അന്നപൂര്‍ണ്ണേശ്വരത്തെ ആവലാതികള്‍

നിലവിളികള്‍ ഉഴുതുമറിച്ച നാട്
നിലയഭൂതങ്ങള്‍ ഇടിച്ചു നിരത്തിയ വീട്!
വെടിയുണ്ട വിതച്ചുകൊയ്ത്
ശവക്കോടി പുതച്ചുമൂടി എന്റെ പാടം.
കത്തിയമര്‍ന്ന ചിതയില്‍
ചുടലക്കൃഷിയുടെ വിളവെടുപ്പുകാലം.
ഭരണഘടനയുടെ പറയും പത്തായവും
നിറയ്ക്കുന്ന ജോലി
മരണസേന ഏറ്റെടുത്തതോടെ
മഴയും കാറ്റും ഭയന്നു പിന്മാറി.
വരമ്പുകളില്‍ പടര്‍ന്നുകയറിയ
കരിന്തലയുടെ മുടിയരിഞ്ഞ്
മൂധേവിക്കോലത്തില്‍ വച്ചുകെട്ടിയതോടെ
കാളയും കലപ്പയും വിരണ്ടോടി.
ചാണകവും പച്ചിലയും കെട്ടിപ്പിടിച്ച്
ഭൂമിയുടെ ആത്മാവ് ആയിരംവട്ടം തേങ്ങി.
അനാദിയായ മണ്ണിന്റെ കണ്ണീര്‍പ്പോളയില്‍
കരുവാളിച്ച വേനലിന്റെ കടന്നല്‍ക്കുത്ത്.
മുളപൊട്ടിയ വിത്തുകളില്‍
മുനകൂര്‍ത്ത വാരിയെല്ലുകള്‍ തെളിഞ്ഞുകണ്ടു.
തലയോടുകള്‍ക്ക് ബലിപീഠമൊരുക്കിയ
കര്‍ഷകന്റെ കരിനിഴല്‍
കാവല്‍മാടം വിട്ട് തെരുവീഥികളില്‍
അലഞ്ഞു നടന്നു.
ഇതിഹാസക്കടല്‍ വിഴുങ്ങിയ
നിറനെഞ്ചിലൂടെ
രക്തവാഹനം കയറ്റിയവന്ന്
നാളെയുടെ പ്രഭാതം കാഴ്ചവയ്ക്കുന്നത്
നാഴൂരി ചോളമണിയല്ല,
സ്വയം കത്തിയെരിഞ്ഞ പൈതൃകത്തിന്റെ
കനലടങ്ങാത്ത ചുടുചാരം!
ഏതു പെട്ടിയിലടച്ച്
മറവി പ്രവാഹത്തിലെറിഞ്ഞാലും
മുള്ളായും മുനയായും മുഖാവരണം ഭേദിച്ച്
ചരിത്രത്തിന്റെ മൂര്‍ദ്ധാവില്‍ ഇനി
ഇരമ്പിപ്പെയ്യുന്നത്.
വെള്ളിപ്പാത്രങ്ങള്‍ നിരത്തിവച്ച്
കൈയും വായും നിറയെ വാരിയുണ്ട്
ഏമ്പക്കം വിട്ടവരുടെ ഉച്ചമയക്കത്തിന്
ഓര്‍ക്കാപ്പുറത്ത് ദുഃസ്വപ്നങ്ങളുടെ നടുക്കം….
മൂക്കുകയറുപേക്ഷിച്ച നിശ്ശബ്ദജീവികള്‍
മുന്നില്‍ വന്നു നിറയുമ്പോള്‍
വേട്ടച്ചാട്ടവാര്‍ വീശിയവനോട്
ആര് പൊറുക്കാനാണ്?!
അന്നപൂര്‍ണ്ണേശ്വരത്തെ
ആവലാതി കേള്‍ക്കാത്ത
അധികാരക്കൂത്തിന്
ധാന്യമണികളുടെ മഹാഗ്രന്ഥത്തില്‍
മാപ്പ് എന്നൊരു വാക്കില്ല!!