അന്തർവാഹിനി വിവാദം: അമേരിക്കയിലേയും ആസ്ട്രേലിയയിലേയും അംബാസഡർമാരെ തിരിച്ചു വിളിച്ചു

2016ലെ കരാർ റദ്ദാക്കി ബ്രിട്ടീഷ് സാങ്കേതികവിദ്യയോട് കൂടിയ അമേരിക്കൻ അന്തർവാഹിനികൾ വാങ്ങുവാനുള്ള ആസ്ട്രേലിയൻ തീരുമാനം കൂടുതൽ സങ്കീർണ്ണമാവുന്നു. നിലവിലുള്ള കരാർ റദ്ദാക്കിയതിലൂടെ അമേരിക്കയും ആസ്ട്രേലിയയും ബ്രിട്ടനും കടുത്ത വിശ്വാസവഞ്ചനയാണ് കാണിച്ചതെന്നും, ഈ നടപടി ഇരട്ടത്താപ്പും അവഹേളനവുമാണെന്നും ഫ്രാൻസിൻെറ വിദേശകാര്യ മന്ത്രി ഴാൻവെസ് ലേ ഡ്രയാൻ പറഞ്ഞു. കരാർ റദ്ദാക്കാനായി ഈ രാജ്യങ്ങൾ നുണ പറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. അതിൻെറ തുടർച്ചയായി അമേരിക്കയിലേയും ആസ്ട്രേലിയയിലെയും സ്ഥാനപതികളെ ഫ്രാൻസ് തിരിച്ചു വിളിച്ചു. എന്നാൽ ബ്രിട്ടൻെറ അവസരവാദിത്വം പുതുമയല്ലാത്തതിനാലാണ് സമാന നടപടികൾ സ്വീകരിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016ലെ കരാറനുസരിച്ച് നാൽപ്പതു ബില്യൺ ഡോളറിൻെറ അന്തർവാഹിനിയാണ് ആസ്‌ട്രേലിയ ഫ്രാൻ‌സിൽ നിന്ന് വാങ്ങേണ്ടിയിരുന്നത്. എന്നാൽ ഇൻഡോ-പസിഫിക് മേഖലയിലെ പ്രതിരോധ നിരീക്ഷണങ്ങൾക്കായി ആസ്ട്രേലിയയും അമേരിക്കയും ബ്രിട്ടനും ചേർന്നുള്ള AUKUS എന്ന ത്രിരാഷ്ട്ര സൈനിക ഉടമ്പടിയുടെ ഭാഗമായാണ്, ആണവശേഷിയുള്ള അന്തർവാഹിനികൾ നിർമ്മിക്കാനായി ഫ്രാൻസുമായുള്ള കരാർ ആസ്‌ട്രേലിയ ഏകപക്ഷീയമായി റദ്ദാക്കിയത്.