്ക തീരുമാനങ്ങളും അനൗപചാരികമായും, ഭാവിയെപ്പറ്റി ആലോചിച്ചുറപ്പിക്കപ്പെട്ട ഒരു സമഗ്ര പദ്ധതിയുടെ ഭാഗമല്ലാതെ ആയും തോന്നുന്നതില്‍ അദ്ഭുതമില്ല. എങ്കിലും രാജ്യം മുഴുവനും വേരുകളുള്ള കോണ്‍ഗ്രസ് പ്രസ്ഥാനത്തെ തള്ളിക്കളയാനുമാവില്ല. പ്രത്യയശാസ്ത്രപരിഷ്‌കരണവും സംഘടനാനവീകരവും കൊണ്ട് മാത്രമേ കോണ്‍ഗ്രസ് അവഗണിക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രീയസാന്നിധ്യമാകൂ.
സോയ ഹസന്‍ ന്യു ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ എമിരിറ്റസ് ആണ്. ലേഖികയുടെ ‘Ideology and Organization in Indian Politics: Growing Polarization and Decline of the Congress Party (2009-2019)’ എന്ന പുസ്തകം പുറത്തിറങ്ങാനുണ്ട്.