ലഖിംപൂര്‍: ബിജെപി സര്‍ക്കാരിന്റെ വാട്ടര്‍ലൂ ആകും
ഈ കുറിപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ (ഒക്‌ടോബര്‍ 8), ഉത്തര്‍പ്രദേശ് ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലയ്ക്ക് ശേഷം സംഘപരിവാര്‍ മാധ്യമങ്ങള്‍ അടുത്ത നുണ പ്രചരണത്തിന് കോപ്പുകൂട്ടിക്കൊണ്ടിരിക്കുകയാണ്. ലഖിംപൂരില്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് നീതി ഉറപ്പുവരുത്തുന്നതില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പരാജയപ്പെട്ടുവെന്നും ഭരണകൂടവുമായുള്ള ചര്‍ച്ചകളില്‍ യോഗി സര്‍ക്കാരിന് നേട്ടമുണ്ടാക്കുന്ന തരത്തിലുള്ള സമവായത്തിന് ടികായത് തയ്യാറായി എന്നും, സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ഇതില്‍ അസംതൃപ്തരാണെന്നും, രാകേഷ് ടികായത് ഏകപക്ഷീയമായാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും ഉള്ള നുണകള്‍ പടച്ചുവിട്ടുകൊണ്ട് കര്‍ഷക സംഘടനകള്‍ക്കുള്ളില്‍ വിള്ളലുകള്‍ രൂപപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അവര്‍.
കഴിഞ്ഞ പത്ത് മാസക്കാലമായി കേന്ദ്ര സര്‍ക്കാരും അവരുടെ ഔദാര്യത്തില്‍ കഴിയുന്ന മാധ്യമങ്ങളും
സംഘപരിവാര്‍ വാട്‌സ്ആപ് ആര്‍മിയും കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാത്ത ഒരു കാര്യമാണ് പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ നടപ്പിലാക്കാന്‍ അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ലഖിംപൂര്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകള്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതാക്കളുടെ അറിവോടും സമ്മതത്തോടും കൂടിയുള്ളതായിരുന്നുവെന്ന് ദര്‍ശന്‍പാലും ധല്ലേവാളും അടക്കമുള്ള കര്‍ഷക നേതാക്കള്‍ അസന്നിഗ്ദ്ധമായി വെളിപ്പെടുത്തുന്നു. ദില്ലി അതിര്‍ത്തിയില്‍ നിന്ന് ലഖിംപൂരിലേക്ക് (വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന്) പുറപ്പെട്ട കര്‍ഷക നേതാക്കളില്‍ രാകേഷ് ടികായത്തിനെ മാത്രം ഗ്രാമത്തിലേക്കെത്താന്‍ അനുവദിക്കുകയും മറ്റുള്ള ഏഴ് പേരെയും വഴിനീളെ മാര്‍ഗ്ഗതടസ്സങ്ങള്‍ സൃഷ്ടിച്ച് വൈകിപ്പിച്ചും കേന്ദ്ര-സംസ്ഥാന ഭരണകൂടം ബോധപൂര്‍വ്വം ഇത്തരമൊരു തിരക്കഥയ്ക്കുള്ള വഴി സൃഷ്ടിക്കുകയായിരുന്നു. ദില്ലി കര്‍ഷക സമരത്തിലെ സജീവ സാന്നിദ്ധ്യവും കര്‍ഷകനേതാവും ലഖിംപൂര്‍ നിവാസിയുമായ തേജിന്ദര്‍ വിര്‍ഖിനെ ലക്ഷ്യമിട്ടുകൊണ്ട് ആക്രമണങ്ങള്‍ നടത്തിയെങ്കിലും അദ്ദേഹം മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയുണ്ടായി. തേജിന്ദര്‍ വിര്‍ഖ് അടക്കമുള്ള കര്‍ഷക സംഘടനാ നേതാക്കളുമായി ഈ ചര്‍ച്ചയുടെ ഓരോ ഘട്ടത്തിലും രാകേഷ് ടികായത് സംവദിച്ചിരുന്നുവെന്നും അവരുടെ കൂടി അഭി്രപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ടായിരുന്നു സമവായത്തിലെത്തിച്ചേര്‍ന്നതെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കുന്നു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും ഉത്തര്‍പ്രദേശ് മന്ത്രി അശോക് മൗര്യയും ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സന്ദര്‍ശനം നടത്തുന്നുവെന്ന് അറിഞ്ഞ കര്‍ഷക പ്രക്ഷോഭകാരികള്‍ ഹെലിപാഡിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്താന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. എന്നാല്‍ കര്‍ഷകരുടെ കരിങ്കൊടി പ്രതിഷേധത്തെക്കുറിച്ചറിഞ്ഞ മന്ത്രിയും പരിവാരങ്ങളും വിമാന യാത്ര മാറ്റിവെക്കുകയും കാര്‍ മാര്‍ഗ്ഗം യാത്ര ചെയ്യുകയുമാണുണ്ടായത്. മന്ത്രി വിമാനയാത്ര റദ്ദുചെയ്തുവെന്നറിഞ്ഞ് സമാധാനപരമായി പിരിഞ്ഞുപോയ്‌ക്കൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെ മന്ത്രിപുത്രന്‍ ആശിഷ് മിശ്രയും മറ്റ് ബിജെപി നേതാക്കളും സഞ്ചരിച്ച വാഹനവ്യൂഹം ഇടിച്ചുകയറ്റുകയും എട്ട് ആളുകള്‍ മരണപ്പെടുകയും ചെയ്തു. ഒക്‌ടോബര്‍ 3ന് നടന്ന അത്യന്തം ക്രൂരതയാര്‍ന്ന ഈ നടപടിയില്‍ നാല് കര്‍ഷക പ്രക്ഷോഭകാരികളും പ്രാദേശിക വാര്‍ത്താ മാധ്യമത്തിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ, കര്‍ഷക കുടുംബത്തില്‍ നിന്നുതന്നെയുള്ള രമണ്‍ കശ്യപ് എന്ന യുവാവും മറ്റ് മൂന്നുപേരുമാണ് കൊല്ലപ്പെട്ടത്. കാറിടിച്ച് പരിക്കേറ്റവരുടെ എണ്ണം ഒരു ഡസനിലധികം വരും. ഇതുകൂടാതെ, മന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്നവര്‍ കര്‍ഷക പ്രക്ഷോഭകാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്നും രമണ്‍ കശ്യപിന്റെ മൃതദേഹത്തില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തുവെന്നും വ്യക്തമാകുന്നു.
കര്‍ഷക പ്രക്ഷോഭകാരികള്‍ ഒരു വര്‍ഷത്തോളമായി നടത്തുന്ന സമര പരിപാടികള്‍ അക്രമാസക്തമാകാതിരിക്കുന്നത് ബിജെപി സര്‍ക്കാരിനെ തെല്ലൊന്നുമല്ല അലട്ടുന്നത്. ഭരണകൂടം പല രീതിയില്‍ അതിക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും ജനാധിപത്യരീതിയിലുള്ള സമരമാര്‍ഗ്ഗങ്ങളാണ് സംയുക്ത കര്‍ഷക മോര്‍ച്ച സ്വീകരിച്ചിരിക്കുന്നത്. മാസങ്ങള്‍ നീണ്ടുനിന്നിട്ടും കര്‍ഷക പ്രക്ഷോഭത്തിന്റെ ശക്തി ക്ഷയിക്കുന്നില്ലെന്ന് മാത്രമല്ല, സെപ്തംബര്‍ 5ന് മുസ്സഫര്‍നഗറില്‍ നടത്തിയ കര്‍ഷക മഹാപഞ്ചായത്തും സെപ്തംബര്‍ 27ന് നടന്ന അഖിലേന്ത്യാ കര്‍ഷക ബന്ദും അടക്കമുള്ള പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വമ്പിച്ച പിന്തുണ സംഘപരിവാര്‍ ഭരണകൂടത്തെ തെല്ലൊന്നുമല്ല പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നത്.
അക്രമങ്ങള്‍ക്ക് ഭരണതലത്തില്‍ നിന്നുള്ള ആഹ്വാനം
ലഖിംപൂര്‍ ഖേരി സംഭവത്തിന് ഏതാനും നാളുകള്‍ മുന്നെ തന്നെ കര്‍ഷകരെ കായികമായി ആക്രമിക്കാനുള്ള ആഹ്വാനം, ഭരണത്തിന് നേതൃത്വം നല്‍കുന്ന കേന്ദ്രമന്തിയും സംസ്ഥാന മുഖ്യമന്ത്രിയും അടക്കമുള്ള ആളുകള്‍, നല്‍കിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ”പ്രക്ഷോഭകാരികളെ രണ്ട് മിനുട്ടുകൊണ്ട് അച്ചടക്കം പഠിപ്പിക്കാമെന്ന്” ഖേരി എംപി കൂടിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര പറയുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അതോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടയില്‍ സമരത്തിലുള്ള കര്‍ഷകര്‍ക്കെതിരെ ലാത്തിയെടുത്ത് പോരാടാനും ജയിലില്‍ പോയി നേതാവായി തിരിച്ചുവരാനും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ആവശ്യപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും വെളിയില്‍ വന്നിരിക്കുന്നു.
2020 നവമ്പര്‍ 26ന് നടന്ന ദില്ലി ചലോ മാര്‍ച്ച് തടയാന്‍ എന്തൊക്കെ നാണംകെട്ട വഴികളാണ് ഒരു ജനാധിപപത്യ രാജ്യത്തെ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതെന്ന് ലോകം മുഴുവന്‍ സാക്ഷിയായതാണ്. ദേശീയപാതകളില്‍ കിടങ്ങുകള്‍ തീര്‍ത്തും, വഴിനീളെ ബാരിക്കേഡുകള്‍ തീര്‍ത്തും ജലപീരങ്കികള്‍ പ്രയോഗിച്ചും, ദില്ലി അതിര്‍ത്തികളിലെ പ്രക്ഷോഭ കേന്ദ്രങ്ങള്‍ക്ക് ചുറ്റും മുള്‍വേലികളും ഇരുമ്പാണികളും സ്ഥാപിച്ചും, സമര കേന്ദ്രങ്ങളിലെ കുടിവെള്ളവും ഇന്റര്‍നെറ്റും വിച്ഛേദിച്ചും സമരത്തെ തളര്‍ത്താമെന്ന് കരുതിയിരുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് ഓരോ ദിവസവും പ്രക്ഷോഭകാരികള്‍ നല്‍കിയത്. എല്ലാ പ്രകോപനങ്ങളെയും സഹനത്തിന്റെ സംഘടിത ബലത്തിന്റെയും സഹകരണത്തിന്റെയും വഴികളിലൂടെ നേരിട്ട കര്‍ഷകരെ ദേശദ്രോഹികളെന്നും ഖലിസ്ഥാനികളെന്നും മുദ്രകുത്താനുള്ള ശ്രമങ്ങളും കേന്ദ്ര ഭരണകൂടം നടത്തി. ഏറ്റവുമൊടുവില്‍ പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടന്നുകയറാനുള്ള ബിജെപി മോഹത്തിന് കര്‍ഷകര്‍ തിരിച്ചടി നല്‍കിയതും മുസ്സഫര്‍നഗര്‍ മഹാപഞ്ചായത്തിന്റെയും അഖിലേന്ത്യാ ബന്ദിന്റെയും വിജയവും കേന്ദ്ര സര്‍ക്കാരിന്റെ മനോനില തെറ്റിച്ചു. ഹരിയാനയിലെ കര്‍ണ്ണാലില്‍ പ്രക്ഷോഭകാരികളെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കാന്‍ ജില്ലാ ഭരണാധികാരി ആഹ്വാനം ചെയ്തതിനെതിരെ നാല് ദിവസം നീണ്ട രാപ്പകല്‍ സത്യാഗ്രഹത്തിലൂടെ നടപടിയെടുപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചു. കര്‍ഷകര്‍ക്ക് നേരെയുള്ള ഓരോ ആക്രമണങ്ങളും സംഘപരിവാര്‍ ഭരണകൂടത്തിന് തിരിച്ചടിയാകാന്‍ പോകുന്നതേയുള്ളൂ.
കര്‍ഷകരുടെ മുന്നില്‍ മുട്ടുകുത്തി യോഗി
ഭരണത്തില്‍ കയറിയ അന്നുതൊട്ട് എല്ലാ ജനാധിപത്യ മൂല്യങ്ങളെയും ചവിട്ടിയരച്ചുകൊണ്ടാണ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് ഭരിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്കും ദളിതുകള്‍ക്കും മുസ്ലീം പിന്നോക്ക വിഭാഗങ്ങള്‍ക്കും എതിരെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ടുതന്നെ വില കുറഞ്ഞതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമായ എത്രയോ പ്രസ്താവനകള്‍ യോഗി ആദിത്യനാഥ് ഇതിനകം നടത്തിക്കഴിഞ്ഞു. ജനകീയ പ്രക്ഷോഭങ്ങളെ വിലവെക്കാത്ത പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ സാമന്തനായിത്തന്നെയാണ് യോഗിയും പ്രവര്‍ത്തിക്കുന്നത്. യോഗി ഭരണത്തിലെ ജനാധിപത്യ ധ്വംസനത്തെ ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചും, ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയും അവരുടെ ആവശ്യങ്ങളെ അവഗണിച്ചും വര്‍ഗ്ഗീയ പ്രസ്താവന നടത്തിയും മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്ന യുപി മുഖ്യമന്ത്രി ആദ്യമായാണ് ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനായി.
ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെയും പുത്രന്റെയും കര്‍ഷക നരസംഹാരത്തെ വളച്ചൊടിക്കാനും രാഷ്ട്രീയ നേതാക്കള്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്ത യുപി സര്‍ക്കാരിന് കര്‍ഷകര്‍ക്കിടയില്‍ വളര്‍ന്നുവന്ന പ്രതിഷേധത്തെ നേരിടേണ്ടതെങ്ങിനെ എന്നത് ചോദ്യചിഹ്മായി ഉയര്‍ന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷക രോഷം പ്രകടമാകാനുള്ള സാധ്യതയെക്കൂടി പരിഗണിച്ചുകൊണ്ടാണ് കര്‍ഷക നേതാക്കളുമായി ചര്‍ച്ചകള്‍ നടത്താന്‍ യോഗി തയ്യാറായത്. ഖേരി കൂട്ടക്കൊല നടന്ന ഒക്‌ടോബര്‍ 3ന് രാത്രി തന്നെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള യോഗി സര്‍ക്കാരിന്റെ ശ്രമങ്ങളെ കര്‍ഷകര്‍ ചെറുത്തുതോല്‍പ്പിച്ചു. ഇതിനിടയില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനമിടിച്ച് കയറ്റുന്ന കേന്ദ്ര മന്ത്രിയുടെ പുത്രന്റെയും ബിജെപി നേതാക്കളുടെയും വീഡിയോ തെൡവുകള്‍ പുറത്തുവന്നതും യോഗി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി.
കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് 45ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കാനും യോഗിക്ക് തീരുമാനിക്കേണ്ടിവന്നു. മന്ത്രി പുത്രനും മറ്റ് അക്രമികള്‍ക്കും എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാനും ഭരണകൂടത്തിന് സമ്മതം മൂളേണ്ടിവന്നു. യോഗി ആദിത്യനാഥിന്റെ ഭരണചരിത്രത്തിലാദ്യമായി കര്‍ഷക ശക്തിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്ന കാഴ്ചകള്‍ക്കാണ് ഖേരി സംഭവത്തെത്തുടര്‍ന്ന് രാജ്യം സാക്ഷ്യം വഹിച്ചത്.
നേതാക്കള്‍ക്ക് അറസ്റ്റ്; കുറ്റവാളികള്‍ക്ക് സുരക്ഷിത പാത
ഖേരി കൂട്ടക്കൊലയോടനുബന്ധിച്ച് ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് തടയിടുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അതുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് യോഗി ഭരണകൂടം വഴങ്ങിയതെന്ന് മറ്റാരെക്കാളും നന്നായറിയുന്നത് കര്‍ഷക നേതാക്കള്‍ തന്നെയാണ്. മന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ കര്‍ഷക സമരക്കാരില്‍ നിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടായിട്ടില്ലെന്നതും കര്‍ഷകര്‍ക്ക് നേരെ മന്ത്രിയുടെ വാഹനവ്യൂഹത്തിലുള്ള മൂന്ന് വാഹനങ്ങള്‍ പിന്നില്‍ നിന്ന് ഇടിച്ചുകയറ്റുന്നതിന്റെയും ബിജെപി നേതാക്കള്‍ വെടിവെക്കുന്നതിന്റെയും മന്ത്രിപുത്രന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുന്നതിന്റെയും വ്യക്തമായ തെളിവുകള്‍ പുറത്തുവന്നതിനുശേഷവും അജയ് മിശ്രയുടെ മകനെ കസ്റ്റഡിയിലെടുക്കാന്‍ യോഗി ഭരണകൂടം തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് മന്ത്രി പുത്രനെ നേപ്പാളിലേക്ക് കടക്കാന്‍ സംസ്ഥാന ഭരണകൂടം തന്നെ ഒത്താശ ചെയ്തുകൊടുക്കുന്നതായിട്ടാണ് (ഇതെഴുതുമ്പോള്‍) വിവരം.
കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കേണ്ടതും അവര്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യേണ്ടതും കാരണമാണ് അത്തരമൊരു സന്ദര്‍ഭത്തില്‍ മൃതദേഹം മുന്നില്‍ വെച്ചുകൊണ്ടുള്ള കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറാകാഞ്ഞതെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കുന്നു. വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങിയ സംഘത്തെക്കൊണ്ട് പുനഃപോസ്റ്റ്‌മോര്‍ട്ടം ചെയ്യിക്കുകയും അവയൊക്കെയും വീഡിയോ ചിത്രീകരണം നടത്താനും കര്‍ഷക സംഘടനകളുടെ പ്രതിഷേധം മൂലം സാധിച്ചിട്ടുണ്ട്. എഫ്‌ഐആറില്‍ മന്ത്രിപുത്രനടക്കമുള്ളവരുടെ പേര് രേഖപ്പെടുത്തപ്പെട്ടതും കര്‍ഷകരുടെ പ്രതിഷേധം ഒന്നുകൊണ്ടുമാത്രമാണ്. ഖേരി കൂട്ടക്കൊലയുടെ ഉത്തരവാദികളെ ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ വന്‍ പ്രക്ഷോഭത്തെ നേരിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറായിക്കൊള്ളണമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതേസമയം ലഖിംപൂരിലേക്കുള്ള കര്‍ഷക നേതാക്കളുടെ യാത്ര തടസ്സപ്പെടുത്തുന്നതിനായി പല സ്ഥലങ്ങളില്‍ വെച്ചും കര്‍ഷക നേതാക്കളെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റു ചെയ്യുകയോ ആണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ മുസ്സഫര്‍നഗര്‍ കര്‍ഷക മഹാ പഞ്ചായത്ത് അടക്കമുള്ള വലിയ കര്‍ഷക മുന്നേറ്റം ബിജെപി സര്‍ക്കാരിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. അധികാര ഹുങ്കില്‍ കര്‍ഷകര്‍ക്ക് നേരെ കായികബലം പ്രയോഗിക്കാമെന്ന സംഘപരിവാര്‍ ബുദ്ധി അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറിക്കഴിഞ്ഞിരിക്കുന്നു. വീണതില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ നടത്തുന്ന എല്ലാ തന്ത്രങ്ങളും അവര്‍ക്ക് തന്നെ കുരുക്കായി മാറുമെന്നതില്‍ തര്‍ക്കമില്ല. കര്‍ഷക പ്രക്ഷോഭത്തിന്റെ ശക്തിയെയും രാഷ്ട്രീയ വിവക്ഷയെയും മനസ്സിലാക്കുന്നതില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികകള്‍ എത്രകണ്ട് വിജയിക്കും എന്നതിനെക്കൂടി ആശ്രയിച്ചിരിക്കും സംഘപരിവാരത്തിന്റെ കാവി-കോര്‍പ്പറേറ്റ് ഭരണത്തിനെതിരായുള്ള കര്‍ഷക മുന്നേറ്റത്തിന്റെ വിജയം.
സുസ്ഥിരവികസനത്തിനനുയോജ്യമായ പരിസ്ഥിതി സംരക്ഷണത്തിനും മാന്യമായ സാമൂഹികജീവിതം ഉറപ്പുവരുത്താനാവശ്യമായ മനുഷ്യാവകാശങ്ങള്‍ക്കുമായി നിരന്തരം പൊരുതുന്ന കെ സഹദേവന്‍, ദേശവ്യാപകമായി പടരുന്ന കര്‍ഷകസമരത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ മാനങ്ങളെ ലക്കിംപ്പൂര്‍ ഖേരിയില്‍ കര്‍ഷകപോരാളികളെ കാറിടിച്ച് കൂട്ടക്കൊല ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആഴത്തില്‍ പരിശോധിക്കുകയാണിവിടെ.