നവോത്ഥാന മൂല്യസംരക്ഷണം വ്യാജചെപ്പേടുകളിലൂടെയോ?


ശബരിമലയിലെ ആചാര്യസംരക്ഷണത്തിനുവേണ്ടി, സുപ്രീം കോടതി വിധിക്കെതിരെ നാടെങ്ങും പ്രക്ഷോഭണങ്ങള്‍ നടക്കുന്നകാലം. പുതിയ സാഹചര്യം തങ്ങള്‍ക്കനുകൂലമാക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്ന നാളുകള്‍. രാത്രിയുടെ മറവില്‍ പോലീസകമ്പടിയോടെ യുക്തിവാദികളായ സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്താന്‍ പോയിരുന്ന ദിവസങ്ങള്‍. ഇക്കാലത്താണ് ‘ചെപ്പേടുകളിലെ ശബരിമല’ എന്ന പേരില്‍ അന്നോളം ഞാന്‍ കേട്ടിട്ടില്ലാത്ത, ഇ. സന്തോഷ് എന്ന യുവാവിന്റെ ലേഖനം എറണാകുളത്ത് കലൂരില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ‘എഴുത്ത്’ എന്ന മാസികയില്‍ വന്നത്. (2019 ഫെബ്രുവരി) ‘ശബരിമലയുടെ ചരിത്രം തന്നെ മാറ്റി എഴുതുവാന്‍ പര്യാപ്തമായ’ ഒരു ചെപ്പേടിന്റെ പഠനവും വ്യാഖ്യാനവും എന്നായിരുന്നു ലേഖകന്റെ അവകാശവാദം. ശബരിമല ഒരു ദ്രാവിഡ തീര്‍ത്ഥാടനകേന്ദ്രമായിരുന്നുവെന്നു സ്ഥാപിക്കാന്‍ ലേഖകന്‍ ശ്രമിക്കുന്നു. പ്രശസ്ത എപ്പിഗ്രാഫിസ്റ്റായ ഡോ എം ആര്‍ രാഘവവാര്യരായിരുന്നു സന്തോഷിന്റെ പിന്നിലെന്നും ഡോ രാജന്‍ ഗുരുക്കളിന്റെയും സുനില്‍ ഇളയിടത്തിന്റെയും പിന്തുണയോടെയാണ് ഈ നീക്കങ്ങളെന്നും ദൃശ്യമാധ്യമങ്ങള്‍ വൈകാതെ വ്യക്തമാക്കി.

സുനിൽ പി ഇളയിടം


വര്‍ഷങ്ങള്‍ക്കു മുന്‍പ്, ചേര്‍ത്തലയിലെ ചീരപ്പഞ്ചിറ കുടുംബക്കാര്‍ തങ്ങളുടെ അവകാശവാദങ്ങള്‍ സംരക്ഷിക്കാനായി നടത്തിയ കോടതി വ്യവഹാരങ്ങളില്‍ ഉപയോഗിക്കുകയും പണ്ഡിതപരിശോധനയില്‍ വ്യാജമാണെന്നു തെളിയുകയും ചെയ്ത, ഒരു ചെപ്പേടിനെക്കുറിച്ച് എനിയ്ക്കു പെട്ടെന്നോര്‍മ്മ വന്നു. ആ ചെപ്പേടുതന്നെയാണെന്നു വരുമോ യുവഗവേഷകന്റെ കൈക്കുറ്റപ്പാടിലെ പ്രതിപാദ്യം? ഉറപ്പുവരുത്താനായി, പ്രാചീന ലിപിപഠനം ജീവിതവ്രതമാക്കിയ മറ്റൊരു യുവഗവേഷകനുമായി ഞാന്‍ ബന്ധപ്പെട്ടു. ഫറൂഖ് കോളേജില്‍ വച്ച് ആയിടെ നടന്ന സൗത്തിന്ത്യന്‍ എപ്പിഗ്രാഫിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടതാണ് ഈ പ്രബന്ധമെന്നും ഡോ സുബ്ബരായലുവിനെപ്പോലെയുള്ള ലിപി വിദഗ്ധര്‍ ആധികാരികതയെപ്പറ്റി സംശയം ഉന്നയിച്ചതായും എനിയ്ക്ക് അറിയാന്‍ കഴിഞ്ഞു. അന്നും പ്രബന്ധാരകനായ ഇ. സന്തോഷിനെ ന്യായീകരിക്കുവാന്‍ രാഘവവാര്യര്‍ ഉത്സാഹം കാണിച്ചുവെന്നും സുഹൃത്ത് അറിയിച്ചു.
നിജസ്ഥിതി നേരിട്ടറിയാനായി, എം ആര്‍ രാഘവവാര്യരെ ഞാന്‍ ഫോണില്‍ ബന്ധപ്പെട്ടു. ചീരപ്പഞ്ചിറ പട്ടയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റി വി ആര്‍ പരമേശ്വരന്‍പിള്ള സാര്‍ 1983-ല്‍ അറിയിച്ചതും പറഞ്ഞു. മൂവായിരത്തി അഞ്ഞൂറ് രൂപയൊ മറ്റൊ പ്രതിഫലം വാങ്ങിയിട്ടായിരുന്നുവത്രേ. ആര്‍ക്കിയോളജി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ കൃത്രിമപട്ടയം ചീരപ്പഞ്ചിറയുടെ അഭിഭാഷകന് നല്കിയത്. രാഘവവാര്യര്‍ മാസ്റ്റര്‍ ചിരിച്ചതല്ലാതെ മറുപടി നല്കിയില്ല. ആയിടെ ഒരു തീവണ്ടി യാത്രയില്‍ രാഘവവാര്യരെ കണ്ടപ്പോഴും ഞാന്‍ ഈ വ്യാജപ്പട്ടയത്തെപ്പറ്റി വീണ്ടും പറഞ്ഞു. രാഘവവാര്യര്‍ മാസ്റ്റര്‍ അപ്പോഴും കൂടുതല്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല.

ഡോ. എം.ആര്‍. രാഘവവാര്യര്‍

‘മോന്‍സണ്‍ മ്യൂസിയ’ത്തിലെ വ്യാജപുരാവസ്തുക്കളെപ്പറ്റി വാര്‍ത്തവന്നപ്പോഴാണ്, അവിടെ നിന്നു കണ്ടെത്തിയ ചീരപ്പഞ്ചിറ പട്ടയത്തെപ്പറ്റി രാഘവവാര്യര്‍ ദൃശ്യമാദ്ധ്യമങ്ങളില്‍ വീണ്ടും സംസാരിക്കുന്നത് കണ്ടത്. ഇത്തവണയാണ് എനിയ്ക്കു അറിവുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കേണ്ടതുണ്ടെന്ന് ഞാന്‍ ഉറപ്പിച്ചത്. ലോകപ്രശസ്ത പുരാവസ്തുശാസ്ത്രജ്ഞനായ സര്‍ മോര്‍ട്ടിമര്‍ വീലറുടെ ശിഷ്യന്മാരില്‍ ഒരാളായിരുന്നു വി ആര്‍ പരമേശ്വരന്‍പിള്ള. തക്ഷശിലയിലെ ഉത്ഖനനങ്ങളില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം മോര്‍ട്ടിമര്‍ വീലറുടെ കീഴില്‍ പുരാവസ്തു പഠനം പൂര്‍ത്തിയാക്കിയത്. ഇതിനിടെ അദ്ദേഹത്തിന്റെ ഭാര്യ അന്തരിച്ചു. എങ്കിലും പഠനം പൂര്‍ത്തിയാക്കിയശേഷമേ നാട്ടിലേക്കു പരമേശ്വരന്‍പിള്ള മടങ്ങിയുള്ളു. പിന്നീട് നിര്‍മ്മിച്ച വീടിനു തക്ഷശില എന്ന് പേരുമിട്ടു.
ചീരപ്പഞ്ചിറ ചെപ്പേടെന്ന പേരില്‍ അറിയപ്പെട്ടിരുന്ന വ്യാജ രേഖയെപ്പറ്റി പരമേശ്വരന്‍പിള്ളസാറില്‍ നിന്നു ഞാന്‍ കേള്‍ക്കുന്നത് 1983 ലാണ്. അന്നദ്ദേഹം സംസ്ഥാന പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള സ്‌കൂള്‍ ഓഫ് എപ്പിഗ്രാഫിയിലെ അദ്ധ്യാപകനാണ്. വിസിറ്റിങ്ങ് പ്രൊഫസറെന്ന നിലയില്‍. പുരാവസ്തുവകുപ്പില്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ഞാനും ചിലപ്പോഴൊക്കെ അവിടെപ്പോയി ക്ലാസ്സെടുത്തിരുന്നു.
പ്രാചീന ലിഖിതങ്ങള്‍ പഠിക്കുന്നവര്‍ സ്ഥാപിത താല്പര്യക്കാരുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി താളിയോലകളൊ ചെമ്പോലകളൊ തയ്യാറാക്കുന്നതിനു കൂട്ടുനില്ക്കുന്നത് അധാര്‍മ്മികമാണെന്നു അന്നൊരിക്കല്‍ പരമേശ്വരന്‍ പിള്ള തന്റെ വിദ്യാര്‍ത്ഥികളോടു ഒരല്പം ശബ്ദം ഉയര്‍ത്തിപ്പറഞ്ഞു. ക്ലാസ്സുമുറിയില്‍ നിന്നു പുറത്തുവന്നശേഷം ചീരപ്പഞ്ചിറ ചെപ്പേട് തയ്യാറാക്കിയ വ്യക്തിയെക്കുറിച്ചു എന്നോടു അദ്ദേഹം പറഞ്ഞു. ചീരപ്പഞ്ചിറക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു എതിരെ കൊടുത്ത ഒരു കേസ്സില്‍ തെളിവെന്ന നിലയില്‍ ഹാജരാക്കപ്പെട്ട ഈ ചെമ്പോല കോടതി പരിശോധിക്കാന്‍ ഏല്പിച്ചത് പരമേശ്വരന്‍പിള്ളയെ ആയിരുന്നു. വാവര്‍ കുടുംബം ഹാജരാക്കിയ ചെപ്പേടുകളും പരിശോധിക്കപ്പെടേണ്ടതാണെന്നു സൂചിപ്പിച്ചു.

മോൺസൻ മാവുങ്കൽ


‘മോന്‍സണ്‍ മ്യൂസിയ’ത്തിലെ ചെപ്പേട്, പരമേശ്വരന്‍പിള്ള വ്യാജമെന്നു കണ്ടെത്തിയ ചെപ്പേടൊ അതിന്റെ പകര്‍പ്പൊ ആയിരിക്കാന്‍ ഇടയുണ്ടെന്നു എനിക്കു തോന്നി. ആദ്യപേജില്‍ കണ്ട വൃത്താകൃതിയിലുള്ള സീല്‍, ഇ. സന്തോഷ് അവകാശപ്പെടുന്നതുപോലെ, കൊല്ലവര്‍ഷം 843-ല്‍ തയ്യാറാക്കിയതല്ലെന്ന് ചെമ്പുപട്ടയം ഉറപ്പിക്കാന്‍ എനിക്കു സഹായകമായി. ഈസ്റ്റിന്ത്യാ കമ്പനിയുടെ വരവിനുശേഷം നടന്ന ബ്രിട്ടീഷ് അധിനിവേശനാളുകളിലാണ് റൗണ്ട് സീലുകള്‍ നമ്മുടെ പ്രമാണങ്ങളില്‍ ഇടംപിടിക്കുന്നത്.
പന്തളം കോവിലാണ്, ചീരപ്പഞ്ചിറ ക്കാര്‍ക്കു ചെപ്പേട് നല്‍കിയതെന്ന അവകാശവാദവും ഇതൊരു വ്യാജനിര്‍മ്മിതിയാണെന്നു സ്പഷ്ടമാക്കുന്നു. കൊല്ലവര്‍ഷം 843-ല്‍ അതായത് ഏ ഡി 1668-ല്‍ ഇന്നത്തെ പന്തളം രാജവംശം അറിഞ്ഞിരുന്നത്, അയിരൂര്‍ കോവില്‍ എന്നൊ ചെമ്പഴന്നൂര്‍ സ്വരൂപം എന്നൊ ആയിരുന്നു. തെങ്കാശിയിലെ പാണ്ഡ്യശാഖയില്‍പ്പെട്ട ആ രാജകുടുംബം, അജ്ഞാതമായ കാരണങ്ങളാലാണ് ആദ്യം ചെങ്കോട്ടയിലും പിന്നീട് അച്ചന്‍കോവിലിലും അതിനുശേഷം കോന്നിയിലും പാണ്ടനാട്ടും അവസാനം പന്തളത്തും എത്തുന്നത്.
1901-ല്‍ പ്രസിദ്ധീകരിച്ച, ലഫ്ടനന്റ് ബഞ്ചമിന്‍ സ്വയിന്‍ വാര്‍ഡ് എന്ന ഇംഗ്ലീഷുകാരനായ സര്‍വേയറുടെ റിപ്പോര്‍ട്ടില്‍ ശബരിമലയെപ്പറ്റിയും തീര്‍ത്ഥാടനത്തെപ്പറ്റിയും വിലപ്പെട്ട വിവരങ്ങള്‍ നല്കുന്നു.

  1. പന്തളം എന്ന് ഇന്നറിയുന്ന ഐരൂര്‍ സ്വരൂപം 1756 ല്‍ തിരുവിതാംകൂറിനോടു ചേരുകയും 1812 ല്‍ തിരുവിതാംകൂറില്‍ ലയിക്കുകയും ചെയ്തു.
  2. എഴുന്നൂറ്റി നാല്‍പ്പത്തിരണ്ടര ചതുരശ്രമൈലാണ് പന്തളം ദേശവഴിയില്‍ അന്നുണ്ടായിരുന്നത്.
  3. ചൗരിമല എന്ന ശാസ്താക്ഷേത്രത്തിന്റെ അധികാരികളായ പന്തളം രാജാവ്, നദിയുടെ (പമ്പ) കിഴക്കുള്ള കൈപ്പുഴയിലാണ് ഇപ്പോള്‍ താമസിക്കുന്നത്.  
ഡോ രാജന്‍ ഗുരുക്കള്‍

പന്തളം രാജാവ്, ഇപ്പോള്‍ താമസിക്കുന്നത് കൈപ്പുഴയിലാണെന്ന് ലഫ് ബഞ്ചമിന്‍ സ്വയിന്‍ വാര്‍ഡു പറഞ്ഞത്, മുന്‍പ് അവര്‍ താമസിച്ചിരുന്നത് പാണ്ടനാട്ട് ആയിരുന്നതിനാലാണ്. കൈപ്പുഴ ഉണ്ടായിരുന്ന മറ്റൊരു ക്ഷത്രിയ കുടുംബത്തിലെ അംഗത്തെ അന്നത്തെ ചെമ്പഴന്നൂര്‍ (അയിരൂര്‍) രാജാവ് വിവാഹം കഴിച്ചതുകൊണ്ടാണ് അദ്ദേഹത്തിനു അന്ന് പന്തളത്ത് താമസിക്കാന്‍ കഴിഞ്ഞത്. വാര്‍ഡ് സര്‍വ്വേ നടത്തിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തിനു തൊട്ടുമുന്‍പാണ് ഈ കുടിവയ്പു ഉണ്ടായത്. വസ്തുതകള്‍ ഇതായിരിക്കേ, അയിരൂര്‍ ശ്രീധരക്കോവിലിനെ പന്തളംകോവില്‍ ആക്കിയത് വ്യാജരേഖ തയ്യാറാക്കിയ ആര്‍ക്കിയോളജിസ്റ്റിനു സംഭവിച്ച പിഴവായിരുന്നു.
വ്യാജചെപ്പേടില്‍ പുള്ളുവന്‍ പാട്ടിനൊപ്പം വേലന്‍പാട്ടിനെയും ഉള്‍പ്പെടുത്തിയതും വ്യാജനിര്‍മ്മിതിയാണെന്നു ഉറപ്പിക്കാന്‍ സഹായിച്ചു. വേലന്‍പാട്ടെന്നല്ല വേലന്‍ പ്രവൃത്തിെയന്നേ പറഞ്ഞിരുന്നുള്ളു. ശബരിമലയെ ചൗരിമലയെന്നെഴുതുവാന്‍ ശ്രദ്ധിച്ച വ്യാജചെപ്പേട് നിര്‍മ്മിതാവു അടിതെറ്റിവീണത് പന്തളരാജാവെന്ന പരാമര്‍ശത്തിലായിരുന്നു. കുറുമുള്ളൂര്‍ നാരായണപിള്ളയുടെ ‘ശ്രീഭൂതനാഥസര്‍വസ്വത്തി’ (കൊല്ലവര്‍ഷം 1122)ലൂടെ ഉറപ്പിക്കപ്പെട്ട പന്തളം രാജാക്കന്മാരെപ്പറ്റിയുള്ള പരാമര്‍ശമാകാം വ്യാജചെപ്പേട് നിര്‍മ്മിതാവിനെ വഴിതെറ്റിച്ചത്.
ആദ്യ വായനയില്‍ത്തന്നെ ഇതൊരു വ്യാജനിര്‍മ്മിതിയാണെന്നു ബോധ്യമാകുമെന്നിരിക്കെ, ആധികാരികരേഖയായി ചീരപ്പഞ്ചിറ ചെപ്പേടിനെ അംഗീകരിക്കാന്‍ എം ആര്‍ രാഘവവാര്യര്‍ക്കു എങ്ങനെ കഴിഞ്ഞു.? അവൈദികമെന്ന പോലെ അബ്രാഹ്മണികവുമായിരുന്ന ക്ഷേത്രമായിരുന്നു ശബരിമലയെന്നു സ്ഥാപിക്കാന്‍ ഈ വ്യാജ ചെപ്പേടിനെ ആശ്രയിച്ചവരില്‍ ഡോ രാജന്‍ ഗുരുക്കള്‍ മാത്രമല്ല, ഡോ സുനില്‍ ഇളയിടവും ഉണ്ട്. ഈ ചെപ്പേടിനെ ഉയര്‍ത്തിപ്പിടിച്ച, മലയരയ സമാജം ഭാരവാഹികളാകട്ടെ ക്ഷേത്ര സംരക്ഷകരായിരുന്ന തങ്ങളെപ്പറ്റിയൊ മലമ്പണ്ടാരങ്ങളെപ്പറ്റിയൊ ചെപ്പേടില്‍ യാതൊന്നും പറയാത്തതിലും അത്ഭുതപ്പെട്ടില്ല.
കൈരളിയുടെ പ്രശസ്ത ചരിത്രകാരനു നല്കുന്ന അഞ്ചുലക്ഷം രൂപയുടെ അവാര്‍ഡിനുവേണ്ടിയൊ, തൃപ്പൂണിത്തുറയിലെ സെന്റര്‍ ഫോര്‍ ഹെരിറ്റേജ് സ്റ്റഡീസിലെ (ഇഒട) സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയോ ആണ് ഈ അധാര്‍മികതയ്ക്ക് രാഘവവാര്യര്‍ കൂട്ടു നിന്നതെന്നു ഞാന്‍ പറയില്ല. മതിലേരിക്കന്നി എന്ന കൃതി അജ്ഞാത കര്‍ത്തൃകമായ ഒരു വടക്കന്‍പാട്ടു കൃതിയല്ലെന്നും അത് രചിച്ചത് വി ടി കുമാരന്‍ (വി ടി മുരളിയുടെ പിതാവ്) ആണെന്നും എഴുതി സാംസ്‌കാരിക രംഗത്തേക്കു കടന്നുവന്ന പഴയ സത്യസന്ധനായ ഗവേഷകന് ഇപ്പോള്‍ എന്തുപറ്റി? ആരാണീ ഷെര്‍ലക് ഹോംസ് എന്നു അത്ഭുതപ്പെട്ട ഡോ കെ ഭാസ്‌കരന്‍ നായരെയും ഞാനോര്‍ക്കുന്നു.
ശബരിമലയുടെ ചരിത്രം, വിസ്തരിക്കാനുള്ള സന്ദര്‍ഭം ഇതല്ല.അവൈദികമായിരുന്ന ഒരു ക്ഷേത്രത്തെ, ഇന്നത്തെ നിലയിലേയ്ക്കു രൂപാന്തരപ്പെടുത്തിയത് നൂറ്റാണ്ടുകളാണ്. രേവന്തയില്‍ നിന്നു അവലോകിതേശ്വരനിലേക്കും അവിടെനിന്നു അയ്യനാറിലേക്കും ഒടുവില്‍ അയ്യപ്പനിലേക്കും രൂപപരിണാമം സംഭവിച്ചത് എങ്ങനെയാണെന്നു ഒരു ഗവേഷകന് കണ്ടെത്താവുന്നതേയുള്ളൂ. വന്നിയരുടെ അയ്യനാര്‍ എങ്ങനെ അയ്യപ്പനായെന്നും അറിയാന്‍ തമിഴ്‌നാട്ടിലെ വടക്കന്‍ ജില്ലകള്‍ വരെ പോയാല്‍ മതി. ഒരു ഭക്തന് പാരമാര്‍ത്ഥിക സത്യമല്ല. വ്യാവഹാരിക സത്യമാണ് വേണ്ടതെന്നും ഗവേഷകര്‍ മനസ്സിലാക്കണം.

ഡോ. എം.ജി. ശശിഭൂഷന്‍

നവോത്ഥാനമൂല്യങ്ങള്‍, സംരക്ഷിക്കപ്പെടേണ്ടതാണെന്നു വിശ്വസിക്കുന്ന ഒരാളാണ് ഈ ലേഖകനും. എന്നാല്‍ അതിന്റെ ബാധ്യത, സമൂഹത്തിലെ ഒരു വിഭാഗത്തിനു മാത്രമുള്ളതല്ല. നാരായണഗുരുവും മറ്റും ചൂണ്ടിക്കാണിച്ച സമന്വയത്തിന്റെ അരുവിപ്പുറം പാതയാണ് മൂല്യസംരക്ഷണം തിരിച്ചറിയേണ്ടത്. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കുറുക്കുവഴികളില്ലെന്നും അധികാരികള്‍ തിരിച്ചറിയണം. വ്യാജചെപ്പേടുകളെ ചരിത്രരേഖകളായി അംഗീകരിച്ചല്ല നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത്. വൈതാളികരല്ല വഴികാട്ടികള്‍.
നാളിതുവരെയായി ആര്‍ജ്ജിച്ച പ്രശസ്തിക്ക് കളങ്കമുണ്ടാക്കുകയാണ് രാഘവവാര്യരും രാജന്‍ഗുരുക്കളും ചെയ്തത്.