സുപ്രീം കോടതി: 3 വനിതകൾ അടക്കം 9 പുതിയ ജഡ്‌ജിമാർ


ന്യുഡൽഹി : സുപ്രീം കോടതിയിൽ മൂന്ന് വനിതകൾ അടക്കം ഒമ്പത് ജഡ്‌ജിമാരെ രാഷ്ട്രപതി പുതുതായി നിയമിക്കും ഒരാൾ ബാറിൽ നിന്നും 8 പേര് ജുഡീഷ്യറിയിൽ നിന്നുമാണ്. ആദ്യമായാണ് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത ഒമ്പത് ജഡ്ജിമാരെയും സർക്കാർ അതേപടി അംഗീകരിക്കുന്നത്. ആഗസ്റ്റ് 31 ന് പുതിയ ജഡ്ജിമാർ ചുമതലയേൽക്കും. ഒമ്പത് പേരിൽ നാല് പേർ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും നാല് പേർ ഹൈക്കോടതി ജഡ്ജിമാരും ആണ്. വിക്രം നാഥ് (ഗുജറാത്ത്), എ.എസ്.ഓക (കർണാടക), ഹിമ കോലി (തെലങ്കാന), ജെ.കെ. മഹേശ്വരി (സിക്കിം) എന്നിവരാണ് ചീഫ് ജസ്റ്റിസുമാർ. ബി.വി.നാഗരത്ന (കർണാടക), എം.എം. സുന്ദ്രേഷ് (മദ്രാസ്), സി.ടി.രവികുമാർ (കേരളം), ബേല എം.ത്രിവേദി (ഗുജറാത്ത്), എന്നിവരാണ് ജഡ്ജിമാർ. മുതിർന്ന അഭിഭാഷകൻ പി.എസ്.നരസിംഹയാണ് മറ്റൊരു ജഡ്ജി . ജസ്റ്റിസ് ബി വി നാഗരത്ന (കർണാടക) ഇന്ത്യയിലെ സുപ്രീം കോടതിയിലെ പ്രഥമ വനിതാ ചീഫ് ജസ്റ്റിസ് ആകാനാണ് സാധ്യത. ബാറിൽ നിന്നും നേരിട്ട് എത്തിയ മൂന്നാമനായ ജസ്റ്റിസ് പി വി നരസിംഹയും ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടേക്കും അടുത്ത ആഗസ്റ്റിൽ ജസ്റ്റിസ് രമണ സ്ഥാനമൊഴിയുമ്പോൾ ചുമതല ഏൽക്കുന്ന ജസ്റ്റിസ് യു യു ലളിത്തും ബാറിൽ നിന്ന് നേരിട്ടെത്തിയതാണ്.