ഇത് ഗ്രഹണകാലം.
കേരള ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനങ്ങളും സി എ ജി യുടെ, തലകൊയ്യുന്ന കുറ്റപത്രവും ബേബിഡാമിലെ വിവാദ മരം മുറി ഉത്തരവിന്റെ അല്‍പ്പായുസ്സും എല്ലാം കൂടി കാണുമ്പോള്‍ കേരളം ഒരു ദുരന്ത നാടകമാണോ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ചോദിക്കാന്‍ തോന്നിപ്പോകുന്നു. ഭരണയന്ത്രം ചലിപ്പിക്കുന്ന ഉദ്യോഗസ്ഥവൃന്ദം മന്ദബുദ്ധികളെക്കൊണ്ട് നിറച്ചിരിക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതോ സിവില്‍ സര്‍വീസ് പരീക്ഷയില്‍ സോഫോക്‌ളീസിന്റെയും ഈസ്‌ക്കീലസിന്റെയും മറ്റും ദുരന്ത നാടകങ്ങള്‍ മാത്രം കാണാപ്പാഠം പഠിച്ചു അതില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ കണ്ടെത്തി ഈ ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണോ? എന്ത് തൊട്ടാലും ദുരന്തം! എവിടെ തൊട്ടാലും ദുരന്തം.അയ്യേ ഇതെന്ത് ഭരണം?
വേണ്ടത്ര കൂടിയാലോചനകളോ ഗൗരവതരമായ പരിശോധനകളോ ഇല്ലാതെ എടുത്തുപിടിച്ചു ഉത്തരവുകള്‍ ഇറക്കുക. അതിന്റെ മഷി ഉണങ്ങും മുമ്പ് അതിന്റെ ഇരട്ടി വേഗത്തില്‍ അത് പിന്‍വലിച്ചു തടിതപ്പുക എന്നത് ഈ സര്‍ക്കാരിന്റെ ശൈലിയായി മാറിയിരിക്കുന്നു. ഇത്ര മന്ദബുദ്ധികള്‍ ആണോ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്?
കെ എസ് ആര്‍ ടി സി സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഒട്ടും വൈകാതെ ആ ഉത്തരവ് ആവിയായിപ്പോയി. ഇമൊബിലിറ്റി പദ്ധതി ഉത്തരവോ?വൈദ്യുതി ജീവനക്കാരുടെ യൂണിഫോം നല്‍കാനുള്ള ഉത്തരവോ? സ്പ്രിന്‍ഗ്ലര്‍ മുതല്‍ ആഴക്കടല്‍ മല്‍സ്യബന്ധനം വരെയുള്ള ഡസനിലേറെ ഉത്തരവുകള്‍ നേരത്തെ പോയവഴിയില്‍ പുല്ലുപോലും കിളിര്‍ത്തിട്ടില്ല. എന്നിട്ടും 63941 കോടിരൂപയുടെ കെറയില്‍ പദ്ധതിയുടെ ബാധ്യത കേരളം ഏറ്റെടുക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം. എന്ത് പറ്റി? ആറ് വര്‍ഷം എത്തിയപ്പോള്‍ തന്നെ സമനില തെറ്റിയോ?
അറിവുള്ളവര്‍ എല്ലാം വിളിച്ചു കൂകുന്നു, ഈ പൊട്ട പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന്. പക്ഷെ ഭരണത്തിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് സല്‍ബുദ്ധി ഉദിക്കുന്നില്ല. ഇന്ത്യയില്‍ അഴിമതിക്കെതിരെ സിംഹഗര്‍ജ്ജനം നടത്തുന്ന പ്രശാന്ത് ഭൂഷണ്‍ കേരളത്തിന്റെ മണ്ണില്‍ വന്ന് മുന്നറിയിപ്പ് നല്‍കുന്നു ഇതിന്റെ പിന്നില്‍ അഴിമതിയാണെന്ന്. ആര്‍ വി ജി മേനോനെപ്പോലുള്ള ഉല്പതിഷ്ണുക്കള്‍ ആവര്‍ത്തിച്ചു പറയുന്നു, ഈ പദ്ധതി കേരളത്തെ മുടിക്കുമെന്ന്. കാട്ടിലെ 15 മരം മുറിക്കാന്‍ വേണ്ടത്ര കൂടിയാലോചനയിലൂടെ രണ്ട് പേജുള്ള ഒരു ഉത്തരവ് തയ്യാറാക്കാന്‍ കെല്പ്പില്ലാത്തവരാണ് 63941 കോടി രൂപയുടെ കെ റയില്‍ പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നത്. മരം മുറി ഉത്തരവ് തന്റെ കുഞ്ഞല്ലെന്നു സമര്‍ത്ഥിക്കാന്‍ ഒരു മന്ത്രി നിയമസഭയില്‍ നാക്കുകൊണ്ട് മൂക്കില്‍ തൊടാന്‍ പെട്ട പാട് നാം കണ്ടതാണ്.
തമിഴ്‌നാട്ടിലെ ഒരു ഏഴാംകൂലി മന്ത്രിയുടെ കേരളത്തിന് നേരെയുള്ള അധിക്ഷേപം കേള്‍ക്കുമ്പോള്‍ ഏതു മലയാളിയുടെയും തൊലി ഉരിഞ്ഞുപോകും. എന്ത് ലജ്ജാകരമായ അവസ്ഥ! കേരളത്തില്‍ നടക്കുന്നത് ഭരണമോ കറക്കിക്കുത്തോ എന്നാണ് ആ മന്ത്രി ചോദിക്കുന്നത്. എന്തായാലും ആ മന്ത്രിയുടെ ഭള്ള് വിളി കേട്ടപാടെ കേരളം മൂഷികസ്ത്രീയെ വീണ്ടും മൂഷികസ്ത്രീയാക്കി. സുപ്രീംകോടതിയില്‍ കേരളത്തെ തോല്‍പ്പിക്കാനുള്ള എല്ലാ പഴുതുകളും വിവാദ ഉത്തരവിലൂടെ കേരളം തുറന്നു കൊടുത്തുകഴിഞ്ഞു. കൈനനയാതെ മീന്‍പിടിക്കാം എന്ന മുഖ്യമന്ത്രിയുടെ കണക്ക് കൂട്ടല്‍ തെറ്റി. വിവാദ കരാറുകളില്‍ അദൃശ്യനായി വര്‍ത്തിച്ചു കൊണ്ട് ഈ ‘കുട്ടിച്ചാത്തന്‍,എത്ര തവണയാണ് കേരളത്തെ കുണ്ടില്‍ ചാടിച്ചത്? ആര്‍ക്കും തെറ്റ് പറ്റാം. പ്രതിപക്ഷം അതിന്റെ പേരില്‍ സഭയില്‍ ഉറഞ്ഞുതുള്ളുമ്പോള്‍ ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുക്കാന്‍ കഴിയാത്തത് ആത്മവീര്യം പോക്കറ്റടിച്ചുപോയതുകൊണ്ടാവണം.പക്ഷെ മാപ്പര്‍ഹിക്കാത്ത മൗനം ജനാധിപത്യത്തിന്റെ ശോഭ കെടുത്തും. മുഖ്യമന്ത്രി തിരുത്തലിന് അതീതനാണ് എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞാല്‍ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
കെറയില്‍ കൊണ്ടുവരാനുള്ള അമിതാവേശത്തിന് പിന്നില്‍ രാജ്യം കണ്ട വന്‍ അഴിമതിക്കുള്ള കരുനീക്കമാണെന്ന് പരിണത പ്രജ്ഞരായ ബൗദ്ധിക ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ബഹ്‌റയെ പോലുള്ള കളങ്കിതരായ അടുത്തൂണ്‍ പറ്റിയ കാളക്കൂറ്റന്മാര്‍ ജന്മനാട്ടിലേക്ക് മടങ്ങാതെ തിരശ്ശീലയ്ക്ക് പിന്നില്‍ നില്ക്കുന്നത് ഇതില്‍ കണ്ണുവെച്ചാണ്. അവര്‍ക്കെല്ലാം നല്ല വരിശുള്ള പദ്ധതികളാണ് മൂശയില്‍ വാര്‍ത്തെടുത്ത് കൊണ്ടിരിക്കുന്നത്. മെട്രോ റയിലും മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലാനുള്ള വൈദഗ്ദ്യവും തമ്മില്‍ എന്ത് ബന്ധമാണുള്ളത് എന്നുമാത്രം ചോദിക്കരുത്. ഇപ്പോഴത്തെ മുഖ്യമന്ത്രി ഭീരുവല്ല എന്ന് സ്ഥാപിക്കാന്‍ അദ്ദേഹത്തിന്റെ ഫാന്‍സ് ഒരു വശത്ത് പെടാപ്പാട് പെടുമ്പോള്‍ വായില്‍ കോലുകൊണ്ട് കുത്തിയാലും മരം മുറിയെക്കുറിച്ച് പ്രതികരിക്കില്ലെന്ന് പറയുന്നതിന്റെ പൊരുള്‍ എന്താണ്?
കളങ്കിതരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ഭരണത്തിന്റെ പൊന്നാടയണിയിച്ചു ആദരിക്കാന്‍ നെട്ടോട്ടം ഓടുകയാണ്.ഡോളര്‍ കള്ളക്കടത്ത് വിവാദത്തില്‍ കുടുങ്ങിയ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ നിയമനം എടുത്തു നോക്കൂ. അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നത് പ്രവാസി മലയാളികളുടെ സേവന തുറയിലാണ്. എന്തൊരു വിരോധാഭാസം. ഡോളര്‍ കള്ളക്കടത്തിന് കൂടുതല്‍ സൗകര്യം!
ഓരോ മന്ത്രിമാരും തന്നാലാവും വിധം നുണ പറഞ്ഞ് ക്രമക്കേടുകളും അഴിമതിയും മറയ്ക്കാന്‍ അക്ഷീണം ശ്രമിക്കുന്നു. മുഖ്യമന്ത്രി എല്ലാം കണ്ടും കേട്ടും ഋഷി തുല്യമായ നിര്‍മ്മമതയോടെ ഇരിക്കുന്നു. ചെറിയ നുണകള്‍ പറഞ്ഞ വനംമന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയുമൊക്കെ കൈയോടെ പിടിക്കപ്പെടുമ്പോഴും എല്ലാമറിയുന്ന മുഖ്യമന്ത്രി അന്ധനും ബധിരനുമായി അഭിനയിക്കുന്നു. പക്ഷെ ബലിയാടുകളുടെ ദീനരോദനങ്ങള്‍ അന്ത:പ്പുരങ്ങളില്‍ മുഴങ്ങുന്നു. അത് മറക്കണ്ട.