ചരിത്രം എല്ലാം കരുതിവെക്കുന്നുണ്ട്!

ഇരുണ്ട താവളങ്ങളില്‍നിന്നും
അവര്‍
ഓരോരോ നേരം നോക്കി
കടന്നെത്തുകയാണ്
പ്രഛന്നവേഷങ്ങള്‍ അഴിച്ചുവെച്ച്
തനിസ്വരൂപങ്ങളായ് തന്നെ
അവരെത്തുകയാണ്
വെളിച്ചത്തിന്റെ തുറസ്സുകള്‍ സ്വന്തമാക്കാന്‍
ഇരുട്ടിന്റെ നേരവകാശികള്‍
എത്തുകയാണ്….
ആയുധങ്ങളും അങ്കച്ചമയങ്ങളും
അവര്‍ക്കായ് ഒരുക്കപ്പെടുമ്പോള്‍
ശംഖുവിളികള്‍ക്കും
വാങ്കുവിളികള്‍ക്കും
കുര്‍ബാനപ്പാട്ടുകള്‍ക്കും
ഇടയില്‍
ഇടനാഴികളിലൂടെ
നുഴഞ്ഞു കയറുന്നവര്‍!~
ഭീകരതയുടെ വീഞ്ഞുപാത്രം
കയ്യിലെടുത്തു മോന്തിനില്ക്കുന്നവര്‍
ഇവര്‍
ആരാണ് ?
വിത്തുവിതച്ച്
വിളകൊയ്യാന്‍ കാത്തിരിക്കുന്ന
കര്‍ഷകജീവിതത്തിന്റെ നെഞ്ചിടങ്ങളിലേക്ക്
വെടിയുണ്ടകള്‍ വാരിവിതച്ച്
കൊടുമകള്‍ കൊയ്തുകൂട്ടാന്‍
കോപ്പു കൂട്ടുന്നവര്‍
ഇവരുടെ വിളവെടുപ്പുകള്‍
ആര്‍ക്കുവേണ്ടി ?
ഈ പാതകങ്ങള്‍
ആരുടെ പത്തായപ്പുരകളില്‍
കരുതിക്കൂട്ടിവെക്കും ?
ഭരണാധിപന്റെ വാഗര്‍ത്ഥങ്ങളില്‍
മുഴങ്ങുന്ന വിരുദ്ധോക്തികള്‍
ദേശഭക്തന്റെ പുരാതന സങ്കീര്‍ത്തനങ്ങളില്‍
പതുങ്ങിനില്ക്കുന്ന പരാക്രമത്വരകള്‍
വികാസവാദിയുടെ വിണ്‍വാക്കുകളില്‍
മോങ്ങിനില്ക്കുന്ന വിധേയത്വങ്ങള്‍
എല്ലാം
ചരിത്രം കാതോര്‍ക്കുന്നുണ്ട,്
ഉണ്ട്,
ചരിത്രം എല്ലാം കരുതിവെക്കുന്നുണ്ട്!~