പഞ്ച്ഷീർ താഴ്വര പിടിക്കാനൊരുങ്ങി താലിബാൻ

തങ്ങൾക്ക് വഴങ്ങാത്ത നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാനെ (NRFA) തോൽപ്പിക്കാനുറപ്പിച്ച് താലിബാൻ  പഞ്ച്ഷീർ താഴ്വരയിലേക്ക് നീങ്ങുന്നു. നിലവിലെ അഫ്ഗാനിസ്ഥാനിൽ താലിബാൻെറ നിയന്ത്രണത്തിലല്ലാത്ത ഒരേയൊരു പ്രദേശമാണിത്. കാബൂളിന് വടക്ക് കിഴക്കായി ഏതാണ്ട് 150 കിലോമീറ്റർ അകലെയാണ് മലമ്പ്രദേശങ്ങളാൽ ചുറ്റപ്പെട്ട പഞ്ച്ഷീർ താഴ്വര. എൺപതുകളിൽ സോവിയറ്റ് സൈന്യത്തേയും തൊണ്ണൂറുകളിൽ താലിബാനേയും ഫലപ്രദമായി പ്രതിരോധിച്ച അഹമ്മദ് ഷാ മസൂദിൻെറ ദേശമാണിത്. അദ്ദേഹത്തിൻെറ മരണശേഷം, മകൻ അഹമ്മദ് മസൂദാണ് ഇപ്പോൾ താലിബാനെ വെല്ലുവിളിച്ചിരിക്കുന്നത്. പുറത്താക്കപ്പെട്ട സർക്കാറിലെ രണ്ടാമൻ അമാനുള്ള സലാഹ് ഇവിടെയാണ് അഭയം പ്രാപിച്ചിരിക്കുന്നത്. നിരവധി വംശീയ ന്യൂനപക്ഷങ്ങൾ നിറഞ്ഞ അഫ്ഗാനിസ്ഥാനിൽ, ഏതെങ്കിലും ഒരു വിഭാഗത്തിൻെറ മാത്രം ആധിപത്യം അംഗീകരിക്കാനാവില്ലെന്നും, അതിനാൽ അധികാരം പങ്കു വെക്കുകയാണ് വേണ്ടതെന്നുമാണ് NRFAയുടെ നിലപാട്. അതിനായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്നും അല്ലെങ്കിൽ യുദ്ധത്തിന് സന്നദ്ധരാണെന്നും NRFA അറിയിച്ചു. പതിനായിരത്തിലധികം സൈനികരാണ് തങ്ങളുടെ കൂടെയുള്ളതെന്നാണ് ഇവർ അവകാശപ്പെടുന്നത്.