ടൈഗ്രേ മേഖലയിൽ യുദ്ധം കനക്കുന്നു: എത്യോപിയ ക്ഷാമത്തിലേക്ക്

ആഫ്രിക്കയിലെ ആദ്യ സ്വതന്ത്ര രാജ്യമായ എത്യോപിയയുടെ വടക്കൻ മേഖലയിൽ സൈന്യവും ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടും (TPLF) തമ്മിൽ നടക്കുന്ന യുദ്ധത്തിൽ 5600 വിഘടനവാദികളെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു. മേഖലയിലെ വാർത്താവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും തകർന്നിരിക്കുന്നതിനാൽ ഈ വിവരം സ്വതന്ത്രമായി വിലയിരുത്താൻ അന്താരാഷ്ട്രമാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടില്ല. സമീപകാലത്തെ ഏറ്റവും നീണ്ടു നിന്ന ക്ഷാമം നേരിടുന്ന വടക്ക്-കിഴക്കൻ ആഫ്രിക്കയിലെ ഭാഗമായ ഈ മേഖലയിൽ കൃഷി പൂർണ്ണമായും നശിച്ചിരിക്കുകയാണ്. എന്നാൽ നൂറ് കണക്കിന് ട്രക്കുകളിൽ ഭക്ഷണം ദിവസേന ആവശ്യമായിട്ടും, യുദ്ധം കാരണം, ഒരു ട്രക്ക് പോലും എത്തിക്കാനാവുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.  

കഴിഞ്ഞ നവംബർ നാലിന് വടക്കൻ മേഖലയിലേക്ക് സൈന്യത്തെ നിയോഗിച്ചതോടെയാണ് നിലവിലെ പോരാട്ടം തുടങ്ങിയത്.  TPLF സൈനിക ക്യാമ്പുകൾ ആക്രമിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രി ആബെ അഹമ്മദ് യുദ്ധം പ്രഖ്യാപിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ TPLF ടൈഗ്രേ മേഖലയിൽ പ്രാദേശിക തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങുന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഈ തെരഞ്ഞെടുപ്പിന് കേന്ദ്രാനുമതി ഇല്ലായിരുന്നു. അതോടെ മേഖലയിലേക്കുള്ള എല്ലാ ഫണ്ടുകളും ഔദ്യോഗിക  ബന്ധങ്ങളും കേന്ദ്രം നിർത്തലാക്കി. ഇതിനെ യുദ്ധപ്രഖ്യാപനമായാണ് TPLF വിലയിരുത്തിയത്. മാത്രമല്ല, ആബെ അഹമ്മദ് പ്രധാനമന്ത്രിയായപ്പോൾ പ്രവിശ്യകൾക്ക് സ്വയംഭരണമുണ്ടായിരുന്ന നിലവിലെ ഫെഡറൽ വ്യവസ്ഥയിൽ ചർച്ചകളില്ലാതെ മാറ്റങ്ങൾ കൊണ്ടുവന്നതാണ് രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങൾക്ക് വഴി തെളിച്ചതെന്നും  ആരോപിച്ചു. ഫെഡറൽ സർക്കാരിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന ടൈഗ്രേ ഗോത്രക്കാർക്ക്,  ആബെ അഹമ്മദ് പ്രധാനമന്ത്രിയായതോടെ പ്രാധാന്യം കുറഞ്ഞിരുന്നു. അഹമ്മദ് ഒറാമോ ഗോത്രക്കാരനാണ്. പരസ്പരം അംഗീകരിക്കാത്ത ഗോത്രവഴക്കാണ് മേഖലയിലെ എല്ലാ പ്രശ്നങ്ങളുടെയും അടിവേരായി നിലകൊള്ളുന്നത്.