ഗവർണറെ തിരിച്ചു വിളിക്കുമോ?

അമേരിക്കയിലെ കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം ചൊവ്വാഴ്ച ജനങ്ങളാൽ തിരിച്ചു വിളിക്കപ്പെടുമോ എന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടയാളെ നിയമപരമായി തന്നെ തിരിച്ചു വിളിക്കാനുള്ള (Right to Recall) അധികാരം അമേരിക്കയിലെ ചില സംസ്ഥാനങ്ങൾക്കുണ്ട്. കാലിഫോർണിയയിലെ രണ്ടാമത്തെയും അമേരിക്കയിലെ നാലാമത്തെയും ഗവർണറെ തിരിച്ചു വിളിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥിയായിരുന്ന ന്യൂസമിനെതിരെ 2020 ഫെബ്രുവരിയിലാണ് തിരിച്ചു വിളിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. വാറണ്ടില്ലാതെ പോലീസുകാർ വന്നാൽ രേഖകളില്ലാത്തവർ ഉൾപ്പെടെ ആരും തന്നെ വാതിൽ തുറക്കേണ്ടതില്ലെന്ന ന്യൂസാമിൻെറ പ്രഖ്യാപനമാണ് ഇതിനിടയാക്കിയത്. കഴിഞ്ഞ നവംബറിൽ മാസ്ക്കില്ലാതെ ഒരു പാർട്ടിയിൽ പങ്കെടുത്തതായിരുന്നു പെട്ടെന്ന് ന്യൂസമിനെതിരെ ജനരോഷമുയർത്തിയത്. പൊതുപരിപാടികൾ ഒഴിവാക്കാനും നിർബന്ധമായി മാസ്കിടാനും ജനങ്ങളോട് ആവശ്യപ്പെടുന്ന സമയത്താണ് ഗവർണർ സ്വയം അത് പാലിക്കാതിരുന്നത്. അമ്പത് ശതമാനമോ അതിൽ കൂടുതലോ വോട്ടുകൾ അനുകൂലമായി ലഭിച്ചാൽ ന്യൂസമിന് ഗവർണറായി തുടരാം. എന്നാൽ അഭിപ്രായ സർവേകളെല്ലാം ന്യൂസം പരാജയപ്പെടുമെന്നാണ് സൂചിപ്പിക്കുന്നത്.