പോലീസ് ഹെഡ് ക്വോര്‍ട്ടേഴ്‌സിന് ബോംബിടാറായോ?


പാര്‍ട്ടി ഹെഡ് ക്വോര്‍ട്ടേഴ്‌സ് ബോംബ് വച്ച് തകര്‍ക്കണം എന്നത് സാംസ്‌കാരിക വിപ്ലവകാലത്ത് ചൈനയില്‍ ഉയര്‍ന്ന വിസ്‌ഫോടകമായ മുദ്രാവാക്യമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം അഴിമതിയില്‍ മുങ്ങി അളിഞ്ഞു തുടങ്ങിയപ്പോള്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര നിഷ്ഠയിലേയ്ക്കും ധാര്‍മ്മികതയിലേയ്ക്കും വീണ്ടെടുപ്പിന്റെ വിപ്ലവകരമായ സാധ്യതയെയായിട്ടാണ് അത് രൂപം കൊള്ളുന്നത്. അതിന്റെ അനന്തരഫലങ്ങളെക്കാള്‍ ആ മുദ്രാവാക്യത്തെ പ്രസക്തമാക്കിയത് അതിന്റെ ആവശ്യകതയായിരുന്നു. ജനങ്ങള്‍ ആഗ്രഹിക്കുകയാണ് പൊളിച്ചു തീര്‍ക്കേണ്ടതിനെ പൊളിച്ചുതന്നെയാണ് തീര്‍ക്കേണ്ടതെന്ന്. കത്തിച്ചു കളയേണ്ടതിനെ കത്തിച്ചു തന്നെയാണ് കളയേണ്ടതെന്ന്. പുനര്‍നിര്‍മ്മാണം സാധ്യമല്ലാതെ വരുമ്പോളാണ് ഉന്മൂലനം അനിവാര്യതയാകുന്നത്. അതൊരു ചരിത്രപാഠമാണ്.
ഇത് ഇവിടെ എഴുതാന്‍ കാരണം കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക അവസ്ഥകളുടെ ജീര്‍ണ്ണത ശ്വാസം മുട്ടിക്കുന്ന തരത്തില്‍ മനുഷ്യജീവിതത്തെ ദുഃസഹമാക്കുന്നതുകൊണ്ടാണ്. കേരളത്തില്‍ ഓരോ അഞ്ചുവര്‍ഷവും ഓരോ സര്‍ക്കാര്‍ എന്നതായിരുന്നു പതിവ്. ആ പതിവ് തെറ്റി പകരം പിണറായി വിജയന്‍ രണ്ടാമൂഴം നേടി. അതൊരു ചരിത്ര മാറ്റമാണ്. പലതരത്തില്‍ അതിനെ വ്യാഖ്യാനിക്കാം. നല്ലതായും ചീത്തയായും അത് വായിക്കപ്പെടും. പക്ഷെ ഒരു കാര്യത്തില്‍ ഇപ്പോഴും മാറ്റം സംഭവിക്കുന്നില്ല. അത് എക്‌സിക്യൂട്ടിവിന്റെയും ജൂഡീഷ്യറിയുടെയും ഫോര്‍ത്ത് എസ്റ്റേറ്റിന്റെയും കാര്യത്തിലാണ്. അതിന് മാറ്റം സംഭവിക്കുന്നില്ല. അതിനെ മാറ്റാനും പുതുക്കി പണിയാനും പിണറായി വിജയന്‍ എന്ന നേതാവിന് കഴിവില്ല.
ഈ വര്‍ഷത്തെ നോബേല്‍ സമ്മാനം രണ്ട് പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കി നേബേല്‍ കമ്മിറ്റി പുതിയ ചരിത്രം നിര്‍മ്മിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ജീവിക്കുന്ന പോരാളികളായ ഫിലിപ്പീന്‍സിലെ മരിയ റെസയയും, റഷ്യയിലെ ദിമിത്രി മുറടോവിനുമാണ് അത് നല്‍കിയത്. ഫിലിപ്പീന്‍സിലെ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടിന്റെ വിവാദ ലഹരി മരുന്നുവേട്ടയില്‍ 35000 ചെറുപ്പക്കാരെയാണ് റോഡ്രിഗോ എന്ന സേച്ഛാധിപതി കാലപുരിക്കയച്ചത്. ഞെട്ടിപ്പിക്കുന്ന ആ വസ്തുത മരിയ റെസ ‘റാപ്ലര്‍’ എന്ന ന്യൂസ് വെബ്‌സൈറ്റിലൂടെ പുറം ലോകത്തെ അറിയിച്ചു. മാത്രമല്ല ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അഴിമതിക്കറ പറ്റിയ ജസ്റ്റിസ് ബാലകൃഷ്ണനെ പോലുള്ള ഫിലിപ്പീന്‍സിലെ ഒരു ജഡ്ജിക്കെതിരെ അവര്‍ വാര്‍ത്തകൊടുത്തു. കോടതി അവരെ ആറുവര്‍ഷം തടവിന് വിധിച്ചു. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് അവിടെ അവര്‍ നടത്തിയത്. അതിന് സമാനമായ ധീരമായ മാധ്യമ പ്രവര്‍ത്തനമാണ് റഷ്യയില്‍ ദിമിത്രി മുറടോവ് നടത്തുന്നത്. അദ്ദേഹത്തിന്റെ സ്വതന്ത്ര മാധ്യമമായ ‘നൊവയ ഗസറ്റ’ പുടിന്റെ റഷ്യയുടെ ചീഞ്ഞളിഞ്ഞ അഴിമതികളെ തുറന്നു വിട്ടു. പക്ഷെ അതിന് അദ്ദേഹത്തിന് വലിയ വില നല്‍കേണ്ടിവന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ആറ് മാധ്യമ പ്രവര്‍ത്തകരും അവരുടെ ഒരു സുഹൃത്തും കൊലചെയ്യപ്പെട്ടു. ‘നൊവല ഗസറ്റ’ യുടെ പത്രപ്രവര്‍ത്തകരായ ഐഗര്‍ ഡൊമിന്‍കോജ്, അഴിമതിക്കെതിരെ ലേഖനമെഴുതിയതിന് ഹാമറിന് അടിച്ചുകൊന്നു. ഇത് രണ്ടായിരത്തിലായിരുന്നു. 2001-ല്‍ ചെലെനയിലില്‍ അഴിമതി വിരുദ്ധപോരാട്ടം നടത്തിയ വിക്ടര്‍ പോപ്പ്‌കോവിനെ വെടിവെച്ചു കൊന്നു. 2003-ല്‍ ‘ത്രീ വെയില്‍ കറപ്പ്ഷന്‍ സ്‌കാന്റല്‍’ പുറത്തുകൊണ്ടുവന്ന യൂറിഷെക്കോചിക്കിനെ രാസപദാര്‍ത്ഥം കുത്തിവച്ച് കൊന്നു. 2006- ല്‍ അന്ന പോളിറ്റ്‌ക്കോവസ്‌ക്കയെ അവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ എലിവേറ്ററില്‍ വച്ച് അജ്ഞാതനായ കൊലയാളി വധിച്ചു. അന്ന എഴുതിയ പുസ്തകം പുടിന്റെ ഭീകരലോകത്തേയ്ക്ക് തുറന്നുവച്ച ജാലകമാണ്. ആ പുസ്തകത്തിന്റെ പേര് ‘പുടിന്‍സ് റഷ്യ: ലൈഫ് ഇന്‍ എ ഫെയിലിംഗ് ഡെമോക്രസി -എ സ്മാള്‍ കോര്‍ണര്‍ ഓഫ് ഹെല്‍’ . 2009 ല്‍ സ്റ്റാനിസ് സ്ലാവ് മാര്‍ക്കെലോവയെയും അദ്ദേഹത്തിന്റെ സുഹൃത്തും ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റുമായ അനസ്താസിയ ബാബുറോവയെയും വെടിവച്ചു കൊന്നു. ഇതേവര്‍ഷം തന്നെ നതാലിയ എസ്റ്റിമിറോവയെ തട്ടികൊണ്ടുപോവുകയും രണ്ട് മണിക്കൂറിനുശേഷം കൊന്ന് തള്ളുകയും ചെയ്തു.
ജനാധിപത്യത്തിനും ശാശ്വത സമാധാനത്തിനും അനിവാര്യമായ ഘടകമാണ് ആവിഷ്‌കാര സ്വാതന്ത്ര്യം. ഇതിനുവേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ തയ്യാറായ മാധ്യമ പ്രവര്‍ത്തകരെ മുന്‍ നിര്‍ത്തിയാണ് നോബേല്‍ സമ്മാനം നല്‍കപ്പെട്ടത് എന്നത് മനുഷ്യത്വത്തിന് നല്‍കപ്പെട്ട അംഗീകാരമായി നമുക്ക് വായിക്കാവുന്നതാണ്. ഈ ധീരമായ പോരാട്ടത്തിനുള്ള അംഗീകാരമാണ് നോബേല്‍ സമിതിയുടേതെന്നാണ് സമിതിയുടെ അധ്യക്ഷ ബെറിറ്റ് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞത്.
ഈ വര്‍ഷത്തെ നോബേല്‍ സമ്മാനം രണ്ട് പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കി നേബേല്‍ കമ്മിറ്റി പുതിയ ചരിത്രം നിര്‍മ്മിച്ച വാര്‍ത്തയില്‍ നിന്ന് നാം നേരെ കയറിച്ചെല്ലുന്നത് കേരളത്തില്‍ ലോകം കണ്ട ഏറ്റവും വലിയ ഫ്രോഡിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഉത്സവാഘോഷം നടത്തിയ പ്രസ്സ് ക്ലബ്ബിലേക്കാണ്. പത്രപ്രവര്‍ത്തകരും മറ്റ് മാധ്യമ പ്രവര്‍ത്തകരും സമൂഹത്തില്‍ അംഗീകാരം നേടുന്നത് ‘വാച്ച് ഡോഗ്’ ജേര്‍ണലിസത്തിലൂടെയാണ്. എന്നാല്‍ പത്രപ്രവര്‍ത്തകര്‍ക്ക് ആകമാനം നാണക്കേട് ഉണ്ടാക്കുന്ന തരത്തില്‍ കണ്ടവന്റെ കള്ളും കലശങ്ങളും മോന്തി അവന് വിടുപണിചെയ്യുന്ന ചിലരും നമുക്കിടയിലുണ്ട്. അവരെ പോലുള്ളവരെയാണ് കോര്‍പ്പറേറ്റുകള്‍ പാലൂട്ടി വളര്‍ത്തുന്ന രാഷ്ട്രീയ നേതാക്കളെയും അഴിമതിയില്‍ വേരാഴ്ത്തി വളരുന്ന വ്യാജ സ്വരൂപങ്ങളെയും അവന്റെ കിറി നക്കി ആഹ്ലാദനൃത്തം നടത്തുന്ന പോലീസ് മേധാവികളെയും സംരക്ഷിക്കുന്നത്.
മോന്‍സന്‍ മാവുങ്കല്‍ ഒരു പ്രതിഭാസമാണ്. കാപട്യത്തിന്റെയും കളവിന്റെയും പൊങ്ങച്ചത്തിന്റെയും നാട്യരൂപമായി മാറിയ ചില മലയാളികളുടെ പ്രതീക പ്രതിഭാസമാണ് മോന്‍സന്‍ മാവുങ്കല്‍. കേരളത്തില്‍ മുമ്പ് ഇതുപോലെ ഒരു പ്രതിഭാസം ഉണ്ടായിട്ടില്ല. ഇപ്പോള്‍ അതുണ്ടാവുന്നു. അതിന് കാരണം അത്തരം കളകള്‍ മുളയ്ക്കാനും തഴച്ചു വളരാനും പാകമായ വിധം കേരളത്തിന്റെ മണ്ണൊരുങ്ങി. അത് ഒരുക്കിയതില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക് വളരെ വലുതാണ്. അതില്‍ ഇടതും വലതും വര്‍ഗീയ പാര്‍ട്ടികളും പങ്കാളികളാണ്.
പോലീസ് കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ചെയ്തുകൂട്ടിയ മനുഷ്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ആ സര്‍ക്കാറിനുണ്ടാക്കിയ അവമതിപ്പ് ചെറുതായിരുന്നില്ല. കൊല്ലത്തെ കുണ്ടറ പോലീസ് സ്റ്റേഷനില്‍ കുഞ്ഞുമോന്‍ എന്ന മനുഷ്യനെ മര്‍ദ്ദിച്ചുകൊന്നു. എറണാകുളം ഹാര്‍ബര്‍ സ്റ്റേഷനില്‍ ബസ് ഡ്രൈവര്‍ കെ എസ് സുരേഷിനെ ഇടിച്ച് നട്ടെല്ലു തകര്‍ത്തു. തൃശൂരില്‍ പാവറട്ടിയില്‍ വിനായകനെ ചവിട്ടിക്കൊന്നു. വരാപ്പുഴയില്‍ ശ്രീജിത്തിനെ ലോക്കപ്പ് മര്‍ദ്ദനത്തിലൂടെ മരണപുരിക്കയച്ചു. കോട്ടയത്തെ ഗാന്ധി നഗറില്‍ കെവിന്‍ എന്ന ചെറുപ്പക്കാരന്റെ കൊലപാതകത്തിന് കാഴ്ചക്കാരായി. ഒന്നുകില്‍ പോലീസ് നേരിട്ട് കൊല്ലും അല്ലെങ്കില്‍ മറ്റുള്ളവരെക്കൊണ്ട് കൊല്ലിക്കും. അന്ന് പോലീസ് കേരളത്തെ തല്ലി തോല്പിക്കുകയായിരുന്നു. പിണറായി വിജയന്റെ ആഭ്യന്തരവകുപ്പ് കേരളത്തെ നാണം കെടുത്തി. പക്ഷെ അതിന് പ്രത്യയശാസ്ത്ര ന്യായീകരണങ്ങള്‍ നടത്താന്‍ ഡി വൈ എഫ് ഐയ്ക്കു കഴിയുമായിരുന്നു.
കേരളത്തില്‍ പോലീസ് സേനയില്‍ ഒരു വിഭാഗം ക്രിമിനല്‍ സ്വഭാവമുള്ളവരും ക്രിമിനലുകളുമായി ബന്ധമുള്ളവരും ഉണ്ടെന്ന് ആധികാരികമായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആ വിഭാഗങ്ങളെ ഒഴിവാക്കാനോ അവര്‍ക്കെതിരെ നിയമനടപടി എടുക്കാനോ ഇതുവരെ കഴിഞ്ഞില്ല. അതിന് പല തടസ്സങ്ങളും ഉണ്ടെന്ന് അവര്‍ വാദിച്ചു. പോലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കുണ്ടാകുന്ന വീഴ്ചയില്‍ സര്‍ക്കാരിനുള്ള ഉത്തരവാദിത്വം സാങ്കേതികം മാത്രമാണ് എന്നാണ് ഡി വൈ എഫ് ഐ വാദിച്ചത്. സര്‍ക്കാര്‍ അതിന്റെ നയം പ്രഖ്യാപിച്ച ശേഷവും വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും സ്വന്തം ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തുകയും ബോധപൂര്‍വ്വം തെറ്റ് ചെയ്യുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് അതിന്റെ ഉത്തരവാദികള്‍ എന്നാണ് അന്നവര്‍ പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് കേരള പോലീസില്‍ ആര്‍ എസ് എസ് കേഡര്‍മാര്‍ നുഴഞ്ഞു കയറുകയും അവരുടെ അജണ്ടകള്‍ നടപ്പാക്കുകയും ചെയ്യുന്നു എന്ന ആരോപണം സി പി ഐ നേതാവ് ആനി രാജ ഉന്നയിച്ചത്. ഏതു രീതിയിലായാലും കേരള പോലീസ് നിരവധി കാര്യങ്ങളില്‍ കാര്യക്ഷമത പ്രകടമാക്കുമ്പോളും ജനാധിപത്യവിരുദ്ധതയും അഴിമതിയും കാണിക്കുന്നതില്‍ മോശക്കാരല്ല.
നിരവധി നല്ല പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും പോലീസ് സ്റ്റേഷന്‍ കാക്കിയിട്ട ക്രിമിനലുകളുടെ വാസസ്ഥലം കൂടിയാണ്. മാന്യമായ രീതിയില്‍ പരാതി നല്‍കാന്‍പോലും പറ്റാത്തവിധം ആ ക്രിമിനിലിസം ഇടയ്ക്കിടെ പ്രകടമാക്കപ്പെടുന്നുണ്ട്. ഈയടുത്ത കാലത്താണ് ഒരു കുട്ടിയെയും അച്ഛനെയും പോലീസ് അധികാര ഗര്‍വ്വ്‌കൊണ്ട് പീഡിപ്പിച്ചത്. തെമ്മാടിത്തരം കാണിക്കുന്ന അസഭ്യം പറയുന്ന കുറച്ചു പേരെങ്കിലും പോലീസ് സ്റ്റേഷനില്‍ മേഞ്ഞു നടക്കുന്നുണ്ട്. ലോക്കപ്പ് മര്‍ദ്ദനവും പിടിച്ചുപറിയും ശീലമാക്കിയവരും സ്ത്രീകളോടും കുട്ടികളോടും മോശമായി പെരുമാറുന്നവരും നിയമപാലകരുടെ വേഷത്തില്‍ പോലീസ് സ്റ്റേഷനില്‍ അഴിഞ്ഞാടുമ്പോള്‍ അതൊന്നുമറിയാതെ ഭരണം നടത്തുന്ന മുഖ്യമന്ത്രി ഇടതു രാഷ്ട്രീയത്തിന് വെല്ലുവിളിയാണ്. പോലീസിന്റെ ഇത്തരം അതിക്രമങ്ങള്‍ ഏതാണ്ട് അംഗീകരിച്ച് ജീവിക്കുകയായിരുന്നു ഇതുവരെ നാം. വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊന്ന കേസ് അട്ടിമറിച്ച പോലീസ് ജനാധിപത്യത്തെ വല്ലാതെ മുറിപ്പെടുത്തി. ഇടതു തീവ്രവാദികളായ മാവോയിസ്റ്റുകളെ ഏറ്റുമുട്ടല്‍ കൊലയിലൂടെ ഉന്മൂലനം ചെയ്തുകൊണ്ട് ഭരണകൂട ഭീകരത സൃഷ്ടിക്കുന്നതില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ അഭിരമിച്ചു. അതെല്ലാം പോലീസിന്റെ സ്വഭാവത്തിന്റെ ഭാഗം എന്ന നിലയില്‍ തന്നെയാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഭരണകൂട ഉപകരണമായ പോലീസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് എല്ലാ വന്യമായ ഭാവനകള്‍ക്കും അപ്പുറത്തുള്ള കാര്യങ്ങളാണ്. പോലീസ് ഹെഡ് ക്വോര്‍ട്ടേഴ്‌സ് ഒന്നടങ്കം അഴിമതിയുടെ അരിവെപ്പുകാരായി മാറുകയാണ്. ഈ കാഴ്ച സത്യസന്ധരായ അനേകം പോലീസ് ഓഫീസര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസ തകര്‍ച്ചയും അപമാനവും സൃഷ്ടിക്കുന്നതാണ്. ഒപ്പം കേരളത്തിന്റെ പൊതുബോധത്തെ അത് വല്ലാത്ത തരത്തില്‍ ശിഥിലീകരിക്കുകയാണ്. ഒരു പ്രതീക്ഷയും വച്ച് പുലര്‍ത്താന്‍ പറ്റാത്ത തരത്തില്‍ പബ്ലിക് സ്പിയര്‍ തകര്‍ന്നുപോകുന്നു. അതിന്റെ കൂടി പ്രതിഫലനമാകണം സന്ദീപ്നായര്‍ എന്ന കള്ളക്കടത്ത് കേസിലെ പ്രതിയുടെ ജാമ്യം ഏഷ്യാനെറ്റ് ആഘോഷിച്ചത്. കേരളം മുഴുവന്‍ മാസങ്ങളായി ചര്‍ച്ച ചെയ്ത സ്വര്‍ണ കള്ളക്കടത്തു പ്രതി സന്ദീപ്നായരുടെ വാദങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാമ് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്തത്. കള്ളക്കടത്തു പ്രതിയെ വെള്ളപൂശാനും അന്വേഷണ ഏജന്‍സിയെ ഇകഴ്ത്താനും മാധ്യമപ്രവര്‍ത്തകര്‍ക്ക് മനഃസാക്ഷിക്കുത്തില്ലാതെ വരുന്നത് അവരുടെ പൊതുബോധം ചിതലെടുത്തതു കൊണ്ടാണ്. കോടതിയുടെ മുന്‍പില്‍ ഇരിക്കുന്ന കേസില്‍, വിചാരണപോലും ആരംഭിക്കുന്നതിന് മുന്‍പ് പ്രതിയുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ച് കുറ്റവിമുക്തി നേടിയെടുക്കാന്‍ ഇവര്‍ കാണിക്കുന്ന വ്യഗ്രത അഗാധമായ കുറ്റവാസനയും കുറ്റവാളികളോടുള്ള തീവ്രമായ പ്രണയവുമാണ്. കച്ചവട രസതന്ത്രത്തില്‍ മുങ്ങി മയങ്ങിയ ഇവരുടെ തലച്ചോറിന് സാന്റ് പേപ്പര്‍ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ പ്രതിയെ സ്വീകരിക്കാന്‍ എത്തിയത് ആദ്യം ഏഷ്യാനെറ്റായിരുന്നു എന്ന് യാതൊരു ഉളുപ്പുമില്ലാതെ ഇവര്‍ ജനങ്ങളോട് വിസ്തരിക്കുകയാണ്. സമൂഹം വെറുക്കേണ്ടവരെ ആലിംഗനം ചെയ്യുന്നതും ആഘോഷിക്കുന്നതുമാണോ ഒരു ചാനലിന് അഭിമാനം ഉണ്ടാക്കേണ്ടത്.
കേരളം മാനസിക രോഗികളുടെ തലസ്ഥാന നഗരി കൂടിയാവുകയാണ്. ഏത് തട്ടിപ്പിനും എളുപ്പം വഴങ്ങുന്ന ശരീരമായി മലയാളി മാറിയിട്ടുണ്ട്. തട്ടിപ്പുകളുടെ അമ്പരപ്പിക്കുന്ന കഥ കേട്ട മലയാളി അജ്ഞാതമായ ഏതോ കാന്തശക്തിയാല്‍ വീണ്ടും വീണ്ടും അത്തരം തട്ടിപ്പുകാരുടെ പിടിയില്‍ അമരുന്ന കാഴ്ച നാണം കെട്ടതാണ്. ലാബെല്ലയും, ലിസും ആട് തേക്ക് മാഞ്ചിയവും പോപ്പുലര്‍ ഫിനാന്‍സും ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും കഴിഞ്ഞാണ് നമ്മള്‍ സോളാറിലും സ്വര്‍ണ കള്ളക്കടത്തിലും പുരാവസ്തു മന്ത്രവാദത്തിലും അടിഞ്ഞത്. സോളാറിലെ സരിതയും സ്വര്‍ണ കള്ളക്കടത്തിലെ സ്വപ്നയും പുരാവസ്തു അസംബന്ധത്തിലെ അനിതയും സെലിബ്രറ്റികളെ ആകര്‍ഷിച്ച സൗന്ദര്യരൂപങ്ങളായിരുന്നു.
കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ ജീര്‍ണത എല്ലാ മേഖലകളിലേയ്ക്കും വ്യാപിച്ചു കഴിഞ്ഞു. പണവും പത്രാസും മദ്യവും മദിരാക്ഷിയും ഏത് നേതാവിനെയും ഏത് ഉദ്യോഗസ്ഥനെയും വീഴ്ത്തുന്നത് നിരാശയോടുകൂടി കണ്ടു നില്‌ക്കേണ്ട ഗതികേട് മലയാളിക്ക് ഉണ്ടായിരിക്കുന്നു. ഒരു ചെറിയ ചരിത്രബോധംപോലും ഇല്ലാത്തവരായി നമ്മള്‍ മാറിയോ എന്ന് നമുക്ക് ഓരോരുത്തര്‍ക്കും ചോദിക്കേണ്ടിവരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പത്രങ്ങള്‍ നുണ ഉണക്കാനുള്ള പനമ്പാണ് എന്നത് പഴയകാല നിരീക്ഷണമാണ്. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം വരുമെന്ന വ്യാമോഹം വില്പനയക്ക് വെക്കുന്നു. അത് വിറ്റഴിക്കപ്പെടുന്നു. അത്തരത്തിലുള വില്പനയുടെ സിനിമാറ്റിക് രൂപമാണ് മോശയുടെ അംശവടിയും ശ്രീകൃഷ്ണന്റെ വെണ്ണക്കുടവും ഖുറാന്റെ പുരാതന പതിപ്പും. വ്യാജവില്പനയിലെ ഈ മതേതരത്ത്വം ആധുനിക മലയാളിയുടെ അശ്ലീലം കലര്‍ന്ന മനസിന്റെ കണ്ണാടി ബിംബമാണ്. ഇവര്‍ക്ക് മാന്യതയുടെ മുഖമണിയാന്‍ മോഹന്‍ലാലും ജിജി തോംസണും കമാര്‍പാക്ഷയും ജേക്കബ്ബ് പൊന്നൂസും അലങ്കാര ബിംബങ്ങളാകുന്നു.
പോലീസ് ഹെഡ് ക്വോര്‍ട്ടേഴ്‌സ് തന്നെ തട്ടിപ്പുകാരന്റെ സാമ്രാജ്യത്തിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. തട്ടിപ്പുകാരന്റെ മൂലധനമായി മാറിയത് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തന്നെയായിരുന്നു. ആക്രി സാധനങ്ങള്‍ വച്ച് പുരാവസ്തു മ്യൂസിയമാണെന്ന് ബോര്‍ഡ് തൂക്കി കോടിക്കണക്കിന് രൂപയുടെ സമ്പത്ത് സംരക്ഷിക്കാന്‍ പോലീസ് ബീറ്റും പട്ട ബുക്കും വെച്ച് ഉന്നതരുടെ ഉറ്റവനാണെന്ന പരസ്യം നല്‍കി ആരെയും വീഴ്ത്താം എന്ന് മനസിലാക്കിയ ഒരു ഫ്രോഡിന് മുന്നില്‍ കേരളം നാണം കെട്ടു. ലക്ഷങ്ങള്‍ മുടക്കി പള്ളിപെരുന്നാള്‍ നടത്തി റിമിടോമിയെ പോലുള്ള വായാടിയെക്കൊണ്ട് പതിനായിരങ്ങളുടെ മുന്നില്‍ മോന്‍സന്‍ സ്വര്‍ഗസ്ഥനായ പുണ്യാത്മാവ് ആണെന്ന് വിളിച്ചു പറയിച്ച ഒരു നാര്‍സിസ്റ്റിനെ തിരിച്ചറിയാതെ പോയത് അത് തിരിച്ചറിയേണ്ട സംവിധാനം കണ്ണടച്ചതുകൊണ്ടാണ്. മോന്‍സന്റെ വീട്ടില്‍ വൈകുന്നേരത്ത് എത്തി കമ്പിത്തിരിയും മത്താപ്പും കത്തിച്ച് കളിച്ച ബഹ്‌റയും ഡി ഐ ജി സുരേന്ദ്രനും ഒരു ഭരണകൂടത്തെ മുഴുവന്‍ നാണം കെടുത്തുകയായിരുന്നു. മനോജ് എബ്രഹാമിന് നാണമുണ്ടോ ഇവന്റെയൊക്കെ മുന്നില്‍ വാളെടുത്തു നില്ക്കാന്‍.
കേരളത്തിലെ പോലീസ് നേതൃത്വം അപചയത്തിന്റെ പടുകുഴിയിലാണ് എന്നതിന് മറ്റ് തെളിവുകള്‍ ആവശ്യമില്ല. 2019 മെയ് 19 ന് എഡിജിപി നല്‍കിയ റിപ്പോര്‍ട്ട് മോന്‍സന്‍ അന്താരാഷ്ട്ര തട്ടിപ്പുകാരനാണെന്നാണ്. പിന്നീട് ഇതിന്റെ വിശദമായ റിപ്പോര്‍ട്ടില്‍ അയാള്‍ നടത്തുന്ന തിരിമറികളെക്കുറിച്ചും ഇറക്കുമതികളെക്കുറിച്ചും കാറുകളുടെ കച്ചവടത്തെക്കുറിച്ചും പുരാവസ്തുക്കളുടെ വ്യാജ സ്വഭാവത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തട്ടിപ്പുകാരനെ സഹായിക്കാന്‍ വ്യഗ്രത കാണിച്ച പോലീസ് മേധാവിയുടെ പ്രവൃത്തിയില്‍ അല്പം കോമണ്‍സെന്‍സുണ്ടെങ്കില്‍ ദുരൂഹതയും നിഗൂഢതയും തിരിച്ചറിയാവുന്നതാണ്.
പ്രവാസി മലയാളി ഫെഡറേഷനും ലോകമലയാളി സഭയും അതുപോലുള്ള സര്‍വ്വകെട്ടുകാഴ്ചകളും ജനങ്ങളെ പറ്റിക്കാനും ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കാനുമുള്ള പദ്ധതികളായി മാറിയിരിക്കുകയാണ്. പുരാവസ്തു ശേഖരത്തെ മറയാക്കി അനിത പുല്ലയില്‍ അടക്കമുള്ള തട്ടിപ്പുകാര്‍ക്ക് കേരള സമൂഹത്തില്‍ മേയാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് ഈ സംവിധാനങ്ങള്‍ വഴിയാണ്. സ്വര്‍ണക്കള്ളക്കടത്തു കേസില്‍ പ്രതിയായ സ്വപ്ന സുരേഷും മേഞ്ഞു നടന്നത് ലോക മലയാളിസഭയിലായിരുന്നു. പല പ്രമുഖ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഗവണ്‍മെന്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പുസംഘങ്ങള്‍ പലതരം പെര്‍ക്ക്‌സുകളും നല്‍കുന്നുണ്ട്. തട്ടിപ്പിന് ഇരയായ പരാതിക്കാര്‍ മാധ്യമങ്ങളില്‍ വന്നിരുന്ന് പറയുന്നതനുസരിച്ച് പ്രമാണിമാരുടെ മക്കള്‍ക്ക് മെഡിക്കല്‍ കോളേജില്‍ പഠിക്കാനുള്ള ഫീസ് വരെ അടയ്ക്കുന്നത് ഈ കള്ളക്കൂട്ടങ്ങളാണ്. തട്ടിപ്പ്കാര്‍ക്ക് മന്ത്രിമാരിലേയ്ക്കും ഉന്നത ഉദ്യോസ്ഥരിലേയ്ക്കും പാലം നിര്‍മ്മിക്കുന്നത് പ്രവാസി സംഘടനകള്‍ വഴി ദല്ലാളുകളാണ്.
ഇവിടെ ഒരു പൗരനെന്ന നിലയില്‍ നമ്മുടെ സര്‍ക്കാരിനോട്, അതു പിണറായി വിജയന്റെ സര്‍ക്കാരായാലും അതിനു മുമ്പുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരായാലും ഇനി വരാന്‍ പോകുന്ന സര്‍ക്കാരായാലും നമുക്ക് ചോദിക്കാനുള്ളത് വളരെ ലളിതമായ ഒരു ചോദ്യമാണ്. പോലീസ് സംവിധാനം എന്തിനാണ്? നമുക്കും നമ്മുടെ സ്വത്തിനും സുരക്ഷിതത്വം നല്‍കേണ്ട പോലീസ് ഹാര്‍ഡ് കോര്‍ ക്രിമിനലുകള്‍ക്ക് കാവല്‍ നില്ക്കുന്നത് എന്തിനാണ് ? നിയമം നടപ്പിലാക്കുന്നതിനുവേണ്ടി സംസ്ഥാനം ഏര്‍പ്പെടുത്തുന്ന സംവിധാനമാണ് പോലീസ്. ഈ അധികാര സംവിധാനം പൗരന്മാരുടെ സ്വത്തിനും ജീവനും ആരോഗ്യത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ഉപയോഗിക്കപ്പെടേണ്ടത്. അതിന് പകരം അഴിമതിക്കാര്‍ക്കും അധോലോകവീരന്മാര്‍ക്കും തട്ടിപ്പുകാര്‍ക്കും ശുദ്ധ ഫ്രോഡുകള്‍ക്കും കാവല്‍ നില്ക്കാനും അവരെ മഹാരഥന്മാരായി മാര്‍ക്കറ്റ് ചെയ്യാനും ഉപയോഗിക്കപ്പെടുമ്പോള്‍ പോലീസ് സംവിധാനം അളിഞ്ഞു നാറുന്നു. അതിനാല്‍ അത് തകര്‍ക്കണം. കേരളത്തില്‍ ബോംബ് വച്ച് തകര്‍ക്കേണ്ട ഒന്നായി പോലീസ് ഹെഡ് ക്വോര്‍ട്ടേഴ്‌സ് മാറി കഴിഞ്ഞിരിക്കുന്നു.
2003 ~ഒക്‌ടോബറില്‍ യു എന്‍ അസംബ്ലി അഴിമതി കുറക്കാന്‍ അല്ലെങ്കില്‍ ഇല്ലാതാക്കാന്‍ ഒരു സംവിധാനം അവതരിപ്പിച്ചു. യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ എഗന്‍സ്റ്റ് കറപ്ഷന്‍ (ഡചഇഅഇ) എന്നത് അഴിമതി കുറഞ്ഞ ലോകത്തെയാണ് സ്വപ്നം കണ്ടത്. അതില്‍ അഴിമതിയെ നിര്‍വ്വചിക്കുന്നത് ഒബ്‌സ്ട്രക്ഷന്‍ ഓഫ് ജസ്റ്റിസും അബ്യൂസ് ഓഫ് പൗവറും അബ്യൂസ് ഓഫ് ഫംങ്ഷനും എന്ന നിലയില്‍ കൂടിയാണ്. നേരിട്ട് പണം വാങ്ങുന്നതു മാത്രമല്ല നീതിയെ ചങ്ങലക്കിടുന്നതും അധികാര ദുര്‍വിനിയോഗം ചെയ്യുന്നതും ചുമതല ദുരുപയോഗം ചെയ്യുന്നതും അഴിമതിയാണ്. കേരളത്തിലെ ആഭ്യന്തരവകുപ്പ് അതിലെ പോലീസ് മേധാവികള്‍, ലോകനാഥ് ബഹ്‌റ അടക്കമുള്ളവര്‍, ഇപ്പോളത്തെ പല എഡിജിപിമാരും ടോമിന്‍ തച്ചങ്കരിമാരും അഴിമതിയുടെ ഉസ്താദുകളാണ്. ഒരാളെ മാറ്റി മറ്റൊരാളെ പകരം വച്ചതുകൊണ്ട് പരിഹരിക്കാവുന്നതല്ല പ്രശ്‌നം. അതുകൊണ്ടാണ് പോലീസ് ഹെഡ്‌ക്വോര്‍ട്ടേഴ്‌സിന് ബോംബിടാറായോ? എന്ന് ചോദിക്കേണ്ടിവരുന്നത്.