മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ പെൺകുട്ടികൾ നഗ്നരായി പ്രദക്ഷിണം ചെയ്തു!

മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിൽ ഒരു ഗ്രാമത്തിലാണ് ആറ് പെൺകുട്ടികൾ നഗ്നരായി ഗ്രാമം മുഴുവൻ പ്രദക്ഷിണം ചെയ്തത്. മഴയില്ലാത്തതിനാൽ വരൾച്ച ബാധിച്ച് കൃഷി മുടങ്ങിയ പ്രദേശമാണിത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അഞ്ചു വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ള ആറ് പെൺകുട്ടികൾ തോളിൽ ചത്ത തവളയേയും തൂക്കിയിട്ട്, മന്ത്രോച്ചാരണങ്ങളോടെയും പ്രാർത്ഥനകളോടെയും മുതിർന്നവരുടെ അകമ്പനിയോടെ ഗ്രാമം പ്രദക്ഷിണം ചെയ്ത് അമ്പലത്തിൽ എത്തിയത്. അമ്പലത്തിലെ സമൂഹ സദ്യക്കായി വീടുകളിൽ നിന്ന് അരിയും മറ്റ് ഭക്ഷണ സാധനങ്ങളും പെൺകുട്ടികൾ ഭിക്ഷയായി സ്വീകരിക്കുകയും ചെയ്തു. 

ദേശീയ മനുഷ്യാവകാശ കമ്മീഷനും ജില്ലാ ഭരണകൂടവും സമൂഹ മാധ്യമങ്ങളിൽ വന്ന വീഡിയോകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടികൾ ആരുടേയും നിർബന്ധത്തിന് വഴങ്ങിയല്ലാതെ, (മൈനറായതിനാൽ) മാതാപിതാക്കളുടെ അനുവാദത്തോടെയാണ് ഇത് ചെയ്തതെങ്കിൽ കേസെടുക്കാനാവില്ല. മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ ഇത്തരം അനാചാരങ്ങൾ മുമ്പും ഇന്ത്യയിൽ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് 2019 ജൂണിൽ കർണ്ണാടകയിലെ ഉഡുപ്പിയിൽ രണ്ട് തവളകളുടെയും, ജൂലൈയിൽ തെലുങ്കാനയിലെ ഹൈദരാബാദിൽ രണ്ട് കഴുതകളുടേയും വിവാഹം നടത്തിയത് മഴക്ക് വേണ്ടിയായിരുന്നു. 2015 സെപ്റ്റംബറിൽ ഉത്തർപ്രദേശിലെ കപിലവസ്തുവിൽ പോലീസുദ്യോഗസ്ഥനെ സ്ത്രീകൾ പരസ്യമായി കുളിപ്പിച്ചതും നാടുവാഴിയെ ആചാരപരമായി കുളിപ്പിച്ചാൽ മഴ പെയ്യുമെന്ന വിശ്വാസത്തിൻെറ ഭാഗമാണ്. 2004 ജൂലൈയിൽ ഗുജറാത്തിൽ അർദ്ധരാത്രി സ്ത്രീകൾ നഗ്നരായി നിലമുഴുതതും ഇതേ കാര്യത്തിന് വേണ്ടിയായിരുന്നു. ഇത്തരം പ്രവൃത്തികളെല്ലാം ആരുടേയും നിർബന്ധത്തിന് വഴങ്ങിയല്ലാതെ ചെയ്യുന്നതിനാൽ ബോധവൽക്കരണമല്ലാതെ, യാതൊരു നിയമനടപടികൾക്കും സാധ്യതയില്ല.