മൃഗയാ


കാട്ടില്‍ തേരോടിച്ചു പോയ
മന്ത്രികുമാരന്‍
കിണറ്റില്‍ വീണ കഥയല്ല പറയുന്നത്.
തീറ്റ തേടിപ്പോകുന്ന മാനുകള്‍
അയാളുടെ ഉരുളുന്ന തേരുകള്‍ക്കടിയില്‍ പെട്ട്
ചതഞ്ഞു ചത്തുപോയ കഥയുമല്ല

പുതിയ കഥയാണ്
മുത്തശ്ശി പറയാത്തത്,
അവര്‍ക്കറിയാത്തത്.
സ്വന്തം പ്രജകള്‍ക്കു നേരെ
നിനച്ചിരിക്കാതെ
പിന്നിലൂടെ
ചാടായി വന്ന്
അവരെ വെടിപ്പില്‍ ഇരയാക്കുന്ന
ശകടാസുരന്മാരുടെ കഥ
മുത്തശ്ശി എങ്ങനെ അറിയാനാണ്?
വ്യാസനോ കാളിദാസനോ
ചൊല്ലിയിട്ടില്ല
അതുമല്ല
അധര്‍മ്മികളുടെ
പുത്തന്‍ തേരോട്ടത്തെ കുറിച്ച്
അജ്ഞയാണ് മുത്തശ്ശി.

അതുകൊണ്ടാണ്
അവര്‍ തേരിന്റെ വഴി മുടക്കിയോ എന്നും
അവര്‍ തേരൊച്ച കേട്ടില്ലേ എന്നും
ആധിപൂണ്ട മുത്തശ്ശി
കഥ ചൊല്ലുന്ന പേരക്കുട്ടിയോട് ചോദിച്ചത്

കുട്ടി
നിറങ്ങളേതുമില്ലാതെ
വാക്കുകള്‍ കൊണ്ട് ചിത്രം വരച്ചു
”നോക്കൂ, തേര്‍ ചക്രം ചതച്ച
മനുഷ്യരുടെ രക്തം
ഇലകളില്‍ തട്ടി തിളങ്ങുന്നത്!
കേള്‍ക്കൂ
പക്ഷികള്‍ക്കൊപ്പം പൂക്കള്‍ കരയുന്നത്
കേള്‍ക്കൂ
കരിമ്പിന്‍ പാടത്തെ
ഇരുട്ടില്‍ നിന്നും ചെന്നായ്ക്കളുടെ ഓരികള്‍!”

”പക്ഷേ
അധര്‍മ്മികളുടെ ജഡങ്ങള്‍
പുഴയില്‍
മുതലകള്‍ക്കു തീറ്റയാവുമെന്നാണല്ലോ
പഴഞ്ചൊല്ലില്‍ പറയുന്നത്.
ആകാശത്തു വട്ടമിട്ടു പാറുന്ന
കഴുകന്മാര്‍ പോലും അതാണ് പറയുന്നത്”
എന്ന് മുത്തശ്ശി.

എന്നാല്‍
പേരക്കുട്ടി
അക്കരെയിക്കരെ നിന്ന്
ധര്‍മ്മാധര്‍മ്മങ്ങള്‍
അമ്പെയ്തു കളിക്കുന്ന കാലവും
നേര് പൂക്കുന്ന മരവും
അത് കിളിര്‍ക്കുന്ന ഭൂമിയും
ഇപ്പോഴില്ലെന്ന്
മുത്തശ്ശിയോട് പറഞ്ഞില്ല
പകരം
സത്യാസത്യങ്ങള്‍
ചത്തുപൊങ്ങുന്ന
ഒരു പുഴയെ വരച്ചു തുടങ്ങി