പേരൂർക്കടയിൽ മനുഷ്യരില്ലേ?

രണ്ട് ദശാബ്ദം മുമ്പ് വിഖ്യാത നോവലിസ്റ്റ് എം മുകുന്ദൻ എഴുതിയ “രാവും പകലും’ എന്ന നോവൽ മലയാളത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. ചാവുകരക്കാർക്കു ശാന്തിയും സമൃദ്ധിയും ലഭിയ്ക്കണമെങ്കിലും മഹാവ്യാധികളിൽ നിന്ന് ഗ്രാമം രക്ഷപ്പെടണമെങ്കിലും ഒരു കുഞ്ഞിനെ കൊന്ന് ചുടുചോരകുടിക്കണമെന്നു ഗ്രാമ ദേവനായ കാലമ്മൂപ്പൻ ആക്രോശിച്ചപ്പോൾ ചാവുകരയിലെ സൽഗുണ സമ്പന്നനായ യുവാവ് അനന്തൻ അത് നിറവേറ്റാൻ രംഗത്തിറങ്ങി. നിരവധി അമ്മമാരുടെ കുഞ്ഞുങ്ങളെ ബലികൊടുത്ത് ചോര എടുത്തെങ്കിലും കാലമ്മൂപ്പന് തൃപ്തിയായില്ല. കാരണം അനന്തന്റെ ചോരയിൽ പിറന്ന കുഞ്ഞിന്റെ ചോരകിട്ടിയാലേ നാടിന്റെ ദുരിതങ്ങൾ മാറൂ എന്ന് കാലമ്മൂപ്പൻ അവസാനം ശഠിച്ചു. വിവാഹം ഉപേക്ഷിച്ചു കഴിയുകയായിരുന്ന അനന്തൻ ഒടുവിൽ വിവാഹം ചെയ്തു ഒരു കുഞ്ഞിന്റെ അച്ഛനായെങ്കിലും പ്രസവത്തിടയിൽ ഭാര്യ മരിച്ച വല്ലായ്മ കാരണം കുഞ്ഞിനെ ബലികൊടുക്കാൻ കഴിഞ്ഞില്ല. പിന്നീട് കാലമ്മൂപ്പനോടുള്ള കൂറു കാരണം അനന്തൻ കൂടുതൽ വിവാഹങ്ങൾ ചെയ്തെങ്കിലും ഫലമുണ്ടായില്ല. കാലമ്മൂപ്പനോടുള്ള ഭക്തിയിൽ അന്ധത ബാധിച്ചവനായിരുന്നു അനന്തൻ. ചില ആശയങ്ങളോട് മനുഷ്യനിൽ ഭ്രാന്ത് ആവേശിക്കുന്നത് പോലെ.

അതിനിടെ കാലമ്മൂപ്പന്റെ ദുഷ്ടലാക്ക് മനസിലാക്കിയ അനന്തനും ചാവുകരക്കാരും സംഘടിച്ചു അയാളെ തല്ലിക്കൊന്നു. മനുഷ്യപ്പറ്റില്ലാതെ ചോരചിന്തുന്ന പ്രത്യയ ശാസ്ത്രങ്ങൾക്കും പ്രവൃത്തികൾക്കും സമൂഹത്തിൽ നിലനിൽപ്പില്ല എന്ന് സമർഥിക്കാനാണ് മുകുന്ദൻ ഇൗ നോവൽ എഴുതിയത്. ഇത്തരത്തിലുള്ള കാലമ്മൂപ്പന്മാർ എല്ലായിടത്തും കാണാം. അതിലൊരു കാലമ്മൂപ്പനാണ് പേരൂർക്കടയിൽ വാഴുന്നോർ.

മലയാളി കുടുംബങ്ങളെ ഇത്രയേറെ അസ്വസ്ഥതാ പൂർണ്ണമാക്കുന്ന ഒരു കുടുംബ വഴക്ക് സമീപകാലത്ത് കണ്ടിട്ടില്ല.അത് ഒാരോ കുടുംബത്തിന്റെയും അത് സൈ്വരം കെടുത്തിയിട്ടുണ്ട്.അത് കമിതാക്കളോടുള്ള ആദരവോ അനാദരവോ കൊണ്ടല്ല.എട്ടും പൊട്ടും തിരിയാത്ത കളങ്കമെന്തെന്നറിയാത്ത ഒരു കുഞ്ഞിന്റെ ജീവൻ വെച്ച് പന്താടുന്നത് കൊണ്ടാണ്.ഒരു മാസത്തിലേറെയായി ഒരു അച്ഛന്റെയും മകളുടെയും അന്തപ്പുര വിചാരണയാണ് കോടിക്കണക്കിന് മലയാളികൾ മഹാഭാരത സീരിയൽ പോലെ വാർത്താ ചാനലുകളിൽ കണ്ടുകൊണ്ടിരിക്കുന്നത്. മഹാരോഗം പടർത്തുന്ന ഒരു വ്രണമാണ് ഇപ്പോൾ ന്യുസ് ചാനലുകളിൽ പൊട്ടി ഒഴുകുന്നത്.

കൗമാരക്കാരായ കുട്ടികളുടെ മനസിലേക്ക് ഈ അഴുക്ക് ചാൽ ഒഴുക്കിവിടുന്നതിന്റെ പ്രത്യാഘാതം ആരും ചിന്തിക്കുന്നില്ല. ധാരാളം വീടുകളിൽ ഇതിമേൽ ചേരിതിരിഞ്ഞ ചൂടുപിടിച്ച വാഗ്വാദങ്ങൾ ദിവസേന നടക്കുകയാണ്. ഒരു കാര്യം സമ്മതിക്കാതെ വയ്യ. മാധ്യമങ്ങൾ അതിശക്തമായി പ്രതിരോധിച്ചിരുന്നില്ലെങ്കിൽ ഈ കുഞ്ഞിന്റെ പൊടിപോലും പുറംലോകം കാണില്ലായിരുന്നു. എത്ര പരിഹാസ്യമാണ് നമ്മുടെ ഭരണ നിർവഹണ വിഭാഗത്തിന്റെയും നിയമവ്യവസ്ഥയുടെയും കാത്തു സൂക്ഷിപ്പുകാരുടെ അവസ്ഥ എന്ന് കേരളം ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു. എന്ത് കടുംകൈയും ചെയ്യാൻ മന:സാക്ഷിക്കുത്തില്ലാത്ത, വകതിരിവ് ഇല്ലാത്ത കുറെ കൂതറകൾ.

“ഈ വിരലുകൾ ചേർത്തുപിടിക്കുവോളം വലുതല്ല എനിക്ക് മറ്റൊന്നും’ എന്ന് പറഞ്ഞ് ജപ്പാനിലെ മാകോ രാജകുമാരി കൊട്ടാരം വിട്ട് കാമുകന്റെ കൈപിടിച്ചിറങ്ങുന്ന ദൃശ്യം ഭൂഗോളത്തിന്റെ ഒരു വശത്ത് മറുവശത്തോ ഒരു ചോരക്കുഞ്ഞിന്റെ അമ്മയും അച്ഛനും ജീവനോടെ ഉള്ളപ്പോഴും അവരുടെ ലാളനയും സ്നേഹവും കുഞ്ഞിനു ലഭിക്കാതിരിക്കാൻ മാനവികതയുടെ അപ്പോസ്തലന്മാർ ഇരുമ്പു മറ പണിയുന്നു.എന്തൊരു വിരോധാഭാസം ?.

സ്വന്തം മകൾ പ്രസവിച്ച ചോരക്കുഞ്ഞിന് മുലപ്പാലിന്റെ രുചി ലഭിക്കാതിരിക്കാൻ സമസ്ത അധികാര കേന്ദ്രങ്ങളെയും സ്വാധീനിച്ചു നിയമം കയ്യിലെടുത്തു അമ്മാനിമാടിക്കളിക്കുന്ന അച്ഛനമ്മമാർ ഉള്ള നാടാണല്ലോ പേരൂർക്കട. മകൾ ചെയ്ത കുറ്റം അന്യജാതിക്കാരനെ വിവാഹം ചെയ്തുവെന്നത് മാത്രം. എന്നാൽ അച്ഛനും അമ്മയും വിവാഹിതരായപ്പോൾ ഈ നിയമം അവർക്ക് ബാധകമായുമില്ല. പാർട്ടിപ്രവർത്തനത്തിന് വീട്ടിൽ നിത്യസന്ദർശകനായ യുവാവിന്റെ ഇരുപ്പ് കസേരയിൽ നിന്ന് കട്ടിലിലേക്ക് മാറിയത് അച്ഛനും അമ്മയും അറിയാത്തതല്ല. പാർട്ടിയിലെ ഗ്രൂപ്പ് പ്രവർത്തനത്തിന് യുവാവിനെ കിട്ടിയപ്പോൾ മറ്റെല്ലാം മറന്ന് യുവാവിന് പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തു. പക്ഷെ മകൾ ഗർഭിണിയായപ്പോൾ സദാചാര ബോധം വിജൃംഭിച്ചു. അച്ഛനും അമ്മയും സദാചാര പോലീസ് ആയി. ചോരക്കുഞ്ഞു പെരുവഴിയിലും.മകൾ കുടിച്ച മുലപ്പാല് ജാതിക്കതീതമായിരുന്നെങ്കിൽ പേരക്കുഞ്ഞു അങ്ങിനെ പാടില്ലെന്നാണ് അച്ഛന്റെ തിട്ടൂരം!തലസ്ഥാനത്ത് ക്വാറി മാഫിയയും മണൽ മാഫിയയും തിമിർത്താടുന്ന പ്രദേശമാണിത്. പാർട്ടിക്കുള്ളിലെ അന്തച്ഛിദ്രങ്ങൾക്ക് ചൂട്ടുപിടിക്കുന്നതും ഈ അവിശുദ്ധ ഇടപാടുകളാണ്. ഇതെന്ത് ലോകമാണ്?
സദാചാരാഭിമുഖ്യമുള്ളവരാണ് കമ്മ്യുണിസ്റ്റ്കാർ എന്ന് പറയുന്നത് സന്യാസാഭിമുഖ്യമുള്ളവർ ആണ് ഭാരതീയർ എന്ന് പറയുന്നത് പോലെയാണ്.അതാണ് ദത്ത് വിവാദത്തിലും ഒളിഞ്ഞിരിക്കുന്നത്.

ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധയാകർഷിക്കപ്പെടും വിധം ഇൗ സംഭവം ചർച്ചയായിട്ടും നിയമസഭയിൽ അതിശക്തമായി ഉന്നയിക്കപ്പെട്ടിട്ടും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. പ്രതിപക്ഷം തന്നെ കയ്യാലപ്പുറത്തെ തേങ്ങപോലെയാണ് ഇരിപ്പ്. മുഖ്യമന്ത്രിയുടെ ഹൃദയം, അദ്ദേഹത്തിന് വെളിച്ചപ്പെട്ട് എന്തെങ്കിലും പറയാറായിട്ടില്ല. അതിന് സമയമെടുക്കും. വൃന്ദാ കാരാട്ട് ആനിരാജയാകാൻ ശ്രമിച്ചാൽ മുഖ്യമന്ത്രിക്ക് അതെങ്ങനെ വെച്ച് പൊറുപ്പിക്കാൻ പറ്റും! മുഖ്യമന്ത്രിയുടെ വകുപ്പിൽ കയറിയല്ലേ വൃന്ദയും ശ്രീമതി ടീച്ചറും കൊത്തിയത്. അതങ്ങിനെ വിട്ടുകൊടുക്കാൻ പറ്റുമോ? താൻ ഭരിക്കുമ്പോൾ പാതാളം അനുപമമാരുടെ വിലാപം കൊണ്ട് നിറയുകയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചാൽ അതങ്ങിനെ വിട്ടുകൊടുക്കാനാകും.

മുഖ്യമന്ത്രിയും പ്രധാന സിപിഎം നേതാക്കളും പാർട്ടിയുടെ ഉന്നത നേതാക്കളും ഏതാനും ദിവസം കേരളം വിട്ട് ദില്ലിയിലായപ്പോൾ പാർട്ടിയും ഭരണവും ഒന്ന് കാലിടറി. അതാണ് ആരോഗ്യമന്ത്രി വീണ ജോർജ് ആദ്യം കുമ്പസാരക്കൂട്ടിൽ കയറി ചിലത് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയും മറ്റും തിരിച്ചെത്തിയതോടെ ആദ്യം മാധ്യമങ്ങളോട് പറഞ്ഞ നിലപാട് മന്ത്രി വിഴുങ്ങി.മുഖ്യമന്ത്രിയുടെ അർത്ഥഗർഭയമായ മൗനത്തോടെ കേരളത്തിൽ ഇങ്ങിനെയും ഭരിക്കാം എന്ന് തെളിഞ്ഞു.

എപ്പോഴും പ്രതിക്കൂട്ടിലോ ജയിലിലോ ഒരു വിവാദ നായിക ഉണ്ടാകണമെന്നത് ഈ സർക്കാരിന്റെ സ്ത്രീ ശാപം ആയിരിക്കാം. ഇപ്പോൾ ഏറ്റവും ഒടുവിൽ അനുപമ എസ് ചന്ദ്രന്റെ ഊഴമാണ്. അതിനിടെ ഇറ്റലിക്കാരി മലയാളി അനിത ഒളികണ്ണിട്ടു പ്രത്യക്ഷപ്പെട്ടെങ്കിലും ഇരിപ്പുറപ്പിക്കാൻ സമയം കിട്ടിയില്ല. അതിലും വലുത് മാളത്തിൽ നിന്ന് ഇറങ്ങിയല്ലോ. അത് ആടിക്കഴിയട്ടെ.
തലസ്ഥാനത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സി ഡി എസ്സിലെ പ്രൊഫസറും എണ്ണപ്പെട്ട എഴുത്തുകാരിയുമായ ജെ ദേവിക ഏതാനും ദിവസം മുമ്പ് ഒരു മലയാളം ചാനലിൽ പൊട്ടിത്തെറിച്ചു കൊണ്ട് തന്റെ സഹപ്രവർത്തകയായ യുവതിക്ക് സിപിഎം പ്രാദേശിക നേതാവിന്റെയും അവരുടെ തടവറയിൽ കഴിയുന്ന പേരൂർക്കട പോലീസ് സ്റ്റേഷനിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരിൽ നിന്നുമുണ്ടായ ദുരനുഭവം വിവരിക്കുന്നത് കേട്ടു. പേരൂർക്കിടയിൽ വാടകക്ക് ഒരു വീട് എടുത്തുകൊടുക്കാൻ മുന്നോട്ട് വന്ന പാർട്ടിക്കാരനായ ഒരു ദല്ലാൾ ആ യുവതിയോട് ചോദിച്ചുവത്രെ ” ഒറ്റയ്ക്കല്ലേ ഉള്ളൂ, ഇടയ്ക്ക് ഞാനും വന്നോട്ടെയെന്ന്?’ അതിന് സമ്മതം മൂളാത്തതിൽ പ്രകോപിതനായ ആ വിടൻ കടന്നു പിടിക്കാൻ മുതിർന്നപ്പോൾ,സഹികെട്ട ആ യുവതി പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകിയിട്ടും പലവട്ടം സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും പുല്ലുവില. ഇനി അവിടത്തെ പോലീസ് ഏമാന്റെ കുടുംബത്തിൽ ഇത്തരത്തിൽ ഒരു വിടൻ കടന്നു ചെന്ന് കൈയ്യൂക്ക് കാട്ടിയാലേ അവർ അനങ്ങുകയുള്ളുവോ? ഇന്ത്യയിൽ മാത്രമല്ല ഇന്ത്യക്ക് പുറത്തും ഗവേഷണ രംഗത്തു ഏറെ അറിയപ്പെടുന്ന ഒരു പ്രൊഫസർ ലക്ഷക്കണക്കിന് മലയാളികൾക്ക് മുന്നിൽ ക്ഷുഭിതമായി ഇത് വിളിച്ചു പറഞ്ഞിട്ടും സർക്കാർ ഖജനാവിലെ പണവും തിന്ന് ഇന്നോവാ ആസ്ട്ര കാറിൽ മദിച്ചു നടക്കുന്ന ഏതെങ്കിലും ഒരുത്തനോ/ഒരുത്തിയോ അന്വേഷിച്ചോ? ഇവിടെ ഒരു പെൺ മേയറുണ്ടല്ലോ? ഇത്തരത്തിൽ ഒരു അനുഭവം ഇൗ നഗരത്തിൽ ഉണ്ടായിട്ട് ഈ പെൺ മേയർക്ക് അതിൽ ഇടപെടണം എന്ന് തോന്നിയില്ലേ? എന്താണ് ഈ സംഭവം എന്ന് ഒരു പോലീസുകാരനോട് എങ്കിലും അന്വേഷിച്ചിട്ടുവേണം ഖജനാവിൽ നിന്ന് അടുത്തമാസം നോട്ടുകെട്ടുകൾ കൈനീട്ടി വാങ്ങാൻ. അതല്ലെങ്കിൽ ജനങ്ങൾ ഈ കൊട്ടാരങ്ങൾ ബോംബിട്ട് തകർക്കും.