ചമ്പാരന്‍
പണ്ട് ഞാനിവിടെ ചമ്പാരനില്‍ വന്നതോര്‍മ്മയുണ്ടോ?
കരംചന്ദിന്റെ കീശയില്‍ നിന്നും പുറത്തു ചാടിയ ഗാന്ധിജി അയാളോട് ചോദിച്ചു.
ഒരു മൂളലിനു പിന്നാലെ, അന്ത്യമില്ലാത്ത മറുപടി പോലെ കണ്ണീരും വന്നു കൊണ്ടിരുന്നു. ആശ്വസിപ്പിക്കാന്‍ നില്‍ക്കാതെ ഗാന്ധിജി ചരിത്രത്തിലേക്ക് ഇറങ്ങി നടന്നു. ഗംഗാഭായിയുടെ ക്ലിനിക്കിലെ ബെഞ്ചില്‍ അപ്പോഴും ലജ്ജോ കിടന്ന് വിറക്കുന്നുണ്ടായിരുന്നു. കണ്ണീരില്‍ കുതിര്‍ന്ന അവസാനത്തെ നോട്ടും ഗംഗാഭായിക്ക് കൊടുത്ത് രക്ഷിക്കണമെന്ന് അപേക്ഷിക്കാനേ കരംചന്ദിന് സാധിച്ചുള്ളു.
”ചന്ദന്‍ ബാബാ, ഇതെന്റെ കയ്യില്‍ നില്‍ക്കില്ല. ചൈനക്കാരു വരെ രോഗം പടക്കണ കാലമാണ്. ടൌണിലേക്ക് പോകുന്നതാകും നല്ലത്.” നനഞ്ഞ് കീറാനായ ആ നോട്ട് കീശയിലേക്ക് വെച്ച് കൊണ്ട് ഗംഗാഭായ് പറഞ്ഞു.
”അതിനു കുറേ പണമാകില്ലേ?”
”ഒരഞ്ഞൂറെങ്കിലും വേണ്ടി വരും.”
കരംചന്ദിന് ആ മറുപടി തികച്ചും ദയാരഹിതമായ ഒന്നായി തോന്നി.
”ഗംഗക്കെന്നെ സഹായിക്കാമോ. ഞാനെന്തെങ്കിലും പണിയെടുത്ത് വീട്ടിക്കോളാം. ‘
‘അയ്യോ ബാബ. എന്റെ കയ്യില്‍ അതിന് ബാബ തന്ന പത്തു രൂപയല്ലാതെ ഒന്നുമില്ലല്ലോ”.
തന്റെ അപേക്ഷകളെ വന്ധ്യംകരിച്ചു കൊണ്ടുള്ള മറുപടി കേട്ട് വിഷമിച്ച്, ലജ്ജോയെ തോളിലേക്ക് കിടത്തി കരംചന്ദ് ക്ലിനിക്ക് വിട്ട് പുറത്തേക്കിറങ്ങി. ക്ലിനിക്കിലെ മേശപ്പുറത്ത് അട്ടിയിട്ടിരുന്ന പല വര്‍ണ്ണത്തിലുള്ള ഗുളികകളിലേതോ ഒന്ന് ലജ്ജോയുടെ അസുഖത്തിനുള്ളതാണെന്ന് അയാള്‍ക്ക് തോന്നി. രവി ഡോക്ടറായിരുന്നെങ്കില്‍ അതിലൊന്നെടുത്ത് അസുഖം മാറ്റി തരുമായിരുന്നു. തന്റെ മകന് പണ്ടിതു പോലെ പനി വന്നപ്പോള്‍ രക്ഷിച്ചത് രവി ഡോക്ടറായിരുന്നെന്ന് കരംചന്ദ് ഓര്‍ത്തു. ഒരു പനിയോടെ മെലിഞ്ഞ് ക്ഷീണിച്ചുപോയ അവനെ കിലോമീറ്ററുകളോളം നടന്നും ഓടിയും ബസിനുമൊക്കെ പോയി പഠിക്കാന്‍ പ്രാപ്തനാക്കിയതും ഡോക്ടറായിരുന്നു. കരംചന്ദിന് മാത്രമല്ല, ആ നാട്ടിലെ ഏതൊരു കുടുംബത്തിനും രവി ഡോക്ടറെക്കുറിച്ച് ഒരു കഥ പറയാനുണ്ടായിരുന്നു. ഏതോ പ്രഭാതത്തില്‍ എവിടെ നിന്നോ വന്ന് അവിടെ ഒരു ക്ലിനിക്ക് തുടങ്ങിയതാണ് രവി ഡോക്ടര്‍. ഏത് നാട്ടുകാരനാണെന്നോ ജാതിയേതാണെന്നോ ഒന്നും അയാളോട് ആരും ചോദിച്ചില്ല. ചോദിച്ചവരോടൊക്കെ അതിനുള്ള മരുന്ന് എന്റെ കയ്യിലില്ലല്ലോ എന്ന് പറഞ്ഞ് രവി ഡോക്ടര്‍ കൈ മലര്‍ത്തി.
ഒരിക്കല്‍ കരംചന്ദിനോട് ക്ലിനിക്കിലെ സഹായിപ്പണിക്ക് ചെല്ലാന്‍ പറഞ്ഞതാണ് രവി ഡോക്ടര്‍. അന്നെന്തോ പോകാന്‍ തോന്നിയില്ല അയാള്‍ക്ക്. പകരം ഗംഗയെ ആ പണിയേല്‍പ്പിച്ചത് കരംചന്ദാണ്. പിന്നീടൊരു രാത്രിയില്‍ ചന്ദന്‍ ബാബാ എന്നും വിളിച്ച് ഡോക്ടര്‍ വീട്ടിലേക്ക് വന്നു. മഹുവ* മണക്കുന്ന വായിലെ കുഴഞ്ഞ നാവു കൊണ്ടയാള്‍ ചതിക്കപ്പെട്ടവന്റെ വേദന കരഞ്ഞു തീര്‍ത്തു. ഒന്നും മനസിലാകാതെ ബാബ നിന്നു. ഇനിയും വേണമെന്ന് തോന്നിയപ്പോള്‍ വീണ്ടും ലഹരിയിലേക്ക് അയാള്‍ ഇറങ്ങി പോയി. പിറ്റേന്ന് വ്യാജചികിത്സയെന്നും പറഞ്ഞ് ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയി. നാളുകള്‍ക്കപ്പുറത്ത് ഒരു ദിവസം ഡോക്ടറുടെ ക്ലിനിക് ഗംഗാഭായ് ക്ലിനിക്കെന്ന് രൂപാന്തരം പ്രാപിച്ചു.
ഡോക്ടറെ സഹായിക്കാന്‍ കൂടെ പോവാതിരുന്നത് തെറ്റായിപ്പോയെന്ന് കരംചന്ദിന് തോന്നി തുടങ്ങിയിരുന്നു. തനിക്ക് പകരം ചെന്ന ഗംഗയാണ് ഇപ്പോള്‍ ആളുകളെ ചികിത്സിക്കുന്നത്. അന്ന് അങ്ങനെ പോയിരുന്നെങ്കില്‍ ലജ്ജോയെ രക്ഷിക്കാനുള്ള മരുന്നിനു വേണ്ടി മറ്റൊരാളെയും ആശ്രയിക്കേണ്ടി വരില്ലായിരുന്നു. കുറ്റബോധം ബാബയുടെ തോളില്‍ കിടന്ന് പൊള്ളി വിറച്ചു.
വീട്ടിലേക്ക് ചെന്ന് കയറുമ്പോള്‍ വാതില്‍ക്കല്‍ തന്നെ സബിത കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. കുഞ്ഞിനെ കയ്യിലേക്ക് വാങ്ങുമ്പോള്‍ അവള്‍ ചോദിച്ചു.
”മരുന്ന് കിട്ടിയോ.”
”ഇല്ല. ടൌണില്‍ പോകാനാണ് ഗംഗ പറയുന്നത്. ‘
‘അതിന് പണം വേണ്ടേ.”
”വേണം.” ബാബ നിലത്തേക്ക് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു.
പിച്ചും പേയും പറയാന്‍ തുടങ്ങിയിരുന്ന ലജ്ജോയെ സബിത അകത്ത് കൊണ്ടു കിടത്തി. നനഞ്ഞ തുണി നെറ്റിയിലിട്ട് കൂട്ടിരുന്നു. ശരീരത്തിന്റെ ചൂടേറ്റ് തുണി ഉണങ്ങുന്തോറും അമ്മക്കണ്ണീര്‍ അതിനെ നനച്ചുകൊണ്ടിരുന്നു. സബിത കരയുന്നത് ബാബ പുറത്തിരുന്ന് ശ്രദ്ധിച്ചു. മുന്‍പൊരിക്കലും അവളിങ്ങനെ കരഞ്ഞിട്ടില്ല. ഭര്‍ത്താവിന്റെ മരണം പോലും ഒരു ഗദ്ഗദത്തിനപ്പുറം യാതൊരു കോലാഹലവും സബിതയില്‍ സൃഷ്ടിച്ച് അയാള്‍ കണ്ടിട്ടില്ല.
നാലു മാസങ്ങള്‍ക്ക് മുന്‍പാണ് ഡെല്‍ഹിയിലെ തെരുവില്‍ കിടന്ന് കരംചന്ദിന്റെ മകന്‍ മരിച്ചത്. സ്വന്തം നാടും ബീഹാറിലെ വിദ്യാഭ്യാസവും പട്ടണത്തില്‍ നല്ലൊരു ജോലി നേടാന്‍ ശ്രമിക്കുന്നതിനിടെ കോമാളിയാകാനല്ലാതെ മറ്റൊന്നിനും അയാളെ സഹായിച്ചില്ല. കളിയാക്കലുകള്‍ക്കും പട്ടിണിക്കുമൊടുവില്‍ എല്ലാം മടുത്തൊരു രാത്രിയില്‍ അയാള്‍ പോയി. മരണത്തിന്റെ ആ സീസണില്‍ മറ്റനേകം ശവങ്ങളുടെ കൂടെ അയാളും നായ്കള്‍ക്കായുള്ള ഏതോ ശ്മശാനത്തില്‍ ദഹിച്ചു തീര്‍ന്നു.
ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ ജീവിതം സ്വന്തം വീട്ടില്‍ ആങ്ങളമാര്‍ക്ക് അടിമപ്പണി ചെയ്ത് തീരുമെന്ന് മനസിലായപ്പോള്‍ കരംചന്ദിന്റെ അടുത്തേക്ക് തിരിച്ച് വന്നതാണ് സബിത. ഭര്‍ത്താവ് മരിച്ച സ്ത്രീ ഭര്‍തൃഗൃഹത്തില്‍ താമസിക്കുന്നത് സമ്മതിക്കാനാകില്ലെന്ന് പറഞ്ഞ് നാട്ടുക്കൂട്ടം പ്രശ്‌നമുണ്ടാക്കിയപ്പോള്‍ കരംചന്ദിനോട് അവളെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടതും സബിത തന്നെയാണ്. വെറുമൊരു ചരടില്‍ ഒരു ബന്ധവും മാറുകയില്ലെന്ന് ആ വയസ്സനെ അവള്‍ പഠിപ്പിച്ചു. അത്രയും ശക്തമായ തീരുമാനങ്ങളെടുക്കുന്ന ഒരു സ്ത്രീയേയും അയാള്‍ കണ്ടിട്ടില്ലായിരുന്നു.
കരച്ചില്‍ നേര്‍ത്ത് ക്ഷീണിച്ച് തുടങ്ങിയപ്പോള്‍ കരംചന്ദ് ഇറങ്ങി നടന്നു. ബുല്ലാ ബാബു കട അടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇരുട്ടില്‍ ഒരാള്‍ നടന്നു വരുന്നത് കണ്ടപ്പോള്‍ തന്റെ അദ്ധ്വാനത്തിന് ഇടവേള കൊടുത്തു കൊണ്ട് ബുല്ല ചോദിച്ചു.
”എന്തെങ്കിലും വേണോ..?”
”ഉം”. ഒരു മൂളല്‍ മാത്രമാണ് മറുപടിയായ് കിട്ടിയത്.
ഒരു കച്ചവടം കൂടി കിട്ടിയ സന്തോഷത്തില്‍ ബുല്ല കടയിലേക്ക് തിരിച്ച് കയറി.
”എന്താ വേണ്ടത് ബാബ..”
”കുറച്ച് പൈസ.”
ഉത്തരം കേട്ടുണ്ടായ പന്തികേടില്‍ നിന്നും ബുല്ല, കരംചന്ദിന്റെ അടുത്തേക്കിറങ്ങി വന്നു.
”എന്തു പറ്റി ബാബ..?”
”ലജ്ജോക്ക് പനി മാറുന്നില്ല. ഗംഗയെക്കൊണ്ട് കൂട്ടിയാ കൂടില്ല, ടൌണിലേക്ക് പോകാനാ പറയുന്നത്. കയ്യിലാണെങ്കില്‍ കാശുമില്ല.”
ഒറ്റത്തേട്ടലില്‍ വിഷമങ്ങള്‍ ശര്‍ദ്ദിച്ചിട്ട് ആശ്വസിപ്പിക്കാന്‍ ബുല്ലയുടെ കൈ പ്രതീക്ഷിച്ച് ബാബയിരുന്നു. പക്ഷേ അത് വന്നില്ല. ബുല്ല എന്തോ ആലോചിച്ചു നില്‍ക്കുകയായിരുന്നു.
”ബാബ, എന്റെ കയ്യില്‍ പൈസയില്ല. പക്ഷേ ഒരു സംഗതിയുണ്ട്. നടന്നാല്‍ ബാബയുടെ ആവശ്യോം നടക്കും.”
ആലോചനക്കൊരു വിരാമമിട്ടു കൊണ്ട് ബുല്ല പറഞ്ഞു തുടങ്ങി.
”കാട് കേറി അപ്പുറത്തെത്തിയാല്‍ നേപ്പാളീന്ന് പെട്രോളും ഡീസലും വാങ്ങി വരാം. ലിറ്ററിന് ഇരുപത് രൂപ ലാഭത്തില്‍ സാധനം ഇവിടെ വില്‍ക്കാം. ചെക്കന്‍മാരൊക്കെ ചെയ്യണുണ്ട്. ബാബക്ക് പറ്റുമെങ്കില്‍ പറ, വാങ്ങാനുള്ള കാശും സാധനവുമൊക്കെ ഞാനൊപ്പിച്ച് തരാ. ‘
ഇരുട്ടിലേക്ക് തെരുവുവെളിച്ചം പരന്ന് തുടങ്ങിയിരുന്നു. കരംചന്ദ് എണീറ്റു.
”കാലത്ത് വരാം ഞാന്‍. നീ കാര്യങ്ങളൊക്കെ ഒരുക്കി വെക്ക്.” ആലോചിച്ച് ബുദ്ധിമുട്ടേണ്ടി വന്നില്ല കരംചന്ദിന് മറുപടി പറയാന്‍.
ലജ്ജോയെ തൂക്കി പകലു മുഴുവന്‍ നടന്നതിനാല്‍ ചന്ദന്‍ ബാബയുടെ കാല്‍മുട്ടുകള്‍ വേദനിച്ച് വിശ്രമം തേടി കരയുന്നുണ്ടായിരുന്നു. കുറേ ദൂരം നാളെയും നടക്കേണ്ടി വരും. ഇരുപത്തഞ്ചു ലിറ്ററെങ്കിലും വാങ്ങാതെ കാര്യം നടക്കുമെന്ന് തോന്നുന്നില്ല. അയാള്‍ മനസ്സില്‍ കണക്കുകൂട്ടിക്കൊണ്ട് വീട്ടിലെത്തി. തന്റെ സാന്നിധ്യം സബിതയെ അറിയിക്കാതെ കോലായില്‍ കിടന്ന് അയാളുറങ്ങി. സൂര്യനേക്കാള്‍ മുന്‍പ് തന്നെ ബാബ യാത്രക്ക് തയ്യാറായിരുന്നു.
”വൈകീട്ട് വന്നിട്ട് നമുക്ക് ടൌണാശുപത്രിയില്‍ പോകാം. ‘
ഉറങ്ങികിടന്ന സബിതയെ വിളിച്ചെഴുന്നേല്‍പ്പിച്ച് യാത്ര പറഞ്ഞ് അയാള്‍ പുറത്തേക്കിറങ്ങി. എങ്ങോട്ടാണെന്നോ എന്തിനാണെന്നോ അവളോട് അയാള്‍ പറഞ്ഞില്ല. അറിഞ്ഞാല്‍ അവള്‍ സമ്മതിക്കില്ല. വഴക്കുണ്ടാക്കും. അതു കൊണ്ട് തന്നെ അവളില്‍ നിന്നും ചോദ്യങ്ങള്‍ വരുന്നതിന് മുന്‍പ് വീട്ടില്‍ നിന്നും ഇറങ്ങണമെന്ന് കരംചന്ദ് തീരുമാനിച്ചിരുന്നു. കടയുടെ മുന്‍പില്‍ ബുല്ല ഒരു സൈക്കിളും രണ്ട് കന്നാസുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. ഇരുപത്തഞ്ച് ലിറ്ററിന്റെ രണ്ടെണ്ണമാണ്. സമാധാനമായി. വിചാരിച്ചതിലുമധികം പണം കിട്ടും.
”ബാബയുടെ ഭാഗ്യത്തിന് നാളെ ശങ്കര്‍ സാബിന്റെ മകളുടെ കല്യാണമുണ്ട്. വൈകീട്ട് കൊടുക്കാമെന്ന് ഞാനേറ്റിട്ടുണ്ട്. സൂക്ഷിച്ച് പോണം. പോലീസ് കണ്ടാല്‍ പിന്നെ അവര്‍ക്കും കൊടുക്കേണ്ടി വരും.” നിര്‍ദേശങ്ങളുടെ ഭാണ്ഡം തുറന്ന് ആവശ്യത്തിനുള്ള പണമെടുത്ത് ബുല്ല കരംചന്ദിന് കൈമാറി.
അല്‍പ്പം പോലും സമയം കളയാനില്ലെന്നോര്‍ത്ത് കരംചന്ദ് സൈക്കിള്‍ ചവിട്ടി തുടങ്ങി. കാടെത്തിയാല്‍ പിന്നെ നടന്ന് തേഞ്ഞ വഴികള്‍ കുറച്ചു ദൂരമുണ്ട്. പിന്നങ്ങോട്ട് സൈക്കിള്‍ ഒരു ശല്യമാണ്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വഴിയേ മണിക്കൂറുകള്‍ ഉന്തി കയറ്റണം. പക്ഷേ സൈക്കിള്‍ ഇല്ലായിരുന്നെങ്കില്‍ രണ്ട് കന്നാസ് നിറയെ പെട്രോള്‍ കൊണ്ട് പോകാന്‍ പറ്റണമെന്നില്ല. കാട് കടന്ന് റോഡ് എത്തിയതും സൈക്കിളില്‍ കയറി ബാബ ആഞ്ഞു ചവിട്ടാന്‍ തുടങ്ങി. ആദ്യം കണ്ട പമ്പില്‍ തന്നെ കയറി ക്യൂ നിന്നു. രണ്ടു കന്നാസു നിറച്ച് കഴിഞ്ഞപ്പോള്‍ തന്നെ കരംചന്ദിന് നഷ്ടപ്പെട്ടതെന്തോ തിരിച്ച് കിട്ടിയ പ്രതീതിയായിരുന്നു.. തിരിച്ച് വരുമ്പോള്‍ സൈക്കിളിന് വേഗം കൂടിക്കൊണ്ടിരുന്നു.
”ബാബാ.. അതിലേ പോകണ്ട. അവിടെ പോലീസുണ്ട്. എന്റെ കൂടെ പോന്നോളൂ.” ഗ്രാമത്തിലേക്കു പെട്രോളും വാങ്ങി പോകുന്ന ആരോ വിളിച്ചു പറഞ്ഞു. പക്ഷേ എത്ര ആലോചിച്ചിട്ടും കരംചന്ദിന് അയാളുടെ പേര് ഓര്‍മ്മ വന്നില്ല. മുഖത്തിനോട് തോന്നുന്ന പരിചയത്തിന്റെ അത്രപോലും പ്രായം ആ വ്യക്തിക്കില്ലെന്നതാണ് പ്രശ്‌നം. എന്തായാലും അയാളെ അനുഗമിക്കാന്‍ തന്നെ കരംചന്ദ് നിശ്ചയിച്ചു. രണ്ടു കന്നാസ് നിറയെ പെട്രോളും സൈക്കിളില്‍ വെച്ച് കൊണ്ട് കാട്ടു വഴിയിലൂടെ പോകുന്നത് അത്രയെളുപ്പമല്ല. അതും ഇറക്കം കൂടിയാകുമ്പോള്‍ വാര്‍ദ്ധക്യത്തിന്റെ അശക്തി കരുത്ത് പ്രാപിക്കുന്നത് മനസിലാക്കാം.
ഉരുളന്‍ കല്ലുകളിലും ചതുപ്പിലും തെന്നി വീഴാതെ ചെറുപ്പക്കാരന്റെ കൂടെ നടക്കുമ്പോള്‍ എന്തൊക്കെയോ ചോദിക്കണമെന്ന് കരംചന്ദിനുണ്ടായിരുന്നു. പക്ഷെ ചോദ്യങ്ങളൊന്നും തന്നെ ആ മനസിലേക്ക് വന്നില്ല. സൈക്കിള്‍ ഉന്തി നടന്ന് അയാള്‍ ക്ഷീണിച്ചിരുന്നു. ശ്വാസമെടുക്കുന്നതിന്റെ ശബ്ദം ഉച്ഛസ്ഥായിയിലായിരുന്നു.
”ബാബാ..”
വിളിയടങ്ങുന്നതിനു മുന്‍പ് തന്നെ ചെറുപ്പക്കാരന്‍ സൈക്കിളും കൊണ്ട് പാലത്തിനടിയിലേക്ക് ഓടിയിറങ്ങി. പിന്നാലെ ഓടിയെത്താന്‍ പറ്റാതെ പാലത്തിന്റെ മതിലിനോട് ചേര്‍ന്നിരുന്ന് കരംചന്ദ് തന്നെയും സൈക്കിളിനേയും ഒളിപ്പിച്ചു. ശ്വാസക്കുഞ്ഞുങ്ങളുടെ കിതപ്പ് കേള്‍പ്പിക്കാതെയിരിക്കാന്‍ അയാള്‍ ആഞ്ഞ് ശ്രമിക്കുമ്പോള്‍ പാലത്തിലൂടെ പോലീസ് ജീപ്പ് കടന്നുപ്പോയി. കരംചന്ദ് തന്റെ നെഞ്ചത്ത് കൈ കൊണ്ടുഴിഞ്ഞ് ഹൃദയമിടിപ്പ് നേരെയാക്കി. മെല്ലെ സൈക്കിള്‍ ഉരുട്ടിക്കൊണ്ട് പാലം കടന്നപ്പോള്‍ താഴെ നിന്നൊരു ചോദ്യം കേട്ടു.
”അവരു പോയോ ബാബാ?”
പോയെന്ന മറുപടി കേട്ടപ്പോഴാണ് ചെറുപ്പക്കാരനും അവന്റെ സൈക്കിളും പ്രത്യക്ഷപ്പെട്ടത്.
”പോലീസുകാരു പിടിച്ചാല്‍ പിന്നെ വന്‍ നഷ്ടമാ. നമ്മുടെ അദ്ധ്വാനത്തിനൊരു വിലയും തരില്ലന്നേ. ‘
ചെറുപ്പക്കാരന്‍ വിഷമതകളുടെ പെട്ടി തുറന്ന് അരുവി മുറിച്ചു കടക്കുകയാണ്.
”നിലത്ത് ശ്രദ്ധിക്കണേ മോനേ.. പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. ‘
കരംചന്ദിന്റെ മുന്നറിയിപ്പ് കേട്ട് പാലത്തിനടിയിലെ കവറുകള്‍ക്കിടയിലൂടെ സൂക്ഷിച്ച് കാലുകള്‍ വെച്ച് ചെറുപ്പക്കാരന്‍ കരയിലേക്ക് അടുത്തു. അയാളെ കാത്തുനില്‍ക്കാതെ കരംചന്ദ് സൈക്കിളുമുന്തി ആഞ്ഞ് നടന്നു. കയറിയിരുന്ന് ചവിട്ടാനുള്ള വായു ശ്വാസകോശത്തില്‍ ബാക്കിയില്ല. എത്ര വേഗമെത്തുന്നോ അത്ര നേരത്തേ ലജ്ജോയെ ആശുപത്രിയിലെത്തിക്കാം. അധികം നടക്കേണ്ടി വന്നില്ല, പിന്നില്‍ നിന്നും വലിയൊരു പൊട്ടിത്തെറി കേട്ടു. ഓടിചെന്നു നോക്കിയപ്പോള്‍ തകര്‍ന്ന പാലത്തിന്റെ പുകചുരുളുകള്‍ക്ക് നടുക്ക് ഒരു സൈക്കിള്‍ കിടന്ന് കത്തുന്നു. പുകയൊന്നടങ്ങിയപ്പോള്‍ കരയില്‍ അവിടവിടായി ശരീരഭാഗങ്ങളും കിടന്നു കത്തുന്നത് അയാള്‍ക്ക് കാണാമായിരുന്നു.
അല്‍പം മുന്‍പ് കടന്നു പോയ ജീപ്പ് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് തിരിച്ചു വന്നിരുന്നു.
താനെന്താടോ അവിടെ ചെയ്തത്.. ഏതോ ഒരു പോലീസുകാരന്‍ കരംചന്ദിനോട് വിളിച്ചു ചോദിച്ചു.
സാര്‍.. ഇവിടൊരാളുടെ കയ്യും കാലുമൊക്കെ കിടപ്പുണ്ട്. ഇത് കൊലക്കേസാ..
പാലത്തിനടിയിലേക്ക് പോയി നോക്കിയ മറ്റൊരു പോലീസുകാരന്‍ ജീപ്പിലിരിക്കുന്ന ആളോട് വിളിച്ച് പറഞ്ഞു. അയാള്‍ അവരോട് കരംചന്ദിനെ പിടിച്ചു കൊണ്ടു വരാന്‍ ആജ്ഞാപിച്ചു.
ഇക്കരെ നിന്നു കൊണ്ട്, പോലീസ് കൊണ്ടു പോയ പലരേയും കരംചന്ദ് ഓര്‍ത്തു. അവരൊക്കെ ഇപ്പോള്‍ ഓര്‍മ്മ മാത്രമാണെന്ന തിരിച്ചറിവില്‍ അയാള്‍ സെക്കിളില്‍ കയറിയിരുന്ന് ആഞ്ഞ് ചവിട്ടി. ലാത്തികള്‍ അയാളുടെ വശങ്ങളിലൂടെ പറന്നു. രണ്ടു വളവുകള്‍ക്കപ്പുറം വരെ വിസിലടി കേള്‍ക്കാനുണ്ടായിരുന്നു. പാലം തകര്‍ന്നതിനാല്‍ ജീപ്പ് അപ്പുറത്ത് തന്നെ നിന്നു. പോലീസുകാര്‍ക്ക് ഒപ്പമെത്താനായില്ല. അയാള്‍ക്ക് ലജ്ജോയെ ആശുപത്രിയിലെത്തിക്കണമായിരുന്നു. തെരുവിലേക്ക് എത്തുമ്പോള്‍ ബുല്ല കടയിലുണ്ടായിരുന്നു. കരംചന്ദ് വരുന്നത് കണ്ട് അയാള്‍ ഓടി വന്നു. അടുത്തേക്കെത്തും തോറും പരസ്പരം അകലം പാലിച്ച് കൊണ്ടയാള്‍ നിന്നു. ദൂരെ ആളുകള്‍ അവരെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
”ബാബ വീട്ടിലേക്ക് പൊയ്‌ക്കോളൂ.” ബുല്ല പറഞ്ഞു.
”ഇത് വാങ്ങിയിട്ട് പൈസ തരൂ ബുല്ലാ.”
”അത് നടക്കുമെന്ന് തോന്നുന്നില്ല ബാബ. ‘
‘ഇന്നു തന്നെ ആശുപത്രിയില്‍ പോണം ബുല്ലാ. നീ പൈസ താ. ‘
സൈക്കിളും അതില്‍ തൂങ്ങി കിടക്കുന്ന കന്നാസുകളും കരംചന്ദ് അയാള്‍ക്കു നേരെ നീട്ടി. അത് വാങ്ങാന്‍ വിസമ്മതിച്ചു കൊണ്ട് ബുല്ല പറഞ്ഞു.
”ലജ്ജോ മരിച്ചു ബാബാ.”
കാലില്‍ നിന്നും നെഞ്ചിലേക്ക് കയറിയ തരിപ്പിനെ ഒരു നിമിഷം കൊണ്ട് തട്ടിക്കളഞ്ഞ് ബുല്ല പറഞ്ഞത് ്തന്നെയാണോ താന്‍ കേട്ടതെന്ന് അയാള്‍ ഉറപ്പ് വരുത്തി.
”ഇതൊക്കെ വാങ്ങി വെച്ചിട്ട് നീ എന്തെങ്കിലും താടാ. എന്റെ കുഞ്ഞിന് എന്തെങ്കിലും കൊടുക്കണ്ടേ ഞാന്‍.” കരംചന്ദിന്റെ ഉള്ളില്‍ നിന്നും കരച്ചില്‍ പുറത്തേക്ക് വന്നു.
”ബാബാ.. ലജ്ജോക്ക് ചൈനീസ് രോഗമായിരുന്നെന്നാ എല്ലാരും പറയണത്. അതോണ്ട്.. ‘
പറഞ്ഞു വന്നത് മുഴുവിപ്പിക്കാനാകാതെ, കരംചന്ദിന് മുഖം കൊടുക്കാതെ അയാള്‍ കടയിലേക്ക് കയറി പോയി. ആളുകളുടെ നോട്ടത്തിന്റെ ചൂടേറ്റ് അയാള്‍ വരണ്ടുണങ്ങി. വീട്ടിലേക്കെത്താന്‍ വൈകുന്നുവെന്ന വിചാരം മനസിലേക്ക് ഇരുണ്ടു കയറിയപ്പോള്‍ സൈക്കിളുമുന്തി വേച്ച് വേച്ച് കരംചന്ദ് നടന്നു. പോകുന്ന വഴിയിലെല്ലാം തന്നെ ആളുകള്‍ ദൂരേക്ക് മാറി നിന്നു. ആശ്വസിപ്പിക്കാനാരുമില്ലാതെ തനിച്ചിരിക്കുന്ന സബിതയുടെ കരച്ചില്‍ ദൂരെ നിന്നേ കേള്‍ക്കാനുണ്ടായിരുന്നു. വീട്ടിലേക്കെത്തുന്തോറും അതൊരു ഞരക്കം മാത്രമായി ക്ഷീണിച്ച് നേര്‍ത്തു. വെറും നിലത്ത് അച്ചടക്കത്തിന്റെ കനത്തോടു കൂടി ലജ്ജോ കിടക്കുന്നുണ്ടായിരുന്നു.
വലിയൊരു ചിതയൊരുങ്ങി. തീയാളി പടര്‍ന്നു. കത്തിയെരിഞ്ഞവക്ക് കാവലായി കാലി കന്നാസുകളുമായി കാലത്തിന്റെ തുരുമ്പ് ഏറ്റു വാങ്ങാനായ് സൈക്കിള്‍ മാത്രം..
*മഹുവ നാടന്‍ മദ്യം