അഫ്ഗാനിൽ സ്‌കൂളുകൾ തുറന്നു: പക്ഷെ പെൺകുട്ടികൾക്ക് പ്രവേശനമില്ല

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ അഫ്ഗാനിസ്ഥാനിലെ സ്‌കൂളുകൾ തുറന്നെങ്കിലും, താലിബാൻ വിലക്കിനെ തുടർന്ന് പെൺകുട്ടികളുടെ സെക്കൻററി സ്‌കൂൾ പ്രവേശനം അസാധ്യമായി. സാധാരണയായി പതിമൂന്നും പതിനെട്ടും വയസ്സിനിടയിലുള്ള സെക്കൻററി വിദ്യാഭ്യാസം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് അഫ്ഗാനിൽ നടത്തിയിരുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് യാതൊരു തടസ്സവുമുണ്ടാകില്ലെന്നാണ് താലിബാൻ ഭരണകൂടം നേരത്തേ ഉറപ്പു പറഞ്ഞിരുന്നത്. ശനിയാഴ്ചയാണ് സ്‌കൂളുകൾ വീണ്ടും തുറന്നത്. 

സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പുറത്തുവിട്ട ഔദ്യോഗിക ഉത്തരവിൽ എല്ലാ പുരുഷാധ്യാപകരും വിദ്യാർത്ഥികളും കർശനമായും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തണമെന്ന് പറഞ്ഞിരുന്നു. പെൺക്കുട്ടികൾക്കായുള്ള പ്രത്യേക സ്ക്കൂളുകൾ ഉടനെ പ്രവർത്തനസജ്ജമാകുമെന്നും അതിനുവേണ്ടി അധ്യാപകരെ പുനർവിന്യസിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും താലിബാൻ മാധ്യമ പ്രതിനിധി സബീഹുല്ല മുജാഹിദ് വാർത്താകുറിപ്പിൽ അറിയിച്ചു.

2001ൽ താലിബാൻെറ പതനത്തിന് ശേഷം, സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ വളരെ പുരോഗതിയുണ്ടായിരുന്നു. അഫ്ഗാനിലെ സ്ത്രീകളുടെ സാക്ഷരത ഒരു ദശകത്തിനിടെ ഇരട്ടിയിലധികമായി. പ്രൈമറി ക്ലാസ്സുകളിലെത്തിയ പെൺകുട്ടികളുടെ എണ്ണം പൂജ്യത്തിൽ നിന്ന് ഇരുപത്തഞ്ച് ലക്ഷമായി. പക്ഷെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ രാജ്യം പിന്നോട്ട് പോകാനാണ് ഇനി സാധ്യത കൂടുതലുള്ളത്.