ജോസെഫൈൻ ബേക്കറിന് പാരീസ് പാന്തിയോണിൽ വിശിഷ്ടാ൦ഗത്വം

പാരീസ്: നർത്തകിയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്ന ജോസെഫൈൻ ബേക്കറിന് പാരീസിലെ പാന്തിയോൺ മുസോളിയത്തിൽ വിശിഷ്ടാ൦ഗത്വം. ഫ്രഞ്ച് സമൂഹത്തിലെ അതിവിശിഷ്ട അംഗങ്ങൾക്ക് മരണാനന്തര ബഹുമതിയായിട്ടാണ് മുസോളിയത്തിൽ അംഗത്വം നൽകുന്നത്. ഈ സ്ഥാനത്തിനർഹയായ ആദ്യത്തെ കറുത്ത വംശജയാണ് ജോസെഫൈൻ. 1791ലാണ് പാരീസിലെ  നിർമ്മാണം പൂർത്തിയാക്കിയ ക്രിസ്ത്യൻ പള്ളിയെ വിശിഷ്ടാ൦ഗങ്ങൾക്കുള്ള സ്മാരകമായി അന്നത്തെ ഫ്രഞ്ച് ഭരണകൂടം പ്രഖ്യാപിച്ചത്. ഇതുവരെ അഞ്ച് സ്ത്രീകളുൾപ്പെടെ എൺപത് പേരാണ് പാന്തിയോണിൽ അംഗത്വം നേടിയിട്ടുള്ളത്. ഏത് മേഖലയിലും ഫ്രഞ്ച് സമൂഹത്തിൻെറ യശസ്സ് വാനോളമുയർത്തിയ പ്രഗത്ഭരെയാണ് ഇങ്ങനെ ആദരിക്കുന്നത്. വോൾട്ടയർ, റൂസ്സോ, വിക്ടർ ഹ്യൂഗോ, പിയറി ക്യൂറി, മേഡം ക്യൂറി, അലക്‌സാണ്ടർ ഡ്യൂമ തുടങ്ങിയവർ ഇവിടെ അംഗങ്ങളാണ്. 

അമേരിക്കയിലെ സെൻറ് ലൂയിസിലാണ് 1906ൽ ഫ്രഡാ ജോസെഫൈൻ മക്‌ഡൊണാൾഡ് ജനിച്ചത്. ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ ബാല്യകാലത്ത് തെരുവ് മൂലകളിൽ നൃത്തം ചെയ്താണ് ജോസെഫൈൻ ഭക്ഷണത്തിനുള്ള വക കണ്ടെത്തിയത്. പതിനാലാം വയസ്സിലാണ് ജോൺസ് ഫാമിലി ബാൻഡിൽ സ്ഥിരം നർത്തകിയായി ചേരുന്നത്. പതിനഞ്ചാം വയസ്സിലെ രണ്ടാം വിവാഹത്തിന് ശേഷമാണ് ഭർത്താവിൻെറ ‘ബേക്കർ’ എന്ന നാമം പേരിൻെറ കൂടെ സ്വീകരിച്ചത്. നാലു വർഷത്തിന് ശേഷം വിവാഹമോചനം നേടിയെങ്കിലും ആ പേര് പിന്നെ മാറ്റിയില്ല.

1925ൽ പാരീസിലെത്തിയ ജോസെഫൈൻ തൻെറ മദാലസ നൃത്തത്താൽ വളരെ പ്രശസ്തയായി. ഹെമിങ്‌വേ, പിക്കാസോ പോലുള്ള മഹാന്മാർ പോലും ജോസെഫൈൻെറ കടുത്ത ആരാധകരായി. 1937ൽ ഫ്രഞ്ച് പൗരത്വം നേടുകയും ജീൻ ലയണിനെ വിവാഹം കഴിക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് പാരീസിലെ പാർട്ടികളിൽ പങ്കെടുക്കുന്ന ജർമ്മൻ, ഇറ്റാലിയൻ, ജാപ്പനീസ് ഉദ്യോഗസ്ഥരിൽ നിന്ന് കഴിയുന്നത്ര വിവരങ്ങൾ ഫ്രാൻസിന് എത്തിച്ചു നൽകി. അക്കാലത്തെ നക്ഷത്ര വിരുന്നുകളിലെല്ലാം ജോസെഫൈൻ ക്ഷണിക്കപ്പെട്ടിരുന്നു. തൻെറ മ്യൂസിക്ക് ഷീറ്റിൽ അദൃശ്യ മഷി കൊണ്ടെഴുതിയാണ് അവർ രഹസ്യങ്ങൾ സൈന്യത്തിന് കൈമാറിയത്. യുദ്ധത്തിന് ശേഷം മാത്രമാണ് അവർ ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്നെന്ന വിവരം പുറത്ത് വിട്ടത്. 1951ൽ അമേരിക്കയിലേക്ക് ക്ഷണിക്കപ്പെട്ട ജോസെഫൈൻ നിരവധി നൃത്ത പരിപാടികൾ അവിടെ നടത്തി. പക്ഷെ കറുത്ത വംശജയെന്ന പേരിലുള്ള നിരവധി വംശീയാവിവേചനം നേരിടേണ്ടി വന്നു. 1951ൽ ന്യൂയോർക്കിലെ സ്റ്റോർക് ക്ലബ്ബിലുണ്ടായ വംശീയാധിക്ഷേപത്തിൽ പ്രതികരിച്ചതിനാൽ അവർക്ക് രാജ്യം വിടേണ്ടി വന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രവേശാനുമതി കിട്ടിയപ്പോൾ, 1963ലെ വാഷിങ്ടൺ മാർച്ചിൽ അവർ പങ്കെടുക്കുകയുണ്ടായി. ഈ മാർച്ചിലാണ് മാർട്ടിൻ ലൂഥർ കിങ് തൻെറ പ്രശസ്തമായ ‘എനിക്കൊരു സ്വപ്‍നമുണ്ട്’ എന്ന പ്രസംഗം നടത്തിയത്. അദ്ദേഹത്തിൻെറ വധത്തിന് ശേഷം, അമേരിക്കയിലെ പൗരാവകാശ സമരങ്ങളുടെ നേതൃത്വം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ജോസെഫൈൻ അത് നിരസിച്ചു. ഫിദൽ കാസ്ട്രോയുടെ ക്ഷണം സ്വീകരിച്ച് 1966ൽ ഹവാനയിലും അവർ നൃത്തപരിപാടി നടത്തി.1975ലെ മരണശേഷം, എല്ലാവിധ സൈനിക ബഹുമതികളോടും കൂടിയാണ് അവരുടെ മൃതദേഹം സംസ്‌കരിച്ചത്.

പാരീസിലെ പാന്തിയോൺ മുസോളിയം

പല നാടുകളിൽ നിന്നായി പതിനൊന്ന് കുട്ടികളെ ജോസെഫൈൻ ദത്തെടുത്തിരുന്നു. അവരെ പല മതവിശ്വാസങ്ങളിലാണ് വളർത്തിയത്. മരണശേഷവും നിരവധി ബഹുമതികൾ അവരെ തേടിയെത്തി. കൂടാതെ നിരവധി കഥാപാത്രങ്ങൾക്കും ആൽബങ്ങൾക്കും ഡോക്യൂമെൻററികൾക്കും അവർ കാരണമാവുകയും ചെയ്തു.