ബിഗ് സല്യൂട്ട്
കര്‍ഷകസമരമാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇന്ത്യയിലെ കരുത്താര്‍ന്ന ജനകീയപ്രതിരോധം. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട കാര്‍ഷികനിയമങ്ങളെ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതിയെ നിര്‍ബന്ധിതമാക്കിയത് പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയുമൊക്കെ കര്‍ഷകര്‍ ഒറ്റമനസ്സോടെ ഉയര്‍ത്തിയ എതിര്‍പ്പാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സുദീര്‍ഘവും ത്യാഗപൂര്‍ണ്ണവുമായ സമരമാണ് ഇന്ത്യയുടെ ദേശീയപാതകളില്‍ കുടില്‍ കെട്ടി ദില്ലി നഗരത്തെ വളഞ്ഞുവെച്ച് പതിനായിരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കും ആക്രമണപരമ്പരകള്‍ക്കും വഴങ്ങാത്ത കര്‍ഷക ജനസഞ്ചയം പുതിയൊരു സമരപാഠം ഇന്ത്യക്കും ലോകത്തിനും ഇതിനകം സമ്മാനിച്ചുകഴിഞ്ഞിരിക്കുന്നു. വരുന്ന നവംബറില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഐതിഹാസികമായ ഈ പ്രക്ഷോഭത്തെ ചോരയില്‍ മുക്കി അവസാനിപ്പിക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്. ഇതിലൊടുവിലത്തേതാണ് കേന്ദ്രമന്തി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ ലഖിംപൂര്‍ ഖേരിയില്‍ നടന്നത്. എട്ടു മനുഷ്യരുടെ ജീവന്‍ പൊലിഞ്ഞ ഈ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനാണെന്നത് ജനാധിപത്യ ബോധമുള്ള ഏതൊരാളെയും നടുക്കം കൊള്ളിക്കുന്നതാണ്. നമ്മുടെ രാജ്യത്തെ നിയമവാഴ്ചയും ജനാധിപത്യ സ്ഥാപനങ്ങളുടെ നിലനില്‍പ്പും വിയോജിക്കാനുള്ള അവകാശങ്ങളുമൊക്കെ ഫാസിസ്റ്റ് കൈയ്യേറ്റത്തിനുമുന്നില്‍ ദുര്‍ബ്ബലപ്പെടുകയാണ് എന്ന് വിളിച്ചുപറയുകയാണ് ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിപുത്രന്റെ വാഹനവ്യൂഹത്തിനടിയില്‍ ചതഞ്ഞരഞ്ഞ പ്രാണന്‍ നഷ്ടപ്പെട്ട കര്‍ഷകര്‍.
കവിത മനുഷ്യന്റെ വൈകാരികതയുടെ സാന്ദ്രീകൃത രൂപമെന്ന നിലയില്‍ എക്കാലത്തും വായനക്കാരുടെ ചോരതിളപ്പിക്കാന്‍ പോന്ന ആവിഷ്‌കാരരൂപമാണ്. സാമൂഹ്യ വിമോചനത്തിനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ നമ്മുടെ കവികള്‍ എക്കാലത്തും ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. തനിക്കു ചുറ്റുമുള്ള ലോകത്തിന്റെ ചെറു ചലനങ്ങള്‍പോലും സ്പര്‍ശമാപിനികളില്‍ രേഖപ്പെടുത്തുന്ന കവിപരമ്പര കേരളത്തെ സംബന്ധിച്ച് പുതിയ കാര്യമല്ല. ലോകത്തിന്റെ വേദന തന്റെയും വേദനയായി അനുഭവിക്കുന്ന ഹൃദയാലുത്വമാണ് കവികളെ മനുഷ്യകഥാനുഗായികളാക്കി മാറ്റുന്നത്.
ലഖിംപൂര്‍ ഖേരിയിലെ പാതയോരത്ത് തങ്ങളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന കര്‍ഷകര്‍ക്കുമേല്‍ ജീപ്പ് ഓടിച്ചുകയറ്റിയും വെടിയുതിര്‍ത്തും ഉന്‍മാദ നൃത്തം ചവിട്ടിയ ആശിഷ് മിശ്രയും സംഘവും ഇന്ത്യയിലെ മനുഷ്യത്വം ബാക്കി നില്‍ക്കുന്ന മുഴുവന്‍ പേര്‍ക്കും സമ്മാനിച്ച നടുക്കം വിവരണാതീതമാണ്. ആ നടുക്കം അക്ഷരങ്ങളില്‍ ആവാഹിക്കപ്പെട്ട ഒരു കൂട്ടം കവിതകളാണ് ഈ ലക്കം ‘ജനശക്തി’യില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വാക്കുകള്‍ക്ക് ചില സവിശേഷ ചരിത്ര സന്ദര്‍ഭങ്ങളില്‍ വാളിന്റെയും വെടിമരുന്നിന്റെയും തീക്ഷ്ണത ലഭിക്കുമെന്ന പാഠമാണ് ഈ കവിതകള്‍ അനുവാചകര്‍ക്കു നല്‍കുന്നത്. എഴുപതുകളിലെ പ്രക്ഷുബ്ധമായ കാര്‍ഷികസമരങ്ങളുടെ അനുഭവങ്ങളില്‍ നിന്നുയര്‍ന്ന ഇടിമുഴക്കമായിരുന്നു കെജിഎസിന്റെ ‘ബംഗാള്‍.’ അക്കാലത്തേക്കാള്‍ ജീവിതദുരിതങ്ങള്‍ തീക്ഷ്ണമായിക്കഴിഞ്ഞ ഇന്ന് ആത്മാഭിമാനം സംരക്ഷിക്കാന്‍ ജീവന്‍ നല്‍കി പൊരുതുന്ന കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും കണ്‍മുന്നില്‍ കണ്ടാണ് കെജിഎസ് ‘ഭാവിക്കൃഷി’ എഴുതിയിട്ടുള്ളത്.
എക്കാലത്തും പൊരുതുന്ന മനുഷ്യനോട് രക്തസൗഹാര്‍ദ്ദം പുലര്‍ത്തുന്ന കവിയാണ് കുഞ്ഞപ്പ പട്ടാന്നൂര്‍. ഇടതുപക്ഷരാഷ്ട്രീയബോധ്യത്തിന്റെ ഉറച്ച നിലപാടുതറയില്‍ വ്യവസ്ഥാവിരുദ്ധതയുടെ കൊടിക്കൂറയേന്തി നിലയുറപ്പിച്ചിട്ടുള്ള കുഞ്ഞപ്പ പട്ടാന്നൂര്‍ ‘ചരിത്രം എല്ലാം കരുതിവെക്കുന്നുണ്ട് ‘ എന്ന് ഉറപ്പിച്ചെഴുതുന്നു. സാവിത്രി രാജീവന്റെ ‘മൃഗയ’ വടക്കേ ഇന്ത്യയിലെ മണ്ണിന്റെ മക്കളോടുള്ള ഐക്യദാര്‍ഢ്യത്താല്‍ ശക്തമായ രചനയാണ്. പുതിയ കാലത്തെ ഈ മുത്തശ്ശിക്കഥയില്‍ പക്ഷികള്‍ക്കൊപ്പം പൂക്കള്‍ കരയുന്നതും കരിമ്പിന്‍ പാടത്തെ ഇരുട്ടില്‍ നിന്നും ചെന്നായ്ക്കളുടെ ഓരിയിടലുകളും കേള്‍ക്കാന്‍ കാതോര്‍ക്കാനുള്ള അഭ്യര്‍ത്ഥനയുണ്ട്. ദേശമംഗലം രാമകൃഷ്ണന്റെ ‘ഓര്‍ക്കാതിരിക്കുന്നതെങ്ങനെ’ വയല്‍ വരമ്പുകളില്‍ ചിതറിത്തെറിച്ച ചോരയുടെ ദൃശ്യപടമാണ് ആവിഷ്‌കരിക്കുന്നത്. കര്‍ഷകരെ വേട്ടയാടുന്നതിനെതിരായ രോഷത്തിന്റെ ചുടലനൃത്തമാണ് പികെ ഗോപിയുടെ ‘അന്നപൂര്‍ണ്ണേശ്വരത്തെ ആവലാതികള്‍’.
കര്‍ഷകരുടെ ഉയിര്‍ത്തെഴുന്നേല്പ് ലോകത്തെല്ലായിടത്തുമെന്നപോലെ ഇന്ത്യയിലും രാഷ്ട്രീയപരിവര്‍ത്തനങ്ങളുടെ ഗതിവേഗം വര്‍ദ്ധിപ്പിച്ചിട്ടുള്ള ചരിത്രാനുഭവമാണ്. ചമ്പാരനിലെ നീലം കര്‍ഷകരുടെ ജീവിതദുരിതങ്ങളില്‍ നിന്ന് കൊളുത്തിയ പ്രതിഷേധജ്വാലയാണ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലുയര്‍ന്നുവന്ന രാഷ്ട്രീയമുന്നേറ്റത്തിന്റെ ദീപശിഖയായി മാറിയത്. തേഭാഗയിലും തെലുങ്കാനയിലും കയ്യൂരിലും ഇത്തരം അഗ്നിജ്വാലകള്‍ സാമൂഹ്യവിമോചനത്തിന്റെ പതാകയുയര്‍ത്തുകയുണ്ടായെന്നത് ചരിത്രം. സ്വാതന്ത്ര്യലബ്ധിക്കു ശേഷം കൈവന്ന അവകാശങ്ങളാകെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ഉത്തരേന്ത്യയിലെ കര്‍ഷകര്‍ സടകുടഞ്ഞെണീറ്റ ഇപ്പോഴത്തെ സമരപരമ്പരകളുടെ തുടക്കം. സാമ്പത്തികനയം തിരുത്തി എഴുതുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയുള്ള കര്‍ഷകപോരാട്ടത്തിന്റെ ചോരവീണ വീഥികളില്‍ നിന്നാണ് ഭാവി ഇന്ത്യ രൂപപ്പെടുന്നത്. തോല്പിക്കപ്പെടരുതാത്ത ഈ പോരാട്ട വീറിന് കേരളീയ കവികളുടെ രക്തസാഹോദര്യമാണ് ‘ജനശക്തി’യുടെ ഈ ലക്കം. ‘എങ്ങു ‘മനുഷ്യന് ചങ്ങല കൈകളില്‍, അങ്ങെന്‍ കൈകള്‍ നൊന്തീടുക’ യാണെന്നു പാടിയ കവിയുടെ തുടര്‍ച്ചയും വികാസവുമാണ് തങ്ങളെന്ന് ഹൃദയം പകുത്തുനല്‍കിയ വരികളിലൂടെ ഈ കേരളീയ കവികള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും ഇവര്‍ തുറക്കുന്നത് ചരിത്രത്തിലേക്കുള്ള വാതിലുകളാണ്.