നിപ: എട്ടുപേര്‍ക്കും രോഗമില്ല

കോഴിക്കോട്: നിപ രോഗ പരിശോധനയ്ക്കായി പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച എട്ടുപേരുടെ സാമ്പിളുകളുടെയും ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരുമടക്കമുള്ള എട്ടുപേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കോഴിക്കോട് ജില്ലയില്‍ ചാത്തമംഗത്തിന് സമീപത്തു നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ രോഗം ബാധിച്ചു പന്ത്രണ്ടുകാരന്‍ മരിച്ചിരുന്നു.നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്. എന്‍.ഐ.വി. പൂനെ, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍.ടി.പി.സി.ആര്‍., പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ്  പരിശോധനകളാണ്  ലാബില്‍ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.