പകര്‍ന്നാട്ടത്തിന്റെ തിരോധാനം
നടനവൈഭവം കൊണ്ട് മലയാളിയുടെ ഹൃദയത്തെ ത്രസിപ്പിച്ച നെടുമുടി വേണു യാത്രയായി. ഒരു കുട്ടനാടന്‍ ഗ്രാമത്തില്‍ ജനിച്ച് കഠിനമായ തപസ്സിലൂടെ അഭിനയ കലയുടെ ഉത്തുംഗ ശൃംഗത്തിലെത്തിയ നെടുമുടി മലയാളിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു. തന്റെ ശരീരത്തെ കുറിച്ചും ശാരീരത്തെ കുറിച്ചും നല്ല ധാരണ ഒരു നടനു അത്യന്താപേക്ഷിതമാണ്. പലര്‍ക്കും ഇല്ലാതെ പോവുന്ന ഈ ധാരണയാണ് നെടുമുടിയുടെ മുഖ്യശക്തി. അഭിനയത്തിന്റെ കരുത്തുകൊണ്ട് ഗ്ലാമറിന്റെ പ്രലോഭനങ്ങളെ മറികടന്ന നടനാണ് നെടുമുടി. ഇവിടെ ഇതാ ഒരാള്‍ വേഷഭൂഷാദികളോടെ രംഗവേദിയിലേക്ക് കാലെടുത്തുവെയ്ക്കുന്നു. അയാളുടെ രംഗപ്രവേശം പ്രേക്ഷകന്റെ മുന്‍ധാരണകളെയും അഹങ്കാരത്തെയും കെടുത്തിക്കളയുന്നു. അവിടെയാണ് യഥാര്‍ഥ നടന്‍ ലബ്ധപ്രതിഷ്ഠനാവുന്നത്.ഇപ്പറഞ്ഞത് വേണുവിനെ സംബന്ധിച്ച് തീര്‍ത്തും അന്വര്‍ഥമാവുന്നു.
സിനിമാനടന്‍ എന്ന നിലയിലാണ് വേണു മലയാളികള്‍ക്കിടയില്‍ സ്ഥാനമുറപ്പിച്ചതെങ്കിലും യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം നാടകമായിരുന്നു. തനതു നാടകങ്ങളിലൂടെ മലയാള രംഗവേദിക്ക് പുതിയ ഭാഷ്യം ചമച്ച കാവാലം നാരായണപ്പണിക്കരാണ് വേണുവിലെ അഭിനയപ്രതിഭയെ കണ്ടെത്തിയത്.തന്റെ കലാജീവിതത്തിന്റെ ഗതി മാറ്റിയത് കാവാലമാണെന്ന് നെടുമുടി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ആലപ്പുഴയിലെ ഒരു നാടകമല്‍സരത്തിന് വിധികര്‍ത്താവിന്റെ വേഷത്തിലെത്തിയ കാവാലം, വേണുവിന്റെ നാട്യവിസ്മയത്തില്‍ അത്യധികം ആകൃഷ്ടനായിപ്പോയി എന്നു പറയുന്നതാവും ഉചിതം.വേണുവിന്റെ അഭിനയസിദ്ധിയെ പരമാവധി ഉപയോഗപ്പെടുത്തിയതിന്റെ തിളങ്ങുന്ന സാക്ഷ്യപത്രങ്ങളാണ്, കാവാലത്തിന്റെ സാക്ഷി, തിരുവാഴിത്താന്‍, കരിങ്കുട്ടി, ദൈവത്താര്‍, അവനവന്‍ കടമ്പ തുടങ്ങിയ നാടകങ്ങള്‍.കേരളത്തിന്റെ പാരമ്പര്യ സാംസ്‌കാരികമൂല്യങ്ങളെ സമന്വയിപ്പിക്കുന്ന പരീക്ഷണമായിരുന്നു തനതു നാടകങ്ങള്‍. അനുഷ്ഠാനകലകളെ പുന:പ്രതിഷ്ഠിക്കുന്നു എന്ന പഴി കേള്‍ക്കേണ്ടി വന്നെങ്കിലും നെടുമുടിയടക്കമുള്ളവരുടെ അഭിനയ പാടവം കൊണ്ട് തനതുനാടകങ്ങള്‍ രംഗഭാഷയില്‍ അടയാളമായി. ആകര്‍ഷകമായ അവതരണരീതിയും അതിനു സഹായകരമായി. ദൈവത്താറില്‍ നെടുമുടി സാക്ഷാത്കരിച്ച ‘കാലംകണിയാന്‍’ പ്രേക്ഷകനു നവ്യാനൂഭവമായിരുന്നു.അനവധികാലം അതു പ്രേക്ഷകരില്‍ അണയാതെ ജ്വലിച്ചു നിന്നു. യാഥാര്‍ഥ്യത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന മലയാള രംഗഭാഷ ഏതാണ്ട് പിന്‍വാങ്ങാന്‍ തുടങ്ങിയ കാലത്തായിരുന്നു തനതിന്റെ രംഗപ്രവേശം. തനതിന്റെ പകിട്ടും കലാമൂല്യവും അതിന്റെ പ്രതിലോമ സ്വഭാവത്തെ മറികടക്കാന്‍ പര്യാപ്തമായിരുന്നു. വേണുവിന്റെ നിറസാന്നിധ്യത്തില്‍ പ്രേക്ഷകര്‍ മയങ്ങിവീണു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടാവില്ല. കഥാപാത്രത്തെ കാലഗതിക്കനുസരിച്ച് ഉള്‍ക്കൊള്ളാനുള്ള അസാധാരണസിദ്ധിയാണ് വേണുവിന്റെ അഭിനയകലയുടെ കാതല്‍.
തനതുനാടകവേദി പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായതോടെ അതിന്റെ ആസ്ഥാനം തിരുവനന്തപുരത്തേക്ക് കാവാലം പറിച്ചുനട്ടു.തിരുവനന്തപുരത്തെ നാടകക്യാമ്പില്‍ അരവിന്ദന്‍, പത്മരാജന്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരൊക്കെ നിത്യസന്ദര്‍ശകരാണ്. ആ പ്രതിഭാധനന്മാരുടെ സാന്നിധ്യം പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ചു.അതോടെ നാടകമില്ലാതെ ജീവിതമില്ലെന്നു വന്നു. എന്നാല്‍ നാടകാഭിനയം കൊണ്ട് മാത്രം ജീവിതം മുന്നോട്ടുപോവില്ലല്ലോ. അതിനാല്‍ നെടുമുടിക്ക് പത്രപ്രവര്‍ത്തകന്റെ വേഷമിടേണ്ടിവന്നു. കലാകൗമുദിയിലായിരുന്നു സര്‍ഗാത്മക പത്രപ്രവര്‍ത്തനം. അവിടെ ഇന്റര്‍വ്യൂകളും ഫീച്ചറുകളും സൃഷ്ടിച്ചു. നടനായിരുന്നില്ലെങ്കില്‍ അദ്ദേഹം വലിയ എഴുത്തുകാരനാവുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇടക്കാലത്ത് സമാന്തര വിദ്യഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനുമായിട്ടുണ്ട് വേണു.
സിനിമ വേണുവിന്റെ സ്ഥായിയായ പ്രണയിനി ആയിരുന്നില്ല. എന്നിട്ടും ആ മാധ്യമം വിടാതെ പിടികൂടി. സിനിമക്കാര്‍ അദ്ദേഹത്തെ പോവാന്‍ അനുവദിച്ചില്ല എന്നു പറയുന്നതാവും ശരി. വേണുവിന്റെ നടന സിദ്ധി അവര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. സര്‍ക്കസുകാരുടെ കഥപറയുന്ന തമ്പ്(സംവിധാനം :അരവിന്ദന്‍) എന്ന ചിത്രത്തില്‍ നിന്ന് തുടങ്ങി അഞ്ഞൂറിലേറെ വൈവിധ്യങ്ങളായ കഥാപാത്രങ്ങള്‍. മലയാളികള്‍ അവ നെഞ്ചോടു ചേര്‍ത്തുവെച്ചു. നായകനും പ്രതിനായകനും സ്വഭാവനടനുമൊക്കയായി എത്രയെത്ര കഥാപാത്രങ്ങളെയാണ് ഈ നടന്‍ അനശ്വരമാക്കിയത്! പത്മരാജന്റെയും ഭരതന്റെയും സിനിമകളെ അത്യാകര്‍ഷകമാക്കുന്നതില്‍ വേണുവിന്റെ പങ്ക് പ്രഥമസ്ഥാനത്തു തന്നെയാണ്.ഇവരുടെ ചിത്രങ്ങളിലൂടെ വേണുവിന്റെ അഭിനയജീവിതത്തില്‍ ഒരു ‘ബ്രെയ്ക്ക് ത്രൂ’ സംഭവിക്കുന്നുണ്ട്. പത്മരാജന്റെയും ഭരതന്റെയും ചിത്രങ്ങള്‍ അവയുടെ പരുക്കന്‍ ഗ്രാമ്യതകൊണ്ടുതന്നെ മലയാള സിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്തിയതാണല്ലോ. ആ ഗ്രാമ്യതയ്ക്ക് ചാരുത പകര്‍ന്നവരില്‍ വേണു പ്രഥമസ്ഥാനീയനാണ്. തകരയിലെ ചെല്ലപ്പനാശാരി, ചാട്ടയിലെ കന്നുകാലി ബ്രോക്കര്‍, പാളങ്ങളിലെ റെയില്‍വെ തൊഴിലാളി, ഒരിടത്തൊരു ഫയല്‍വാനിലെ കച്ചവടക്കാരന്‍, ചാമരത്തിലെ അച്ചന്‍ തുടങ്ങിയ കഥാപാത്രങ്ങളെ ആര്‍ക്കാണ് വിസ്മരിക്കാനാവുക.ആലോലം, ഭരതം, ചിത്രം, തേന്മാവിന്‍കൊമ്പത്ത്, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കള്ളന്‍ പവിത്രന്‍… മലയാളി നെഞ്ചേറ്റിയ നെടുമുടിചിത്രങ്ങളുടെ ഘോഷയാത്ര അവസാനിക്കുന്നില്ല. ഏതുവേഷവും അനായാസം അദ്ദേഹത്തിനു വഴങ്ങും. ഈ സിദ്ധിയാണ് പലരും സിനിമാരംഗത്തുനിന്നും പുറത്തായിട്ടും വേണുവിനെ തറയില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തിയത്.
അഭിനയകലയില്‍ മാത്രം നെടുമുടിയെ ഒതുക്കി നിര്‍ത്താനാവില്ല. സാഹിത്യത്തിലും കഥകളിയിലും മൃദംഗത്തിലും അദ്ദേഹത്തിന് അവഗാഹമുണ്ട്. മലയാളിയുടെ ആത്മാവറിഞ്ഞ കലാകാരനാണ് നെടുമുടിവേണു. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ആ മഹാനടന്‍ അരങ്ങൊഴിഞ്ഞിരിക്കുന്നത്. ചില ജീവിതങ്ങള്‍ അങ്ങനെയാണ്. കണ്ടുകണ്ടിരിക്കെ… എങ്കിലും മലയാളസിനിമ നിലനില്‍ക്കുന്ന കാലത്തോളം നാട്യകലയിലെ സ്വാഭാവികത കൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകരെ നിരന്തരം പ്രലോഭിപ്പിക്കാതിരിക്കില്ല. നെടുമുടിയുടെ വിയോഗം മന്ത്രിമാര്‍ ആലങ്കാരികമായി പറയുന്നതു പോലെ ‘ഞെട്ടല്‍’ അല്ല അദ്ദേഹത്തെ സ്‌നേഹിക്കുന്നവരില്‍ ഉളവാക്കുന്നത്.മനസ്സില്‍ വിസ്‌ഫോടനം സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഇനി ആ ചലനങ്ങള്‍ ഉണ്ടാവില്ലല്ലോ എന്ന നൊമ്പരം. അവരുടെ വിചാരങ്ങളെ അതു വളരെക്കാലം അലട്ടിക്കൊണ്ടിരിക്കുമെന്നുറപ്പാണ്. കേരളീയ പകര്‍ന്നാട്ടം കാണാന്‍ കൊതിക്കുന്നവരുടെ ആത്മനൊമ്പരമാണത്. ദൃശ്യകലയെ വാനോളമുയര്‍ത്തിയവന്റെ തിരോധാനം സൃഷ്ടിക്കുന്ന വേദന.