സി എ ജി യിൽ ”സാഡിസ്റ്റ്” മനോഭാവമുള്ളവർ; ആഞ്ഞടിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: ”സാഡിസ്റ്റ്’ മനോഭാവമുള്ളവർ കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ‘;കിഫ്ബിയെ എങ്ങനെയൊക്കെ ഇല്ലാതാക്കാമെന്നും അപകീർത്തിപ്പെടുത്താമെന്നുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് .
സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്ഭവനിൽ ചാൻസലേഴ്‌സ് അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .കേരളം ഇന്നു നിൽക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ പാടില്ലെന്ന ഉദ്ദേശ്യമാണ് കിഫ്ബിക്കെതിരായ നീക്കങ്ങൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ലെന്നും അതിന്റേതായ വഴിക്കുതന്നെ അവ പോകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഇപ്പോൾ നിൽക്കുന്നിടത്തുനിന്ന് അൽപ്പെമെങ്കിലും പിന്നോട്ടു പോയാൽ ആശ്വാസവും സന്തോഷവും തോന്നുന്ന ‘സാഡിസ്റ്റ്’ മനോഭാവമുള്ളവരാണ് ഇതിനു പിന്നിൽ. ഇതു തിരിച്ചറിയണം. കേരളത്തിന്റെ സാമ്പത്തിക രംഗം അത്രകണ്ടു വിഭവസമൃദ്ധമല്ല. ശേഷിക്കുറവുണ്ട്. സാമ്പത്തിക രംഗത്തിന്റെ ശേഷിക്കുറവുകൊണ്ടു വിദ്യാഭ്യാസ മേഖലയടക്കമുള്ളവ ശക്തിപ്പെടാതിരുന്നാൽ അതു നാളത്തെ തലമുറയോടു ചെയ്യുന്ന കുറ്റമായി മാറും. ബജറ്റിന്റെ ശേഷിവച്ചു മാത്രം ഇവയെല്ലാം ചെയ്യാൻ നമുക്കു കഴിയില്ല. അതിനു വേറിട്ട വഴിയിലൂടെ സഞ്ചരിക്കണം. സർക്കാരിന്റെ പണത്തിനൊപ്പം കിഫ്ബിയിലൂടെ നല്ല രീതിയിൽ പണം ചെലവാക്കിയപ്പോഴാണു പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടത്. ഇതിന്റെ നല്ല ഫലം ഇന്നു നാട്ടിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനും കിഫ്ബി സ്രോതസ് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ ഗൗരവമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനു തുടക്കം കുറിച്ചത്. അതിന്റെ ഫലമായി അഭിമാനിക്കാനാകുംവിധം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടു. ഈ മാറ്റം ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടാകണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. .
കിഫ് ബിക്കെതിരായ വാർത്തകൾ ഗോസിപ്പ് വാർത്തകളാണെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ചോർന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉയർത്തുന്നത്. സി എ ജിയുടെ കരട് റിപ്പോർട്ട് പോലും വന്നിട്ടില്ല.പ്രതിപക്ഷ നേതാവിനെപ്പോലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ ചോർന്നുകിട്ടുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസാരിക്കാമോ എന്ന് മന്ത്രി ചോദിച്ചു.