എൽജിബിറ്റി ആക്ടിവിസ്റ്റും ഗായകനുമായ ആർച്ച് ബിഷപ്പ് കാൾ ബീൻ അന്തരിച്ചു
1977ൽ പുറത്തു വന്ന സ്വവർഗ്ഗാനുരാഗികളുടെ സ്വാതന്ത്ര്യഗീതം എന്നറിയപ്പെടുന്ന ‘I was born this way’ എന്ന ഗാനം പാടിയ കാൾ ബീൻ അന്തരിച്ചു. 77 വയസ്സായിരുന്നു.
1944ൽ ബാൾട്ടിമോറിലാണ് ബീൻ ജനിച്ചത്. ചെറുപ്പത്തിലേ അമ്മ മരിച്ചു പോയതിനാൽ അയൽക്കാർ എടുത്തു വളർത്തുകയായിരുന്നു. എന്നാൽ പിന്നീട് ആൺകുട്ടികളോട് ‘മോശമായി’ പെരുമാറിയതിനാൽ അവർ പുറത്താക്കി. ആത്മഹത്യക്ക് ശ്രമിച്ച ബീൻ എത്തപ്പെട്ടത് മാനസികാരോഗ്യ വാർഡിലായിരുന്നു. അവിടുത്തെ ഒരു ഡോക്ടറാണ് സ്വവർഗ്ഗാനുരാഗം രോഗമല്ലെന്ന് ബോധ്യപ്പെടുത്തിയത്. അവിടുന്ന് പുറത്തിറങ്ങിയ അദ്ദേഹം സുവിശേഷ ഗാനങ്ങൾ പാടുവാൻ തുടങ്ങി. ഇത് കേൾക്കാനിടയായിട്ടാണ് ബണ്ണി ജോൺസ് എഴുതിയ ‘I was born this way’ പാടുവാൻ മോടൗൺ കമ്പനി ബീനെ ക്ഷണിക്കുന്നത്. പാട്ട് ഹിറ്റാവുകയും അമേരിക്കയിലെ ഡിസ്കോ വേദികളിലെ മുഖ്യ ആകർഷണമാവുകയും ചെയ്തു (2011ൽ പുറത്തിറങ്ങിയ ലേഡി ഗാഗയുടെ ‘born this way’ ഗാനത്തിന് പ്രചോദനമായതും കാൾ ബീൻ പാടിയ ‘I was born this way’ ആണ്). എന്നാൽ തുടർന്ന് കാൾ ബീൻ സുവിശേഷ പ്രവർത്തനങ്ങളിലേക്ക് തിരിച്ചു പോവുകയും 1982ൽ പുരോഹിതനാവുകയും ചെയ്തു. ആ വർഷം തന്നെ ‘യൂണിറ്റി ഫെല്ലോഷിപ്പ് ഓഫ് ക്രൈസ്റ്റ് ചർച്ച്’ സ്ഥാപിച്ചു. കറുത്ത വംശജരായ സ്വവർഗ്ഗാനുരാഗികൾക്കിടയിലാണ് ഈ സഭ പ്രധാനമായും പ്രവർത്തിച്ചത്. എയ്ഡ്സ് രോഗത്തെ പറ്റി അധികമൊന്നും കേട്ടിട്ടില്ലാത്ത 1985ൽ കറുത്ത വർഗ്ഗക്കാർക്കായി മൈനോറിറ്റി എയ്ഡ്സ് പ്രൊജക്റ്റ് സ്ഥാപിച്ചു. സാമൂഹിക സേവനത്തിന് നിരവധി അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അമേരിക്കയിലും കരീബിയയിലും നിരവധി അംഗങ്ങൾ ഉള്ള തൻെറ ദൈവസഭയുടെ ആർച്ച് ബിഷപ്പ് ആയിരിക്കെയാണ് കാൾ ബീൻ അന്തരിച്ചത്.