ഭിന്നലിംഗക്കാരി അഭിനയിച്ച ജൂവലറി പരസ്യം ലോകം കീഴടക്കുന്നു
ഭിന്നലിംഗക്കാരിയും ദില്ലി സർവ്വകലാശാലയിലെ സോഷ്യളോജി വിദ്യാർത്ഥിനിയുമായ മീര സിംഗാനിയ അഭിനയിച്ച ജൂവലറി പരസ്യചിത്രം നൂറ് ദിവസത്തിനകം യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും കണ്ടത് ഇരുപത് ലക്ഷ്യത്തിന് മുകളിലാളുകളാണ്. നൂറ് സെക്കൻഡ് ദൈർഘ്യമുള്ള ‘സ്നേഹം പോലെ വിശുദ്ധം’ എന്ന പരസ്യചിത്രം ഭീമ ജൂവലറിയാണ് നിർമ്മിച്ചത്.
കേരളത്തിലെ ഒരു ഹിന്ദു കുടുംബത്തിൽ നടക്കുന്ന വിവാഹത്തിൻെറ പശ്ചാത്തലത്തിലാണ് ഈ പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഭിന്നലിംഗസൗഹൃദ സംസ്ഥാനമായാണ് കേരളം അറിയപ്പെടുന്നതെങ്കിലും മറ്റെല്ലായിടത്തും എന്നപോലെ ട്രാൻസ്‌ഫോബിയ ഇവിടെയും ദൃശ്യമാണ്. അത്തരമൊരു സമൂഹത്തിൽ ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തിൻെറ ഹെട്രോസെക്ഷ്വൽ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായ ഒരു പരസ്യചിത്രം തയ്യാറാക്കിയത് വളരെ പുരോഗമനപരവും വിപ്ലവാത്മകവുമായ മാറ്റമായി കാണാം. പ്രത്യേകിച്ചും കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ തനിഷ്‌ക്കിൻെറ പരസ്യചിത്രം ലവ്ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്താൽ ദിവസങ്ങൾക്കുള്ളിൽ പിൻവലിക്കേണ്ട അവസ്ഥയുള്ളപ്പോൾ, ഈ ഭിന്നലിംഗ സൗഹൃദ പരസ്യചിത്രത്തിന് ആ വിധത്തിലുള്ള എതിർപ്പുകളൊന്നും നേരിടേണ്ടി വന്നില്ല എന്നുള്ളത് കേരളസമൂഹത്തിൻെറ സാമൂഹിക പുരോഗമനം കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്.