ഭാവിക്കൃഷി


പല്ലിന്‍ ശൌര്യവും
മൂക്കിന്‍ മൂര്‍ച്ചയും
പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന്
പട്ടിക്ക് പ്രായജ്ഞാനമുണ്ടായി.

കരണശുദ്ധി വരുത്തി, പട്ടി
തീര്‍ത്ഥയാത്രയ്ക്കിറങ്ങി ;
ബോധോദയപുരമെല്ലാം
പുണ്യനദിയെല്ലാം
വീരഭൂമിയെല്ലാം
കാണണം.
റോഡിലെല്ലാം കണ്ടു, അയോദ്ധ്യയിലേക്കെത്ര
ദൂരമെന്ന വഴി ചൂണ്ടിപ്പലക.
മറ്റെവിടേക്കുമില്ല വഴികാട്ടിപ്പലക;
ചിലത് പിഴുതെറിഞ്ഞും
ചിലത് ചവിട്ടിയൊടിച്ചും കണ്ടു.

പഴമക്കാര്‍ പറഞ്ഞ പോലെ ദൂരം
കാണാക്കാഴ്ചകള്‍ കാണിക്കുന്നതായി.
കീര്‍ത്തിക്കും കോയ്മയ്ക്കുമായ്
ക്രൂരതയ്ക്കും പരനിന്ദയ്ക്കുമായ്
കാല് പിടിത്തം, കോല് പിടിത്തം,
വാല് പിടിത്തം, മല്‍പ്പിടിത്തം….
പിടിത്തക്കാഴ്ചകള്‍ മടുത്തപ്പോള്‍

വഴിയില്‍ കണ്ടു
ട്രാക്ടറുകളൂടെ ഗംഗ
സമരപ്പാടം
കര്‍ഷകരുടെ നീതിക്കൃഷി
കോണ്‍ക്രീറ്റ് തടസ്സയുക്തി പിളര്‍ന്നുയരും വിത്തുശക്തി,
സമരത്തില്‍ ഉര്‍വ്വരതയുടെ മണം,
ദിക്കോട് ദിക്ക് തഴച്ച ദിഗ്ബോധം .
(തിരിച്ചു കിട്ടിയോ എനിക്കെന്റെ
കണ്ണിന്റെ , മൂക്കിന്റെ, മൂര്‍ച്ച?)

ഇത് തന്നെ തീര്‍ത്ഥം
ഊര്‍ജ്ജങ്ങള്‍ ഉയിര്‍ത്തെണീക്കുന്നിടം
സ്വാസ്ഥ്യം തേജസ്സാവുന്നിടം.
ഇത് തന്നെ ഭാവിക്കൃഷി
ഇതിന് കാവല്‍ നില്‍ക്കാമിനി
എന്നായപ്പോള്‍

സമരപ്പാടത്താരവം, അലമുറ;
വിളിപടലം ;
പലരുടെ മേലേ കേറിയിറങ്ങി-
പ്പാഞ്ഞു വരുന്നൊരു കൊലയാളിക്കാര്‍ .
അയോദ്ധ്യയിലേക്കെന്നതിലും കണ്ടു.

ചാടിക്കടിക്കാതെ
സ്തംഭിച്ചങ്ങനെ നിന്നൂ പട്ടി
വാലും തലയും താണു.
രോഷക്കുര മറന്ന നാക്ക്
മുന്‍ വാലായി മുന്നിലാടി.