യുഎസ് ഓപ്പണിൽ ചരിത്രം രചിച്ച് എമ്മ റാഡുകാനു: ചരിത്രം കൈവിട്ട് ദ്യോകോവിച്ച്

ലോകകായികരംഗം ന്യൂയോർക്കിലെ യുഎസ് ഓപ്പൺ കോർട്ടിലേക്ക് ഉറ്റു നോക്കുകയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആദ്യമായി എല്ലാ ഗ്രാൻഡ്സ്ലാം ടെന്നീസ് കിരീടങ്ങളും ഒരു വർഷം സ്വന്തമാക്കാൻ തന്നെ നൊവാക്  ദ്യോകോവിച്ചിന് കഴിയുമോ എന്നായിരുന്നു എല്ലാവരുടെയും ആകാംഷ. ഫെബ്രുവരിയിൽ ആസ്ട്രേലിയൻ ഓപ്പണും ജൂണിൽ ഫ്രഞ്ച് ഓപ്പണും ജൂലൈയിൽ വിംബിൾഡനും  ആഗസ്റ്റിൽ ഒളിമ്പിക്സ് വെങ്കലവും നേടിയ ദ്യോകോവിച്ച് അത് നേടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ഇന്നലത്തെ ഫൈനലിൽ റഷ്യയുടെ ദെനിൽ മെദ്നദേവ് തൻെറ ജീവിതത്തിലെ ആദ്യ ഗ്രാൻഡ്സ്ലാം നേടുന്നതാണ് ലോകം കണ്ടത്. മത്സരം 6-4, 6-4, 6-4 എന്ന നിലയിൽ ഏകപക്ഷീയമായാണ്  മെദ്നദേവ് വിജയിച്ചത്. ദ്യോകോവിച്ച് ജയിച്ചിരുന്നെങ്കിൽ ഏറ്റവുമധികം ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ ടെന്നീസ് താരമെന്ന പദവി റോജർ ഫെഡററിൽ നിന്ന് പിടിച്ചെടുക്കുകയും ആവാമായിരുന്നു. 

മറുവശത്ത് വനിതകളുടെ മത്സരത്തിൽ ബ്രിട്ടൻെറ പതിനെട്ട് വയസ്സുള്ള എമ്മ റാഡുകാനു യോഗ്യത റൗണ്ടിലൂടെ വന്ന് കിരീടം നേടുന്ന ആദ്യതാരമായി. മാത്രമല്ല 1977ന് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് വംശജ, 2004ൽ മറിയ ഷറപ്പോവക്ക് ശേഷം ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ കൗമാരക്കാരി തുടങ്ങിയ നേട്ടങ്ങളുമായാണ് എമ്മ തിരിച്ചു പോകുന്നത്.  റാങ്കിങ്ങിൽ 150ആം സ്ഥാനത്തുള്ള എമ്മയുടെ വിജയം താരതമ്യങ്ങളില്ലാത്തതാണ്.