മഹാബലിയും മഹാമാരിയും

മാനുഷരെല്ലാരുമൊന്നുപോലെ പുലരുന്ന ഒരു കാലത്തെ വിഭാവനം ചെയ്യുന്ന മലയാളിയുടെ ആ നിത്യസുന്ദരമായ സമക്ഷേമ സ്വപ്നത്തില്‍ കൊവിഡ് മഹാമാരി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം മഹാമാരി കേരളത്തില്‍ ഓരോ ദിവസവും കോപംകൊണ്ട് കലിതുള്ളുകയാണ്. ഇതുവരെ കണ്ടതിലും വലുത് മാളത്തില്‍ ഉണ്ടെന്ന നടുക്കുന്ന ഗവേഷണ ഫലങ്ങള്‍ മനുഷ്യരാശിയുടെ സൈ്വരം കെടുത്തുന്നു. മഹാബലിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കേണ്ട കാലത്ത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അതിന് കഴിയാത്ത സാഹചര്യം സംജാതമാകുമ്പോള്‍ ഓണാഘോഷം തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഒരു കടങ്കഥ മാത്രമായി ചുരുങ്ങുന്നു. മഹാബലിയുടെ വരവേല്‍പ്പിന് ആരവമുയരേണ്ട ഈ സന്ദര്‍ഭത്തില്‍ മഹാമാരിയെ ഓര്‍ത്തു വിലപിക്കുന്ന ജനസമൂഹമായി കേരളം ചുരുങ്ങേണ്ടിവരുന്നു. മഹാമാരിയുടെ കരാള ഹസ്തങ്ങളില്‍ നിന്ന് എന്നാണ് ഇനി മോചനം, ഉണ്ടെങ്കില്‍ അതിനിനി എത്രകാലം കാത്തിരിക്കണം എന്നത് ഉത്തരം കിട്ടാത്ത സമസ്യയാണ്. ഈ ചരിത്രസന്ധിയില്‍ ജനങ്ങളുടെ ജിഹ്വയായ മാധ്യമങ്ങളും കടുത്ത പ്രതിസന്ധിയില്‍ ആണെന്നത് എടുത്തു പറയേണ്ടതില്ലല്ലോ. പതിനാറാം ജന്മവാര്‍ഷികത്തിന്റെ ആവേശത്തിമിര്‍പ്പില്‍ കഴിയേണ്ട ജനശക്തിക്കാകട്ടെ കൂടുതല്‍ ആവേശവും ആഹ്ലാദവും പകരേണ്ട സുദിനം കൂടിയാണ് ഓണക്കാലം.
1940 ല്‍ സ്ഥാപിതമായ ജനശക്തി ചെറിയ ഇടവേളയ്ക്കുശേഷം 2006 ആഗസ്തില്‍ പുനര്‍ജനിക്കുമ്പോള്‍ ഉണ്ടായിരുന്നതിലും സങ്കീര്‍ണ്ണമാണ് ഇപ്പോഴത്തെ മാധ്യമലോകത്തെ അവസ്ഥ.സത്യത്തെ തിരിച്ചറിയാനാകാത്ത വിധം സത്യത്തെപ്പോലെ ഉടുത്തൊരുങ്ങി നളന്റെ രൂപസാദൃശ്യത്തോടെ ‘ദമയന്തീ സ്വയംവര’ങ്ങളില്‍ മിഴിനട്ടിരിക്കുന്ന മാധ്യമ വ്യാജ ദേവന്മാരെ ഓരോ മാധ്യമ വിസ്‌ഫോടനത്തിലും കാണാം. സത്യം കണ്ടെത്താന്‍ വാഗ്‌ദേവത ദമയന്തിയില്‍ ബുദ്ധി ഉദിപ്പിച്ചതു പോലെ കപട ദേവന്മാരില്‍ നിന്ന് ജനങ്ങള്‍ക്ക് സത്യത്തെ കണ്ടെത്തികൊടുക്കാനുള്ള ജാഗ്രതയിലാണ് ജനശക്തിയും ഇത്രയും കാലം.സ്ഫടികം പോലുള്ള വാക്കുകള്‍ കൊണ്ടു സത്യം തുറന്നു കാട്ടുന്ന വാഗ്‌ദേവതയാണ് ജനശക്തി. ഈ ഓണപ്പതിപ്പും സത്യത്തിന്റെ മുഖത്തെ സ്വര്‍ണ്ണപാത്രം കൊണ്ട് മൂടിവെക്കാനുള്ള ശ്രമങ്ങള്‍ തുറന്നുകാട്ടുന്ന ഞങ്ങളുടെ ദൗത്യത്തിന്റെ തുടര്‍ച്ചയാണ്. ധൈഷണിക രംഗത്തും സാഹിത്യ സാംസ്‌കാരിക രംഗത്തും മ്യൂല്യച്യുതി സംഭവിക്കാത്തവര്‍ ആണ് രചയിതാക്കള്‍ എന്നതും എടുത്തുപറയേണ്ടതാണ്.
ഉപജീവനങ്ങള്‍ക്കും ഉപജാപങ്ങള്‍ക്കും വേണ്ടിയുള്ള മാധ്യമമല്ല ജനശക്തി. ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസിദ്ധീകരണമേയല്ല ഇത്.പിന്നിട്ട ഒന്നരപതിറ്റാണ്ടിന്റെ കണക്ക് പുസ്തകത്തില്‍ രണ്ടറ്റം കൂട്ടിമുട്ടിച്ച ഒരു ദിവസം പോലും കണ്ടെത്താനാകില്ല. അതുകൊണ്ടാകാം ശ്രേഷ്ഠ എഴുത്തുകാരില്‍ പലരും ഞങ്ങള്‍ക്കു നിരന്തരം മുന്നറിയിപ്പ് നല്കിക്കൊണ്ടിരിക്കുന്നത്, ജനശക്തിയില്‍ നിന്ന് പ്രതിഫലം അയക്കരുതെന്ന്. ഞങ്ങള്‍ ആ വാക്കുപാലിക്കാത്തതിന് ചിലര്‍ ഇനി എഴുതുകയില്ലെന്ന് കലഹിക്കുക കൂടി ചെയ്തു.അവര്‍ ഊന്നുന്നത് ജനശക്തി ഇവിടെ ഇനിയും നിലനില്‍ക്കണം എന്നതില്‍ മാത്രമാണ്. ഒരു ദിവസം പോലും അത്തരത്തിലൊരു സുരക്ഷിതത്വമോ സ്വയംപര്യാപ്തതയോ ജനശക്തി അനുഭവിച്ചിട്ടില്ല എന്നത് ഞങ്ങള്‍ ഒരു കുറവായി കാണുന്നുമില്ല. ഇനിയും അങ്ങിനെയൊരു പ്രതീക്ഷ ഞങ്ങള്‍ക്കില്ല. വിഖ്യാത ചിന്തകന്‍ ശ്രീ എം എന്‍ വിജയന്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളെ ഓര്‍മ്മപ്പെടുത്തിയതുപോലെ, ‘ഒരു പ്രസിദ്ധീകരണം തുടങ്ങുക എന്നത് മാത്രമല്ല തുടരാനാകില്ലെന്നു വന്നാല്‍ നിര്‍ത്തുക’ എന്നതും ഒരു രാഷ്ട്രീയമാണ.് അത് മനസ്സില്‍ വെക്കണം. അതാണ് നേര്‍വഴി.
ഇത്രയേറെ പ്രസിദ്ധീകരണങ്ങളുടെ മഹാപ്രളയത്തിനിടയില്‍ എന്തുകൊണ്ട് ജനശക്തി എന്ന ചോദ്യം സ്വാഭാവികമായിരുന്നു. ആദ്യ ലക്കത്തില്‍ തന്നെ ഞങ്ങള്‍ ഞങ്ങളോട് തന്നെ ചോദിച്ച ചോദ്യമാണത്. അതിനുള്ള ഉത്തരം അന്ന് തന്നെ ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു..:’ ജനശക്തി ഒരു പേര് മാത്രമല്ല. അവസാനം വരെ പൊരുതുന്ന ഇച്ഛാശക്തിയുടെ പര്യായമാണ്. സത്യസന്ധമായ വാര്‍ത്തകള്‍, വസ്തുനിഷ്ഠമായ വിശകലനങ്ങള്‍, വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനങ്ങള്‍ – ഇവയായിരിക്കും ജനശക്തിയുടെ വാഗ്ദാനവും പ്രതിജ്ഞയും.’ ഈ പ്രതിജ്ഞ കൂടുതല്‍ കരുത്താര്‍ജ്ജിച്ചുകൊണ്ടാണ് ഓരോ വര്‍ഷവും മുന്നോട്ടു പോയതും. ഇനിയും മുന്നോട്ട് പോകുന്നതും.
. ഏറെ അപകടകരമായ മേഖലയിലേക്കാണ് എടുത്തു ചാടുന്നതെന്ന് ഞങ്ങളുടെ ഉദ്ദേശശുദ്ധിയെ തെല്ലും സംശയിക്കാതിരുന്ന മാധ്യമരംഗത്തെ കുലപതി ശ്രീ പി ഗോവിന്ദ പിള്ളയും അതുപോലുള്ള പ്രഗത്ഭരും ആദരണീയരുമായ വ്യക്തിത്വങ്ങള്‍ ഞങ്ങളെ പിന്തിരിപ്പിക്കാന്‍ സ്നേഹപൂര്‍വമായ ശ്രമം നടത്തിയതും മറക്കുന്നില്ല. ‘ശിശുമരണങ്ങളെക്കാള്‍ കൂടുതലാണ് പുതുതായി ജന്മം കൊള്ളുന്ന പ്രസിദ്ധീകരണങ്ങളുടെ മരണമെന്ന’ പിജിയുടെ അര്‍ത്ഥപൂര്‍ണ്ണമായ മുന്നറിയിപ്പില്‍ എടുത്തുചാട്ടത്തില്‍ നിന്ന് പിന്തിരിയാനുള്ള ഒരു സന്ദേശം കൂടി ഉള്‍ച്ചേര്‍ന്നതായിരുന്നു എന്ന് വ്യക്തം.
വിശ്വാസതകര്‍ച്ചകളുടെ വിശ്വാസമായി ജനശക്തി ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ അതിനെ ബാല്യ ദശയില്‍ തന്നെ കഴുത്തുഞെരിച്ചു കൊല്ലാന്‍ കൈക്കൊണ്ട നടപടികള്‍ ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായതുകൊണ്ട് അതൊന്നും ആവര്‍ത്തിക്കുന്നില്ല.


ജനശക്തിയുടെ എല്ലാ മാന്യവായനക്കാര്‍ക്കും ഓണാശംസകള്‍