ഉത്തരകൊറിയ പുതിയ മിസൈൽ പരീക്ഷിച്ചു

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും നിലനിൽക്കുമ്പോഴും, പുതിയ ആയുധങ്ങൾ വികസിപ്പിച്ചും വാങ്ങിക്കൂട്ടിയും കൊറിയൻ ഉപഭൂഖണ്ഡത്തിൽ യുദ്ധസമാന സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഉത്തരകൊറിയ. 

തിങ്കളാഴ്ചയാണ് ഉത്തര കൊറിയയിലെ ദേശീയ മാധ്യമങ്ങൾ മിസൈൽ പരീക്ഷണത്തെ സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടത്. കൂടുതൽ വിവരങ്ങൾ പുറത്തു വരാത്തതിനാൽ ശനിയാഴ്ചയോ ഞായറാഴ്ചയോ ആകാം മിസൈൽ പരീക്ഷണങ്ങൾ നടത്തിയതെന്ന് സംശയിക്കുന്നു. ആണവായുധങ്ങൾ വഹിക്കാവുന്ന ദീർഘദൂര ക്രൂയിസ് സ്വഭാവത്തിലുള്ള മിസൈലിന് 1500km സഞ്ചരിക്കാനാകും. ജപ്പാൻെറ ഭൂരിഭാഗം പ്രദേശങ്ങളും മിസൈലിൻെറ സഞ്ചാരപരിധിയിൽ ഉൾപ്പെടുന്നതിനാൽ രാജ്യസുരക്ഷക്കായി പുതിയ മാർഗ്ഗങ്ങൾ തേടുമെന്ന് ജപ്പാൻ സർക്കാർ അറിയിച്ചു. കർശനമായ അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും പുതിയ ആയുധങ്ങൾ വികസിപ്പിക്കാനാവുമെന്ന് ഉത്തര കൊറിയ തെളിയിച്ചത് പ്രതിരോധ വിദഗ്ദ്ധരെ അമ്പരപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് ആണവായുധങ്ങൾക്കാവശ്യമായ പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന റിയാക്റ്റർ അവിടെ വീണ്ടും പ്രവർത്തിപ്പിച്ച് തുടങ്ങിയതായി അന്താരാഷ്ട്ര അറ്റോമിക ഏജൻസി അറിയിച്ചത്. കഴിഞ്ഞ മാർച്ചിൽ ഒരു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലും ജനവരിയിൽ ജോ ബൈഡൻ അമേരിക്കൻ പ്രെസിഡൻെറായി സ്ഥാനമേറ്റെടുത്ത് മണിക്കൂറുകൾക്കകം ഒരു ക്രൂയിസ് മിസൈലും ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. അതിനിടെ ഈയാഴ്ച തന്നെ മേഖലയിലെ സാഹചര്യത്തെ പറ്റി ചർച്ച ചെയ്യാൻ ദക്ഷിണകൊറിയയും ജപ്പാനും അമേരിക്കയും യോഗം ചേരുന്നുണ്ട്.